
യുഎസ്, റഷ്യ ചര്‍ച്ചകള്‍ നടക്കുന്ന സൗദിയിലേക്ക് സെലന്‍സ്‌കിയില്ല
യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി സൗദി സന്ദര്‍ശനം നീട്ടിവച്ചു. യുഎസ്, റഷ്യന്‍ അധികൃതര്‍ സൗദി അറേബ്യയില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് നിയമസാധുത നല്‍കുന്നത് ഒഴിവാക്കുന്നതിനാണിതെന്ന് യുക്രെയ്ന്‍ അധികൃതര്‍ പറയുന്നു. ഇന്ന് സൗദി സന്ദര്‍ശിക്കാനായിരുന്നു സെലന്‍സ്‌കിയുടെ പദ്ധതി. എന്നാലിത് മാര്‍ച്ച് 10 വരെ മാറ്റിവച്ചുവെന്ന് യുക്രെയ്ന്‍ അധികൃതര്‍ പറഞ്ഞു.
യുഎസിന്റേയും റഷ്യയുടേയും വിദേശ കാര്യ മന്ത്രിമാര്‍ അടക്കമുള്ള ഉന്നതതല സംഘം സൗദിയില്‍ നടത്തുന്ന ചര്‍ച്ചകളിലേക്ക് യുക്രെയ്‌നെ ക്ഷണിച്ചില്ലെന്ന് സെലെന്‍സ്‌കി പറഞ്ഞു. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ചര്‍ച്ചകള്‍ക്കുശേഷം യുഎസും റഷ്യയും പറഞ്ഞിരുന്നു.
തങ്ങളെ അറിയിക്കാതെ ആരും ഒന്നും തീരുമാനിക്കേണ്ടതില്ലെന്നും യുക്രെയ്‌നിലെ യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്ന് യുക്രെയ്‌നെ കൂട്ടാതെ തീരുമാനിക്കാനാകില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു.
ജനുവരി 20ന് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ട്രംപ് യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കുമെന്ന നിലപാടിലാണുള്ളത്. സമാധാന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ എന്താണ് അദ്ദേഹം ആസൂത്രണം ചെയ്യുന്നത് എന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.