ത്രെഡ്‌സ് അവതരിപ്പിച്ച് മെറ്റ, വൈകാതെ 100 കോടി ഉപയോക്താക്കളെ ലഭിക്കുമെന്ന് സക്കർബർഗ്
ത്രെഡ്‌സ് അവതരിപ്പിച്ച് മെറ്റ. ലോഞ്ചിങിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ 10 ലക്ഷത്തിലധികം പേർ ത്രെഡ്‌സിന്റെ ഭാഗമായിരിക്കുകയാണ്. വൈകാതെ 100 കോടി ഉപയോക്താക്കളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സക്കർബർഗ് പ്രതികരിച്ചു. ഇൻസ്റ്റഗ്രാമുമായി ബന്ധപ്പെട്ടാണ് ത്രെഡ്‌സിന്റെ പ്രവർത്തനങ്ങൾ. ട്വിറ്ററിന് സമാനമായ ഡാഷ്‌ബോർഡാണ് ആപ്പിന്റെ പ്രത്യേകത.
ട്വിറ്ററിന്റെ എതിരാളി എന്ന നിലയിലാണ് ത്രെഡ്‌സിനെ കണക്കാക്കുന്നത്. ട്വിറ്റർ ഉപയോക്താക്കളെ നിലനിർത്താൻ കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ സാധ്യതകൾ തേടി ത്രെഡ്‌സിന്റെ വരവ്. എഴുത്തിലൂടെ ആശയ വിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് മെറ്റ ത്രെഡ്‌സ് അവതരിപ്പിച്ചിരിക്കുന്നത്.
പോര് മുറുകുമോ
മെറ്റ മേധാവി മാർക്ക് സക്കർബർഗും ട്വിറ്റർ മേധാവി ഇലോൺ മസ്‌കും തമ്മിലുള്ള ഏറ്റുമുട്ടലിന് പുതിയ കാരണമായി ത്രെഡ്‌സ് മാറും എന്നാണ് ഉയരുന്ന വാദം. ത്രെഡ്‌സ് ഉപയോക്താക്കളിൽ നിന്ന് ആവശ്യത്തിലധികം വിവരങ്ങൾ ശേഖരിക്കുമെന്ന മുന്നറിയിപ്പുമായി ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോഴ്‌സി രംഗത്തെത്തിയിരുന്നു. ഇലോൺ മസ്‌ക് ഇതു ശരിവെക്കുകയും ചെയ്തിട്ടുണ്ട്. ഒരു സോഷ്യൽ മീഡിയ സ്ഥാപനം എന്ന നിലയിൽ മെറ്റയുടെ ശേഷി വലുതാണ്. ഇൻസ്റ്റഗ്രാമുമായി ബന്ധിപ്പിച്ചുള്ള പ്രവർത്തനം ആയതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിന്റെ ഉപയോക്താക്കളിൽ വലിയൊരു വിഭാഗം ആളുകൾ ത്രെഡ്‌സിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. സൗജന്യ സേവനമാണ് ത്രെഡ്‌സ് ലഭ്യമാക്കുക. ഉപയോക്താക്കൾക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തിലും നിയന്ത്രണമുണ്ടാവില്ല.
ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ജനപ്രീതി ത്രെഡ്‌സിന് അനുകൂലമാകും എന്നും വിലയിരുത്തലുകളുണ്ട്. അതുകൊണ്ട് തന്നെ ട്വിറ്ററിന് ത്രെഡ്‌സ് വലിയ വെല്ലുവിളിയായേക്കാം. ആദ്യ ഘട്ടത്തിൽ 100 രാജ്യങ്ങളിലാണ് ത്രെഡ്‌സ് ലഭ്യമാവുക. ആപ്പിൾ, ആൻഡ്രോയ്ഡ് പ്ലേസ്റ്റോറുകളിൽ നിന്ന് ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇല്ലാത്തവർക്ക് ത്രെഡ്‌സിൽ ലോഗിൻ ചെയ്യണമെങ്കിൽ പുതുതായി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങണം. ത്രെഡ്‌സിൽ ഉപയോഗിക്കാവുന്ന പരമാവധി വാക്കുകളുടെ എണ്ണം 500 ആണ്. ട്വിറ്ററിൽ ഉപയോഗിക്കാവുന്ന പരമാവധി വാക്കുകളുടെ എണ്ണം 280 ആണ്. ഫോട്ടോകളും അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളും ത്രെഡ്‌സിൽ പങ്കുവെക്കാൻ സാധിക്കും. പോസ്റ്റുകൾക്ക് ആരൊക്കെ പ്രതികരിക്കണം എന്നത് ത്രെഡ്‌സ് ഉപയോക്താവിന് നിയന്ത്രിക്കാനാകും. ഇൻസ്റ്റഗ്രാമിൽ ഉപയോക്താവ് ബ്ലോക്ക് ചെയ്ത എല്ലാ അക്കൗണ്ടുകളും ത്രെഡ്‌സിലും ബ്ലോക്ക് ചെയ്ത നിലയിലായിരിക്കും. നിലവിൽ 200 കോടിയോളം ഉപയോക്താക്കൾ ഇൻസ്റ്റഗ്രാമിനുണ്ട്. ത്രെഡ്‌സ് വന്നതോടുകൂടി ഇൻസ്റ്റഗ്രാമിന്റെ സ്വീകാര്യത വർധിക്കും എന്നാണ് മെറ്റയുടെ പ്രതീക്ഷ.
മലബാർ ജേർണലിന്റെ ത്രെഡ്‌സ് ലിങ്ക് ചുവടെ ചേർക്കുന്നു.
https://www.threads.net/@themalabarjournal