
ചൈനീസ് പ്രവേശനത്തിന് സുക്കര്‍ബര്‍ഗ് എഫ്ബിയില്‍ സെന്‍സറിങിന് തയ്യാറായി: മുന്‍ ജീവനക്കാരി
ചൈനയില്‍ ഫേസ്ബുക്കിന് പ്രവേശനാനുവാദം ലഭിക്കാന്‍ വേണ്ടി ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ചെയ്യാനും നിയന്ത്രിക്കാനും വേണ്ടി സുക്കര്‍ബര്‍ഗ് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായെന്ന് മുന്‍ മുതിര്‍ന്ന ഫേസ്ബുക്ക് എക്‌സിക്യൂട്ടീവ് വെളിപ്പെടുത്തി. മുന്‍ ആഗോള പൊതുജന നയ ഡറക്ടറായ സാറ വൈന്‍ വില്ല്യംസാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ചൈനയിലെ കോടിക്കണക്കിന് ഉപയോക്താക്കളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് പകരമായി വൈറലാകുന്ന പോസ്റ്റുകളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അനുമതി നല്‍കുന്നത് വരെ മറച്ചുവയ്ക്കുന്നതിന് സമ്മതം നല്‍കുന്നതിന് ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പരിഗണിച്ചിരുന്നുവെന്ന് സാറ തന്റെ ഓര്‍മ്മക്കുറിപ്പായ കെയര്‍ലെസ് പീപ്പിള്‍ എന്ന പുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തി. കൂടാതെ, യുഎസ് വിപണി നിയന്ത്രകനായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് (എസ്ഇസി) വിസില്‍ബ്ലോവര്‍ പരാതി നല്‍കി.
ചൈനയെന്ന ലക്ഷ്യത്തെ സുക്കര്‍ബര്‍ഗ് വലിയ താല്‍പര്യത്തോടെ പിന്തുടര്‍ന്നുവെന്നും സാറ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ വിപണിയാണ് ചൈന. എന്നാല്‍ എക്‌സ്, യൂട്യൂബ് എന്നിവയ്‌ക്കൊപ്പം ഫേസ്ബുക്കും ചൈനയില്‍ ലഭിക്കുകയില്ല.
2010കളുടെ പകുതിയില്‍ ചൈനീസ് സര്‍ക്കാരുമായുള്ള ചര്‍ച്ചകളിൽ സര്‍ക്കാരിന് ചൈനാക്കാരുടെ യൂസര്‍ ഡാറ്റ നല്‍കുന്നതിനെക്കുറിച്ചും ഫേസ്ബുക്ക് പരിഗണിച്ചിരുന്നു.
സുക്കര്‍ബര്‍ഗ് ഒരു സെന്‍സര്‍ഷിപ്പ് സംവിധാനം വികസിപ്പിക്കുന്നതിനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവെന്നും സാറ പറയുന്നു. അത്തരമൊരു സംവിധാനം ഫേസ്ബുക്കിന്റെ തത്വങ്ങള്‍ക്ക് എതിരാണ്.
ഫേസ്ബുക്കിന്റെ സോഫ്റ്റ് വെയര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍ക്കാരുകള്‍ പതിവായി വിശദീകരണം ചോദിക്കാറുണ്ട്. ഇത് പ്രൊപ്രൈറ്ററി വിവരം ആണെന്നാണ് അവരോട് പറയാറുള്ളത്. എന്നാല്‍ ചൈനക്കാരുടെ കാര്യത്തില്‍ ആ കര്‍ട്ടണ്‍ മാറ്റിയെന്ന് സാറ പറഞ്ഞു. ചൈനീസ് എഞ്ചിനീയര്‍മാര്‍ ഫേസ്ബുക്കിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവെന്നും സാറ പറഞ്ഞു.
യുഎസ് കോണ്‍ഗ്രസ് ചൈനയെക്കുറിച്ച് ഉന്നയിച്ച അന്വേഷണങ്ങളുടെ പ്രതികരണമായി മെറ്റയുടെ എക്‌സിക്യൂട്ടീവുകള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയെന്ന് എസ് ഇ സിക്ക് സാറ നല്‍കിയ പരാതിയില്‍ പറയുന്നു.
2017ല്‍ മോശം പ്രകടനം കാരണം തങ്ങള്‍ പുറത്താക്കിയ വ്യക്തിയാണ് സാറയെന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പറയുന്നു.
ചൈനയില്‍ സേവനം നടത്താന്‍ ഞങ്ങള്‍ ഒരിക്കല്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നത് രഹസ്യമല്ലെന്നും മെറ്റ പറയുന്നു. എന്നാല്‍, ചൈനയില്‍ പോകേണ്ടെന്നാണ് തീരുമാനിച്ചതെന്നും പ്രസ്താവന പറയുന്നു.
പരസ്യദാതാക്കള്‍ക്കുവേണ്ടി കൗമാരക്കാരായ ഉപയോക്താക്കളുടെ മാനസികാവസ്ഥയെ മനസ്സിലാക്കാനുള്ള അല്‍ഗോരിതമുകള്‍ ഫേസ്ബുക്ക് ഉപയോഗിച്ചുവെന്നും സാറ ആരോപിച്ചു. മുന്‍ ന്യൂസിലാന്‍ഡ് നയതന്ത്രജ്ഞയായ സാറ 2011ല്‍ ആണ് ഫേസ്ബുക്കില്‍ ചേര്‍ന്നത്. കമ്പനിയുടെ വളര്‍ച്ചയെ മുന്‍നിരയിലെ സീറ്റില്‍ നിന്നും താന്‍ വീക്ഷിച്ചുവെന്നും അവര്‍ പറയുന്നു.
സുക്കര്‍ബര്‍ഗ് മദ്ധ്യാഹ്നം ആകുന്നതിന് മുമ്പ് ഉണരാറില്ലെന്നും കരോക്കേ ഇഷ്ടപ്പെടുന്നുവെന്നും ബോര്‍ഡ് ഗെയിമുകളില്‍ തോല്‍ക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും അവര്‍ പുസ്തകത്തില്‍ പറയുന്നു.