
സക്കര്‍ബര്‍ഗിന്റെ തിരഞ്ഞെടുപ്പ് പരാമര്‍ശം; മാപ്പ് പറഞ്ഞ് മെറ്റ
2024ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയ കമ്പനിയായ മെറ്റയുടെ ഇന്ത്യാ വിഭാഗം മാപ്പ് പറഞ്ഞു. അതൊരു 'മനപ്പൂര്‍വമല്ലാത്ത തെറ്റ്' എന്ന് മെറ്റ ഇന്ത്യ പറഞ്ഞു.
മെറ്റ ഇന്ത്യ വൈസ് പ്രസിഡന്റ് ശിവനാഥ് തുക്രാല്‍ ആണ് എതിരാളികളായ സോഷ്യല്‍ മീഡിയ സ്ഥാപനമായ എക്‌സിലൂടെ മാപ്പ് പറഞ്ഞത്. 'പ്രിയ ബഹുമാനപ്പെട്ട മന്ത്രി@അശ്വിനിവൈഷ്ണവ്, 2024ലെ തിരഞ്ഞെടുപ്പുകളില്‍ പല രാജ്യങ്ങളിലും ഭരണകക്ഷികള്‍ പരാജയപ്പെട്ടുവെന്നത് സത്യമാണ്, എന്നാല്‍ ഇന്ത്യയിലല്ല. ഈ മനപ്പൂര്‍വമല്ലാത്ത തെറ്റിന് ഞങ്ങള്‍ മാപ്പ് പറയുന്നു,' എന്ന് തുക്രാല്‍ പോസ്റ്റ് ചെയ്തു.
ജനുവരി 10ന് ഫേസ്ബുക്ക് സ്ഥാപകനും മെറ്റ സിഇഒയുമായ സക്കര്‍ബര്‍ഗ് നടത്തിയ പോഡ് കാസ്റ്റിലാണ് വിവാദ പരാമര്‍ശം നടത്തിയത്. 2024ലെ തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യയടക്കം മിക്ക രാജ്യങ്ങളിലും ഭരണകക്ഷി തോല്‍വി നേരിട്ടെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി മെറ്റയ്ക്ക് സമന്‍സ് അയക്കാന്‍ തീരുമാനിച്ചിരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ മെറ്റയെ വിളിച്ചുവരുത്താന്‍ ബിജെപി എംപി നിഷികാന്ത് ദുബെ ചെയര്‍മാനായ വാര്‍ത്താവിനിമയ, വിവര സാങ്കേതികവിദ്യ പാര്‍ലമെന്ററി കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മെറ്റ മാപ്പ് പറഞ്ഞത്.