മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി അന്തരിച്ചു
കേരളത്തിന്റെ മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കെ പി ദണ്ഡപാണി അന്തരിച്ചു. 76 വയസ്സായിരുന്നു. 2011-16 കാലഘട്ടത്തില്‍ സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലായി സേവനം അനുഷ്ഠിച്ച ദണ്ഡപാണി ഹൈക്കോടതി ജഡ്ജിയായും ചുരുങ്ങിയ കാലം സേവനം ചെയ്തിട്ടുണ്ട്. 1996ലാണ് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി നിയമിക്കപ്പെട്ടത്. എന്നാല്‍, അഞ്ചു മാസത്തിന് ശേഷം ഗുജറാത്ത് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റം കിട്ടിയതിനെത്തുടര്‍ന്ന് രാജിവച്ചു.
പിന്നീട് സീനിയര്‍ അഭിഭാഷകനായി പ്രാക്ടീസ് തുടര്‍ന്നു. കേരള ഹൈക്കോടതിയിലെ സീനീയര്‍ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണ് ഭാര്യ.
എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം 1968ലാണ് അദ്ദേഹം അഭിഭാഷക ജീവിതം ആരംഭിക്കുന്നത്. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ജിസിഡിഎ, കോഴിക്കോട് എന്‍ഐറ്റി എന്നീ സ്ഥാപനങ്ങളുടെ സറ്റാന്‍ഡിങ് കൗണ്‍സലായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.