TMJ
searchnav-menu
post-thumbnail

ശരദ് പവാർ | Photo: PTI

TMJ Daily

ശരദ് പവാറിന്റെ രാജി തള്ളി എൻസിപി നേതൃത്വം

05 May 2023   |   2 min Read
TMJ News Desk

എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ അപ്രതീക്ഷിത രാജി തള്ളി പാർട്ടി നേതൃത്വം. ഇന്ന് കൂടിയ നേതൃയോഗത്തിലാണ് രാജി തള്ളിയത്. രാജിയിൽ നിന്ന് പവാറിനെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾക്കൊടുവിലാണ് പാർട്ടി നേതൃത്വം തീരുമാനം വ്യക്തമാക്കിയത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി ശരദ്പവാർ പാർട്ടി അധ്യക്ഷസ്ഥാനം തുടരണമെന്ന് ഇടതുപക്ഷ പാർട്ടികളിലെ നേതാക്കൻമാരും ആവശ്യപ്പെട്ടു. എന്നാൽ ശരദ് പവാർ തീരുമാനം വെളിപ്പെടുത്തിയിട്ടില്ല.

ശരദ് പവാറിന്റെ രാജി പിൻവലിക്കാൻ സമ്മർദം ചെലുത്തി പ്രതിപക്ഷ പാർട്ടികളും രംഗത്ത് വന്നിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പവാറിന്റെ പങ്ക് വലുതാണെന്നും അതിനാൽ രാജി തീരുമാനം പിൻവലിക്കണമെന്നും മമത ബാനർജിയും നിതീഷ് കുമാറും പറഞ്ഞു. രാജി പിൻവലിച്ചാൽ പ്രതിപക്ഷ ഐക്യത്തെ അത് ശക്തിപ്പെടുത്തുമെന്നും ഇരുവരും ശരദ് പവാറിനെ അറിയിച്ചു.

അപ്രതീക്ഷിത നീക്കം നടത്തി ശരദ് പവാർ

അടുത്ത 15 ദിവസങ്ങൾക്കുള്ളിൽ രണ്ട് രാഷ്ട്രീയ ഭൂകമ്പങ്ങൾ സംഭവിക്കുമെന്ന് എൻസിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുളെ ഏപ്രിൽ 19ന് സൂചനകൾ നൽകിയിരുന്നു. ഒന്ന് ഡൽഹിയിലും മറ്റൊന്ന് മഹാരാഷ്ട്രയിലുമെന്ന് എടുത്തുപറയുകയുണ്ടായി. പ്രവചനം നടത്തി 13-ാം ദിവസം ശരദ് പവാർ രാജി വെയ്ക്കുന്നതായും ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നില്ലെന്നും പ്രഖ്യാപിച്ചു. 24 വർഷം പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തിരുന്ന പവാർ പദവി ഒഴിയുന്നുവെന്ന് പ്രഖ്യാപിച്ചത് തീർത്തും അപ്രതീക്ഷിതമായിരുന്നു.

പവാറിന്റെ രാജി സംബന്ധിച്ച് അന്തിമ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതുവരെ പവാറിന്റെ പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകൾ അപ്രസക്തമാണെന്നായിരുന്നു എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ അഭിപ്രായപ്പെട്ടത്. രാജി പ്രഖ്യാപനത്തിനു ശേഷം, അധ്യക്ഷസ്ഥാനത്തേക്ക് പവാറിന്റെ മകൾ സുപ്രിയ സുളെയുടെ പേര് ഉയർന്നു കേട്ടിരുന്നു. സഹോദരപുത്രനായ അജിത് പവാറിന്റെ നേതൃത്വത്തിൽ എൻ.സി.പിയിൽ വിമതനീക്കമുണ്ടായേക്കുമെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ശരദ് പവാറും സുപ്രിയയുടെ പേരു നിർദേശിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം അജിത് പവാറിനെ എൻസിപി മഹാരാഷ്ട്ര സംസ്ഥാനധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന തരത്തിലുള്ള വാർത്തകളും പുറത്തു വന്നു.

പാർട്ടി പിളർപ്പ് വീണ്ടും ആവർത്തിക്കുമോ?

ബിജെപിയുമായി അജിത്പവാറിന്റെ അടുപ്പത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് ചൊവ്വാഴ്ച ശരദ് പവാറിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം ഉണ്ടായത്. ശരദ് പവാറിന്റെ ഈ നീക്കം അജിത് പവാറിനെ തടയുന്നതിനും പാർട്ടിയിൽ പിളർപ്പുണ്ടാകാതിരിക്കാനുമാണെന്നാണ് അഭിപ്രായങ്ങൾ.

എൻസിപിയിൽ പിളർപ്പുണ്ടാക്കി 40 എംഎൽഎമാരുമായി അജിത് പവാർ ബിജെപിയിലേക്ക് പോകുന്നു, അല്ലെങ്കിൽ ബിജെപി പിന്തുണയോടെ സർക്കാരുണ്ടാക്കി മുഖ്യമന്ത്രിയാകുന്നു തുടങ്ങിയ അഭ്യൂഹങ്ങളും ഏതാനും നാളുകളായി അന്തരീക്ഷത്തിലുണ്ട്. ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന-ബിജെപി സർക്കാർ വീഴുകയും പുതിയ സർക്കാർ അധികാരത്തിൽ വരുകയും ചെയ്താൽ അടുത്ത മുഖ്യമന്ത്രിയായി എൻസിപി നേതാവും പാർട്ടി അധ്യക്ഷൻ ശരദ് പവാറിന്റെ മരുമകനുമായ അജിത് പവാർ വരുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്.  

2019 ൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയും ജൂനിയർ പവാർ ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്ത സംഭവം വലിയൊരു രാഷ്ട്രീയ അട്ടിമറിയായിരുന്നു. അൽപായുസ് മാത്രമായിരുന്നു ആ സഖ്യത്തിന്. തന്റെ എംഎൽഎമാരെ ഓരോരുത്തരെയുമായി സീനിയർ പവാർ തിരിച്ചുപിടിച്ചു. അതോടെ അജിത് പവാർ മാത്രമായി ബിജെപി സഖ്യത്തിൽ. ഒടുവിൽ ഉപമുഖ്യമന്ത്രി പദവും രാജി വെച്ച് അദ്ദേഹം സീനിയർ പവാറിന്റെ വസതിയിൽ തിരികെ എത്തി. സുപ്രിയയുടെ പ്രവചനത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ ഭൂകമ്പം ഉണ്ടായപ്പോൾ ഇനി രണ്ടു ദിവസത്തിനുള്ളിൽ ഡൽഹിയിൽ നടക്കാനിരിക്കുന്നത് എന്താകുമെന്ന് കാത്തിരിക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയം.

#Daily
Leave a comment