TMJ
searchnav-menu
post-thumbnail

TMJ Daily

അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ പ്രതിപക്ഷം

14 Mar 2023   |   1 min Read
TMJ News Desk

ദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചു. പാർലമെന്റ് യോഗത്തിനു മുമ്പ് പതിനാറ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നാണ് അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടണം എന്ന തീരുമാനം എടുത്തത്. കൂടാതെ വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിനെതിരെ അവകാശ ലംഘനത്തിന് കോൺഗ്രസ് നോട്ടീസ് നൽകി. ഒരു മുതിർന്ന പ്രതിപക്ഷ നേതാവ് ഇന്ത്യയുടെ ജനാധിപത്യത്തെ നാണംകെട്ട രീതിയിൽ വിദേശരാജ്യത്ത് ആക്രമിച്ചുവെന്ന് രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെ പിയൂഷ് ഗോയൽ തിങ്കളാഴ്ച സഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ ഞായറാഴച കർണാടകയിൽ നടത്തിയ പ്രസംഗത്തിൽ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയെ ലക്ഷ്യം വച്ചുകൊണ്ട് സംസാരിച്ചു. ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളെ തകർക്കാൻ കഴിയില്ലെന്നും 12ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കർത്താവായ ബസവേശ്വരയെയും കർണാടകയിലെ ജനങ്ങളെയും ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങളെയും പൗരന്മാരെയും അപമാനിക്കുന്നതാണ്  കോൺഗ്രസ് നേതാവ് വിദേശത്ത് നടത്തിയ പ്രസംഗം എന്നും മോദി വിമർശിച്ചു.

രാഹുൽഗാന്ധി വിദേശത്ത് ഇന്ത്യയെ അപമാനിച്ചു എന്ന ഭരണ പക്ഷത്തിന്റെ ആരോപണത്തിൽ  ഇന്നലെ ഇരു സഭകളിലും ബഹളം നടന്നിരുന്നു. രാഹുൽ ഗാന്ധി യുകെ യിൽ നടത്തിയ പ്രസംഗത്തിലെ 'ഇന്ത്യൻ ജനാധിപത്യം അക്രമിക്കപ്പെടുകയാണ്' എന്ന പരാമർശത്തിൽ മാപ്പു പറയണമെന്നായിരുന്നു ഭരണ പക്ഷത്തിന്റെ ആവശ്യം. ലോക്‌സഭയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും രാജ്യസഭയിൽ വാണിജ്യമന്ത്രി പീയൂഷ് ഗോയലുമാണ് രാഹുലിനെതിരെ ആരോപണം ഉന്നയിച്ചത്.

ലോക്‌സഭയിൽ ബിജെപി അംഗങ്ങൾ മുദ്രാവാഖ്യം വിളിച്ചതിനെ തുടർന്ന് പ്രതിപക്ഷ കക്ഷികൾ അദാനി വിഷയത്തിൽ മോദി സർക്കാരിനെതിരെയും മുദ്രാവാക്യം വിളിച്ചു. സഭയിലില്ലാത്ത ആളെകുറിച്ച് സംസാരിക്കുന്നത് ചട്ട വിരുദ്ധമാണെന്ന് മല്ലികാർജുൻ ഖാർഗെ ചൂണ്ടികാട്ടി. എന്നാൽ ബഹളത്തെ തുടർന്ന് നിർത്തി വെച്ച സഭ വീണ്ടും ചേർന്നപ്പോൾ പീയൂഷ് ഗോയൽ രാഹുൽഗാന്ധി മാപ്പുപറയണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു. ഇതോടുകൂടി രണ്ടാം ബജറ്റ് സമ്മേളനത്തിന് കൂടിയ പാർലമെന്റിലെ ഇരു സഭകളും പ്രക്ഷുബ്ധമായി.

രാഹുൽഗാന്ധി വിഷയം ഉയർത്തികാട്ടി അദാനി വിഷയത്തിൽ നിന്ന് ഒളിച്ചോടാനും ജനശ്രദ്ധ തിരിക്കാനുമാണ് യൂണിയൻ ഗവൺമെന്റ് ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ആരോപിച്ചു.

#Daily
Leave a comment