
ദേശീയപാത നിര്‍മ്മാണം ഗൂഗിള്‍ മാപ്പ് നോക്കി: മന്ത്രി കെ ബി ഗണേഷ് കുമാര്
ദേശീയ പാതാ അതോറിറ്റി ദേശീയപാതകള്‍ പണിയുന്നിടത്ത് എഞ്ചിനീയര്‍മാര്‍ക്ക് വലിയ റോളില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. 'ഓരോ കമ്പനികളെ നിര്‍മ്മാണം ഏല്‍പ്പിച്ചിരിക്കുകയാണ്. ആ കമ്പനികളുടെ കോണ്‍ട്രാക്ടര്‍മാരേയും അവരുടെ രൂപകല്‍പനയേയുമാണ് ദേശീയപാത നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാലക്കാട് കല്ലടിക്കോട് ലോറിയിടിച്ച് ഇന്നലെ നാല് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ലോക ബാങ്കിന്റെ റോഡ് പോലെയാണെന്നും ആ റോഡില്‍ പ്രാദേശിക എഞ്ചിനീയര്‍മാര്‍ക്കും പ്രാദേശിക പ്രതിനിധികള്‍ക്കും കാര്യമില്ല. ലോകബാങ്ക് പണം തരും. ഗൂഗിള്‍ മാപ്പ് വഴി ഡിസൈന്‍ തയ്യാറാക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ റോഡ് നിര്‍മ്മാണമെല്ലാം ഗ്രൗണ്ട് ലെവലില്‍ നിന്ന് സൈറ്റില്‍ വന്നാണ് ചെയ്യേണ്ടതെന്നും എന്നാല്‍ സൈറ്റില്‍ നിന്നല്ല ഇതൊന്നും ഡിസൈന്‍ ചെയ്തതെന്നും മന്ത്രി പറയുന്നു. 'ദൗര്‍ഭാഗ്യവശാല്‍ പല റോഡുകളും ഡിസൈന്‍ ചെയ്തത് ഗൂഗിള്‍ മാപ്പിലാണ്. വളവില്‍ വരുന്ന ഇറക്കവും കയറ്റവുമൊന്നും ശ്രദ്ധിക്കില്ല,' മന്ത്രി പറഞ്ഞു.
അപകടം നടന്ന സ്ഥലത്തെ റോഡ് നിര്‍മാണത്തില്‍ പാളിച്ചയുണ്ടെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം അവിടത്തെ ഡിടിസിയും ആര്‍ടിഒയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പിഡബ്ല്യുഡി മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചിട്ടുണ്ടെന്നും അടിയന്തരമായി യോഗം വിളിക്കാമെന്ന് റിയാസ് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ച ശേഷം മന്ത്രിമാരായ കൃഷ്ണന്‍കുട്ടിയുമായും മുഹമ്മദ് റിയാസുമായും ആലോചിച്ച് പരിഹാരം കാണുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ബ്ലൈന്‍ഡ് സ്പോട്ടുകള്‍ കണ്ടെത്തേണ്ട ചുമതല മോട്ടോര്‍ വാഹന വകുപ്പിനാണ്. ബ്ലൈന്‍ഡ് സ്പോട്ടുകള്‍ കണ്ടെത്തി ഒരു ലിസ്റ്റ് തരാന്‍ ആവശ്യപ്പെടും. ധാരാളം സ്ഥലങ്ങളില്‍ ബ്ലൈന്‍ഡ് സ്പോട്ടുകളുണ്ട്. പിഡബ്ല്യൂഡിക്ക് മാത്രമേ ഇത് പണിയാന്‍ സാധിക്കുകയുള്ളൂ. മന്ത്രി റിയാസുമായി യോഗം കൂടി തീരുമാനിക്കും. അപകടം നടന്ന പനയമ്പാടത്തെ കാര്യം തന്റെ ശ്രദ്ധയില്‍ വന്നില്ല. വന്നിരുന്നുവെങ്കിൽ അതില്‍ ഇടപെടുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്രാദേശികമായ പ്രശ്നങ്ങളും പഞ്ചായത്ത് മെമ്പര്‍മാരുടെ അഭിപ്രായങ്ങളും കേട്ട ശേഷം വേണം റോഡ് ഡിസൈന്‍ ചെയ്യേണ്ടത്. അവിടെ നടന്ന പ്രശ്നങ്ങള്‍ നാട്ടുകാര്‍ക്ക് അറിയാം.
'റോഡിന്റെ ഡിസൈനുമായി ബന്ധപ്പെട്ട് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരേയും കണ്‍സള്‍ട്ടന്റിനേയും അയക്കും. മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ച ശേഷം മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിക്കും. പിഡബ്ല്യൂഡി മാറ്റം വരുത്താന്‍ ശ്രമിക്കും.