PHOTO: PTI
പ്രധാനമന്ത്രി മോദിയുടെ യുഎസ്സ് സന്ദര്‍ശനം ജൂണില്‍, ബൈഡന്‍ വിരുന്നൊരുക്കും
ഇന്ത്യയും യുഎസ്സും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സൗഹൃദത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആതിഥ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് യുഎസ്സ്. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രസിഡന്റ് ജോ ബൈഡന്‍ മോദിക്കായി അത്താഴ വിരുന്നുമൊരുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏഷ്യയിലും ഇന്തോ-പസഫിക്ക് മേഖലയിലും ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിനായി വ്യാപാരത്തിലും പ്രതിരോധ മേഖലയിലും ഇന്ത്യയെ കൂട്ടു പിടിക്കുക എന്ന നയമാണ് ഇപ്പോള്‍ യുഎസ്സ് പിന്തുടരുന്നത്.
ഇന്ത്യന്‍ മഹാസമുദ്രവും പസഫിക്ക് സമുദ്രവും ഉള്‍പ്പെടുന്ന ഇന്തോ-പസഫിക്ക് മേഖലയില്‍ ചൈന അപ്രമാദിത്വം നേടുന്നത് തടയുക എന്നത് ബൈഡന്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. യുഎസ്സ്, ജപ്പാന്‍, ഓസ്‌റ്റ്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന, ക്വാഡ് എന്ന കൂട്ടായ്മയിലെ അംഗവുമാണ് ഇന്ത്യ. ക്വാഡ് അഥവാ ക്വാഡ്രിലാട്ടറല്‍ സെക്യൂരിറ്റി ഡയലോഗിന്റെ യോഗം മേയ് മാസത്തില്‍ നടക്കാനിരിക്കുകയാണ്. ഓസ്‌റ്റ്രേലിയയില്‍ വച്ചു നടക്കുന്ന ആ യോഗത്തിനിടയിലും മോദി-ബൈഡന്‍ കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതുന്നത്. ക്വാഡ് രാജ്യങ്ങളുടെ ഒത്തുചേരലിന് പിന്നാലെയാകും ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ യുഎസ്സ് സന്ദര്‍ശനം നടക്കുക.
അതിനു ശേഷം സെപ്റ്റംബര്‍ മാസത്തില്‍, ജി-20 രാജ്യങ്ങളുടെ ഒത്തുചേരല്‍ ഇന്ത്യയില്‍ വച്ച് നടക്കാനിരിക്കുകയാണ്. ജോ ബൈഡന്‍ ആതിഥേയത്വം വഹിക്കുന്ന മൂന്നാമത്തെ രാഷ്ട്രത്തലവനാണ് മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ഡിസംബര്‍ മാസത്തില്‍ ബൈഡന്‍ വിരുന്നൊരുക്കിയിരുന്നു. ഏപ്രില്‍ മാസത്തില്‍ ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് യൂണ്‍ സുക് യോലും വൈറ്റ് ഹൗസിലെ വിരുന്നില്‍ പങ്കെടുക്കും.
ചൈനയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്ന വേളയില്‍, ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ആഴമേറിയതാക്കാനുള്ള ശ്രമം യുഎസ്സ് നടത്തുന്നുണ്ട്. കഴിഞ്ഞ മാസം മറ്റൊരു പ്രധാന പ്രഖ്യാപനം ഇന്ത്യയും യുഎസ്സും ചേര്‍ന്നു നടത്തിയിരുന്നു. പ്രതിരോധ മേഖലയിലെ അത്യാധുനിക സാങ്കേതിക വിദ്യയിലും, ജെറ്റ് എന്‍ജിന്‍ നിര്‍മ്മാണത്തിലും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് ഇരു രാജ്യങ്ങളിലും വ്യക്തമാക്കിയത്. ഉക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് ഉരുത്തിരിഞ്ഞു വന്നിരിക്കുന്ന പുത്തന്‍ ലോകരാഷ്ട്രീയ സാഹചര്യത്തില്‍, യുഎസ്സ് വിദേശ നയത്തിന്റെ ദിശ വിളിച്ചോതുന്ന കാര്യങ്ങളാണ് ഇവ.