TMJ
searchnav-menu
post-thumbnail

Photo: Joshua Sam / The malabar Journal

Outlook

മാലിന്യ നിര്‍മ്മാര്‍ജ്ജനവും മാഫിയകളും

22 Mar 2023   |   5 min Read
കെ പി സേതുനാഥ്

സംഘടിത കുറ്റകൃത്യങ്ങളുടെ വിളിപ്പേരായി മാറിയ മാഫിയയും മാലിന്യം നീക്കലും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളുടെ നാള്‍വഴികള്‍ തിരയുന്നവര്‍ ചൂണ്ടിക്കാണിക്കുന്നതാണ്‌ HBOയില്‍ വന്നിരുന്ന ദി സോപ്രാനോസ്‌ പരമ്പര. 1990 കളുടെ അവസാനത്തില്‍ തുടങ്ങി 86 എപ്പിസോഡുകള്‍ക്കു ശേഷം 2007 ല്‍ അവസാനിച്ച ദി സോപ്രാനോസ്‌ എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരമ്പര ഒരു പക്ഷെ ഇപ്പോള്‍ ആരുടെയും ഒര്‍മ്മയിലുണ്ടാവില്ല. ടോണി സോപ്രാനോയെന്ന കഥാപാത്രത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയായിരുന്നു പരമ്പര. ന്യൂജഴ്‌സിയില്‍ അതിസമ്പന്നതയില്‍ ജീവിക്കുന്ന സോപ്രാനോസിന്റെ വരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരം മാലിന്യം നീക്കല്‍ (waste Management) എന്നായിരുന്നു. മാഫിയ സാഹിത്യത്തിലെ ഗോള്‍ഡ്‌ സ്‌റ്റാന്‍ഡേര്‍ഡ്‌ ആയി കണക്കാക്കുന്ന ഗോഡ്‌ഫാദറിലെ പ്രശസ്‌തമായ  narcotics is a dirtry businsse എന്ന വാചകത്തിലെ ഒരു വാക്ക്‌ മാറ്റിയാല്‍ മാലിന്യ കച്ചവടത്തിന്റെ പൊളിറ്റിക്കല്‍ എക്കോണമി അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാവും. Garbage is a dirty business. എറണാകുളത്തെ മാലിന്യമലയായി മാറിയ ബ്രഹ്മപുരത്ത്‌ 10 ദിവസമായി കത്തിപ്പടരുന്ന അഗ്നിബാധയെക്കുറിച്ചുള്ള രോദനങ്ങളില്‍ കാണാതെയും, കേള്‍ക്കാതെയും പോവുന്നത്‌ മാലിന്യനീക്കത്തിലെ ഈ മാഫിയ ബന്ധമാണ്‌. ക്രിമിനല്‍ മാഫിയ സംഘങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്ന ബിസിനസ്സുകളില്‍ പ്രമുഖസ്ഥാനം മാലിന്യത്തിനുണ്ടായിരുന്നു. സവിശേഷമായ അറിവും, വൈദഗ്‌ധ്യവും ആവശ്യമില്ല, മത്സരത്തെ എളുപ്പത്തില്‍ ഒഴിവാക്കി തങ്ങളുടെ കുത്തക ഉറപ്പിക്കാനുള്ള അവസരം, പരമ്പരാഗത 'കുലീന' ബിസിനസ്സുകാരുടെ അഭാവം, തങ്ങളുടെ മറ്റുളള അധോലോക ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാര്യക്ഷമമായ മറ, സര്‍ക്കാര്‍ തലത്തിലെ വിവിധ അധികാര-ഉദ്യോഗസ്ഥ ശ്രേണികളുമായി ബന്ധം പുലര്‍ത്താനുള്ള അവസരം എന്നിവയാണ്‌ മാലിന്യത്തെ പ്രിയപ്പെട്ട ബിസിനസ്സാക്കി മാറ്റുന്നതിനായുള്ള മാഫിയയുടെ പ്രചോദനം. അമേരിക്കയടക്കമുള്ള പാശ്ചാത്യ നാടുകളിലെ നഗരങ്ങളില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തന്നെ മാഫിയ-മാലിന്യ ബന്ധം സുദൃഢമായി വളര്‍ന്നപ്പോള്‍ കൊച്ചിയെ പോലുള്ള മൂന്നാം ലോകത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ചെറുനഗരങ്ങളില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിലാണ്‌ മാലിന്യം സംഘടിത കുറ്റകൃത്യമായി പടര്‍ന്നു പന്തലിക്കുന്നതിനുള്ള ഭൗതിക സാഹചര്യം ഉരുത്തിരിയുന്നത്‌.

കൊച്ചി നഗരത്തിലെയും അതിന്റെ പ്രാന്തപ്രദേശങ്ങളിലെയും ആവാസവ്യവസ്ഥയില്‍ സംഭവിച്ച മാറ്റവുമായി ബന്ധപ്പെട്ടാണ്‌ മാലിന്യ നിര്‍മ്മാര്‍ജ്ജനം വലിയ ലാഭം നേടാനുള്ള ഒന്നായി മാറുന്നത്‌. അതുവരെ മിക്കവാറും വീട്ടുവളപ്പില്‍ തന്നെ കൈകാര്യം ചെയ്യുന്നതായിരുന്നു രീതി. അതിന്‌ തീരെ സൗകര്യമില്ലാത്തവര്‍ മിക്കവാറും ജനസഞ്ചാരം തീരെ ഒഴിഞ്ഞ പുറമ്പോക്കുകളില്‍ അവ ഉപേക്ഷിക്കുകയായിരുന്നു. ബഹുനില മന്ദിരങ്ങള്‍ കൊച്ചിയുടെ പാര്‍പ്പിട മേഖലയില്‍ സാന്നിദ്ധ്യമറിയിക്കുന്ന 1990 കളിലാണ്‌ സംഘടിതമായ തോതിലുള്ള ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം നഗര ജീവിതത്തിന്റെ അത്യാവശ്യ ഘടകമായി മാറുന്നത്‌. മാലിന്യത്തിന്റെ ചേരുവകളിലും ഇതേ കാലയളവില്‍ വലിയ മാറ്റം സംഭവിക്കുന്നു. പ്ലാസ്റ്റിക്‌ വെയ്‌സ്റ്റ്‌ വീട്ടുമാലിന്യങ്ങളുടെ ചേരുവയില്‍ പ്രധാനമായി മാറുന്നത്‌ ഈ മാറ്റത്തിന്റെ പ്രധാന സൂചകമായിരുന്നു. അതോടെ വീട്ടുമാലിന്യങ്ങള്‍ പ്ലാസ്റ്റിക്‌ സഞ്ചികളില്‍ ഭദ്രമാക്കി പൊതുവിടങ്ങളില്‍ ഒരു ജാള്യതയുമില്ലാതെ നിക്ഷേപിക്കുന്ന സംസ്‌കാരം കൊച്ചിയുള്‍പ്പടെയുള്ള പ്രദേശങ്ങളുടെ മുഖമുദ്രയായി. മാന്യരും, മാന്യകളുമായ പ്രഭാത നടത്തക്കാര്‍ പ്ലാസ്റ്റിക സഞ്ചികളില്‍ കരുതുന്ന മാലിന്യം പൊതുവിടങ്ങളില്‍ ഉപേക്ഷിക്കുന്നത്‌ കൊച്ചിയിലെ പുത്തന്‍പണക്കാരുടെ കോളനികളുടെ സമീപ പ്രദേശങ്ങളില്‍ ഈ നൂറ്റണ്ടിന്റെ തുടക്കത്തില്‍ സ്ഥിരം കാഴ്‌ച്ചയായിരുന്നു. പ്രഭാത നടത്തത്തിന്റെ ലക്ഷ്യം വീട്ടുമാലിന്യം പൊതുവിടങ്ങളില്‍ ഉപേക്ഷിക്കുന്നതിനായിരുന്നുവെന്ന കൊച്ചുവര്‍ത്തമാനം അക്കാലങ്ങളില്‍ സുപരിചിതമായിരുന്നു.



'മുണ്ടകന്‍ പാടങ്ങള്‍ പിളര്‍ന്ന്‌ ജവഹര്‍ നഗറുകള്‍' (1) പ്രത്യക്ഷപ്പെടുന്ന അതിവേഗ നഗര വികസനത്തില്‍ മാലിന്യം തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതം ഇതേ കാലയളവിലാണ്‌. കൊച്ചി നഗരത്തിന്റെ തൊട്ടടുത്ത ചേരാനല്ലൂര്‍ പഞ്ചായത്തിലെ കുട്ടി സാഹിബ്‌ റോഡിന്റെ ഓരങ്ങളിലെ ചതുപ്പിലായിരുന്നു (ഇപ്പോള്‍ ആസ്‌റ്റര്‍ മെഡിസിറ്റി സ്ഥിതി ചെയ്യുന്ന പ്രദേശം) അതിന്റെ ലക്ഷണയുക്തമായ ആദ്യ പ്രയോഗം. ഗ്രേറ്റര്‍ കൊച്ചി ഡവലപ്പ്‌മെന്റ്‌ വാച്ച്‌ എന്ന സംഘടനയുടെ സാരഥിയായ ഫെലിക്‌സ്‌ പുല്ലൂടന്റെ അഭിപ്രായത്തില്‍ പെരിയാറിന്റെ ഒഴുക്കിന്‌ സമാന്തരമായി സ്ഥിതി ചെയ്യുന്ന ഈ ചതുപ്പ്‌ പ്രദേശം ഒരു കാലത്ത്‌ പൊക്കാളി പാടമായിരുന്നു. ഏതായാലും ഈ പ്രദേശത്ത്‌ കൊച്ചി കോര്‍പ്പറേഷന്റെ വെയ്‌സ്റ്റ്‌ മൊത്തം ഡമ്പ്‌ ചെയ്യുന്നതിനുള്ള കരാര്‍ സെയ്‌ത്‌ മൊഹമ്മദ്‌ എന്ന കോണ്‍ട്രാക്ടുകാരനായിരുന്നുവെന്ന്‌ പുല്ലൂടന്‍ ഓര്‍മ്മിപ്പിക്കുന്നു. ഒരോ തവണയും തള്ളുന്ന മാലിന്യത്തിന്റെ തോതനുസരിച്ച്‌ അതിനെ മറയ്‌ക്കുന്നതിനും, മലിനീകരണം ഒഴിവാക്കുന്നതിനും ആവശ്യമായ മണ്ണും, കുമ്മായവും ചേര്‍ത്ത്‌ മൂടണമെന്നായിരുന്നു വ്യവസ്ഥ. സോയില്‍ ഫില്ലിംഗ്‌ എന്നായിരുന്നു അതിന്റെ സാങ്കേതിക പദം. മണ്ണിട്ടു മൂടല്‍ എന്നു മലയാളം. മാലിന്യം തള്ളുന്ന പ്രദേശത്തിന്റെ സമീപത്തുപോലും ഒരു പരിധി കഴിഞ്ഞാല്‍ ഒരുമാതിരി പെട്ടവര്‍ പോകില്ല. അസഹനീയമായ ദുര്‍ഗന്ധവും മറ്റുള്ള ദുര്‍ക്കാഴ്‌ച്ചകളുമാണ്‌ കാരണം. അതോടെ സോയില്‍ ഫില്ലിംഗ്‌ കടലാസ്സില്‍ മാത്രം അവശേഷിക്കും. കരാറുകാര്‍ക്കും ചുറ്റിലുമുള്ള ഉത്സാഹക്കമ്മറ്റിക്കാര്‍ക്കും ആവേശം പകരുന്ന അവസ്ഥ. സോയില്‍ ഫില്ലിംഗിന്റെ പേരില്‍ വസൂലാക്കുന്ന പണം കരാറുകാരനും, അധികാര സംവിധാനത്തിന്റെ വിവിധ ശ്രേണിയിലുളളവരും പങ്കിട്ടെടുക്കുന്ന അവസ്ഥ അതോടെ നാട്ടുനടപ്പാവും. ചതുപ്പ്‌ നികത്തിയെടുക്കുന്നതിനുള്ള മാര്‍ഗ്ഗമായാണ്‌ കുട്ടി സാഹിബ്‌ റോഡിലെ പ്രദേശം മാലിന്യം തള്ളുന്നതിന്‌ നല്‍കിയതെന്ന്‌ പ്രദേശത്തിന്റെ പില്‍ക്കാല ചരിത്രം വെളിപ്പെടുത്തുന്നു. ഏതായാലും 1997 ഓടെ മാലിന്യം തള്ളുന്നതിനെതിരെ ചേരാനല്ലൂരിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന്‌ കൂട്ടി സാഹിബ്‌ റോഡിലെ മാലിന്യ നിക്ഷേപം അവസാനിപ്പിക്കുവാന്‍ കൊച്ചി കോര്‍പ്പറേഷന്‍ നിര്‍ബന്ധിതമായി. ബ്രഹ്മപുരം മാലിന്യ മലയായി മാറുന്നതിന്റെ പശ്ചാത്തലമിതാണ്‌.

എറണാകുളത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ വരുന്ന വടവുകോട്‌-പുത്തന്‍കുരിശ്‌ പഞ്ചായത്തിലെ ചെല്ലിപ്പാടം ഗ്രാമത്തിനടുത്ത ബ്രഹ്മപുരത്തെ 37 ഏക്കര്‍ സ്ഥലം 1998 ലാണ്‌ കോര്‍പ്പറേഷന്‍ വാങ്ങുന്നത്‌. മാലിന്യം തള്ളുന്നതിന്‌ ആവശ്യമായ നോ ഒബ്‌ജക്ഷന്‍ (എന്‍ഒസി) സര്‍ട്ടിഫിക്കറ്റും പുത്തന്‍കുരിശ്‌ പഞ്ചായത്തില്‍ നിന്നും കോര്‍പ്പറേഷന്‍ നേടിയിരുന്നു. 98 ല്‍ സ്ഥലം വാങ്ങിയെങ്കിലും 2007 ല്‍ മാത്രമാണ്‌ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള അവസരം കോര്‍പ്പറേഷന്‌ ലഭിക്കുന്നത്‌. ഹൈക്കോടതി ഉത്തരവിന്റെ ബലത്തിലാണ്‌ അത്‌ സാധ്യമായത്‌. ജല-വായു-അന്തരീക്ഷ മലനീകരണം തടയുന്നതിനും, ഭൂവിനിയോഗം ശരിയായി നടത്തുന്നതുമടക്കമുള്ള നിരവധി ഉപാധികളോടെയായിരുന്നു ഹൈക്കോടതി മാലിന്യം തള്ളുന്നതിന്‌ അനുമതി നല്‍കിയത്‌. അതില്‍ ഒന്നുപോലും പരിപാലിച്ചില്ലെന്നു വളരെ പെട്ടെന്നു തന്നെ ബോധ്യപ്പെട്ടു. അതിന്റെ വെളിച്ചത്തില്‍ കോടതി ഒരു നിരീക്ഷണ സമിതിയെ നിയോഗിച്ചു. അഡ്വക്കേറ്റ്‌ കമ്മീഷണര്‍, എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചീഫ്‌ എന്‍ജിനീയര്‍ എന്നിവരടങ്ങുന്നതായിരുന്നു സമിതി. ഇതിനിടയില്‍ മാലിന്യ സംസ്‌ക്കരണത്തിനായി ഒരു പ്ലാന്റ്‌ സ്ഥാപിക്കുവാന്‍ കോര്‍പ്പറേന്‍ തീരുമാനിച്ചു. ദിവസം 500 ടണ്‍ ഖരമാലിന്യം സംസ്‌ക്കരിക്കാന്‍ ശേഷിയുള്ള പ്ലാന്റിന്‌ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ അനുമതി നിഷേധിച്ചു. പഞ്ചായത്തുകളുടെ അനുമതി ഇല്ലാതെ നിര്‍മ്മിച്ച്‌ പ്ലാന്റ്‌ അധികം വൈകാതെ ചതുപ്പില്‍ ആണ്ടുപോയി. 19 കോടി രൂപ അതിനായി ചെലവഴിച്ചുവെന്നും അതല്ല 26 കോടിയാണ്‌ യഥാര്‍ത്ഥ ചെലവെന്നും പറയപ്പെടുന്നു. ആന്ധ്രപ്രദേശില്‍ നിന്നുള്ള ഒരു സ്ഥാപനമായിരുന്നു അതിന്റെ നിര്‍മ്മാതാക്കള്‍. ചതുപ്പില്‍ താന്നുപോയ പ്ലാന്റിന്റെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള ശിക്ഷണ നടപടികള്‍ ആരെങ്കിലും നേരിട്ടതായി പൊതുമണ്ഡലത്തില്‍ വിവരമൊന്നുമില്ല.

മേല്‍ വിവരിച്ച നിയമലംഘനങ്ങളുടെ ഒരു പരിസമാപ്‌തി ആയിരുന്നു ദേശീയ ഹരിത ട്രൈബൂണലിന്റെ 2016 ലെ വിധി. ബ്രഹ്മപുരം പ്ലാന്റ്‌ നിയമവിരുദ്ധമാണെന്നായിരുന്നു വിധി. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക്‌ എതിരെ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന മലിനീകരണ ബോര്‍ഡിന്‌ നിര്‍ദ്ദേശവും നല്‍കി. ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ്‌ കമ്മീഷനും 2016 ല്‍ കൊച്ചി കോര്‍പ്പറേഷന്‍ ബ്രഹ്മപുരത്തു നടത്തുന്ന നിയമലംഘനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഈ പ്രവര്‍ത്തനങ്ങളെല്ലാം ഒരു ഭാഗത്തു നടക്കുമ്പോള്‍ തന്നെ വെയസ്റ്റ്‌ ടു എനര്‍ജി എന്ന പദ്ധതിക്കായി സ്വകാര്യ കമ്പനിയുമായി കരാറില്‍ ഒപ്പുവെച്ചു. 295 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ സാങ്കേതികവും, സാമ്പത്തികവുമായ പ്രായോഗികതയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക്‌ ഒരിക്കല്‍ പോലും തൃപ്‌തികരമായ ഉത്തരം ലഭിച്ചിരുന്നില്ല. അവസാനം പദ്ധതിയുടെ പ്രാഥമികമായ നടത്തിപ്പിനുളള പണം സമാഹരിക്കുവാന്‍ പോലും ശേഷിയില്ലാത്ത സ്വകാര്യ കമ്പനിയെ ഒഴിവാക്കുവാന്‍ കോര്‍പ്പറേഷന്‍ നിര്‍ബന്ധിതമായി.






24 മണിക്കൂറിനകം ബ്രഹ്മപുരം സന്ദര്‍ശിക്കുവാന്‍ ഹൈക്കോടതി പുതിയ ഒരു സമിതിയെ നിയോഗിച്ചതിനെക്കുറിച്ചും, ഇനിയൊരു ബ്രഹ്മപുരം ഉണ്ടാവാന്‍ അനുവദിക്കില്ലെന്ന ഒരു മന്ത്രിയുടെ പ്രസ്‌താവനയും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ ബ്രഹ്മപുരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള നാള്‍വഴികള്‍ രേഖപ്പെടുത്തേണ്ടത്‌ അനിവാര്യമാകുന്നത്‌. ബ്രഹ്മപുരവുമായി ബന്ധപ്പെട്ട സുപ്രധാന വസ്‌തുതകള്‍ മാത്രമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. കഴിഞ്ഞ 10-12 വര്‍ഷത്തിനടയില്‍ ചെറുതും, വലുതുമായ 6-7 തീപിടുത്തങ്ങള്‍ അവിടെ ഉണ്ടായിട്ടുണ്ട്‌. 2022 ജനുവരി-ഫെബ്രുവരി മാസത്തെ തീപിടുത്തം 7 ദിവസം നീണ്ടു നിന്നു. 2014 ലും 7 ദിവസം നീണ്ട തീപിടുത്തം ഉണ്ടായതായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കെമിക്കല്‍ ദുരന്തത്തിനുള്ള എല്ലാ സാധ്യതകളും ബ്രഹ്മപുരത്ത്‌ നിലനില്‍ക്കുന്നതായി ഇപ്പറഞ്ഞ തീപിടുത്തങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. National Institute for Interdiscipliary Science and Technology എന്ന സ്ഥാപനം 2021 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അത്തരം ആപത്തുകളെക്കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായി ദി ഹിന്ദു ദിനപത്രത്തിലെ റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നു.

കോടതികളടക്കമുള്ള ഭരണാധികാര സംവിധാനത്തിന്റെ എല്ലാ സ്ഥാപനങ്ങളുടെയും കുറ്റകരമായ അനാസ്ഥ മാത്രമായി ഈ ദുരന്തത്തെ കണക്കാക്കാനാവില്ല. പ്രത്യക്ഷമായും, പരോക്ഷമായും കുറ്റകൃത്യങ്ങള്‍ക്ക്‌ ഒത്താശ ചെയ്യുന്ന സ്ഥാപനങ്ങളായി അധികാര സംവിധാനമാകെ മാറുന്നതിന്റെ പ്രകടമായ ലക്ഷണമായി ബ്രഹ്മപുരത്തെ കാണുന്നതാവും യാഥാര്‍ത്ഥ്യവുമായി കൂടുതല്‍ അടുത്തു നില്‍ക്കുക. എഴുത്തുകാരനായ പിഎഫ്‌ മാത്യൂസ്‌ ചെറിയൊരു കുറിപ്പില്‍ കഴിഞ്ഞ ദിവസം പറഞ്ഞതു പോലെ കൊച്ചിയിലെ ജനങ്ങള്‍ക്ക്‌ സ്ഥലം വിട്ടുപോവുക മാത്രമാണ്‌ പോംവഴിയെന്നു തോന്നിപ്പോകുന്നു. വികേന്ദ്രീകൃതമായ മാലിന്യസംസ്‌ക്കരണത്തിന്റെ പ്രയോജനങ്ങള്‍ നിരന്തരം ഉയര്‍ത്തിപ്പിടിക്കുന്ന എന്‍കെ ഷിബു ഇടതുപക്ഷത്തെ നേതാക്കള്‍ക്ക്‌ ഫ്രീയായി നല്‍കിയ ഉപദേശവും മറക്കാവുന്നതല്ല. "ഏറ്റവും കുറഞ്ഞത്‌ 5 വര്‍ഷത്തോളമായി നിങ്ങളോട്‌ ഞങ്ങള്‍ പറഞ്ഞുകൊണ്ടരിക്കുകയാണ്‌. നിങ്ങളെ ഉപദേശിച്ച്‌ കുഴിയില്‍ ചാടിക്കുന്ന ഉദ്യോഗസ്ഥരെ നമ്പരുതെന്ന്‌. എന്നിട്ടും നിങ്ങളത്‌ കേട്ടില്ല". യുഡിഫിന്റെ കാലത്തും ഉദ്യോഗസ്ഥര്‍ അങ്ങനെ തന്നെയായിരുന്നു എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ഒരു നിയന്ത്രണവുമില്ലാതെ പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടാന്‍ അനുവദിക്കുനത്‌ കേരളം ഒരു പക്ഷെ ഇതുവരെ അഭിമുഖീകരിക്കാത്ത കെമിക്കല്‍ ദുരന്തങ്ങള്‍ക്ക്‌ കാരണമാകുമെന്ന പ്രാഥമിക പാഠമാണ്‌ ബ്രഹ്മപരും നല്‍കുന്നത്‌. ഓഖി ചുഴലിക്കാറ്റും, 2018 ലെ പ്രളയവും ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ആഗോളതലത്തില്‍ സംഭവക്കുന്ന മാറ്റങ്ങള്‍ പോലും വിനാശകരമായ നിലയില്‍ കേരളത്തെ ബാധിക്കുന്നതിനെ ഓര്‍മ്മപ്പെടുത്തിയതിന്‌ സമാനമാണ്‌ ബ്രഹ്മപുരത്തെ അഗ്നിബാധയും. ഓഖിയില്‍ നിന്നും പ്രളയത്തില്‍ നിന്നും പാഠം പഠിക്കാത്തവര്‍ കെമിക്കല്‍ ദുരന്തത്തിന്റെ ഭീഷണിയെ എത്ര ഗൗരവത്തോടെ കാണുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

(1) കെജിഎസ്സ്‌‌: പ്രഫസര്‍ വിവിധഗമനന്റെ വിചിത്രാനുഭവം

#brahmapuram
#ecology
Leave a comment