ഇന്ത്യൻ വിദ്യാർത്ഥികളുടെ കനേഡിയൻ മോഹങ്ങൾ ആശങ്കയിൽ
വിദേശ വിദ്യാര്‍ത്ഥികളുടെ കാനഡയിലേക്കുള്ള വരവ് പരിമിതപ്പെടുത്താന്‍ നിയന്ത്രണങ്ങളുമായി കനേഡിയന്‍ സര്‍ക്കാര്‍. സ്റ്റഡി പെര്‍മിറ്റുകളില്‍ രണ്ടുവര്‍ഷത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. രാജ്യത്തേക്ക് ഒരുവര്‍ഷം പ്രവേശിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.
കുടിയേറ്റം പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചത് ഏറെ വിവാദമായതിനു പിന്നാലെയാണ് പുതിയ നീക്കം. ഈ വര്‍ഷം 4.85 ലക്ഷംപേരെയും 2025 ലും 26 ലും അഞ്ചുലക്ഷം പേരെ വീതവും രാജ്യത്തേക്ക് എത്തിക്കാനായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.
3,64,000 ത്തോളം സ്റ്റഡി പെര്‍മിറ്റുകളായി പരിധി നിശ്ചയിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ ആവശ്യത്തിന് പാര്‍പ്പിടങ്ങളില്ലാത്തതാണ് നീക്കത്തിന് പിന്നിലെ കാരണമായി സര്‍ക്കാര്‍ പറയുന്നത്. പാര്‍പ്പിട ക്ഷാമത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ചയ്ക്കും കാരണമാകുന്നതിന് പരിഹാരമായി വിദ്യാര്‍ത്ഥികളുടെ വരവ് കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
മാര്‍ക്ക് മില്ലര്‍ | PHOTO: FACEBOOK
2023 വരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം കാനഡയില്‍ എത്തിയ വിദേശ വിദ്യാര്‍ത്ഥികളില്‍ 40 ശതമാനവും ഇന്ത്യക്കാരാണ്. പഞ്ചാബില്‍ നിന്നുള്ളവരാണ് ഏറെയും. 2022 ലെ കണക്കനുസരിച്ചും കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ ഏറ്റവുമധികം ഇന്ത്യയില്‍ നിന്നുള്ളവരാണ്. 3.19 ലക്ഷം പേരാണ്. 2021 ല്‍ സമര്‍പ്പിച്ച സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളില്‍ 43 ശതമാനവും ഇന്ത്യക്കാരുടെതായിരുന്നു. പൊതുവെ പങ്കാളിക്കൊപ്പം സ്പൗസ് വിസയില്‍ എത്തി താല്കാലിക ജോലി ചെയ്യുകയോ പഠനം ആരംഭിക്കുകയോ ആണ് പതിവ്. എന്നാല്‍ പുതിയ നിയമപ്രകാരം ബിരുദാനന്തര ബിരുദത്തിനോ ഡോക്ടറല്‍ പ്രോഗ്രാമുകള്‍ക്കോ എന്റോള്‍ ചെയ്താല്‍ മാത്രമേ ഓപ്പണ്‍ വര്‍ക് പെര്‍മിറ്റ് ലഭിക്കുകയുള്ളൂ.
പഠനചിലവ് ഉയരും
നിലവിലെ നിയമപ്രകാരം കാനഡയിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകളില്‍ 10,000 കനേഡിയന്‍ ഡോളറില്‍ (ഏകദേശം 6.13 ലക്ഷം രൂപ) നിന്ന് 20,635 കനേഡിയന്‍ ഡോളറായി (ഏകദേശം 12.66 ലക്ഷം രൂപ) 2024 ജനുവരി മുതല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനാണ് നടപടിയെന്നാണ് അധികൃതരുടെ നിലപാട്. ഐഇഎല്‍ടിഎസ് പരീക്ഷകളുടെ ഉയര്‍ന്ന ചിലവ്, വര്‍ധിച്ച കോളേജ് ഫീസ്, ഉയര്‍ന്ന വാടക തുടങ്ങിയവകൊണ്ടുതന്നെ വിദേശ വിദ്യാര്‍ത്ഥികള്‍ ഇതിനോടകം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. പലപ്പോഴും പ്രാദേശിക വിദ്യാര്‍ത്ഥികളെക്കാള്‍ അഞ്ചിരട്ടി കൂടുതല്‍ ഫീസ് അടച്ചാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള നിബന്ധനകള്‍ ലഘൂകരിക്കുന്നതിനു പകരം, കനേഡിയന്‍ ബാങ്കുകളില്‍ ആവശ്യമായ മിനിമം സെക്യൂരിറ്റി തുക ഇരട്ടിയാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സ്റ്റുഡന്റസ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു. എന്നാല്‍, വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള 20 മണിക്കൂര്‍ ജോലി പരിധിയിലെ താല്‍കാലിക നിയന്ത്രണം സര്‍ക്കാര്‍ ഒഴിവാക്കി. ഇതുപ്രകാരം 2024 ഏപ്രില്‍ 30 വരെ ക്യാമ്പസിനു പുറത്ത് ആഴ്ചയില്‍ 20 മണിക്കൂറിലധികം ജോലി ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്.
പ്രധാന പ്രശ്‌നം താമസം
കാനഡയിലെ പല സര്‍വകലാശാലകള്‍ക്കും വിദ്യാര്‍ത്ഥികളെ താമസിപ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയ്ക്കു പുറത്ത് ടെന്റുകളുണ്ടാക്കി താമസിക്കേണ്ടി വന്നു. പഠനത്തോടൊപ്പം താമസവുമെന്ന സര്‍വകലാശാല അധികൃതരുടെ വാക്കുകള്‍ നിറവേറ്റപ്പെടാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ പെരുവഴിയിലായത്. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിക്കുകയും കനേഡിയന്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് സര്‍വകലാശാല പ്രശ്‌നപരിഹാരത്തിന് തയ്യാറായത്.
നിലവില്‍ കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മുറികളില്ലാത്തതും വാടകയുടെ വര്‍ധനവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാനഡോര്‍ കോളേജിലെയും നോര്‍ത്ത് ബേയിലെ നിപിസ്സിങ് യൂണിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ത്ഥികള്‍ പ്രതിമാസം 250 കനേഡിയന്‍ ഡോളര്‍ നിരക്കില്‍ താമസസൗകര്യം ഒരുക്കണമെന്ന് സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു. ചിലവേറിയ നഗരങ്ങളില്‍ പ്രതിമാസം 650 മുതല്‍ 750 ഡോളര്‍ വരെയാണ് നിലവില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടി വരുന്നത്.
കാരണം നയതന്ത്ര പ്രതിസന്ധിയോ?
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിയുടെ ഭാഗമായാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി പെര്‍മിറ്റ് നല്‍കുന്നത് ഗണ്യമായി കുറച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2023 ന്റെ നാലാം പാദത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച പെര്‍മിറ്റുകളില്‍ 86 ശതമാനം ഇടിവ് ഉണ്ടായതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം അവസാനം 14,910 വിദ്യാര്‍ത്ഥികള്‍ക്കാണ് പെര്‍മിറ്റ് നല്‍കിയത്. മുന്‍വര്‍ഷമിത് 1,08,940 ആയിരുന്നു.
കാനഡയ്ക്കു പിന്നാലെ യുകെയും ഓസ്‌ട്രേലിയയും
വിദേശ വിദ്യാര്‍ത്ഥികളുടെ വരവിനെ നിയന്ത്രിക്കുന്നതില്‍ കാനഡയ്ക്കു പുറമെ യുകെയും ഓസ്‌ട്രേലിയയും നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിത വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് നിയന്ത്രണം വരുത്തിയിരിക്കുകയാണ് യുകെ. ഇതേത്തുടര്‍ന്ന് ബിരുദാനന്തര ബിരുദ റിസര്‍ച്ച് കോഴ്‌സുകളോ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുള്ള കോഴ്‌സുകളോ പഠിക്കാനെത്തുന്നവര്‍ക്ക് മാത്രമേ ഇനി മുതല്‍ കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ കഴിയൂ. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ രണ്ടുവര്‍ഷത്തിനകം പകുതിയായി കുറയ്ക്കാനാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്. കൂടാതെ ഇംഗ്ലീഷില്‍ കൂടിയ മാര്‍ക്കും കര്‍ശന നിബന്ധനയായി പരിഗണിക്കും.