ഇന്ത്യൻ ക്യാമ്പസുകളിലെ വിവേചനവും വിദ്യാർത്ഥികളുടെ ആത്മഹത്യയും
2018 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ IITകളിൽ ആകെ 33 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം 2023 മാർച്ച് 15 ന് രാജ്യ സഭയിൽ അറിയിച്ചു. അക്കാദമിക് സമ്മർദ്ദം, കുടുംബ പ്രശ്നങ്ങൾ, വ്യക്തിപരമായ കാരണങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയാണ് ഇത്തരം ആത്മഹത്യകൾക്ക് കാരണമായതെന്നാണ് വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാരിന്റെ രേഖാമൂലമുള്ള പ്രതികരണത്തിൽ വ്യക്തമാക്കുന്നത്. ഐഐടികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) എന്നിവിടങ്ങളിൽ ഈ കാലയളവിൽ 61 ആത്മഹത്യകൾ നടന്നിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2014 നും 2021 നും ഇടയിൽ കേന്ദ്രത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 122 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തുവെന്ന് 2021 ഡിസംബറിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ കണക്കുകളിൽ വെളിപ്പെടുത്തി.
അതുപോലെ മദ്രാസ് ഐഐടിയിൽ മാർച്ചിൽ മാത്രം രണ്ട് ആത്മഹത്യകളാണ് നടന്നിരിക്കുന്നത്. മാർച്ച് 14 ന് വൈകുന്നേരം സ്റ്റീവൻ സണ്ണി എന്ന മദ്രാസ് ഐഐടി വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ ആത്മഹത്യാ പ്രവണത വർധിച്ചു വരികയാണെന്നാണ് ഇത്തരം കണക്കുകൾ വ്യക്തമാക്കുന്നത്. 2019 ൽ മാത്രം മദ്രാസ് ഐഐടിയിൽ അഞ്ച് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. ജാതി വിവേചനം ഉൾപ്പെടെയുള്ള വിവേചനങ്ങളാണ് വിദ്യാർത്ഥികളുടെ ആത്മഹത്യക്ക് കാരണം എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 2019 ൽ നടന്ന ഫാത്തിമ ലത്തീഫ് എന്ന വിദ്യാർത്ഥിനിയുടെ ആത്മഹത്യ ഉദാഹരണമാണ്. ഐഐടി പോലുള്ള സ്ഥാപനങ്ങൾ ഓട്ടോണമസ് ബോഡിയായി നിലകൊള്ളുന്നത് കൊണ്ട് തന്നെ അധികാര ദുർവിനിയോഗം നടക്കുന്നു എന്നുള്ള ആരോപണങ്ങൾ ഉയർന്നു വരാറുണ്ട്. മാത്രമല്ല ദളിത്, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് പല തരത്തിലുള്ള വിവേചനം അനുഭവിക്കേണ്ടി വരുന്നു. 1996 ലാണ് മദ്രാസ് ഐഐടിയിൽ ആദ്യമായി ദളിത് വിഭാഗത്തിൽ പെടുന്ന ഒരു വ്യക്തി പിഎച്ച്ഡിക്ക് രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ ദളിത് ആയതിന്റെ പേരിൽ അയാൾക്ക് ഹോസ്റ്റൽ റൂം നിഷേധിക്കപ്പെട്ടു. ഏറേക്കുറെ സമാനമായ അവസ്ഥയാണ് ഇന്നും നിലനിൽക്കുന്നത് എന്നാണ് വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നുള്ള പ്രതികരണം.
ഫാത്തിമ ലത്തീഫ്
സമാനമായി, ഫെബ്രുവരി മാസം ബോബെ IIT യിലെ കെമിക്കൽ എഞ്ചിനീയറിംങ് വിദ്യാർത്ഥി ദർശൻ സോളങ്കിയുടെ ആത്മഹത്യയെ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് നിയമിച്ച 12 അംഗ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. അക്കാദമിക പ്രകടനം മോശമായതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കമ്മറ്റിയുടെ നിഗമനം. സോളങ്കി ക്യാമ്പസിൽ ജാതി വിവേചനം അനുഭവിച്ചിരുന്നു എന്ന് സഹോദരി ആരോപിച്ചിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് നേരിട്ട് തെളിവുകൾ ഇല്ല എന്നാണ് കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ദർശൻ സോളങ്കിയുടെ മരണ കാരണം നിലനിൽക്കുന്ന വിവേചനപരമായ അന്തരീക്ഷമാണെന്ന് ബഹുജൻ വിദ്യാർത്ഥികളും സംഘടനകളും ആരോപിച്ചു. മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സൗകര്യങ്ങളുടെ അഭാവവും ഒരു പ്രശ്നമായി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾ അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങൾ ഒന്നും സൂചിപ്പിക്കാതെ, ഒരു പേപ്പറിൽ ഒഴികെ മറ്റെല്ലാ വിഷയങ്ങൾക്കും സോളങ്കിയുടെ മാർക്ക് വളരെ കുറവാണെന്നും പഠനത്തിൽ താൽപര്യം കാണിച്ചിരുന്നില്ല, കൂടുതൽ സമയവും സോളങ്കി ഹോസറ്റലിൽ മുറിയിൽ താമസിക്കാനാണ് ഇഷ്ട്‌പ്പെട്ടത്, സ്ഥിരമായി ക്ലാസുകൾ ഒഴിവാക്കാറുണ്ട്, തന്റെ ജാതി സ്വത്വത്തിൽ ദർശൻ സോളങ്കി സെൻസിറ്റിവായിരുന്നു തുടങ്ങിയ കാര്യങ്ങൾ സുഹൃത്തുക്കൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവരിൽ നിന്നും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ നിന്നും മനസിലാക്കി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ദർശൻ ആത്മഹത്യ ചെയ്ത് മൂന്നാഴ്ചക്ക് ശേഷം പ്രത്യേക അന്വേഷണ സംഘം ദർശന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കുകയും അമർ ഖത്രി എന്ന വിദ്യാർത്ഥിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റവും, SC/ST വകുപ്പുകൾ പ്രകാരവും കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
അന്വേഷണ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നു വന്നിരുന്നു. ഐഐടി ബോംബെ മുൻ ഗവേഷകനും സാമൂഹിക പ്രവർത്തകനുമായ ധീരജ് സിംഗ് അന്വേഷണ റിപ്പോർട്ടിനെ ചോദ്യം ചെയ്യുകയും ടേംസ് ഓഫ് റഫറൻസ് (TOR) റിപ്പോർട്ടിന്റെ കൂടെ ചേർത്തിട്ടില്ലെന്നും കമ്മിറ്റിയിൽ സ്ഥാപനത്തിന് പുറത്തു നിന്നുള്ള ആളുകളോ ആത്മഹത്യ-മാനസീകാരോഗ്യ വിദഗ്ധരോ ഇല്ലെന്ന വസ്തുത ചൂണ്ടിക്കാണിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ കമ്മിറ്റിയുടെ യോഗ്യതയും റിപ്പോർട്ടിലെ കണ്ടെത്തലുകളും പൂർണമായും അംഗീകരിക്കാനാവില്ല. ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചതിനു പിന്നിൽ ഐഐടി-ബി ഡയറക്ടർക്ക് ദുരുദ്ദേശങ്ങൾ ഉണ്ടെന്ന് വിദ്യാർത്ഥികൾ സംശയിക്കുന്നു. 2014 ൽ അനികേത് അംബോർ എന്ന വിദ്യാർത്ഥി ഇതേ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തപ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് നിയോഗിച്ച അന്വേഷണ കമ്മീഷൻ എടുത്ത അതേ നിലപാട് തന്നെയാണ് ദർശൻ സോളങ്കിയുടെ കാര്യത്തിലും ഉണ്ടായിട്ടുള്ളത്. ഐഐടികളിലെ ആത്മഹത്യാ പ്രവണത വളരെ സാധാരണമാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഐഐടികളിലെ കുറഞ്ഞ അക്കാദമിക് പ്രകടനം ആത്മഹത്യാ പ്രവണതക്ക് ഒരു കാരണമാണെന്ന് കമ്മിറ്റി പറയുന്നു, ഐഐടിയിലെ വ്യാപകമായ അക്കാദമിക സമ്മർദ്ദം കാരണം ആത്മഹത്യാസാധ്യത വളരെ സാധാരണമാണ് എന്ന വസ്തുതയുടെ അംഗീകാരം കൂടിയാണിത്.
ദർശൻ സോളങ്കി
ദളിത്, ആദിവാസി വിഭാഗങ്ങളിലെ വിദ്യാർത്ഥികളിൽ ജാതി വിവേചനം ചെലുത്തുന്ന ആഘാതം മനസ്സിലാക്കാൻ, കഴിഞ്ഞ ഒരു വർഷത്തിനിടെ ഐഐടി-ബി ഇൻസ്റ്റിറ്റ്യൂട്ടിലെ എസ്സി-എസ്ടി സെൽ രണ്ട് വ്യത്യസ്ത സർവേകൾ നടത്തിയിട്ടുണ്ട്. ഈ സർവേകൾ ബഹുജൻ വിദ്യാർത്ഥികളുടെ ദുർബലമായ മാനസികാരോഗ്യം ഉൾപ്പെടെ നിരവധി ഭയാനകമായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി. സർവേ റിപ്പോർട്ടുകൾ ഇൻസ്റ്റിറ്റ്യൂട്ടിന് അറിയാമെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല, കാമ്പസിലെ അവസ്ഥയെക്കുറിച്ച് പൂർണ്ണ ബോധ്യമുള്ളത് കൊണ്ട് തന്നെ ഇതൊരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ല എന്നും ബഹുജൻ വിദ്യാർത്ഥികൾക്ക് ക്യാമ്പസ് സുരക്ഷിതമാക്കുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ട് യാതൊരു പ്രതിബദ്ധതയും കാണിക്കുന്നില്ല എന്നും, സോളങ്കിയുടെ മരണം ഇൻസ്റ്റിറ്റ്യൂട്ട് കൈകാര്യം ചെയ്തത് ഗൗരവമില്ലാതെയാണെന്നും സമിതിയും ഐഐടി-ബിയും ഈ കാര്യത്തിൽ സുതാര്യത കാണിച്ചില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് ദളിത് വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഒന്നാം തലമുറയിൽ പെടുന്ന പഠിതാക്കളാണ്, സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥയും മറ്റ് ജീവിത സാഹചര്യങ്ങളും വിദ്യാർത്ഥികൾക്ക് പലതരത്തിലുള്ള പ്രതിസന്ധികൾക്കും കാരണമാകുന്നുണ്ട്. സവർണ-ബ്രാഹ്മണിക്കൽ സംസ്‌കാരം ഊട്ടിയുറപ്പിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന ഇന്ത്യൻ ക്യാമ്പസുകൾ ഇത്തരം സാഹചര്യങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികളെ പൂർണമായും ഉൾക്കൊള്ളുന്നില്ല. അവർ ജീവിത സാഹചര്യത്തെ പ്രതി പരിഹസിക്കപ്പെടുകയും ഭാഷകളിൽ പ്രാവീണ്യം ഇല്ലാത്തതിനാൽ തഴയപ്പെടുയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സ്വന്തം സ്വത്വം മറച്ചുവെക്കുകയും ദുരിതത്തിലും ഭയത്തിലും ഉത്കണ്ഠയിലും ജീവിക്കേണ്ടി വരികയും ചെയ്യുന്നു. ജാതി അടിസ്ഥാനത്തിലുള്ള വിവേചനം അനേകം വിദ്യാർത്ഥികളെ കടുത്ത വിഷാദാവസ്ഥയിലേക്ക് വീഴ്ത്തുന്നു, അതിന്റെ ഫലമായി കൂടിയാണ് ആത്മഹത്യാ കേസുകൾ വർദ്ധിക്കുന്നത് എന്ന് വേണം മനസിലാക്കാൻ.
സ്റ്റീവൻ സണ്ണി
മുൻവിധികളോടു കൂടിയ പെരുമാറ്റം, പക്ഷപാതം, ജാതീയമായ അധിക്ഷേപങ്ങൾ, സാമൂഹിക അവഹേളനം, ശാരീരിക ആക്രമണം എന്നിവ ഉൾപ്പെടെ ദളിത് വിദ്യാർത്ഥികളോട് വിവേചനം കാണിക്കാൻ സൂക്ഷ്മവും നേരിട്ടുള്ളതുമായ വഴികളുണ്ടെന്ന്, ഇന്ത്യയിലെ രണ്ട് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനങ്ങളെ കുറിച്ച് പഠിച്ച സുഖ്ദിയോ തോറാട്ട് കമ്മീഷൻ (2007), ഭൽചന്ദ്ര മുൻഗേക്കർ കമ്മീഷൻ (2012) റിപ്പോർട്ടുകൾ വ്യക്തമാക്കിയതാണ്. ദളിത് വിദ്യാർത്ഥികളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രവർത്തനങ്ങൾക്ക് സർവ്വകലാശാലാ ഭരണകൂടത്തിന്റെയും സവർണ്ണ-ആധിപത്യ വിദ്യാർത്ഥി സംഘടനകളുടെയും അക്രമാസക്തമായ അടിച്ചമർത്തലുകളാണ് നേരിടേണ്ടി വരുന്നത്. HCU,AIMS,IITs,JNU എന്നിവിടങ്ങളിൽ ഉണ്ടായിട്ടുള്ള നിരവധി കേസുകൾ ജാതി വിവേചനത്തിന്റെ തുറന്ന ഉദാഹരണങ്ങളാണെന്ന് വേണം മനസിലാക്കാൻ.
കൂടാതെ, വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും ഉണ്ടാവുന്ന ഇത്തരത്തിലുള്ള പ്രവണതകൾ ഇല്ലാതാക്കുന്നതിന് വേണ്ടി ഐഐടി-ഡൽഹി SC/ST-OBC സെൽ രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് നിലവിൽ. ഇൻസ്റ്റിറ്റ്യൂട്ടിലെ സംവരണ നയങ്ങൾ നടപ്പിലാക്കാനും നിരീക്ഷിക്കാനും വിലയിരുത്താനും സെല്ലിന് വിജ്ഞാപനം വഴി അധികാരം നൽകിയിട്ടുണ്ട്. ഐഐടി കളിൽ അടുത്തിടെ നടന്ന നിരവധി വിദ്യാർത്ഥി ആത്മഹത്യകൾ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് തിരികൊളുത്തിയതോടെയാണ് ഐഐടി-ഡൽഹി മാൻഡേറ്റ് പാസാക്കാനും വിജ്ഞാപനം ചെയ്യാനും തീരുമാനിച്ചിരിക്കുന്നത്.