TMJ
searchnav-menu
post-thumbnail

Representational image: Pixabay

Education

ഗ്രന്ഥശാലകളെ കുടം തുറന്ന് വിടുക

23 Mar 2023   |   6 min Read
ബിനോയ് മാത്യു

പ്രൊഫ. ആര്‍ ഡേവിഡ് ലാങ്കെസിനോട് വലിയ ഇഷ്ടം തോന്നാനിടയാക്കിയത് അദ്ദേഹത്തിന്റെ ഈ വാചകങ്ങളായിരുന്നു.

Bad Libraries build collections
Good Libraries build services
Great Libraries build communities

തല്ലിപ്പൊളി ലൈബ്രറികള്‍ അവയുടെ ശേഖരത്തില്‍ അടയിരിക്കുമെന്നും മഹത്തായ ലൈബ്രറികള്‍ നാടിനെ നിര്‍മ്മിക്കുമെന്നുമുള്ളതിന് എത്രയോ സാക്ഷ്യപ്പെടുത്തലുകള്‍ ചുറ്റിലുമുണ്ട്.

2017 ലെ വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ വാര്‍ഷിക ചടങ്ങിന് നാല് ദിവസം മുമ്പ് യാതൊരു മുന്‍ പരിചയങ്ങളുമില്ലാതെ തന്നെ ഡേവിഡ് ലാങ്കെസിന് മെസഞ്ചറില്‍ ഞാനൊരു ടെക്സ്റ്റ് അയച്ചു. ഒരു അപേക്ഷ. ലൈബ്രറിയുടെ വാര്‍ഷികത്തിന് അങ്ങയുടെ ഒരു ആശംസാ സന്ദേശം വേണം. അന്ന് രാത്രി അമേരിക്കയിലെ ടെക്സാസ് സര്‍വ്വകലാശാലയിലെ ബൌഡന്‍ പ്രൊഫസ്സര്‍ ഓഫ് ലൈബ്രേറിയന്‍ഷിപ്പായ ലാങ്കെസിന്റെ ഒരു ഫേസ്ബുക്ക് കാള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബെല്ലടിച്ചു. ആശ്ചര്യം കൊണ്ട് മുറിഞ്ഞും സ്തംഭിച്ചും എന്റെ വാക്കുകള്‍ അദ്ദേഹത്തോട് ആശയവിനിമയംചെയ്തു. ശാന്തനായി ഒരു ഇന്ത്യക്കാരന്റെ എല്ലാ സ്തോഭങ്ങളേയും മനസ്സിലാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഞാനത് നാളെ അയച്ച് തരാം. ലൈബ്രറിയുടെ വാര്‍ഷിക ചടങ്ങില്‍ ആയിരക്കണക്കിന് കിലോ മീറ്ററുകള്‍ക്കകലെയുള്ള ഒരു ലോക ലൈബ്രറി നേതാവിന്റെ ശബ്ദം നാട്ടിന്‍പുറത്തെ മനുഷ്യര്‍ കൗതുകത്തോടെ കേട്ടു. നോളജ് സമൂഹത്തില്‍ അതേറ്റവും സാധ്യമായ ഒരു കാര്യമാണ്. ലൈബ്രറികളുടെ മേഖലയില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നും വിജ്ഞാന സമൂഹത്തില്‍, അതിര്‍വരമ്പുകളെ അപ്രസക്തമാക്കുന്ന പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നും കേരളത്തിലെ ഒരു കുഞ്ഞന്‍ നാട്ടിന്‍പുറ ലൈബ്രറിയും അമേരിക്കയിലെ മഹാലൈബ്രറി പ്രസ്ഥാനക്കാരനും തമ്മില്‍ ആശയ വിനിമയം ചെയ്യാന്‍ കഴിയുന്നു. സാങ്കേതങ്ങളും ചിന്തയും അനുദിനം നിര്‍മ്മിച്ചും പുനര്‍നിര്‍മ്മിച്ചും മുന്നേറുന്ന ലോകത്ത് നമ്മുടെ ഗ്രന്ഥശാലകള്‍ എവിടെ നില്‍ക്കുന്നു എന്ന അന്വേഷണം അത്രമേല്‍ പ്രസക്തം. നാടിന്റെ വിജ്ഞാനപരവും സാസ്കാരികവുമായ ആവശ്യങ്ങളെ അഭിമുഖീകരിക്കാനും അവയ്ക്ക് പരിഹാരമാവാനും നമ്മുടെ ലൈബ്രറികള്‍ക്ക് കഴിയുന്നുണ്ടോ. ചോദ്യങ്ങള്‍ അനവധിയുണ്ട്.

ലൈബ്രറികളില്‍ ആള് കുറയുന്നതിന് കാരണമായി മൊബൈല്‍ ഫോണിനെ പഴിചാരി മാറിനില്‍ക്കാനുള്ള ശ്രമങ്ങളെ പലപ്പോഴും കണ്ടുമുട്ടുന്നു. സ്മാര്‍ട്ട് ലൈബ്രറീസ് ബില്‍ഡ് സ്മാര്‍ട്ട് നേഷന്‍ എന്നൊരു ടാഗ് ലൈന്‍ സിങ്കപ്പൂര്‍ നാഷണല്‍ ലൈബ്രറി ബോര്‍ഡിന്റെ കവാടത്തില്‍ വലുപ്പത്തില്‍ കുറിച്ച് വച്ചിട്ടുണ്ട്. വഴിയില്‍ സ്മാര്‍ട്ട് ഫോണില്‍ നിന്നും കണ്ണെടുക്കാതെ നടന്നുപോവുന്ന മനുഷ്യരെ ധാരാളം കാണാം. ആ കണ്ണുകള്‍ ഉയര്‍ത്താതെ തന്നെ റോഡ് ക്രോസ്സ് ചെയ്യാനുള്ള സിഗ്നലിംങ് രീതികള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് സിങ്കപ്പൂര്‍. പാസിര്‍ റിസ് എന്ന ഒരു പ്രവശ്യ ലൈബ്രറിയുടെ ഷട്ടര്‍ രാവിലെ ഉയരുമ്പാള്‍ പുറത്ത് കണ്ട കാഴ്ച ഓര്‍ത്തു. നൂറിനടുത്ത് ആളുകള്‍ ലൈബ്രറിയിലേക്ക് കടക്കാന്‍ ക്യൂ നില്‍ക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാല തിരുവനന്തപുരത്തെ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയാണ്.അഞ്ച് ലക്ഷത്തില്‍ പരം പുസ്തകങ്ങളും മറ്റ് വിഭവങ്ങളുമുള്ള വലിയ വിജ്ഞാന കേന്ദ്രം. അവിടെ പോലും ഇത്തരമൊരു കാഴ്ച സ്വപ്നം കാണാന്‍ പോലും നമ്മള്‍ അശക്തരാണ്. ലൈബ്രറിയില്‍ ആള് കുറയാന്‍ കാരണം മൊബൈലോ, സ്ക്രീന്‍ ഉപകരണങ്ങളോ ആണെന്ന് ഒറ്റവാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കുക അസാധ്യമാണ് എന്ന് സാരം. പുതിയ കാലത്തെ ഉള്‍ക്കൊള്ളാനും ഉള്‍ചേര്‍ക്കാനും ലൈബ്രറികള്‍ പരാജയപ്പെടുമ്പോള്‍ സമൂഹം അതിന് പുറത്തേക്ക് നടന്നുപോവുന്നു എന്നതാണ് സത്യം.


പ്രൊഫ. ആര്‍ ഡേവിഡ് ലാങ്കെസ്

പുസ്തകങ്ങള്‍ വാങ്ങി സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഇടം എന്ന പരമ്പരാഗത സങ്കല്‍പ്പത്തെ മറികടന്ന് നാടിനെ നിര്‍മ്മിക്കാന്‍ കെല്‍പ്പുള്ള ലൈബ്രറി എന്ന വിശാലാര്‍ത്ഥത്തിലേക്ക് വളരണമെങ്കില്‍ ലൈബ്രറിക്കും അതിന്റെ പ്രവര്‍ത്തകര്‍ക്കും പുതിയ അറിവുകള്‍ ഉണ്ടായേ മതിയാകൂ. ലോകത്തിലെ പല പ്രമുഖ ലൈബ്രറി ശൃംഖലകളിലും ഐ.ടി വിദഗ്ധരുടെ നീണ്ട നിരയെ കാണാം. സിങ്കപ്പൂര്‍ നാഷണല്‍ ലൈബ്രറി ബോര്‍ഡ് അവിടുത്തെ ഐ.ടി വകുപ്പിന് കീഴിലാണ്. പ്രിന്റ് പുസ്തകങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ ബുക്കുകളേയും കാഴ്ചകളെയും കേള്‍വികളെയും ഒക്കെ സമന്വയിപ്പിക്കാനും അവയെ ഏറ്റവും ആസ്വാദ്യകരമായി പകര്‍ന്ന് കൊടുക്കാനും പുതുകാല ലൈബ്രറികള്‍ക്ക് സാധിക്കണം.

ലൈബ്രറി ശാസ്ത്രത്തിലെ എണ്ണമറ്റ പഠന വകുപ്പുകള്‍ നമ്മുടെ സംസ്ഥാനത്തും രാജ്യത്തുമുണ്ട്. ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നാണ് പഠന ശാഖയുടെ മുഴുവന്‍ പേര്. അതില്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സിന്റെ ആഴം കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിച്ചു വരുന്നു. ലൈബ്രറികളിലെത്തുന്ന മനുഷ്യരേയും, അവര്‍ വരുന്ന വൈവിധ്യമാര്‍ന്ന വിജ്ഞാന ലോകത്തേയും കൈകാര്യം ചെയ്യാനുള്ള ശേഷി നിര്‍മ്മിച്ച് നല്‍കാന്‍ ഈ സിലബസ്സുകള്‍ക്ക് സാധിക്കുന്നുണ്ടോ എന്നത് ഒരു ചോദ്യമായി നിലനില്‍ക്കുന്നു. ലൈബ്രേറിയന്റെയും ലൈബ്രറി പ്രവര്‍ത്തകരുടെയും കപ്പാസിറ്റി എങ്ങനെയാണ് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് എന്ന കാര്യത്തില്‍ പരീക്ഷണങ്ങള്‍ വളരെ കുറവാണെന്നത് ഏറെ സങ്കടകരമായ കാര്യമാണ്. ലൈബ്രറി ഒരു സോഷ്യല്‍ എഞ്ചിനീറിങ് കേന്ദ്രം ആവുക എന്നതാണ് ആവശ്യം. അവിടെ ലൈബ്രറി പ്രവര്‍ത്തകര്‍ നല്ല സോഷ്യല്‍ എഞ്ചിനീയര്‍മാരായി മാറേണ്ടിവരും. കൊച്ചു കുട്ടിക്കും, പ്രായമായവര്‍ക്കും, വിവിധ പണി ചെയ്യുന്നവര്‍ക്കും പണിയില്ലാത്തവര്‍ക്കും, സാമൂഹ്യ സ്ഥാപനങ്ങളോടും സാമൂഹ്യ പ്രവര്‍ത്തകരോടും, എന്തിന് സാമൂഹ്യദ്രോഹികളോടും ഒക്കെ ലൈബ്രറിക്ക് വ്യത്യസ്തമായ റോള്‍ ഉണ്ട്. മെക്സിക്കോയില്‍ ക്രൈം റേറ്റ് കുറയ്ക്കാന്‍ പാര്‍ക്ക് വിത്ത് ഓപ്പണ്‍ ലൈബ്രറികള്‍ എന്ന ആശയം മനോഹരമായി നടപ്പാക്കിയത് രണ്ടായിരത്തിന്റെ തുടക്ക കാലത്താണെന്നത് കൂട്ടി വായിക്കാം. വളരെ അത്ഭുതകരമായിരുന്നു റിസല്‍ട്ട്. അഞ്ച് വര്‍ഷങ്ങള്‍ക്കൊണ്ട് രാജ്യത്തിന്റെ മനസ്സ് കുറച്ച് കൂടി സമാധാനത്തോടെ പ്രവര്‍ത്തിച്ച് തുടങ്ങി എന്ന് കണക്കുകള്‍ കാണിച്ച് കൊടുത്തു.

പിള്ളേരൊന്നും ലൈബ്രറിയിലേക്ക് വരില്ലന്നേ എന്ന പരിദേവനം ഇവിടെ ഇവിടെ നിരന്തരം കേള്‍ക്കുന്നു. ഫിന്നിഷ് ലൈബ്രറികളുടെ മേക്കേഴ്സ് റൂമിലാണെങ്കില്‍ നൂറുകണക്കിന് കുട്ടികള്‍ ഓരോ ദിവസവും തള്ളിക്കയറി ചെല്ലുന്ന കാഴ്ച കാണുന്നു. ഫിന്‍ലന്റിലെ വിദ്യാഭ്യാസ പരീക്ഷണങ്ങളുടെ സാധ്യതകളെ പകര്‍ത്താനാണ് കേരളത്തിലെ ഗവണ്‍മെന്റും ആഗ്രഹിക്കുന്നത്. അത്രമേല്‍ സജീവമായ പൊതു ലൈബ്രറികളെ മാറ്റി നിര്‍ത്തിക്കൊണ്ട് ആ രാജ്യത്തെ വിദ്യാഭ്യാസത്തെ നിര്‍വ്വചിക്കുക അത്ര എളുപ്പവുമല്ല. കഥപറയുക എന്നത് ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണ് എന്ന് പറഞ്ഞ് നമ്മള്‍ പടിയിറങ്ങുന്നു. എന്നാല്‍ മെല്‍ബണ്‍ ലൈബ്രറിയിലെ കുട്ടികളുടെ വിഭാഗത്തില്‍ ഇഷ്ടം പോലെ കഥപറയല്‍ ഇടങ്ങളും അവിടെ കുഞ്ഞുങ്ങളോടൊപ്പം കുത്തിയിരുന്ന് കഥ കേള്‍ക്കുന്ന രക്ഷിതാക്കളെയും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കഥ പറയുമ്പോള്‍ സ്ക്രീനില്‍ കാഴ്ചകളും ശബ്ദങ്ങളും എല്ലാം ചേര്‍ന്ന് ഒരു മോഡേണ്‍ ഒറ്റയാള്‍ നാടകത്തിന്റെ പ്രതീതി തീര്‍ക്കൂം. 

ലോകം ചാറ്റ് ജി.പി.ടി കൗതുകത്തോടെ ഉപയോഗിച്ച് തുടങ്ങുന്നതാണ് കാലം. മൊബൈല്‍ ഫോണും ഡിജിറ്റല്‍ ഉപകരണങ്ങളും ഒരു തരത്തിലും മാറ്റിവയ്ക്കാന്‍ സാധിക്കാത്തവിധം അനുദിന ജീവിതത്തിന്റെയും പഠന പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഈ സാങ്കേതിക മാറ്റങ്ങളെ ഹൈബ്രിഡ് മനസ്സോടെ ഉള്‍ക്കൊള്ളാനും സമൂഹത്തെ ഏറ്റവും കാര്യക്ഷമവവും ഉത്തരവാദിത്തത്തോടെയും ഈ നോളജ് കാലഘട്ടത്തില്‍ മുന്നില്‍ നിന്ന് നയിക്കാനും ഗ്രന്ഥശാലകള്‍ക്ക് സാധിക്കേണ്ടതുണ്ട്. എല്ലാ മനുഷ്യരേയും സ്പര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ജനാധിപത്യപരമായി നിറവേറ്റുന്ന പൊതുഇടങ്ങള്‍ നമുക്ക് വല്ലാതെ കുറഞ്ഞു എന്നത് ഇതിനിടയില്‍ മറക്കാനും പാടില്ല. സാംസ്കാരിക വിനിമയ വേദികളും കളിക്കളങ്ങളും ഓപ്പണ്‍ സ്പേസുകളും ശക്തിപ്പെടേണ്ടതിന്റെ ആവശ്യം നിസ്സാരമല്ല. മാനവിക മൂല്യങ്ങളുടെ സുഗമമായ ഒഴുക്ക് സമൂഹത്തില്‍ രൂപപ്പെടുത്തുന്നതിന് ഏറ്റവും നല്ല ഇടം ഗ്രന്ഥശാലകളുമായി ഈ ആശയത്തെ ചേര്‍ത്ത് വച്ച് വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും  മഹാശൃംഘലകളെ നിര്‍മ്മിക്കുക എന്നത് തന്നെ. 


Representational image: Pixabay
കേരള ലൈബ്രറി കൗൺസിൽ ആക്ട് നിലവില്‍ വന്ന 1989 ല്‍ നിന്നും എല്ലാ അര്‍ത്ഥത്തിലും നമ്മള്‍ എത്രയോ ദൂരം പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. പുസ്തകങ്ങള്‍ മുതല്‍ കാസറ്റ് വരെയുള്ള സംഗതികളെ കൈകാര്യം ചെയ്യുന്ന ഗ്രന്ഥശാലകളെ ലൈബ്രറി കൗൺസിൽ ആക്ട് പറഞ്ഞ് വയ്ക്കുന്നുണ്ട്. എന്നാല്‍ കമ്പ്യൂട്ടറിന്റെയും ഇന്‍റര്‍നെറ്റിന്റെയും സ്റ്റോറേജ് സംവിധാനങ്ങളുടെയും മൊബൈല്‍ ഫോണിന്റെയും ആവിര്‍ഭാവവും വികാസവും 1989 ല്‍ സ്വപ്നം കണ്ടിട്ടുണ്ടാവില്ലല്ലോ. പരസ്പര ബന്ധമില്ലാത്ത അഫിലിയേറ്റഡ് ലൈബ്രറികളുടെ വലിയൊരു കൂട്ടമാണ് കേരളത്തിലെ കൂടുതലും പബ്ലിക് ലൈബ്രറികള്‍. ആക്ട് വരുന്ന കാലത്ത് നാലായിരത്തിനടുത്ത് ഗ്രാമീണ ഗ്രന്ഥശാലകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ 2023 ല്‍ അവയുടെ എണ്ണം പതിനായിരം പിന്നിട്ടിരിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ മാത്രം 1052 ലൈബ്രറികള്‍ ഉണ്ടെന്ന് കണക്കുകള്‍ പറയുന്നു. തദ്ദേശഭരണ ലൈബ്രറികളും സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയും അക്കാദമിക് ലൈബ്രറികളും സ്വകാര്യ വ്യക്തികളും ട്രസ്റ്റുകളും നടത്തുന്ന എണ്ണത്തില്‍ കുറഞ്ഞ ലൈബ്രറികള്‍ വേറെയുമുണ്ട്. 
വലിയ ലൈബ്രറികള്‍ കേരളത്തില്‍ കുറവാണ്. എന്നുവച്ചാല്‍ യൂറോപ്പിലോ, അമേരിക്കയിലോ ആസ്ത്രേലിയയിലോ ഒക്കെ കാണുന്ന പോലുള്ള വലിയ വിഭാഗം മനുഷ്യരെ ഉള്‍ക്കൊളളാന്‍ കഴിയുന്ന വൈവിധ്യമാര്‍ന്ന ലൈബ്രറികള്‍. അവിടെ ഓപ്പണ്‍ സ്പേസുകള്‍ ഒരുപാടുണ്ട്. ലൈബ്രറിയെ പാര്‍ക്ക് പോലെയും കോഫി ഷോപ്പ് പോലെയും, നാടകശാലയും, സിനിമ തിയേറ്ററും, മേക്കേഴ്സ് റൂമും, ആര്‍ട്ട് ഗ്യാലറിയും, ഒന്ന് കിടന്ന് ഉറങ്ങണമെങ്കില്‍ അതിനുള്ള സ്ഥലമായും ഒക്കെ അനുഭവിക്കാന്‍ കഴിയും. എന്തിന് ഒന്നാന്തരമൊരു ഫുട്ബോള്‍ ഗ്രൗണ്ട് പോലും നിങ്ങള്‍ക്കവിടെ ചിലപ്പോള്‍ പ്രതീക്ഷിക്കാം. പ്രിന്റ് സാമഗ്രികളും ഡിജിറ്റല്‍ രൂപങ്ങളും പരസ്പരം കൈകോര്‍ത്ത് ആളുകളെ സ്വാഗതം ചെയ്യുന്നു. പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ ഗ്രന്ഥശാലകളിലെ ലൈബ്രേറിയന്മാരുടെ പണി വരുന്ന മനുഷ്യരെ സ്വാഗതം ചെയ്യുകയും അവരോടൊപ്പം യാത്ര ചെയ്യുകയുമാണ്. സമൂഹത്തിലെ മനുഷ്യര്‍ക്കെല്ലാം പരസ്പരം കണ്ടുമുട്ടാനും ആവിഷ്കരിക്കാനും സ്വയം സംസ്കരിക്കാനും വളരാനും പറ്റിയ ഇടങ്ങള്‍. വിദ്യാലയങ്ങളെയൊക്കെ പൊതു ലൈബ്രറികളോട് ബന്ധിപ്പിച്ചിട്ടുണ്ടാകും. ആഴ്ചയില്‍ നിശ്ചിത ദിനങ്ങള്‍ അവര്‍ നാടിന്റെ  ഈ പൊതു വിദ്യാലയത്തിന്റെ തണലിലിരിക്കുന്നു. പുതു തലമുറയും മുതിര്‍ന്ന മനുഷ്യരും തമ്മില്‍ ലൈബ്രറി ഒരു പാലമിട്ട് അകലങ്ങളെ കുറയ്ക്കുന്നു. 

നമ്മുടെ നാട്ടിന്‍പുറ ലൈബ്രറികള്‍ പലതും നാടിന്റെ ഒരു കാലഘട്ടത്തിലെ ഹൃദയ കേന്ദ്രങ്ങള്‍ തന്നെയായിരുന്നു. അവ എത്ര ചെറുത് ആയിരുന്നാലും. അവയില്‍ പലതും രൂപമെടുത്തത് സ്വാതന്ത്ര്യ സമരത്തിന്റെയും നവോത്ഥാന മുന്നേറ്റത്തിന്റെയും കാലത്താണ്. ഓരോ വായനശാലയുടെയും പേരുകള്‍ വന്ന വഴിയെ ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ ലോകത്ത് വന്ന മാറ്റങ്ങള്‍ക്കനുസരിച്ച് സ്വയം മാറുന്നതില്‍ പില്‍ക്കാലത്ത് പ്രത്യേകിച്ച് 1990 ന് ശേഷം അവ വല്ലാതെ പരാജയപ്പെട്ടുതുടങ്ങി. പുസ്തകങ്ങള്‍ കൊടുക്കുകയും തിരികെ വാങ്ങുകയും ചെയ്യുന്ന ഒരിടം എന്ന പരമ്പരാഗത സങ്കല്‍പ്പത്തെ മറികടന്നു പോവാന്‍ അവയ്ക്ക് പലപ്പോഴും കഴിയാതെ വന്നു. പുതുകാലത്തിന്റെ മനുഷ്യാവശ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും കെട്ടിടങ്ങളുടെ വലുപ്പവും അവയ്ക്ക് ഇല്ല എന്ന പ്രശ്നം വേറെയും. 

പതിനായിരത്തിലധികം വരുന്ന നമ്മുടെ കുഞ്ഞന്‍ ലൈബ്രറികള്‍ കൊണ്ട് വലിയ ലൈബ്രറികളുടെ  പ്രതീതിയും അനുഭവവും നമുക്ക് സൃഷ്ടിക്കാന്‍ സാധിക്കുമോ. അതൊരു രസകരമായ പരീക്ഷണമായിരിക്കും. കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ ഗ്രാമ പഞ്ചായത്തിലെ ഗ്രന്ഥശാലകളെ ആസ്പദമാക്കി നമുക്ക് ഒരു പുതിയ ചിത്രം വരയ്ക്കാന്‍ ശ്രമിക്കാം. മയ്യില്‍ ഇന്ത്യയില്‍ തന്നെ ലൈബ്രറികളുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ള ഒരു ഗ്രാമമാണ്. ഒരു പഞ്ചായത്തില്‍ 34 ഗ്രന്ഥശാലകള്‍. അവയില്‍ പലതും ലൈബ്രറി കൗൺസിലിന്റെ എ പ്ലസ്സ് പദവിയും സംസ്ഥാന തലത്തിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്കാരങ്ങളും നേടിയിട്ടുള്ളവ. ശരാശരി 10000 പുസ്തകങ്ങള്‍ ഓരോ ലൈബ്രറിയിലും ഉണ്ടാകും. എന്നുവച്ചാല്‍ മുപ്പത്തിനാലിലും കൂടി മൂന്നുലക്ഷത്തി നാല്‍പ്പതിനായിരം പുസ്തകങ്ങള്‍. ഇവയെ പരസ്പരം ഒറ്റ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ കൊണ്ടുവരികയും ഒരു സെര്‍വ്വറില്‍ ബന്ധിപ്പിക്കുകയും ചെയ്താല്‍ അത് ഏതൊരു വലിയ ലൈബ്രറിയുടെ റിസോര്‍സുകള്‍ക്കും  തുല്ല്യമായി മാറും. മയ്യില്‍ പഞ്ചായത്തിലെ ഏതൊരു മനുഷ്യനും ഒറ്റ ലൈബ്രറി കാര്‍ഡ് മതി എന്ന് തീരുമാനിക്കുക. അതായത് മൂന്ന് ലക്ഷത്തില്‍ പരം പുസ്തകങ്ങളിലേക്കും വിഭവങ്ങളിലേക്കും യാത്ര ചെയ്യാന്‍ അയാള്‍ക്ക് ഈ ലൈബ്രറി ശൃംഖലയില്‍ ഒരു അംഗത്വം മതി. പ്രദേശത്തുള്ള പല ലൈബ്രറികള്‍ക്കും തനത് സവിശേഷതകള്‍ ഉണ്ടാകും. പുസ്തകമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാത്രമല്ല മാനുഷിക വിഭവങ്ങളിലും ഈ വൈവിധ്യം തീര്‍ച്ചയായും കണ്ടുമുട്ടാന്‍ സാധിക്കും. ചില ലൈബ്രറികള്‍ക്ക് ചുറ്റും പാട്ടുപാടുന്നവരുടെ കൂട്ടമുണ്ടാകും. മറ്റൊരിടത്ത് ചിത്രം വരയ്ക്കുന്നവരേയും നൃത്തം ചെയ്യുന്നവരുടെയും സാന്ദ്രത കൂടുതലായി കണ്ടെത്താം. കരിയര്‍ കൗൺസിലിങ്ങിന് എല്ലാ സൗകര്യങ്ങളുമുള്ളതാകും വേറെയൊന്ന്. തെയ്യക്കാവുകളും പൌരാണിക സങ്കേതങ്ങളും അയലത്തുള്ള ചില ലൈബ്രറികളും, സ്വന്തമായി മൈതാനമുള്ളവരും ഒക്കെ ഈ കൂട്ടത്തിലുണ്ടാകും. കാര്‍ഷിക അറിവുകളിലും അനുഭവങ്ങളിലും അത്ഭുതം സൃഷ്ടിക്കുന്നവര്‍ മുതല്‍ സ്പോട്സിലും ഗെയിംസിലും ശക്തി തെളിയിക്കാന്‍ കഴിയുന്നവര്‍ വരെ ആ നിരയിലുണ്ടെന്ന് ഉറപ്പ്. നമ്മള്‍ നേരത്തെ വരച്ച് വച്ച ലൈബ്രറി ശൃംഖലയില്‍ ഓരോ ഘടക ലൈബ്രറിക്കും ഒരു സ്വത്വവും സാധ്യതയും ഉരുത്തിരിഞ്ഞ് വരുന്നത് എളുപ്പത്തില്‍ കാണാം. ആ മേഖലകളില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വളരട്ടെ. അതിന് തുടര്‍ച്ചയും കൂടുതല്‍ ശേഷിയും കൈവരിക്കട്ടെ. നാട്ടിലെ മനുഷ്യര്‍ ഈ ലൈബ്രറി ശൃംഖലയിലൂടെ പതുക്കെ ചലിച്ച് തുടങ്ങും. ലൈബ്രറികളില്‍  മാത്രം ഒതുങ്ങുന്നതായിരിക്കില്ല ആ നെറ്റ് വര്‍ക്ക്. പ്രദേശത്തും ദൂരങ്ങളിലുമുള്ള വിദ്യാലയങ്ങള്‍, സര്‍വ്വകലാശാലകള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍, മനുഷ്യര്‍, ലോക വിജ്ഞാന ശൃംഖലകള്‍, കൃഷിഭവന്‍, ഫാമിലി ഹെല്‍ത്ത് സെന്റര്‍, മെഡിക്കല്‍ കോളേജ്... അങ്ങനെ എന്തിനെയും നമ്മള്‍ ഈ പ്രാദേശിക അറിവ് കേന്ദ്രങ്ങളോട് കൊളുത്തി വയ്ക്കും. അത് ഏറ്റവും മികച്ച വൈജ്ഞാനിക സാംസ്കാരിക വിനിമയത്തിന്റെ ഒരു ഭൂപടം വരയ്ക്കും. നവകേരളത്തിന്റെ മാനവികതയുടെ വികാസത്തിന് ഇനിയും വൈകാതെ നമ്മളിത് വരച്ച് തുടങ്ങിയേ മതിയാകു.

#Education
Leave a comment