പഠന മേഖലയിലെ പുത്തൻ രീതികൾ; മാതാപിതാക്കൾ അറിയാൻ
പുതിയ അവസരങ്ങളും അതോടൊപ്പം വെല്ലുവിളികളും നിറഞ്ഞതാണ് ഇന്നത്തെ വിദ്യാഭ്യാസ മേഖല. കുട്ടികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസം ഏതൊക്കെ നിലയിൽ മികച്ചതാക്കാം എന്നുള്ളതിൽ ഏറിയ പങ്കു വഹിക്കുന്നതും മാതാപിതാക്കളാണ്. മാറുന്ന കാലഘട്ടത്തിൽ കുട്ടികൾക്ക് ലഭിക്കേണ്ട അറിവുകൾ എപ്രകാരമായിരിക്കണം എന്നുള്ളതിൽ രക്ഷിതാക്കളും ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ഹയർ സെക്കന്ററി, കോളേജ് തലത്തിലേക്ക് പ്രവേശിക്കുന്ന കൗമാരക്കാരുടെ വിദ്യാഭ്യാസത്തിൽ അവരെ നയിക്കുക എന്നത് എല്ലാ രക്ഷിതാക്കളിലും വെല്ലുവിളി ഉയർത്തുന്നതാണ്. ഈ വെല്ലുവിളികളെ മാതാപിതാക്കൾക്ക് തരണം ചെയ്യാൻ കഴിയുന്ന ഫലപ്രദമായ മാർഗങ്ങളുണ്ട്.
സാധ്യതകളെ ഉൾക്കൊണ്ടുള്ള പഠനക്രമം
രക്ഷിതാക്കൾക്ക് അവരുടെ കുട്ടിയുടെ വിദ്യാഭ്യാസത്തെ വിവിധ രീതികളിൽ പിന്തുണയ്ക്കാൻ കഴിയും. മതിയായ ഇടവേളകളും പ്രവർത്തനങ്ങളും അനുവദിക്കുന്ന ഒരു പഠന പദ്ധതി സൃഷ്ടിച്ചുകൊണ്ട് കുട്ടികളെ ചിട്ടയിൽ വളർത്തുവാൻ സാധിക്കുക എന്നതാണ് ആദ്യപടി. ഈ രീതിയിൽ കുട്ടികളെ വളർത്തിക്കൊണ്ടുവന്നാൽ കൃത്യസമയത്ത് ജോലി പൂർത്തിയാക്കി വിദ്യാഭ്യാസത്തിൽ മികച്ച നിലവാരം പുലർത്താൻ അവരെ സഹായിക്കും. വിദ്യാഭ്യാസത്തിൽ മാത്രമല്ല ഭാവിയിൽ തൊഴിൽ രംഗത്തും ക്ഷമത പുലർത്താൻ ഈ ശീലം അവരെ സഹായിക്കും. കൂടാതെ, പാഠപുസ്തകങ്ങളിലൊതുങ്ങി നിൽക്കാതെ അറിവുകൾ പകരുന്ന ബുക്കുകൾ വായിക്കുന്നതിനും മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും കുട്ടികൾക്ക് സാധ്യതകളൊരുക്കണം. മാതാപിതാക്കളുടെ കാലഘട്ടത്തിലെ പഠന രീതികളോ സാധ്യതകളോ ആയിരിക്കില്ല മക്കളുടെ പഠനകാലം. അവയിലെ വ്യത്യാസങ്ങൾ മനസിലാക്കി പുതിയ സാധ്യതകളെ ഉൾക്കൊണ്ട് മക്കളുടെ രീതികൾ മനസിലാക്കി വേണം പഠനക്രമങ്ങളും രീതികളും രൂപപ്പെടുത്താൻ. മാത്രമല്ല, പഠനത്തിന് ആവശ്യമായ അന്തരീക്ഷം വീടുകളിൽ സൃഷ്ടിക്കുന്നതും കുട്ടികളിലെ ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കുന്നു.
ഇത്തരത്തിൽ മാതാപിതാക്കളിൽ നിന്നുള്ള പിന്തുണ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുകയും അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ തുറന്നു പറയാനുള്ള മനസ് ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു. കൂടാതെ അവരുടെ താൽപര്യങ്ങൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അവരുടെ കഠിനാധ്വാനത്തെ പ്രശംസിക്കുകയും ചെയ്യുന്നതിലൂടെ കുട്ടികളുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്നതിനും മാതാപിതാക്കൾക്ക് കഴിയും. ചിട്ടയായ ഇത്തരം രീതികൾ തുടരുന്നതിലൂടെ കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിൽ അവരുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ കണ്ടെത്തുവാനും വിജയകരമായി പൂർത്തിയാക്കുവാനും സഹായിക്കും.
Representational Image: PTI
കുട്ടികളുടെ ലക്ഷ്യങ്ങൾ അംഗീകരിക്കുക
ഏറ്റവും മിടുക്കനായ വിദ്യാർത്ഥിക്ക് പോലും കോളേജ് വിദ്യാഭ്യാസം ആരംഭത്തിൽ കഠിനമായിരിക്കും. സ്വയം മുന്നോട്ട് പോകുവാനും കോഴ്സ് തുടരുവാനും വിദ്യാർത്ഥികൾക്ക് വേണ്ടത്ര ആത്മവിശ്വാസം ഉണ്ടാകേണ്ടതാണ്. മാതാപിതാക്കളെ പ്രീതിപ്പെടുത്തുന്നതിനു പകരം സ്വന്തം ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നവരാണ് പ്രചോദിതരായ വിദ്യാർത്ഥികൾ. അതിനാൽ, കുട്ടികളെ അവരുടെ പാത നിർണയിക്കുന്നതിലും വേണ്ട അവസരത്തിൽ നിർദേശങ്ങൾ നല്കുന്നതിനും സഹായിക്കുക.
കുട്ടികൾ പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സുകളെപ്പറ്റി കൂടുതൽ അറിയുന്നതിനും അവയുടെ സാധ്യതകൾ മനസിലാക്കുന്നതിനും വിദഗ്ധരുമായി സംസാരിക്കുന്നതോ അവരുടെ ക്ലാസുകളിൽ മക്കളും മാതാപിതാക്കളും പങ്കെടുക്കുന്നതോ ഉചിതമായിരിക്കും. ഇതിലൂടെ ഇരുവർക്കും കൂടുതൽ വ്യക്തത കൈവരിക്കാൻ സാധിക്കും. നേരിടേണ്ടി വരുന്ന വെല്ലുവിളികൾ, അവയെ ഏതൊക്കെ വിധത്തിൽ തരണം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി മനസിലാക്കുന്നതിനും കുട്ടികൾ സജ്ജരാകും. ഇതിലൂടെ അവരിലെ ഉത്തരവാദിത്വ ബോധം വളരുന്നു. ഭാവിയിൽ വെല്ലുവിളികൾ നേരിട്ട് തോൽവി സംഭവിച്ചാലും മറ്റുളളവരെ കുറ്റപ്പെടുത്താതെ സ്വയം പ്രശ്നങ്ങൾ തരണം ചെയ്യുന്നതിനുള്ള വിശ്വാസം കുട്ടികൾക്ക് ലഭിക്കും. മാത്രമല്ല, ഇഷ്ടമുള്ള മേഖലയിൽ ജോലി ചെയ്യുന്നതിനും തൊഴിലിടങ്ങളിലെ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനും ഇതിലൂടെ അവർക്ക് കഴിയുന്നു.
അധ്യാപകരുമായുള്ള ആശയവിനിമയം
മക്കളുമായുള്ള തുറന്ന ആശയവിനിമയത്തോടൊപ്പം സ്‌കൂളിലെ അധ്യാപകരുമായും രക്ഷിതാക്കൾ ബന്ധം പുലർത്തേണ്ടത് അത്യന്താപേഷിതമാണ്. മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിലൂടെ കുട്ടിയുടെ പുരോഗതി മനസിലാക്കുന്നതിനും അവരുടെ താല്പര്യങ്ങൾ അറിയുന്നതിനും സഹായിക്കും. കുട്ടികളിലെ താല്പര്യങ്ങൾ അവർക്കിഷ്ടപ്പെട്ട വിഷയങ്ങൾ, പോരായ്മ തോന്നുന്ന മേഖലകൾ എന്നിവ കൃത്യമായി മനസിലാക്കിയെടുക്കുന്നതിന് അധ്യാപകരുമായി സംസാരിക്കുന്നത് ആവശ്യകരമാണ്. ഇതിലൂടെ പഠനക്രമം വിപൂലീകരിക്കുന്നതിനും വേണ്ട മാറ്റങ്ങൾ വരുത്തുന്നതിനും സാധിക്കും. മാത്രമല്ല സ്‌കൂളിലും കോളജുകളിലും മറ്റ് കുട്ടികളുമായുള്ള ഇടപെടൽ മനസിലാകുന്നതിനും സ്വഭാവ വ്യത്യാസങ്ങൾ തിരിച്ചറിയുന്നതിനും സഹായിക്കും. പാഠ്യ പദ്ധതിയിലെ പുതിയ സാധ്യതകളെപ്പറ്റി മനസിലാക്കുന്നതിനും അവസരങ്ങൾ കണ്ടെത്തുന്നതിനും അധ്യാപകരുമായുള്ള ചർച്ചകൾ ഉപകാരപ്പെടും.
Representational Image: PTI
മാതാപിതാക്കളുടെ സമ്മർദം മക്കളിൽ അടിച്ചേൽപ്പിക്കരുത്
മക്കളുടെ പഠനത്തിൽ മാതാപിതാക്കളുടെ സമ്മർദവും ആശങ്കകളും സ്വാഭാവികമാണ്. എന്നാൽ ഈ സമ്മർദം മക്കളിലേക്ക് കൂടി നല്കിയാൽ അവർക്ക് നേരിടാൻ സാധിച്ചെന്ന് വരില്ല. കുട്ടികൾ പരിഭ്രാന്തരാകുകയും പഠന കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കാനും സാധ്യത വർധിക്കും. എടുത്ത കോഴ്സ് പൂർത്തിയാക്കാൻ കഴിയാതെ കോളജ് വിദ്യാഭ്യാസം അവസാനിപ്പിക്കുന്നവരുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. ഈ സാഹചര്യം മനസിലാക്കി ശരിയായ കോഴ്സ് തിരഞ്ഞെടുക്കുന്നതിനും അവ പൂർത്തിയാക്കാനും മക്കളെ മാതാപിതാക്കൾ പിന്തുണക്കണം.
എല്ലാത്തിനുമുപരിയായി ഓരോ കുട്ടിയും വ്യത്യസ്തരാണെന്നുളള ബോധ്യം മാതാപിതാക്കളിൽ വളർത്തിയെടുക്കേണ്ടത് ആവശ്യകരമാണ്. മറ്റുള്ള കുട്ടികളുമായി എല്ലാ കാര്യങ്ങളിലും താരതമ്യം ചെയ്യുന്നതിലൂടെ അവരിലെ ആത്മവിശ്വാസം നഷ്ടപ്പെട്ടേക്കാം. മാത്രമല്ല, സ്വയം വിലയില്ലാത്തവരായി മാറാനും സാധ്യതയുണ്ട്. ഇതിലൂടെ, ഭാവി ജീവിതത്തിൽ മികച്ച തീരുമാനങ്ങൾ എടുക്കുന്നതിനോ സ്വന്തം കഴിവിൽ വിശ്വാസം വളർത്തിയെടുക്കുന്നതിനോ അവർക്ക് സാധിക്കാതെ വന്നേക്കാം. അതിനാൽ കുട്ടികളുടെ കഴിവുകളും സാഹചര്യങ്ങളും മനസിലാക്കി അവർക്ക് വേണ്ട പരിഗണനകൾ നല്കി കൂടെ നിൽക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്.