തുലാസിലാടുന്ന കേരളത്തിന്റെ മെഡിക്കല്‍ പ്രതീക്ഷകള്‍
കേരളത്തിന്റെ മെഡിക്കല്‍ പ്രതീക്ഷകള്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ആഗസ്റ്റ് ആറിന് പുറത്തിറക്കിയ പുതിയ വിജ്ഞാപനം. ഉത്തരവ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ പത്തുലക്ഷം പേര്‍ക്ക് നൂറു എം ബി ബി എസ് സീറ്റുകളാണ് രാജ്യത്ത് അനുവദിക്കുക. ഇത് നടപ്പാക്കുകയാണെങ്കില്‍ കേരളം ഉള്‍പ്പെടെ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുതിയ മെഡിക്കല്‍ കോളേജുകള്‍ തുറക്കാന്‍ ആകില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.
കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നു ഉണ്ടായിട്ടും കേരളത്തിലെ മാധ്യമങ്ങളുടെയോ അധികാരപ്പെട്ടവരുടെയോ പ്രതിപക്ഷത്തിന്റെയോ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കും സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും ഈ തീരുമാനം ഒരുപോലെ ബാധകമാണ്. നിലവിലുള്ള സ്ഥാപനങ്ങളില്‍ അടുത്ത അധ്യായനവര്‍ഷം മുതല്‍ പുതിയ സീറ്റുകള്‍ അനുവദിക്കില്ല. തീര്‍ച്ചയായും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിന്റെ തുടര്‍ക്കഥയാണിത്.
സംസ്ഥാനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും താല്‍പര്യങ്ങളെ പാടെ അവഗണിച്ചുകൊണ്ട് മെഡിക്കല്‍ കമ്മീഷന്‍ ഏകപക്ഷീയമായി എടുത്ത തീരുമാനത്തെ ചോദ്യം ചെയ്യാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് തുടരെ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് കഴിയാത്തത് എന്തുകൊണ്ടാണ്? സീറ്റുകളുടെ എണ്ണം കുറയുന്നത് കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ ഗൗരവമായി ബാധിക്കാത്ത കാര്യമായതിനാലാണോ?
REPRESENTATIVE IMAGE: FLICKR
അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ വിജ്ഞാപനം നിലവില്‍ വരുമെന്ന കാര്യത്തിലോ കേരള സര്‍ക്കാര്‍ ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ അത് അംഗീകരിക്കുമെന്ന കാര്യത്തിലോ യാതൊരു വ്യക്തതയും ഇതുവരെ ഉണ്ടായിട്ടില്ല. ഡോക്ടര്‍ രോഗി അനുപാതം ആരോഗ്യകരമല്ലാതെ നിലനില്‍ക്കുന്ന ബീഹാര്‍, ജാര്‍ഖണ്ഡ് ,ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു മാത്രമാണ് ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ പുതിയ നയം അനുഗ്രഹമാകുന്നത്. മൂന്നരക്കോടി മാത്രം ജനസംഖ്യയുള്ള കേരളത്തില്‍ 3,500 മെഡിക്കല്‍ സീറ്റുകള്‍ മാത്രമേ പുതിയ അനുപാതപ്രകാരം അനുവദിക്കൂ. നിലവില്‍ കേരളത്തില്‍ 21 മെഡിക്കല്‍ കോളേജുകളിലായി 4,505 സീറ്റുകള്‍ ആണുള്ളത്.
മെഡിക്കല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്റെ തീരുമാനത്തെ കേരളം എങ്ങനെ പ്രതിരോധിക്കുമെന്ന് കണ്ടറിയാം. എന്നാല്‍ വിജ്ഞാപനം ഇറങ്ങി മൂന്നുമാസം പിന്നിട്ടിട്ടും ഒരു ചെറുവിരല്‍ അനക്കം പോലും കേരളത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. നിലവില്‍ നിര്‍മ്മാണത്തിന് അംഗീകാരം ലഭിച്ചിട്ടുള്ള വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ ഉത്തരവ് ബാധകമായിരിക്കില്ല എന്നാണ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. നിലവിലുള്ള സീറ്റുകളുടെ എണ്ണത്തില്‍ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച അനുപാതപ്രകാരം മാറ്റങ്ങള്‍ വരും. തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ സീറ്റുകളുടെ എണ്ണത്തില്‍ മാറ്റം ഉണ്ടാകില്ല. എന്നാല്‍ 150 സീറ്റുകള്‍ മാത്രമുള്ള ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ഭാവിയില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കില്ല.
മികച്ച വിദ്യാഭ്യാസവും ഉയര്‍ന്ന തൊഴില്‍ സാധ്യതകളും തേടി വര്‍ഷംതോറും കൂടുതല്‍ ആളുകള്‍ കേരളത്തില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. നമ്മുടെ യുവത്വത്തിന് മികച്ച ഭാവി നല്‍കാനുള്ള ശേഷി വികസനത്തിന്റെ പാതയിലൂടെ കുതിക്കുന്ന കേരളത്തിന് ഇല്ലാതാവുകയാണോ..? മെഡിക്കല്‍ മോഹവുമായി ജീവിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷകളുടെ ചിറകരിയുകയല്ലേ ഈ ഉത്തരവിലൂടെ കേന്ദ്രം ചെയ്യുന്നത്. സീറ്റുകളുടെ സാധ്യത കുറയുന്നതിനനുസരിച്ച് തീര്‍ച്ചയായും പലായനത്തിന്റെ തോത് വര്‍ധിക്കും. നവകേരളം പടുത്തുയര്‍ത്തേണ്ട യുവതയെ നമുക്ക് നഷ്ടപ്പെടും.
REPRESENTATIVE IMAGE: WIKI COMMONS
ആവശ്യത്തിന് അധ്യാപകര്‍ ഇല്ലാതെ, അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ പല മെഡിക്കല്‍ കോളേജുകളും പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഈ അസൗകര്യങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ആലപ്പുഴ, പരിയാരം, തൃശ്ശൂര്‍ തുടങ്ങിയ മെഡിക്കല്‍ കോളേജുകളിലെ സീറ്റുകള്‍ റദ്ദ് ചെയ്തിരുന്നു. പാലക്കാട്, കോന്നി മെഡിക്കല്‍ കോളേജുകളുടെ അഫിലിയേഷന്‍ ഇക്കൊല്ലം പുതുക്കി നല്‍കാന്‍ ആകില്ലെന്നും കമ്മീഷന്‍ അറിയിച്ചു.
ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ ഇത്തരം അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം വലയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂനിന്മേല്‍ കുരുപോലെ വന്ന വിജ്ഞാപനം കൂടുതല്‍ സങ്കീര്‍ണത മാത്രമാണ് സമ്മാനിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണ്. അത്തരം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണം. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കും ഉത്തരവ് ബാധകമാണ് എന്നിരിക്കെ പണം നല്‍കിയാണെങ്കിലും കേരളത്തില്‍ പഠിക്കാം എന്ന കുട്ടികളുടെ പ്രതീക്ഷകളും വെള്ളത്തിലാവുകയാണ്. വിജ്ഞാപനം ഇറങ്ങിയപ്പോള്‍ വേണ്ടപ്പെട്ടവരുടെ ഭാഗത്തുനിന്ന് തണുത്ത പ്രതികരണമാണ് ഉണ്ടായത്. കാര്യമായ പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായില്ലെന്ന് തന്നെ പറയാം. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തു എന്നത് ഒഴിച്ചാല്‍ കാര്യമായ വാര്‍ത്താ മൂല്യമൊന്നും ഇതിനുണ്ടായില്ല.
പരിയാരം മെഡിക്കല്‍ കോളേജ് | PHOTO: FACEBOOK
ആരോഗ്യരംഗത്ത് ധാരാളം നേട്ടങ്ങള്‍ കൈവരിച്ച കേരളത്തില്‍ ആവശ്യത്തിന് മെഡിക്കല്‍ പ്രൊഫഷണലുകളുടെ സേവനം ലഭ്യമല്ല. കേരളത്തില്‍ പഠിച്ചിറങ്ങുന്നവര്‍ പോലും ജോലി ചെയ്യുന്നത് വിദേശരാജ്യങ്ങളില്‍ ആണ്. കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ വന്നാല്‍ മാത്രമേ മികച്ച ചികിത്സയ്ക്കും പുതിയ സാങ്കേതിക വളര്‍ച്ചയ്ക്കും കഴിവുള്ള മെഡിക്കല്‍ പ്രൊഫഷനുകളുടെ സേവനങ്ങള്‍ക്കും സാധ്യതയേറുകയുള്ളൂ.
സാമൂഹ്യപരമായി എല്ലാ തട്ടിലുള്ളവര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കേണ്ടതും മികച്ച ചികിത്സ ഉറപ്പാക്കേണ്ടതും സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. നമ്മുടെ നാടിന്റെ മെഡിക്കല്‍ രംഗത്തെ പുരോഗതിക്ക് വിലങ്ങുതടിയാകുന്ന കേന്ദ്രത്തിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടതും ഭാവിയെ സംബന്ധിക്കുന്ന തീരുമാനങ്ങളില്‍ തുറന്ന ചര്‍ച്ചകള്‍ ഉണ്ടാകേണ്ടതും നമ്മുടെ ആവശ്യമാണ്.
ഈ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ മറ്റു സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എങ്ങനെയാണ് ഉത്തരവിനെതിരെ പ്രതികരിക്കുന്നത് എന്നും എന്ത് ചുവടുവയ്പ്പുകളാണ് നടത്തുന്നത് എന്നും നിരീക്ഷിക്കുകയും പഠിക്കുകയും വേണം. കേരളത്തിന്റെ ആരോഗ്യരംഗത്തെ മുറിവേല്‍പ്പിക്കാതെ വളര്‍ച്ചയ്ക്ക് കാതലാകുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ ശ്രമിക്കണം.