TMJ
searchnav-menu
post-thumbnail

Education

പാഠപുസ്തകത്തില്‍ നിന്നും ഇന്ത്യയെ വെട്ടാന്‍ എന്‍സിഇആര്‍ടിക്ക് എന്തവകാശം? 

31 Oct 2023   |   3 min Read
രശ്മി തമ്പാന്‍

പാഠപുസ്തകങ്ങളില്‍ നിന്നും ഇന്ത്യ എന്ന പേരുമാറ്റി പകരം ഭാരതമാക്കണമെന്ന നിര്‍ദേശവുമായി മുന്നോട്ടുവന്നിരിക്കുകയാണ് എന്‍സിഇആര്‍ടി പാഠപുസ്തക സമിതി. രാജ്യമെങ്ങും പേരുമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളും വിവാദങ്ങളും പുകയുന്നതിനിടയിലാണ് എന്‍സിഇആര്‍ടി ഉന്നതതല സംഘത്തിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം തൊട്ട് ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ മാറ്റംവരുത്തണമെന്നാണ് നിര്‍ദേശം.

ഇന്ത്യ എന്ന പദത്തിന് 5000 വര്‍ഷങ്ങളുടെ പഴക്കം മാത്രമാണുള്ളത്. കൊളോണിയല്‍ കടന്നുകയറ്റങ്ങള്‍ക്ക് ശേഷമാണ് ഈ പേര് വ്യാപകമായത്. പക്ഷേ, ആറായിരത്തിലധികം വര്‍ഷം പഴക്കമുള്ള വിഷ്ണുപുരാണമെന്ന ഗ്രന്ഥത്തില്‍ ഭാരതമെന്ന പേര് ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല രഘുവംശത്തില്‍ കാളിദാസനും ഭാരതമെന്ന് ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യ മാറ്റി ഭാരതമെന്നാക്കണം. ഇത്തരം കൊളോണിയല്‍ കീഴ്‌വഴക്കങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടതില്ല. ഏഴംഗ സമിതി പേരുമാറ്റം നിര്‍ദേശിക്കാനുള്ള കാരണമായി പറയുന്നത് ഇതൊക്കെയാണ്.

ഇന്ത്യ എന്ന പേരുമാത്രം മാറ്റിയാല്‍ പോരാ, കൂട്ടത്തില്‍ ഇന്ത്യന്‍ ചരിത്ര കാലഘട്ടങ്ങളെ അടയാളപ്പെടുത്തി വരുന്ന പ്രാചീനം, മധ്യകാലം, ആധുനികം എന്നിങ്ങനെയുള്ള തരംതിരിവുകളില്ലാതെ പുരാതന ചരിത്രം (Ancient History) എന്നതിനെ ക്ലാസിക്കല്‍ ഹിസ്റ്ററി എന്നാക്കണം എന്നുമുണ്ട് നിര്‍ദേശം. സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് പറയുന്ന പാഠഭാഗങ്ങള്‍ ചുരുക്കി, സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ചരിത്രം ഉള്‍പ്പെടുത്തണമെന്നും ആവിശ്യപ്പെട്ടിട്ടുണ്ട്. ചരിത്ര പാഠപുസ്തകങ്ങളെ മുഴുവനായി പൊളിച്ചെഴുതണം എന്നാണ് ചുരുക്കത്തില്‍ ഏഴംഗ ഉന്നത തല സമിതി നിര്‍ദേശത്തിലൂടെ മുന്നോട്ട്‌വച്ചിരിക്കുന്നത്.

REPRESENTATIVE IMAGE | PHOTO: WIKI COMMONS
പക്ഷേ എന്തിന്? ഇന്ന് രാജ്യത്തിന്റെ പേരുമാറ്റണമെന്ന ആവിശ്യം അതിന്റെ എല്ലാ തീവ്രതയോടും കൂടി ഉയരുന്നതിന് പിന്നിലെ കാരണമെന്താണ്? രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി രാജ്യത്തിന്റെ പേരുപോലും ബലിയാടാക്കപ്പെടുന്നത് അംഗീകരിക്കാവുന്ന ഒന്നാണോ? നാം ഇന്ത്യയിലെ ജനങ്ങള്‍ തുല്യമായി ഉപയോഗിച്ച് പോന്നിരുന്ന രണ്ട് പേരുകളാണ് ഇന്ത്യയും ഭാരതവും. 'ഇന്ത്യ, എന്ന ഭാരതം,...' എന്നാണ് ഇന്ത്യന്‍ ഭരണഘടനയില്‍ പോലും രാജ്യത്തിന് പേര് നല്‍കിയിരിക്കുന്നത്. സാന്ദര്‍ഭികമായി ഇവ രണ്ടിന്റെയും ഉപയോഗം ഇക്കാലമത്രയും ഉണ്ടായിട്ടുമുണ്ട്. പക്ഷേ, ഇപ്പോള്‍ ഇന്ത്യ എന്ന പേരിനെ ഇകഴ്ത്തിക്കാണിച്ചുകൊണ്ട് ഭാരതം എന്ന പദത്തിന് കൂടുതല്‍ പ്രാധാന്യവും പ്രാതിനിധ്യവും നല്‍കാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ പ്രത്യാഘാതങ്ങളാണ് പാഠപുസ്തക രൂപത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലേക്ക് എത്താന്‍ പോകുന്നത്.

ആറായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതമെന്ന പേര് നിലവിലുണ്ടായിരുന്നു പോലും. അത്രയധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയ്ക്ക് ഏതെങ്കിലുമൊരു പേരുണ്ടായിരുന്നെങ്കില്‍ തന്നെ അതെങ്ങനെ തെളിയിക്കും? കാളിദാസന്‍ രഘുവംശത്തില്‍ ഭാരതമെന്ന പേരുപയോഗിച്ചിട്ടുണ്ട് എന്നാണ് മറ്റൊരു വാദം. കാളിദാസന്റെ കാലത്ത് നിന്നും ഇന്ത്യ പുരോഗമിച്ചതും ഇന്നത്തെ നിലയിൽ എത്തി നിൽക്കുന്നതും ഉന്നത തല സമിതി മനഃപൂർവം മറന്നുകളയുകയാണ്. അന്നത്തെ ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ. രഘുവംശം കവിഭാവനയാണ്. രഘുവോ രഘുവിന്റെ ദിഗ്വിജയമോ യാഥാര്‍ത്ഥ്യമല്ല മറിച്ച് മിത്താണ്. വിഷ്ണുപുരാണത്തിനും യാതൊരു ചരിത്ര പിന്‍ബലവുമില്ല. തെളിവുകള്‍ നിരത്താന്‍ കഴിയാത്തതിനെ എങ്ങനെ ചരിത്രമായി പരിഗണിക്കാന്‍ കഴിയും? അത് എല്ലാക്കാലവും മിത്തായി തന്നെ നിലനില്‍ക്കും. അതുപയോഗിച്ച് ഒരു രാജ്യത്തെ നിര്‍വചിക്കാന്‍ ഒരിക്കലും സാധ്യമല്ല. പ്രാചീനകാലത്തെ ക്ലാസിക്കല്‍ ഏജായി മാറ്റണമെന്ന ആവശ്യത്തിനും പ്രസക്തിയില്ല. പ്രാചീനകാലത്തെ മുഴുവനായി അടയാളപ്പെടുത്താന്‍ ആ വാക്ക് പോരാതെ വരും എന്നത് തന്നെയാണ് കാരണം.

PRESIDENT OF BHARATH IN G20 INVITATION  | PHOTO: WIKI COMMONS
കാലങ്ങളായി ആര്‍ എസ്എസ് ഏറ്റെടുത്തിരുന്ന ആവിശ്യമാണ് ഇന്ത്യയുടെ പേരുമാറ്റം. ഇന്ത്യയുടെ ഔദ്യോഗിക രേഖകളില്‍ നിന്നുപോലും ഇന്ത്യ വെട്ടി ഭാരതമാക്കി ബിജെപി, ആ ആവിശ്യത്തിന് കുടപിടിക്കുന്നതാണ് ഈയടുത്ത് കണ്ടത്. ആസിയാന്‍ ഉച്ചകോടിയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ഇന്‍ഡോനേഷ്യ സന്ദര്‍ശനവേളയില്‍ ഔദ്യോഗിക കുറിപ്പില്‍ പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്ന് ഉപയോഗിച്ചതിന് തൊട്ടുപിന്നാലെ ജി 20 ഉച്ചകോടിയുടെ ഭാഗമായി നടന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിലും പ്രസിഡന്റ് ഓഫ് ഭാരത് എന്നായിരുന്നു ഉപയോഗിച്ചത്.

ഇതൊക്കെ കണ്ടുകൊണ്ടുതന്നെയാണ് പാഠപുസ്തകസമിതിയുടെ ഈ നീക്കം. ഇന്ത്യയെ മുഴുവനായി തുടച്ചുനീക്കിക്കൊണ്ട് ഭാരതത്തെ സ്ഥാപിക്കണമെന്ന സങ്കുചിത താല്പര്യത്തിന്റെ ഭാഗമാണ് ഈ പേരുമാറ്റ നിര്‍ദേശം പോലും. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുന്നതിനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് ശക്തിപകരാന്‍ ഈ നീക്കം ഗുണപ്പെടുകയും ചെയ്യും. അതിനനുവദിച്ചുകൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയിലെ ഓരോ പൗരനുമാണ്.

മിത്തുകളില്‍ നിലനിന്നിരുന്ന ഭാരതമാണോ അതോ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ പ്രത്യേകതകളും വൈവിധ്യങ്ങളും ഉള്‍ക്കൊള്ളുന്ന ഇന്ത്യയാണോ രാജ്യത്തിന് അനുയോജ്യമായ പേര് എന്ന ചോദ്യം നിലനില്‍ക്കുമ്പോള്‍ തന്നെ ഭരണഘടനയില്‍ ഉപയോഗിച്ചിരിക്കുന്നതുപോലെ ഇന്ത്യ, എന്ന ഭാരതം തന്നെയാണ് തുടരേണ്ടത്. കാരണം അതും വൈവിധ്യങ്ങള്‍കൊണ്ട് നിറഞ്ഞ ഒരു രാജ്യത്തിന്റെ കാഴ്ച്ചയാണ്. എന്‍സിഇആര്‍ടി യുടെ നീക്കത്തെ പ്രതിരോധിക്കാന്‍ കേരളത്തിന് കഴിഞ്ഞേക്കാം. പക്ഷേ, ബാക്കിയുള്ള സംസ്ഥാനങ്ങള്‍ക്കോ എന്ന ചോദ്യമാണ് ബാക്കി നില്‍ക്കുന്നത്.


#Education
Leave a comment