രാംനാഥ് കോവിന്ദ് | PHOTO: PTI
തെരഞ്ഞെടുപ്പ് പരിഷ്‌കരണ സമിതി; രാംനാഥ് കോവിന്ദ് അധ്യക്ഷന്‍
തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തെക്കുറിച്ച് പഠിക്കാന്‍ സമിതിക്ക് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമിതിയുടെ അധ്യക്ഷന്‍. മറ്റംഗങ്ങള്‍ ആരൊക്കെയാണെന്നതില്‍ വ്യക്തതയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്നതിനെക്കുറിച്ചാണ് സമിതി പഠിക്കുക. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നേരത്തെ തന്നെ ചര്‍ച്ചാ വിഷയമായതാണ്.
ചിലവു ചുരുക്കാനെന്ന് വാദം
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലുള്‍പ്പെടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വാഗ്ദാനം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ചിലവ് കുറയും, ഒരേ സമയം നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ വോട്ടര്‍മാര്‍ക്ക് സൗകര്യപ്രദമാണ്, ഇത് പോളിങ് ശതമാനം വര്‍ധിപ്പിക്കും തുടങ്ങിയ വാദങ്ങളാണ് ഇൗ ആശയത്തെ അനുകൂലിക്കുന്നവര്‍ പ്രധാനമായി മുന്നോട്ടുവെക്കുന്നത്.
സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച വാര്‍ത്ത ഏറെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായ സാഹചര്യം നിലനില്‍ക്കെയാണ് പഠന സമിതിയെ രൂപീകരിക്കുന്നു എന്ന പ്രധാനപ്പെട്ട വാര്‍ത്തയും വന്നിരിക്കുന്നത്. ഒറ്റ തെരഞ്ഞെടുപ്പ് സാധ്യതകളെ കുറിച്ച് പാര്‍ലമെന്റ് മുന്‍പ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷകക്ഷികളില്‍ നിന്നുള്‍പ്പെടെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം 1990 കളോടെ തന്നെ ബിജെപി ഉയര്‍ത്തി പിടിക്കുന്നതാണ്. തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് 1999 ല്‍ ലോ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്നീട് 2015 ല്‍ നിയമ-നീതിന്യായ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയും 2017 ല്‍ നീതി ആയോഗും 2018 ല്‍ നിയമ കമ്മീഷനും വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.