
ബ്ലാക്ക് മാംബാസ് ദക്ഷിണാഫ്രിക്കന്‍ കാടുകളുടെ പെണ്‍ കാവല്‍ക്കാര്‍
ബ്ലാക്ക് മാംബാസ് എന്ന പേര് കേള്‍ക്കുമ്പോള്‍ കറുത്ത ഉഗ്രവിഷമുള്ള ആഫ്രിക്കന്‍ പാമ്പുകളെ ഓര്‍മവരാനാണ് സാധ്യത. എന്നാല്‍ ബ്ലാക്ക് മാംബാസ് എന്നത് ദക്ഷിണാഫ്രിക്കയിലെ ഒരു പെണ്‍ കാവല്‍ സംഘത്തിന്റെ പേരുകൂടിയാണ്. ദി ബ്ലാക്ക് മാംബാ ആന്റി പോച്ചിംഗ് യൂണിറ്റ് അഥവാ വേട്ടയാടല്‍ വിരുദ്ധസംഘം. ദക്ഷിണാഫ്രിക്കന്‍ വനമേഖലകളിലെ നിയമവിരുദ്ധ വന്യജീവി വേട്ടകളെ നേരിടാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന യൂണിഫോം ധാരികളായ ഒരുകൂട്ടം സ്ത്രീകള്‍. മാരകവിഷം ചീറ്റുന്ന പാമ്പിന്റെ പേരില്‍ അറിയപ്പെടുന്ന ഈ ബ്ലാക്ക് മാംബാസ് ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ സ്ത്രീകളുടെ വേട്ടയാടല്‍ വിരുദ്ധ യൂണിറ്റാണ്. ദക്ഷിണാഫ്രിക്കയിലെ ഗ്രേറ്റര്‍ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെ ഏറ്റവും നിര്‍ണായകമായ പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനായി 2013 ല്‍ ട്രാന്‍സ്ഫ്രോണ്ടിയര്‍ ആഫ്രിക്ക എന്‍പിസിയാണ് ബ്ലാക്ക് മാംബാസ് എന്ന വേട്ടയാടല്‍ വിരുദ്ധ യൂണിറ്റ് സ്ഥാപിക്കുന്നത്. സ്ഥാപിക്കപ്പെട്ടത് മുതല്‍ ഈ മേഖലയിലെ പ്രാദേശിക വന്യജീവി സംരക്ഷണത്തില്‍ ബ്ലാക്ക് മാംബാസ് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.
നിരായുധരായ മാംബാസ്
ആഫ്രിക്കയിലെ മിക്ക വേട്ടയാടല്‍ വിരുദ്ധ സംഘങ്ങളില്‍ നിന്നും വ്യത്യസ്തരാണ് ഗ്രേറ്റര്‍ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിനുള്ളിലെ ബാലുലെ റിസര്‍വില്‍ പ്രവര്‍ത്തിക്കുന്ന ഈ ബ്ലാക്ക് മാംബാസ്. വേട്ടയാടലിനെ ചെറുക്കാന്‍ ആയുധങ്ങള്‍ കൈവശംവയ്ക്കാതെയാണ് ഇവരുടെ പ്രവര്‍ത്തനം. വേട്ടയാടലിന്റെ സൂചനകള്‍ ലഭിച്ചാല്‍ ഉടന്‍ ആവശ്യമെങ്കില്‍ സായുധ പട്രോളിംഗ് യൂണിറ്റുകളുടെ പിന്തുണ തേടുന്നു. അല്ലാത്തപക്ഷം ആയുധങ്ങളൊന്നും ഇവര്‍ കൈവശംവയ്ക്കുന്നില്ല. ഇവരുടെ സ്വന്തം കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കുരുമുളക് സ്‌പ്രേകളും കൈവിലങ്ങുകളും ഉപയോഗിച്ച് വേട്ടക്കാരെ നേരിടുന്ന മാംബാസ് പതുങ്ങിയിരുന്നുള്ള ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നില്ല. 20,000 ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന വനമേഖലയില്‍ പട്രോളിംഗ് നടത്തുന്ന ഇവര്‍ ഷിഫ്റ്റുകളായാണ് റിസര്‍വിനുള്ളില്‍ പ്രവേശിക്കുന്നത്. എല്ലാ സാഹചര്യങ്ങളെയും പ്രതിസന്ധിഘട്ടങ്ങളെയും തല്‍ക്ഷണം നേരിടാന്‍ കൃത്യമായ പരിശീലനത്തിലൂടെയും സൈനിക സമാനമായ അച്ചടക്ക രീതികളിലൂടെയുമാണ് ഈ പെണ്‍ സംഘത്തിന്റെ പ്രവര്‍ത്തനം.REPRESENTATIVE IMAGE: WIKI COMMONS
ഗ്രാമീണ ഫാമുകള്‍ക്കും ഗ്രേറ്റര്‍ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിനും ഇടയിലായി സ്ഥിതിചെയ്യുന്ന ബാലുലെ വേട്ടക്കാരുടെ ലക്ഷ്യസ്ഥാനമാണ്. ഈ മേഖലയില്‍ സംഘടിതമായി നടക്കുന്ന കാണ്ടാമൃഗ വേട്ടയെ തടയുകയാണ് യൂണിറ്റിന്റെ പ്രധാന ചുമതല. വേട്ടയ്ക്കായി വച്ചിരിക്കുന്ന കെണികള്‍ ഇവര്‍ നശിപ്പിക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ശേഖരിക്കുകയും ചെയ്യുന്നു. പരുക്കേറ്റ മൃഗങ്ങളുടെ ദൃശ്യങ്ങള്‍ മുതല്‍ പ്രകൃതിയില്‍ നടക്കുന്ന ഓരോ സംഭവങ്ങളെയും പകര്‍ത്തിയെടുക്കുന്നു. ബാലുലെ നേച്ചര്‍ റിസര്‍വിനെ സംരക്ഷിക്കാന്‍ ബ്ലാക്ക് മാംബുകള്‍ മുള്‍പടര്‍പ്പുകളുടെ കണ്ണും കാതുമായാണ് പ്രവര്‍ത്തിക്കുന്നത്. റിസര്‍വിന്റെ അതിര്‍ത്തികളില്‍ പുലര്‍ച്ച സമയങ്ങളില്‍ കാല്‍നടയായും സന്ധ്യാസമയത്ത് വാഹനത്തിലും ഇവര്‍ പട്രോളിംഗ് നടത്തി കെണികള്‍ ശേഖരിക്കുകയും നുഴഞ്ഞുകയറ്റക്കാരെ നിരീക്ഷിക്കുകയും ചെയ്യുന്നു. വേട്ടക്കാരുടെ നുഴഞ്ഞുകയറ്റത്തെ പരിശോധിക്കാന്‍ മാംബാസ് ദിവസം 20 കിലോമീറ്റര്‍ വരെ നടക്കും. തോക്കുകള്‍ കൈവശംവയ്ക്കാതെ കുരുമുളക് സ്‌പ്രേ മാത്രം കൈവശംവച്ചുകൊണ്ടാണ് വനമേഖലകളിലേക്ക് ഇവര്‍ ഇറങ്ങിചെല്ലുന്നത്.
എന്തുകൊണ്ട് തോക്കുകള്‍ കൈവശംവയ്ക്കുന്നില്ല എന്നതിന് മാംബാസ് ചൂണ്ടിക്കാണിക്കുന്ന കാരണം ഇതൊരു ദീര്‍ഘകാല പ്രതിരോധ ദൗത്യമാണെന്നും അവിടെ ആയുധങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ലെന്നുമാണ്. ബാലുലെ മേഖലയില്‍ എത്തുന്ന അപകടകാരികളായ വേട്ടക്കാര്‍ സായുധരാകുമ്പോള്‍ അതേ രീതിയില്‍ പ്രതിരോധിക്കാതെ വരുന്നത് വനപാലകര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആയുധങ്ങള്‍ ഉപയോഗിക്കാതെ തന്നെ അപകടങ്ങളില്‍ നിന്ന് എങ്ങനെ ഒളിക്കാമെന്നും രക്ഷപ്പെടാമെന്നും ബ്ലാക്ക് മാംബാസ് പരിശീലിക്കുന്നു. മാംബാസ് രൂപീകൃതമായതിനു ശേഷം അവരുടെ പ്രവര്‍ത്തനമേഖലയിലെ വേട്ടയാടല്‍ 63 ശതമാനം വരെ കുറഞ്ഞതായാണ് സംഘം അവകാശപ്പെടുന്നത്. വേട്ടയാടലിനെ ചെറുക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയെ കൂടുതല്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് മാംബാസ.് REPRESENTATIVE IMAGE: WIKI COMMONS
ദൗത്യം ദീര്‍ഘവീക്ഷണത്തോടെ
വന്യജീവി വേട്ടയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനോടൊപ്പം തന്നെ അവയുടെ സംരക്ഷണത്തെക്കുറിച്ചും തങ്ങളുടെ ലക്ഷ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബുഷ് ബേബീസ് എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമിലൂടെ പ്രാദേശിക തലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഇവര്‍ ബോധവല്‍ക്കരണം നല്‍കുന്നു. ഇവരുടെ പ്രതിവാര ബുഷ് ബേബീസ് പ്രോഗ്രാമില്‍ പങ്കെടുക്കുന്ന ഗ്രാമീണ കുട്ടികള്‍ക്ക് അവരുടെ പ്രായം അനുസരിച്ചുള്ള ബാലപാഠങ്ങളാണ് ബ്ലാക്ക് മാംബാസ് ആദ്യം പറഞ്ഞുകൊടുക്കുന്നത്. അടുത്തപടിയായി മൃഗങ്ങളുടെ സ്വഭാവ സവിശേഷതകളിലേക്ക് നീങ്ങുന്നു. കുട്ടികള്‍ക്ക് പന്ത്രണ്ടോ പതിമൂന്നോ വയസ്സാകുമ്പോള്‍ മൃഗങ്ങളില്‍ മനുഷ്യര്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ തത്ത്വങ്ങളെക്കുറിച്ചും അവരെ പഠിപ്പിക്കുന്നു. പ്രോഗ്രാമില്‍ പങ്കെടുക്കുന്ന കുട്ടികളെ റിസര്‍വിന്റെ സുരക്ഷിത ഭാഗങ്ങളിലൂടെ ക്യാമ്പിങ് യാത്രകള്‍ക്ക് കൊണ്ടുപോകുന്നു. പ്രാദേശിക തലത്തില്‍ ആയിരക്കണക്കിന് കുട്ടികളാണ് ഇവരുടെ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. വന്യജീവികളുടെ സംരക്ഷണവും അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും റിസര്‍വിലേക്കുള്ള വാര്‍ഷിക സന്ദര്‍ശനത്തിലൂടെ ഈ കുട്ടികള്‍ മനസ്സിലാക്കുമെന്നാണ് മാംബാസിന്റെ പ്രതീക്ഷ. ദക്ഷിണാഫ്രിക്കയിലെ പ്രാദേശിക സമൂഹങ്ങളില്‍ നിന്നുള്ള നിരവധി സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങളില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ ബ്ലാക്ക് മാംബാസ് എന്ന വനപാലകരായി എത്തുമ്പോള്‍ അത് എല്ലാ അര്‍ത്ഥത്തിലും സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക ശാക്തീകരണം കൂടിയാവുന്നു.
കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിന് നല്‍കുന്ന പ്രാധാന്യം
36 ആഫ്രിക്കന്‍ സ്ത്രീകളടങ്ങുന്ന ഈ സംഘത്തിന്റെ പ്രവര്‍ത്തനമേഖലയായ ഗ്രേറ്റ് ക്രൂഗര്‍ ലോകത്തിലെത്തന്നെ ഏറ്റവും വലിയ കാണ്ടാമൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. ആവാസ കേന്ദ്രമാണെന്നതിനൊപ്പം തന്നെ മനസ്സിലാക്കേണ്ടകാര്യം ഏറ്റവും കൂടുതല്‍ കാണ്ടാമൃഗവേട്ട നടക്കുന്ന മേഖലയും ക്രൂഗര്‍ ആണെന്നാണ്. കാണ്ടാമൃഗങ്ങളുടെ കൊമ്പിന് വലിയ ഡിമാന്റ് ഉള്ളതുകൊണ്ട് കടുത്ത വേട്ടയാടല്‍ ഭീഷണിയാണ് ഇവ നേരിടുന്നത്. കാണ്ടാമൃഗത്തിന്റെ കൊമ്പ് വിയറ്റ്നാം പോലുള്ള സ്ഥലങ്ങളില്‍ വ്യാപകമായി കച്ചവടം ചെയ്യുന്നുണ്ട്. മനുഷ്യ ജനസംഖ്യ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് അവയുടെ ആവാസവ്യവസ്ഥ ഇല്ലാതാവുകയും വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്നു. ഇത്തരമൊരു അപകട സാഹചര്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ബ്ലാക്ക് മാംബാസ് തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കാണ്ടാമൃഗ സംരക്ഷണത്തിന് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. ഏകദേശം പതിനൊന്നോളം വ്യത്യസ്ത വേട്ടയാടല്‍ സംഘങ്ങള്‍ ഗ്രേറ്റ് ക്രൂഗര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങളെ മുന്‍കൂട്ടി കണ്ടെത്തുന്നതില്‍ ബ്ലാക്ക് മാംബാസ് പ്രധാന പങ്കുവഹിക്കുന്നു.REPRESENTATIVE IMAGE: WIKI COMMONS
ബ്ലാക്ക് മാംബാസിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മറ്റൊരു യൂണിറ്റാണ് ഹെല്‍പ്പിങ് റിനോസ്. 2017 മുതല്‍ ഈ സംഘം മാംബാസിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. പട്രോളിംഗ് ടീമുകള്‍ക്ക് ഭക്ഷണം, വെള്ളം, യൂണിഫോം തുടങ്ങി വേട്ടയാടല്‍ പ്രദേശങ്ങളില്‍ ടീമിനെ സജീവമായി നിലനിര്‍ത്താനുള്ള എല്ലാ ദൈനംദിന ചെലവുകള്‍ക്കും ഹെല്‍പ്പിങ് റിനോസ്് പിന്തുണ നല്‍കുന്നു. മാത്രമല്ല ബുഷ് ബേബീസ് പ്രൊജക്ടില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ സാമഗ്രികള്‍ വിതരണം ചെയ്യാനും ഈ യൂണിറ്റ് ബ്ലാക്ക് മാംബാസിനെ സഹായിച്ചുവരുന്നു.
വന്യജീവി സംരക്ഷണത്തില്‍ അതിയായ അഭിനിവേശമുള്ള ഈ സ്ത്രീകള്‍ സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ സമൂഹത്തിന് മാതൃകയാവുകയാണ്. വേട്ടയാടല്‍ വഴിയുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും അതിനെ പ്രാദേശിക തലത്തില്‍ ചെറുക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ചും തങ്ങളുടെ കമ്മ്യൂണിറ്റിക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ഈ സ്ത്രീകള്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അനധികൃത വന്യജീവി വേട്ടയെ തടുക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. പ്രശ്നങ്ങളെ അതിന്റെ അടിത്തട്ടില്‍ നിന്ന് പരിഹരിക്കാന്‍ ശ്രമിക്കുന്ന ഈ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമാണ് വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് അവര്‍ പകരുന്ന ആവേശം.