TMJ
searchnav-menu
post-thumbnail

Representative Image: Pexels

Environment

നിർജ്ജലീകരണം അതിജീവിക്കും 'ഡിറ്റി', സസ്യലോകത്തെ പുതിയ കണ്ടെത്തലുകൾ  

06 Jun 2023   |   2 min Read
TMJ News Desk

ന്ത്യയിൽ നിർജ്ജലീകരണത്തെ അതിജീവിക്കാൻ കഴിയുന്ന 62 ഇനം പുതിയ സസ്യങ്ങളെ കണ്ടെത്തി. കടുത്ത ജലക്ഷാമത്തെയും അതിജീവിക്കാൻ കഴിവുള്ള, 'ഡെസിക്കേഷൻ-ടോളറന്റ് വാസ്‌കുലർ'(Desiccation-tolerent vascular-ഡിറ്റി) സ്പീഷീസിൽപ്പെടുന്ന സസ്യങ്ങളാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. വെള്ളം ലഭിക്കാതാകുന്ന അവസരത്തിൽ നിർജ്ജീവ അവസ്ഥയിലാകുകയും പിന്നീട് വെള്ളം ലഭ്യമാകുമ്പോൾ വീണ്ടും പുനർജീവിക്കുന്നതിനും ഈ സസ്യവർഗത്തിന് സാധിക്കും. മറ്റ് ജീവികൾക്കും ചെടികൾക്കും വാസയോഗ്യമല്ലാത്ത വരണ്ട ചുറ്റുപാടുകളിൽ ഈ ഇനം സസ്യങ്ങൾക്ക് അതിജീവിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ, ഇന്ത്യയിൽ കാണപ്പെടുന്ന ഇത്തരം ഇനം സസ്യവർഗങ്ങളെപ്പറ്റിയുള്ള പഠനങ്ങൾ കുറവാണെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു. പശ്ചിമഘട്ടത്തിലെ പാറക്കെട്ടുകൾ നിറഞ്ഞ ഭൂപ്രദേശങ്ങൾ സാധാരണ ഭൂപ്രകൃതിയാണെങ്കിലും, ഈ മേഖലയിലെ ഡിറ്റി സസ്യങ്ങളെക്കുറിച്ചുള്ള അറിവ് പരിമിതമാണ്.

പൂനെയിലെ അഗർകർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (എആർഐ) ഒരു സംഘം ഗവേഷകരാണ് 62 പുതിയ ഇനം സസ്യങ്ങളെ കണ്ടെത്തിയിരിക്കുന്നത്. ഈ സസ്യങ്ങളുടെ വിശദാംശങ്ങൾ നോർഡിക് ജേണൽ ഓഫ് ബോട്ടണിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. പുതുതായി കണ്ടെത്തിയ ഇനങ്ങളിൽ 16 എണ്ണം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 12 എണ്ണം പശ്ചിമഘട്ടത്തിലെ പാറക്കെട്ടുകൾ നിറഞ്ഞ ഭൂപ്രദേശങ്ങളിൽ  മാത്രം കണ്ടുവരുന്ന ചെടികളുമാണ്. ''പാറക്കൂട്ടങ്ങളെ കൂടാതെ, ഭാഗികമായി തണലുള്ള വനങ്ങളിലെ മരക്കൊമ്പുകളും ഡിറ്റി ഇനങ്ങളുടെ ആവാസവ്യവസ്ഥയാണെന്ന് പഠനത്തിൽ കണ്ടെത്തി. പുതുതായുള്ള ഈ കണ്ടെത്തലുകൾ പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തെയും പരിസ്ഥിതിയെയും കുറിച്ച് ആഴത്തിൽ മനസിലാക്കുന്നതിനും ഡിറ്റി സസ്യജാലങ്ങളുടെ സംരക്ഷണത്തിനും സഹായകമാണ്. ഡോ. മന്ദർ ദാതാറിന്റെ നേതൃത്വത്തിലുള്ള സംഘം, ഡിറ്റി സസ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ നടത്തിവരുകയാണ്. ഡിറ്റി സസ്യങ്ങളുടെ ഒമ്പത് വിഭാഗങ്ങൾ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡിറ്റി ചെടികൾക്ക് നിർജ്ജലീകരണത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ മനസ്സിലാക്കുന്നതിലൂടെ വരൾച്ചയെ പ്രതിരോധിക്കുന്നതും കുറച്ച് വെള്ളം ആവശ്യമുള്ളതുമായ വിളകൾ വികസിപ്പിച്ചെടുക്കുന്നതിന് സഹായിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.


മയോഗൈൻ അരുണാചലൻസിസ്

ആദി മലനിരകളിൽ നിന്ന് 'മയോഗൈൻ അരുണാചലൻസിസ്'

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ നിന്നുമാണ് ശാസ്ത്രലോകത്തെ മറ്റൊരു കണ്ടെത്തൽ. അരുണാചലിലെ ആദി മലനിരകളിലെ ജൈവവൈവിധ്യ പര്യവേഷണത്തിനിടെ ഹേം ചന്ദ് മഹീന്ദ്ര ഫൗണ്ടേഷൻ വൈൽഡ് ലൈഫ് ഇൻസ്റ്റ്റ്റിയൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകരാണ് 'മയോഗൈൻ അരുണാചലൻസിസ്' എന്നയിനം വൃക്ഷത്തെ കണ്ടെത്തിയത്. ഈ കണ്ടെത്തൽ എഡിൻബർഗ് ജേണൽ ഓഫ് ബോട്ടണിയുടെ പതിപ്പിൽ പ്രസിദ്ധീകരിച്ചു.

ഈ സസ്യം ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെയും കിഴക്കൻ ഹിമാലയൻ, വടക്കു കിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ആദ്യ ഇനവുമാണെന്ന് ഗവേഷകർ അറിയിച്ചു. തെക്ക് കിഴക്കൻ ഏഷ്യയിൽ ഉടനീളം കാണുന്ന 'മയോഗൈൻ' എന്ന സസ്യ വർഗത്തിൽ ഏകദേശം 33 ഉപവിഭാഗങ്ങളുണ്ട്. ഇന്ത്യയിൽ കണ്ടെത്തിയ വിഭാഗത്തിന് തായ്‌ലൻഡിൽ കാണപ്പെടുന്ന 'മയോഗൈൻ മാക്‌സിഫ്‌ളോറ' എന്ന ഇനവുമായി സാദൃശ്യമുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ സസ്യ-പ്രത്യുൽപാദന രീതികളിൽ വ്യത്യാസമുണ്ട്. മരത്തിന്റെ ഉയരവും മരത്തടിയുടെ ചുറ്റളവും കണക്കിലെടുത്ത് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ഇനമാണ് മിയോജിൻ അരുണാചലൻസിസ്.  

വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നും കിഴക്കൻ ഹിമാലയത്തിലെ ജൈവവൈവിധ്യങ്ങളിൽ നിന്നുള്ള ആദ്യ കണ്ടെത്തലാണിത്. കൂടുതലായി ലോവർ ദിബാംഗ് വാലി, ലോഹിത് എന്നീ പ്രദേശങ്ങൾക്കിടയിലുള്ള ജില്ലകളിലും മ്യാൻമാറിന്റെ വടക്കൻ ഭാഗങ്ങളിലും അരുണാചലിലെ നംദഫ നാഷണൽ പാർക്കിന് സമീപമുള്ള പ്രദേശങ്ങളിലും ഈ ഇനം വൃക്ഷങ്ങൾ കൂടുതലായി കാണാൻ സാധ്യതയുണ്ടെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.


#Environment
Leave a comment