കാലാവസ്ഥയെ താറുമാറാക്കാന്‍ എല്‍ നിനോ എത്തുന്നു
കാലാവസ്ഥാ പ്രതിഭാസമായ എല്‍ നിനോ വീണ്ടുമെത്തുന്നതായും ഉഷ്ണതരംഗങ്ങളും വരള്‍ച്ചയും തീവ്രമാകുമെന്നും ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ജൂലൈ അവസാനത്തോടെ എല്‍ നിനോയുടെ തീവ്രത 60 ശതമാനം ഉയരാന്‍ സാധ്യതയുണ്ടെന്നും സെപ്തംബര്‍ അവസാനത്തോടെ അത് 80 ശതമാനമാകുമെന്നും ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (WMO) വ്യക്തമാക്കിയിട്ടുണ്ട്. എല്‍ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി വരുന്ന 12 മാസം ആഗോളതാപനില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2015 ല്‍ ആരംഭിച്ച് 2016 ല്‍ അവസാനിച്ച എല്‍ നിനോയ്ക്കു ശേഷം ഏഴു വര്‍ഷങ്ങള്‍ പിന്നിട്ടാണ് വീണ്ടും എല്‍ നിനോ എത്തുന്നത്. ഈ വര്‍ഷത്തെ എല്‍ നിനോ കൂടുതല്‍ ശക്തമായിരിക്കുമെന്നും ലോക കാലാവസ്ഥാ സംഘടന പ്രവചിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
താപനില റെക്കോഡുകള്‍ ഭേദിക്കും
എല്‍ നിനോ എത്തിയാല്‍ ഈ വര്‍ഷത്തെ താപനില ആശങ്കാജനകമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പലയിടങ്ങളിലും താപനില റെക്കോഡ് ഉയരത്തില്‍ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. കൂടാതെ സമുദ്രത്തിലെ താപനിലയെയും പ്രതികൂലമായി ബാധിക്കും. എല്‍ നിനോയുടെ ഭാഗമായി പല സ്ഥലങ്ങളിലും ചൂട് കൂടുന്നതിനു പുറമെ തെക്കേ അമേരിക്കയില്‍ മഴ കൂടുമെന്നും ആഫ്രിക്കയിലെ വരള്‍ച്ച രൂക്ഷമാകുമെന്നുമാണ് മുന്നറിയിപ്പുകളില്‍ പറയുന്നത്. കൂടാതെ പസഫിക് മേഖലയില്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ തീവ്രമാകുമെന്നും അമേരിക്കയിലും മറ്റും മഴയും വെള്ളപ്പൊക്ക സാധ്യതയും വര്‍ധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
എല്‍ നിനോ ആഗോളതലത്തില്‍ മൂന്നു ട്രില്യണ്‍ ഡോളറിന്റെ (24,744,000 കോടി രൂപ) സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചേക്കുമെന്ന് സയന്‍സ് ജേണല്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ ഉത്പാദന നിരക്കിനെ ബാധിക്കുന്നതിനാലും രോഗങ്ങള്‍ പടരുന്നതിനാലും എല്‍ നിനോയുടെ ഭാഗമായി ജിഡിപി വളര്‍ച്ചയും കുറഞ്ഞേക്കാം. ഇന്ത്യയില്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടെ 18 വരള്‍ച്ചകളാണുണ്ടായത്. ഇതില്‍ 13 എണ്ണവും എല്‍ നിനോയുമായി ബന്ധപ്പെട്ടായിരുന്നു. മണ്‍സൂണ്‍ മഴ കുറയുമെന്നതാണ് ഇന്ത്യയെയും കേരളത്തെയും സംബന്ധിച്ച് എല്‍ നിനോ ഉണ്ടാക്കുന്ന ഭീഷണി. വടക്കന്‍ അര്‍ത്ഥഗോളത്തില്‍ വേനല്‍ക്കാലത്ത് എല്‍ നിനോയുടെ ഫലമായുണ്ടാകുന്ന ചൂടുള്ള വെള്ളം മധ്യ, കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ ചുഴലിക്കാറ്റുകള്‍ക്ക് കാരണമാകുമെന്നും ഇത് അറ്റ്‌ലാന്റിക് മേഖലയില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന് തടസ്സമാകുമെന്നും WMO വ്യക്തമാക്കുന്നു.
എന്താണ് എല്‍ നിനോ?
പസഫിക് സമുദ്രത്തിന്റെ കിഴക്കന്‍ മേഖലയെ ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. സ്പാനിഷ് ഭാഷയില്‍ 'ചെറിയ കുട്ടി' എന്ന് അര്‍ത്ഥമാക്കുന്ന പദമാണ് എല്‍ നിനോ. താപനില ഉയരുവാനും കാലാവസ്ഥ ദുര്‍ബലമാകാനും എല്‍ നിനോ കാരണമാകാം. എല്‍ നിനോയുടെ ആഘാതം സാധാരണയായി ഒമ്പതു മുതല്‍ 12 മാസം വരെയാണ് നീണ്ടുനില്‍ക്കുന്നത്. ഭൂമിയില്‍ നിലവിലുള്ള മഴയുടെയും കാറ്റിന്റെയും ചൂടിന്റെയും ഗതിയും ദിശയും കാലവും മാറ്റുന്നതാണ് എല്‍ നിനോ. എല്‍ നിനോയുടെ വിപരീത പ്രതിഭാസമാണ് ലാ നിന. ഭൂമിയുടെ പടിഞ്ഞാറുവശത്തേക്ക് സഞ്ചരിക്കുന്ന വായുപ്രവാഹത്തിന്റെ വേഗത കുറയുകയും ചൂടുവെള്ളം കിഴക്കോട്ട് തള്ളിമാറ്റപ്പെടുകയും ചെയ്യുന്നതാണ് എല്‍ നിനോ പ്രതിഭാസത്തിനു കാരണം. ഇതിന്റെ ഭാഗമായി മധ്യരേഖാ പസഫിക്കിലെ സമുദ്രോപരിതലത്തിലെ താപനില ശരാശരിയേക്കാള്‍ കൂടുതലായി കാണപ്പെടും.
എല്‍ നിനോ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കടുത്ത ചൂടിനും വരള്‍ച്ചയ്ക്കും കാരണമാകുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ കൊടും പേമാരിയും പ്രളയവും ഉണ്ടാക്കും. ലോകത്തിലെ ശരാശരി താപനില കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയും ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജൂലൈ ആറിന് ആഗോളതാപനില ഏറ്റവും കൂടുതലായി ഉയര്‍ന്ന് 17.23 ഡിഗ്രി സെല്‍ഷ്യസായി. മനുഷ്യ നിര്‍മിതമായ കാലാവസ്ഥാ വ്യതിയാനവും എല്‍ നിനോ പ്രതിഭാസവുമാണ് താപനിലയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാഹചര്യമായ ഘടകങ്ങളെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. എല്‍ നിനോ ദക്ഷിണ ആന്ദോളനം അഥവാ എന്‍സോ (ENSO) കാരണമാണ് ഭൂമിയിലെവിടെയും കാലാവസ്ഥ ഏറ്റകുറിച്ചിലുകള്‍ ഉണ്ടാകുന്നത്. ലോകത്തിന് ഇനിയും കൂടുതല്‍ വേണ്ടത് എണ്ണയും വാതകങ്ങളുമാണെന്ന് വിശ്വസിക്കുന്നവര്‍ക്കുള്ള ഒരു താക്കീത് കൂടിയാണീ കാലാവസ്ഥാ വ്യതിയാനങ്ങളെന്ന് വിദ്ഗധര്‍ പറയുന്നു.