TMJ
searchnav-menu
post-thumbnail

TMJ Daily

ഓരോ തുള്ളിയും അമൂല്യം, ഭാവിക്കായി കരുതണം

22 Mar 2023   |   2 min Read
TMJ News Desk

മാര്‍ച്ച് 22, ഇന്ന് ലോക ജലദിനം. ഓരോ തുള്ളി ജലവും അമൂല്യമാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ജലദിനത്തിന്റെ ലക്ഷ്യം. ജീവജാലങ്ങളുടെ നിലനില്പ് ജലത്തെ ആശ്രയിച്ചാണ്. ഭൂമിയില്‍ തന്നെ ജീവന്റെ ആദ്യ തുടിപ്പുണ്ടായത് ജലത്തിലാണെന്ന് കരുതപ്പെടുന്നു. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗത്തില്‍ ഇടപെടല്‍ എന്നാണ് ഇത്തവണത്തെ ജലദിനം മുന്നോട്ടുവയ്ക്കുന്ന പ്രമേയം. ജലമില്ലെങ്കില്‍ ജീവനില്ല എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ഓരോ ജലദിനവും കടന്നുവരുന്നത്.

1992 ല്‍ ബ്രസീലിലെ റിയോവില്‍ ചേര്‍ന്ന യുഎന്‍ കോണ്‍ഫറന്‍സ് ഓണ്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റിലാണ് ലോക ജലദിനമെന്ന ആശയം ഉയര്‍ന്നുവന്നത്. 1993 മാര്‍ച്ച് 22 മുതല്‍ ജനറല്‍ അസംബ്ലി ഈ ദിനം ആചരിക്കുവാന്‍ തീരുമാനിച്ചു. 2030 ഓടെ എല്ലാവര്‍ക്കും വെള്ളവും ശുചിത്വമുള്ള പരിസരം ലഭിക്കുക എന്ന സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് ലോകജലദിനം ആചരിക്കുന്നത്. ശുദ്ധജല സ്രോതസ്സുകള്‍ സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതിനൂം ഇതിന്റെ പ്രാധാന്യം ജനങ്ങളില്‍ വളര്‍ത്തുന്നതിനുമാണ് യുണൈറ്റഡ് നേഷന്‍സ് ലോകജലദിനം ആചരിക്കുന്നത്.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. പല ലോകരാജ്യങ്ങള്‍ക്കും വരള്‍ച്ച ഇന്ന് പരിഹരിക്കപ്പെടാനാവാത്ത യാഥാര്‍ത്ഥ്യമാണ്. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികള്‍ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും മൂടിക്കഴിഞ്ഞു.

യുഎന്നിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് നാലില്‍ ഒരാള്‍ ശുദ്ധജലം ലഭിക്കാതെ ബുദ്ധിമുട്ടുന്നുണ്ട് എന്നാണ്.  അതായത് ഏകദേശം രണ്ട് ബില്യണ്‍ ആളുകള്‍ ജലം കിട്ടാതെ ബുദ്ധിമുട്ടുകയാണ്. 1.4 ദശലക്ഷം ആളുകള്‍ പ്രതിവര്‍ഷം മരിക്കുകയും 74 ദശലക്ഷം ആളുകള്‍ ശുദ്ധജലക്ഷാമം, ശുചിത്വമില്ലായ്മ മൂലമുള്ള രോഗങ്ങളാലും വലയുന്നുണ്ട്. ഒഇസിഡി (ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോര്‍പ്പറേഷന്‍ ആന്റ് ഡെവലപ്‌മെന്റ്) യുടെ കണക്കുകള്‍ പ്രകാരം 2050 ആകുമ്പോഴേക്കും ആഗോളജലത്തിന്റെ ആവശ്യം 55 ശതമാനമായി വര്‍ദ്ധിക്കും.

വേനല്‍ കനക്കുന്നതിനു മുമ്പുതന്നെ ഇത്തവണ കിണറുകളിലും കുളങ്ങളിലും വലിയ തോതില്‍ വരള്‍ച്ച അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഭൂമാഫിയകളുടെ കടന്നുകയറ്റവും മണ്ണുകൊള്ളയും വ്യാപകമായതോടെ ഭൂഗര്‍ഭജല ലഭ്യതയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഭൂമിയിലെ ദ്രാവക ശുദ്ധജലത്തിന്റെ ഏകദേശം 99% ഭൂഗര്‍ഭജലത്തില്‍ നിന്നാണ് ലഭ്യമാവുന്നത്.

സംസ്‌കാരങ്ങളുടെ ഈറ്റില്ലമാണ് നദികള്‍. നൈല്‍, യൂഫ്രട്ടീസ്, ടൈഗ്രീസ്, സിന്ധു തുടങ്ങിയ നദികള്‍ പോറ്റിവളര്‍ത്തിയതാണ് ലോകത്തെ പ്രധാന നാഗരികതകളൊക്കെയും. പിന്നീട് നാഗരികതകള്‍ നദീതീരങ്ങളില്‍ ഒതുങ്ങാതെയായി. കടുത്ത വേനലില്‍ നദികള്‍ വറ്റിവരളുമ്പോള്‍ മഴവെള്ളം മാത്രമാണ് നമുക്ക് ആശ്രയം. ഒഴുകിയെത്തുന്ന ഓരോ തുള്ളി ജലവും പാഴാക്കാതെ ഭാവി തലമുറയ്ക്കായി കരുതിവയ്‌ക്കേണ്ടത് അനിവാര്യമാണ്. നിലവിലെ സാഹചര്യത്തില്‍ ഭൂഗര്‍ഭ ജലലഭ്യത ചെറിയ തോതിലെങ്കിലും പിടിച്ചു നിര്‍ത്തണമെങ്കില്‍ എല്ലാ വീടുകളിലും കിണര്‍ റീചാര്‍ജിങ്ങ് അടക്കം മഴവെള്ളം സംഭരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം. വീടുകളിലെ മേല്‍ക്കൂരകളില്‍ വീഴുന്ന മഴവെള്ളം പാഴാക്കാതെ കൃത്യമായി കിണറുകളിലോ മഴക്കുഴികളിലോ ശേഖരിച്ചാല്‍ ഒരുപരിധിവരെ ജലദൗര്‍ലഭ്യം പരിഹരിക്കാനാകും.

മനുഷ്യന്റെ അശ്രദ്ധമായ ഇടപെടലുകളും ശുദ്ധജലത്തിന്റെ ലഭ്യതയ്ക്ക് കോട്ടം തട്ടിക്കുന്നവയാണ്. ലോകത്ത് ജലാശയങ്ങളില്‍ പ്രതിദിനം ഇരുപത് ലക്ഷം ടണ്‍ മാലിന്യങ്ങള്‍ തള്ളുന്നുണ്ടെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈഷേന്റെ പുതിയ പഠനം വെളിപ്പെടുത്തുന്നത്. ലോകത്ത് മലിന ജലാശയങ്ങള്‍ ഏറെയുള്ളത് ഏഷ്യയിലാണ്. ഇന്ത്യയില്‍ ആകെയുള്ള ജലസ്രോതസ്സുകളില്‍ നാല്‍പത് ശതമാനവും നാമാവശേഷമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഭൂജല നിരപ്പ് താഴുന്നതും കുടിവെള്ളത്തില്‍ മാലിന്യത്തിന്റെ തോത് ഉയരുന്നതും മറ്റൊരു ആശങ്കയാണ്. 2018 ലെ മഹാപ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 44 പുഴകളുമായി ബന്ധപ്പെട്ട പ്രളയ സാധ്യത മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍  പലതും ലക്ഷ്യം കാണാതെ ഇതിനിയും മറ്റൊരു ദുരന്തത്തിനായി കാത്തിരിക്കുകയാണ്.


#Environment
#Daily
Leave a comment