TMJ
searchnav-menu
post-thumbnail

Representational Image: Pexels

Environment

സമുദ്രജലത്തിലെ താപവർധന; മത്സ്യങ്ങൾ ധ്രുവപ്രദേശങ്ങളിലേക്ക് നീങ്ങുന്നതായി ഗവേഷകർ

18 Jun 2023   |   3 min Read
TMJ News Desk

വൈവിധ്യമാർന്ന പവിഴപ്പുറ്റുകളുടെയും ട്യൂണ, കടലാമ്മ തുടങ്ങി വ്യത്യസ്തങ്ങളായ ജീവി വർഗങ്ങളുടെയും സാന്നിധ്യത്താൽ സമ്പന്നമാണ് ഉഷ്ണമേഖലാ സമുദ്രം. ധ്രുവ പ്രദേശങ്ങളിലേക്ക് നിങ്ങുന്തോറും ജൈവവൈവിധ്യം ക്രമേണ കുറയുന്നുവെന്നാണ് വിദഗ്ധ നിരീക്ഷണം. എന്നിരുന്നാലും കാലാവസ്ഥാ വ്യതിയാനം മൂലം മീനുകൾ കൂട്ടമായി ധ്രുവപ്രദേശങ്ങളിലെ സമുദ്രങ്ങളിലേക്ക് പലായനം ചെയ്യുന്നതായി പുതിയ പഠനങ്ങൾ കണ്ടെത്തി. നൂറ്റാണ്ടുകളായുള്ള ആഗോളതാപനം സമുദ്ര ആവാസ വ്യവസ്ഥയെ സാരമായിത്തന്നെ ബാധിച്ചു എന്നതിന്റെ തെളിവാണ് മീനുകളുടെ കൂട്ടപ്പാലായനമെന്നാണ് വിദഗ്ധരുടെ നിഗമനം. ചില സ്ഥലങ്ങളിൽ നിന്ന് മത്സ്യം പൂർണമായും അപ്രത്യക്ഷമാകുന്നുവെന്നും ഗ്ലോബൽ ചേഞ്ച് ബയോളജിയിൽ പ്രസിദ്ധീകരിച്ച ജേർണലിൽ പരാമർശിച്ചു.

കൂട്ടപ്പാലായനം നടത്തി മത്സ്യങ്ങൾ

ഗ്ലാസ്ഗോ സർവകലാശാലയിലെ ഗവേഷക സംഘം എല്ലാ പ്രധാന സമുദ്രമേഖലകളിലും കാണപ്പെടുന്ന 115 ഇനം മത്സ്യങ്ങളെക്കുറിച്ചുള്ള ഡാറ്റ വിശകലനം നടത്തുകയും മത്സ്യങ്ങൾ ഉയരുന്ന സമുദ്ര താപനിലയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് പഠിക്കുകയും ചെയ്തു.

ചുറ്റുമുള്ള ജലത്തിന്റെ താപനില ഉയരുന്നതിലൂടെ സമുദ്രജീവികളുടെ ഉപാപചയം, വളർച്ച, പുനരുൽപാദനം തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങളെ ബാധിക്കുന്നു. മാത്രമല്ല, ഈ ജീവികൾക്ക് പലപ്പോഴും കൃത്യമായുള്ള താപനിലയോടുകൂടിയ വെള്ളത്തിൽ മാത്രമേ ജീവിക്കാൻ സാധിക്കൂ. ജലത്തിൽ ഉണ്ടാകുന്ന ചെറിയ വ്യത്യാസങ്ങൾ പോലും അതിജീവിക്കാൻ കഴിഞ്ഞെന്നുവരില്ല. ഇതുമൂലം സമുദ്രജീവികൾ ഭൂമിയിലെ മൃഗങ്ങളേക്കാൾ ഏഴിരട്ടി വേഗത്തിൽ ചൂടാകുന്ന അന്തരീക്ഷത്തോട് പ്രതികരിക്കുന്നതായും പഠനം വെളിപ്പെടുത്തി. ചില സാഹചര്യങ്ങളിൽ, കടൽ മത്സ്യങ്ങൾക്ക് അവയുടെ ജീവശാസ്ത്രത്തിൽ മാറ്റം വരുത്താനും ചൂടുള്ള ചുറ്റുപാടുമായി പൊരുത്തപ്പെടാനും കഴിയുക സാധ്യമാണ്. എന്നിരുന്നാലും, പല സന്ദർഭങ്ങളിലും പ്രതിസന്ധിയെ നേരിടാനുള്ള ഒരേയൊരു മാർഗ്ഗമായി മത്സ്യങ്ങൾ സ്വീകരിക്കുക കൂട്ടത്തോടെ പലായനം ചെയ്യുകയെന്നതാണ്.


Representational Image: Pexels

''ചില പ്രദേശങ്ങളിൽ മത്സ്യങ്ങൾക്ക് പൊരുത്തപ്പെടാനാവാത്ത വേഗത്തിൽ സമുദ്ര ജലത്തിന്റെ ചൂട് ഉയർന്നേക്കാം. അതിനാൽ സ്ഥലം മാറുന്നതാണ് മീനുകളുടെ ഏറ്റവും മികച്ച പ്രതിരോധം. അതേസമയം, വാണിജ്യപരമായി മത്സ്യങ്ങൾ ചൂഷണം ചെയ്യപ്പെടുന്നതും അനിയന്ത്രിതമായുള്ള മത്സ്യബന്ധനവും ഈ മാറ്റത്തിനുള്ള മറ്റ് കാരണങ്ങളാകുന്നു,'' പഠന സംഘത്തിലെ പ്രധാനിയായ കരോളിൻ ഡാംസ് പറഞ്ഞു.

മത്സ്യങ്ങളുടെ ഇത്തരം കുടിയേറ്റങ്ങൾ ആവാസവ്യവസ്ഥയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഗവേഷകർ ആശങ്ക ഉന്നയിച്ചിരിക്കുകയാണ്. എത്തിച്ചേരുന്ന പുതിയ മേഖലയിൽ ഈ മത്സ്യങ്ങൾക്ക് ആവശ്യമായ ആഹാരങ്ങൾ ലഭിക്കാതെ വന്നാലോ, അവയുടെ പ്രചനനം കൂടുതലായി നടന്നാലോ ആവാസവ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി.

'ധ്രുവ പ്രദേശങ്ങളിലേക്ക് മാറുന്നതിലൂടെ ചുരുങ്ങിയ കാലത്തേക്ക് ഈ ജീവിവർഗങ്ങൾക്ക് നിലനിൽക്കാൻ സാധിച്ചേക്കാം. എന്നാൽ ഈ മാറ്റങ്ങൾ ഭക്ഷ്യശൃംഖലയെയും ആവാസവ്യവസ്ഥയെയും എങ്ങനെ ബാധിക്കുമെന്ന് കാണേണ്ടതുണ്ടെന്ന് പഠന സംഘത്തിലെ മറ്റൊരു വിദഗ്ധൻ ഷോൺ കില്ലൻ പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ സമുദ്ര ആവാസവ്യവസ്ഥയിൽ ആഗോളതാപനത്തിന്റെ ആഘാതം കൂടുതൽ വഷളാകുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ നിഗമനം. ഇതുമൂലം, ലോകവ്യാപകമായുള്ള ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യങ്ങളുടെ സ്ഥാനചലനം മുൻകൂട്ടി കാണാനുള്ള മനുഷ്യലോകത്തിന്റെ കഴിവ് നിർണായകമാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.



Representational Image: Pexels

കേരളാതീരത്തെ ചൂടു പിടിപ്പിച്ച് ആഗോളതാപനം

കാലാവസ്ഥാ മാറ്റം കേരള തീരത്തെ കടൽ ചൂടുപിടിപ്പിക്കുകയാണ്. കഴിഞ്ഞ 30 വർഷത്തിനുള്ളിൽ അന്തരീക്ഷ ഊഷ്മാവ് ശരാശരി 1-3 ഡിഗ്രി സെൽഷ്യസ് വരെ വർധിച്ചിരിക്കുകയാണ്. ആനുപാതികമായി കടൽ ജലോപരിതലത്തിലും 0.6 ഡിഗ്രി സെൽഷ്യസ് മുതൽ 1 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് കൂടിയിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റ് മാത്രമല്ല മത്സ്യ സമ്പത്ത് കുറയുന്നതിനും ഈ വ്യതിയാനം കാരണമാകും.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സമ്പത്തായിരുന്നു മത്തി. കേരള തീരത്തു നിന്നു ലഭിക്കേണ്ട മത്സ്യസമ്പത്തിന്റെ അളവിൽ വ്യത്യാസം വന്നതായി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് നടത്തിയ പഠനങ്ങളിൽ വെളിപ്പെടുത്തി. അനുയോജ്യമായ ആവാസ വ്യവസഥ എവിടെയുണ്ടോ അവിടേക്ക് നീങ്ങുകയെന്നതാണ് ഏതു ജീവിയും ചെയ്യുന്നത്. കടലിലെ ചൂട് ഒരു ഡിഗ്രി കൂടുമ്പോൾ ജൈവ സമ്പത്ത് 20% കുറയും എന്നാണ് പഠനങ്ങൾ പറയുന്നത്. മത്സ്യങ്ങൾ ചൂടു കുറഞ്ഞ വെള്ളം തേടിപ്പോകുന്നതു മൂലം അവയുടെ ജീവിത ചക്രത്തെത്തന്നെ ബാധിക്കുന്നു.

കടലിലെ ചെമ്മീൻ അവരുടെ ജീവിത ചക്രത്തിനിടയിൽ ഒരിക്കലെങ്കിലും കായൽ മേഖലയിൽ വരാറുണ്ട്. കുറച്ച് കാലം കായലിൽ കഴിഞ്ഞ് അവർ കടലിലേക്ക് മടങ്ങും. കേരളത്തിലെ കായൽ മേഖലയിൽ ഇത്തരത്തിൽ വലിയ തോതിൽ ചെമ്മീൻ ലഭ്യതയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കായലിന്റെ സ്വഭാവം മാറി. ആവാസ വ്യവസ്ഥയിൽ മാറ്റമുണ്ടായി. തല്ഫലമായി കടലിൽ നിന്നു കായലിലേക്കുള്ള ചെമ്മീന്റെ വരവ് കുറഞ്ഞു. കടലിലെ സസ്യ പ്ലവഗങ്ങളാണ് ചെറു മത്സ്യങ്ങളുടെ ആഹാരങ്ങൾ. കടൽ ജലത്തിനു ചൂട് കൂടിയതോടെ സസ്യ പ്ലവഗങ്ങളുടെ നാശത്തിന് കാരണമായി. ചെറു മത്സ്യങ്ങൾക്ക് ഭക്ഷണമില്ലാതായി. മത്സ്യങ്ങളുടെ വൻ ശോഷണത്തിനും കടലിൽ വലിയ തോതിൽ ജൈവ സമ്പത്ത് കുറയുന്നതിനും ഇത് കാരണമാകുന്നു.



#Environment
Leave a comment