TMJ
searchnav-menu
post-thumbnail

Environment

ഭൂമിയെ തണുപ്പിക്കുന്ന വനങ്ങള്‍ക്ക് മിന്നലുകള്‍ ഭീഷണിയാകുന്നു

28 Nov 2023   |   2 min Read
രാജേശ്വരി പി ആർ

കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ വടക്കന്‍ മേഖലയിലെ വനങ്ങളെ കത്തിനശിപ്പിച്ചതിനു കാരണം മിന്നലാണെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. കാനഡ, യൂറോപ്പ്, ജപ്പാന്‍, യുഎസ് തുടങ്ങിയ ഉത്തരാര്‍ദ്ധ ഗോളത്തിലെ സമശീതോഷ്ണ മേഖലകളിലെ വനങ്ങള്‍ക്കാണ് മിന്നലുകള്‍ ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം മിന്നലുകള്‍ കാട്ടുതീയുടെ സാധ്യത വരുംകാലങ്ങളില്‍ വര്‍ധിപ്പിക്കുമെന്നുമാണ് പഠനം വ്യക്തമാക്കുന്നത്. ആംസ്റ്റര്‍ഡാമിലെ വ്രിജെ യൂണിവേഴ്‌സിറ്റി, ജിയാങ്‌സു അക്കാദമി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്, യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ (യുഎഇ), ബെസീറോ കാര്‍ബണ്‍ ലിമിറ്റഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരുമായി സഹകരിച്ച് സ്‌കൂള്‍ ഓഫ് എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റിലെ ഡോ. ഡെക്ലാന്‍ ഫിന്നിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. 

കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള തീപിടുത്തങ്ങളുടെ എണ്ണം കുറഞ്ഞുവെങ്കിലും, ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്കു പുറത്തുള്ള വനമേഖലകളില്‍ തീപിടുത്തത്തിന്റെ തോത് ഗണ്യമായി ഉയര്‍ന്നു. ലോകത്തിന്റെ വടക്കന്‍ മേഖലകളില്‍ ഉണ്ടായ അഗ്‌നിബാധയുടെ പ്രധാനകാരണം മിന്നലാക്രമണമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

മെഷീന്‍ ലേണിംഗ് ടൂളുകള്‍ ഉപയോഗിച്ച് കാട്ടുതീയുടെ ജ്വലനസ്രോതസ്സുകള്‍ അടയാളപ്പെടുത്തി പുതിയ ഭൂപടം വികസിപ്പിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. മരങ്ങളും മണ്ണും കത്തുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കൊടുങ്കാറ്റുകളും മിന്നലുകളും വര്‍ധിപ്പിക്കുമെന്നും പഠനം പറയുന്നു. ആഗോളതലത്തില്‍ മിന്നല്‍ ജ്വലന സ്രോതസ്സുകളെപ്പറ്റിയുടെ ആദ്യ പഠനമാണിതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. 

REPRESENTATIVE IMAGE | WIKI COMMONS
മിന്നല്‍ ജ്വലനം

ലോകത്തിലെ 77 ശതമാനം വനമേഖലകളിലും തീപിടുത്തമുണ്ടായതിനു കാരണം മിന്നല്‍ ജ്വലനമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. മിന്നല്‍ മൂലമുണ്ടാകുന്ന തീപിടുത്തം അതിവേഗം വലിയ അഗ്നിബാധകളായി മാറുകയാണ് പതിവ്. ഭൂമിക്കു മുകളിലൂടെ ഒരു ഇടിമിന്നല്‍ കടന്നുപോകുമ്പോള്‍ ആയിരക്കണക്കിന് മിന്നലാക്രമണങ്ങളും നൂറുകണക്കിന് ചെറിയ തീപിടുത്തങ്ങളും ഉണ്ടാകുന്നതായി ഗവേഷകരില്‍ ഒരാളായ ആംസ്റ്റര്‍ഡാമിലെ വ്രിജെ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ സാണ്ടര്‍ വെരാവര്‍ബെക്ക് പറയുന്നു. 

കാലാവസ്ഥാ മാതൃകകള്‍ ഉപയോഗിച്ച്, ആഗോളതാപനത്തിന്റെ ഓരോ ഡിഗ്രിയിലും വടക്കന്‍ വനങ്ങളില്‍ മിന്നലിന്റെ തീവ്രത 11 മുതല്‍ 31 ശതമാനം വരെ വര്‍ധിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഉഷ്ണമേഖലാ വനങ്ങള്‍ ഊഷ്മളവും വരണ്ടതുമായ കാലാവസ്ഥയുടെ സംയോജിത പ്രത്യാഘാതങ്ങള്‍ക്ക് ഇരയാകുന്നതോടെ മിന്നലാക്രമണം വഴിയുള്ള ജ്വലനസാധ്യതയും വര്‍ധിപ്പിക്കുന്നതായി ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ ഡോ. മാത്യു ജോണ്‍സ് പറഞ്ഞു. 

ഈ വര്‍ഷം കാനഡയില്‍ മാത്രം 6,500 ലധികം തീപിടുത്തങ്ങളാണ് ഉണ്ടായത്. ഏകദേശം 18 ദശലക്ഷം ഹെക്ടര്‍ (45 ദശലക്ഷം ഏക്കര്‍) വനഭൂമിയാണ് കത്തിനശിച്ചത്. ഇതേത്തുടര്‍ന്നുണ്ടായ പുക കാനഡയ്ക്കു പുറമെ യുഎസിന്റെ പ്രധാന നഗരങ്ങളിലേക്കും അറ്റ്‌ലാന്റിക്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ ഭാഗങ്ങളിലേക്കും വ്യാപിച്ചു.
 
REPRESENTATIVE IMAGE | WIKI COMMONS
കാര്‍ബണ്‍ സംഭരിച്ച് ഉഷ്ണമേഖലാ വനങ്ങള്‍ 

വനമേഖലയിലെ സസ്യങ്ങളും മണ്ണും വലിയ തോതിലാണ് കാര്‍ബണ്‍ സംഭരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ മേഖലയില്‍ തീപിടുത്തമുണ്ടാകുമ്പോള്‍ വലിയ അളവില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മറ്റ് ഹരിതഗൃഹ വാതകങ്ങളും പുറന്തള്ളപ്പെടുന്നു. ആഗോളതലത്തില്‍ തീയില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ എട്ടു ശതമാനത്തിലധികം പുറന്തള്ളുന്നത് ഉഷ്ണമേഖലാ വനങ്ങളിലെ അഗ്നിബാധയിലൂടെയാണ്. 

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മണ്ണിലെ പെര്‍മാഫ്രോസ്റ്റ് ഉരുകുന്നതില്‍ നിന്നും പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളിലൂടെ തീപിടുത്ത സാധ്യത 30 ശതമാനം വരെ വര്‍ധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭൂമി ചൂടാകുന്നതനുസരിച്ച് കൂടുതല്‍ തീപിടുത്തങ്ങള്‍ ഉണ്ടാകുമെന്നും കാട്ടുതീ മൂലമുണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തെ ശക്തിപ്പെടുത്തുമെന്നും  ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

 

#Environment
Leave a comment