TMJ
searchnav-menu
post-thumbnail

Environment

വർധിക്കുന്ന നദീജല ബാഷ്പീകരണം; വെള്ളപ്പൊക്കത്തിന് കാരണം കണ്ടെത്തി പഠനം

10 May 2023   |   3 min Read
അനിറ്റ് ജോസഫ്‌

1985 നും 2020 നും ഇടയിൽ, മൺസൂൺ കാലത്ത് രാജ്യത്തുണ്ടായ വെള്ളപ്പൊക്കത്തിനു കാരണം കൂടിയ അളവിലുള്ള നദീജല ബാഷ്പീകരണം മൂലമാണെന്ന് പുതിയ പഠനം വെളിപ്പെടുത്തി. 2013 ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിനും 2018 ലെ കേരളത്തിലെ വെള്ളപ്പൊക്കത്തിനും ഈ പ്രതിഭാസം കാരണമായെന്നാണ് കമ്മ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെന്റ് ജേർണലിന്റെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച പഠനം തെളിയിക്കുന്നത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗാന്ധിനഗർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെകനോളജി ശ്രീനഗർ, വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള കാലാവസ്ഥ വിദഗ്ധർ സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ചൂടു കൂടുന്നതോടെ കൂടുതൽ നദീജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയരുകയും ഭാവിയിൽ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. കൂടുതൽ നീരാവി ഉൾക്കൊള്ളുന്ന അന്തരീക്ഷം ചുരുങ്ങിയ കാലയളവിൽ അതിതീവ്ര മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുമെന്നും പഠനത്തിൽ നിരീക്ഷിക്കുന്നു.

യൂറോപ്യൻ റീ അനാലിസിസിൽ നിന്ന് ശേഖരിച്ച ഉയർന്ന റെസല്യൂഷനുള്ള അന്തരീക്ഷ ഫീൽഡുകളും ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണ റിപ്പോർട്ടുകളും യുഎസിലെ കൊളറാഡോ സർവകലാശാലയിലെ ഡാർട്ട്മൗത്ത് ഫ്‌ളഡ് ഒബ്‌സർവേറ്ററിയിൽ നിന്നുള്ള ഡാറ്റാബേസും ഉപയോഗിച്ചാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ മൺസൂൺ സീസണിലെ വെള്ളപ്പൊക്കത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്ന ആദ്യത്തെ സമഗ്ര പഠനമാണിത്.


Representational Image: PTI

തീവ്രത വെളിപ്പെടുത്തി കണക്കുകൾ

'1951 മുതൽ 2020 വരെ ഇന്ത്യയിൽ 596 തവണ അമിത നദീജല ബാഷ്പീകരണം നടന്നതായാണ് കണ്ടെത്തൽ. ഈ പ്രതിഭാസം 95 ശതമാനവും വേനൽക്കാലത്താണ് നടന്നിരിക്കുന്നത്. അതായത് ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള സമയം,' പഠനസംഘത്തിലെ അംഗമായ ഗാന്ധിനഗർ ഐഐടിയിലെ പ്രൊഫസർ ശാന്തി ശ്വരൂപ് പറഞ്ഞു.

നദീജലം നീരാവിയാകുന്ന പ്രതിഭാസത്തിന്റെ 54 ശതമാനം വർധിച്ചിരിക്കുന്നത് അടുത്തടുത്തായുള്ള കാലഘട്ടങ്ങളിലാണ്. അതായത് 1991നും 2020നും ഇടയിൽ. ഈ കണക്കുകൾ കൂടിവരുന്ന ആഗോളതാപനവും ജലബാഷ്പീകരണവും തമ്മിലുള്ള ബന്ധത്തെ എടുത്തുകാണിക്കുന്നു. ഇവയുടെ ആവൃത്തിയും കാഠിന്യവും വരും വർഷങ്ങളിൽ ഇന്ത്യയിൽ വർദ്ധിക്കാനുള്ള പ്രവണതയുണ്ട്. സമീപ കാലങ്ങളിലായി ചൂടു വർധിക്കുന്നതും പ്രതിദിന മഴയുടെ അളവ് കൂടുന്നതും തമ്മിൽ ബന്ധമുണ്ടെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

1985-2020 കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ മരണനിരക്ക് രേഖപ്പെടുത്തിയ 10 വെള്ളപ്പൊക്കങ്ങളിൽ ഏഴെണ്ണം നദിജലം നീരാവിയായതു മൂലമാണെന്നും പഠനം കണ്ടെത്തി. ഈ വെള്ളപ്പൊക്കങ്ങൾ മൂലം ഏകദേശം 9,000ലധികം മനുഷ്യജീവനുകൾ നഷ്ടപ്പെടുകയും കോടിക്കണക്കിന് നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു.

1988 ലെ പഞ്ചാബിലെ വെള്ളപ്പൊക്കം, 1993 ലെ അസമിലെ വെള്ളപ്പൊക്കം, കിഴക്കൻ ഇന്ത്യയിലും ബംഗ്ലാദേശിലും വ്യാപകമായ നാശനഷ്ടമുണ്ടാക്കിയ 2004 ലെ വെള്ളപ്പൊക്കം, 2006ലെ ഗുജറാത്ത് വെള്ളപ്പൊക്കം, 2007 ൽ ഇന്ത്യയുൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യയിൽ 2000 മനുഷ്യജീവനുകൾ നഷ്ടപ്പെട്ട വെള്ളപ്പൊക്കം, 6000 പേരുടെ മരണത്തിനിടയാക്കിയ 2013ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കം, 400 പേരുടെ മരണത്തിനിടയാക്കിയ 2018ലെ കേരളത്തിലെ വെള്ളപ്പൊക്കം, തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ തീവ്രത കൂടിയ നദിജല ബാഷ്പീകരണിന്റെ ഫലമായുണ്ടായതാണ്. വേനൽക്കാലത്ത് നദിയിൽ നിന്നും കൂടുതൽ ജലം നീരാവിയായി പോകുന്നതിനാലാണ് ദക്ഷിണേന്ത്യയിൽ വെള്ളപ്പൊക്കത്തിന്റെ ഭീഷണി കൂടിവരുന്നതെന്നും പഠനം വെളിപ്പെടുത്തി.


Representational Image: PTI

കേരളം വിറങ്ങലിച്ച 2018

മലയാളിയുടെ മഴസങ്കല്പങ്ങൾ മാറിമറിഞ്ഞ വർഷമായിരുന്നു 2018. പ്രതീക്ഷിക്കാതെ പെയ്ത മഴയിലും ഉരുൾപൊട്ടലിലും മലയാളിക്ക് നഷ്ടമായത് 400 ജീവനുകളും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളുമാണ്. ചുട്ടുപൊള്ളുന്ന വേനലിൽ കുളിർമഴയായി എത്തി പിന്നീട് മൺസൂൺ പെയ്ത്തായി മാറുകയും ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ചിറകിലേറി അതിവർഷമായി പെയ്തിറങ്ങുകയും ചെയ്ത മഴ കേരളത്തെ മുക്കിക്കളഞ്ഞു. ആധുനിക കേരളത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൻ പത്തരലക്ഷത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലായി. 46,000 ഹെക്ടറിലെ കൃഷി നശിച്ചു. അണക്കെട്ടുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടിവന്നു. 26 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഒരുമിച്ച് തുറന്നത്. പ്രാഥമിക വിലയിരുത്തൽ പ്രകാരം ഏകദേശം 40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് സംഭവിച്ചത്.    

പരിഹാരമില്ലാതെ ആഗോളതാപനം

അന്തരീക്ഷത്തിലെ കൂടുതൽ ഈർപ്പം കൂടുതൽ ശക്തമായ മഴയ്ക്ക് കാരണമാകുന്നു. എന്നാൽ ഈ ശക്തമായ മഴ ജലസ്രോതസുകൾക്കും കാർഷികമേഖലയ്ക്കും ഒരു ഗുണവും ചെയ്യില്ല. കുറഞ്ഞ സമയത്തിനുള്ളിൽ ലഭിച്ച കനത്ത മഴ ഭൗമോപരിതലത്തിലൂടെ വേഗത്തിൽ ഒഴുകിപ്പോകും ഇതുമൂലം നഗരങ്ങളിലും ഗ്രാമങ്ങളിലും വെള്ളപ്പൊക്ക സാധ്യത കൂടുന്നു. ഇന്ത്യൻ നഗരങ്ങളിലും പട്ടണങ്ങളിലും ഇന്ന് നിലവിലുള്ള അശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങൾക്ക് അതിതീവ്ര മഴയെ ഉൾകൊള്ളാൻ കഴിയാതെ വരുന്നതും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.  

ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില വർധിക്കുന്നതും മഴവെള്ളത്തിന്റെ അളവിനെ കാര്യമായി സ്വാധീനിക്കുന്നു. നീരാവി മർദ്ദത്തിന്റെ വർദ്ധനവ് കാരണം ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള ബാഷ്പീകരണം അടുത്തകാലത്തായി ഗണ്യമായി വർദ്ധിച്ചു. ഉത്തരേന്ത്യയിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഈ പ്രക്രിയ അനുഭവപ്പെട്ടിട്ടുണ്ടെന്നും പഠനം കണ്ടെത്തി.


Representational Image: PTI

'അന്തരീക്ഷം കൂടുതൽ ചൂടാകുകയും, ബാഷ്പീകരണത്തോത് വർധിക്കുകയും ചെയ്യുമ്പോൾ ഈർപ്പം നിലനിർത്താനുള്ള അന്തരീക്ഷത്തിന്റെ ശേഷി വർദ്ധിക്കുന്നു. ഇതെല്ലാം തെളിയിക്കപ്പെട്ട വസ്തുതകളാണ്. ഇതാദ്യമായാണ് ഞങ്ങൾ വെള്ളപ്പൊക്കവും നദീജലത്തിലെ ബാഷ്പീകരണവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നത്. ആഗോളതാപനത്തിന്റെ ആഘാതം ഏതൊക്കെ രീതികളിൽ സംഭവിക്കുമെന്നതിനെക്കുറിച്ച് ഇനിയും കൂടുതൽ പഠനങ്ങൾ ആവശ്യമാണ്,' ഗാന്ധിനഗർ ഐഐടിയിലെ സഹ-ലേഖകനും പ്രൊഫസറുമായ ഡോ വിമൽ മിശ്ര പറഞ്ഞു.

ഡാർട്ട്മൗത്ത് ഫ്ളഡ് ഒബ്‌സർവേറ്ററിയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ദശകത്തിലെ ഓരോ വർഷവും, ഇന്ത്യയുടെ മൊത്തം ഭൂപ്രദേശത്തിന്റെ മൂന്ന് ശതമാനത്തിലധികം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. 1990 നും 2020 നും ഇടയിൽ ഇന്ത്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അയ്യായിരം കോടി ഡോളറിന്റെ (50 ബില്യൺ) നാശനഷ്ടമുണ്ടായതായി ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് റിപ്പോർട്ട് പറയുന്നു.


Representational Image: PTI


അന്തരീക്ഷ താപം വർധിക്കുന്നതിനാൽ നദീജല ബാഷ്പീകരണം മൂലമുള്ള വെള്ളപ്പൊക്കം വരും വർഷങ്ങളിൽ കൂടുതൽ പ്രത്യാഘാതങ്ങൾക്ക് കാരണമാകാം. അതിനാൽ ഇന്ത്യയിൽ മൺസൂൺ കാലത്ത് അതിശക്തമായ മഴയും തുടർന്ന് വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത മനസ്സിലാക്കാൻ സമഗ്രമായ നിരീക്ഷണവും ദുരന്തമുന്നറിയിപ്പ് സംവിധാനങ്ങളും ആവശ്യമാണെന്ന് പഠനസംഘം മുന്നറിയിപ്പ് നല്കുന്നുണ്ട്.  

പ്രളയം സമ്പദ്വ്യവസ്ഥയിലും സമൂഹത്തിലും വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. വരും വർഷങ്ങളിൽ നദീജലബാഷ്പീകരണത്തിന്റെ തോത് മനസ്സിലാക്കി വെള്ളപ്പൊക്ക അപകടസാധ്യതകൾ ലഘൂകരിക്കുന്നത് നിർണായകമാണ്. കൂടാതെ, ഇന്ത്യയിൽ നിലവിലുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനങ്ങളിൽ നദീജല ബാഷ്പീകരണത്തോത് മുൻകൂട്ടി അറിയേണ്ടത് ആവശ്യമാണെന്നും റിപ്പോർട്ടിൽ പ്രതിപാദിച്ചു.


#Environment
Leave a comment