TMJ
searchnav-menu
post-thumbnail

Environment

പ്ലാസ്റ്റിക് ഉത്പാദനത്തിലും മലിനീകരണത്തിലും ഇന്ത്യ മുന്നില്‍

07 Sep 2024   |   2 min Read
എൽക്കാന ഏലിയാസ്

പ്ലാസ്റ്റിക് ഉത്പാദനത്തിലും അവ മൂലമുണ്ടാകുന്ന മലിനീകരണത്തിലും ഇന്ത്യ ഒന്നാമത്. ജേര്‍ണല്‍ നേച്ചറിന്റെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഒരു വര്‍ഷം ലോകം പുറന്തള്ളുന്നത് 57 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണെന്നാണ് പഠനം പറയുന്നത്. സമുദ്രങ്ങളിലും, പര്‍വ്വതങ്ങളിലും വന്‍തോതില്‍ മാലിന്യങ്ങള്‍ കൂടുന്നതായും, അവ അപകടകരമായ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ മൂന്നില്‍ രണ്ട് ശതമാനവും ലോകത്തിന്റെ ദക്ഷിണഭാഗത്ത് നിന്നാണ് പുറന്തള്ളപ്പെടുന്നതെന്നാണ് പഠനം പറയുന്നത്. ലോകമെമ്പാടുമുള്ള 50,000ലധികം നഗരങ്ങളിലും പട്ടണങ്ങളിലുമായി പ്രാദേശികതലത്തില്‍ പുറന്തള്ളുന്ന
മാലിന്യങ്ങള്‍ ഒരു പഠനത്തിനായി നേച്ചര്‍ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അനിയന്ത്രിതമായ ഉത്പാദനത്തെയും ഇവ സൃഷ്ടിക്കുന്ന മലിനീകരണത്തെയും പറ്റി കണ്ടെത്തുന്നത്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
പ്രതിവര്‍ഷം 10.2 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇന്ത്യ പുറന്തള്ളുന്നത്. നൈജീരിയ ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ ഇരട്ടിയിലധികമാണ് ഇത്. പ്ലാസ്റ്റിക് ഉത്പാദനത്തിന്റെ പേരില്‍ പലപ്പോഴും പഴിചാരപ്പെടുന്ന ചൈന നാലാം സ്ഥാനത്താണുള്ളത്. പാകിസ്ഥാന്‍, റഷ്യ, ബംഗ്ലാദേശ്, ബ്രസീല്‍ എന്നിവ ഉള്‍പ്പെടെ എട്ടു രാജ്യങ്ങളാണ് ലോകത്തിലെ പ്ലാസ്റ്റിക് ഉത്പാദനത്തിന്റെയും അവ മൂലമുണ്ടാകുന്ന മലിനീകരണങ്ങള്‍ക്കും മുന്നിലെന്ന് പഠനം പറയുന്നു. 2022ലാണ് ലോകത്തിലെ പകുതിയിലേറെ രാജ്യങ്ങളും പ്ലാസിക് മൂലമുണ്ടാകുന്ന മലിനീകരണത്തിനെതിരെ ആദ്യമായി ഒരു ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നത്.

തെക്കു കിഴക്കന്‍ ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. അതില്‍ ഇന്ത്യയിലെ 25 ദശലക്ഷം ആളുകളും ഉള്‍പ്പെടുന്നുവെന്നാണ് പഠനം പറയുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്നായ സെന്‍ട്രല്‍ പാര്‍ക്കിലെ എംപയര്‍ ബില്‍ഡിംഗിനെ മറയ്ക്കാന്‍ ഏകദേശം 52 മില്യണ്‍ ടണ്‍ മാലിന്യം മതിയാവും. അതില്‍ കൂടുതലാണ് പ്രതിവര്‍ഷം ആഗോളതലത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ലോകജനസംഖ്യയുടെ 15 ശതമാനം ആളുകളും ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിലും ശേഖരിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. ലീഡ്സിലെ പരിസ്ഥിതി എഞ്ചിനീയറിംഗ് പ്രൊഫസറായ കോസ്റ്റല്‍ വെലിസിയുടെ അഭിപ്രായത്തില്‍ നൈജീരിയയിലെ ലാഗോസ് ആണ് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുന്നത്. ന്യൂഡല്‍ഹി, അഗോള, പാകിസ്ഥാനിലെ കറാച്ചി, ഈജിപ്തിലെ അല്‍ഖഹിറ എന്നിവയും പ്ലാസ്റ്റിക് ഉത്പാദനത്തില്‍ പിന്നില്‍ അല്ല.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
കൃത്യമായി സംസ്‌കരിക്കാത്തതും, അലക്ഷ്യമായി വലിച്ചെറിഞ്ഞതുമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിലയിരുത്തിയപ്പോള്‍ ഈ രണ്ട് സാഹചര്യങ്ങളിലും ഉണ്ടാവുന്ന മൈക്രോ പ്ലാസ്റ്റിക്കുകളും നാനോപ്ലാസ്റ്റിക്കുകളും മനുഷ്യര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ നടത്തിയ പഠനം പറയുന്നു. കുടിയ്ക്കാന്‍ ഉപയോഗിക്കുന്ന വെള്ളം വഴി ഹൃദയം, തലച്ചോര്‍ എന്നിവയിലെ മൃദുകോശങ്ങളിലേക്ക് ഇത്തരത്തില്‍ നാനോപ്ലാസ്റ്റിക് വ്യാപിക്കാന്‍ സാധ്യയുണ്ട്. ഇത് മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാനുള്ള സാധ്യതയും ഏറെയാണ്. ആഗോളതലത്തില്‍ നടത്തിയ പരിശോധനയില്‍ ഗ്ലോബല്‍ സൗത്ത് എന്നറിയപ്പെടുന്ന വികസ്വര രാജ്യങ്ങളിലാണ് അപകടകാരികളായ മൈക്രോ പ്ലാസ്റ്റിക്കുകള്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും ഇവ കടന്നുകൂടാന്‍ സാധ്യതയുണ്ടെന്നും പഠനത്തിന്റെ ഭാഗമായ ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത്തരത്തില്‍ നടക്കുന്ന മലിനീകരണം ഗ്രീന്‍ഹൗസ് ഗ്യാസുകളുടെ ഉത്പാദനത്തിനും അതുവഴിയുള്ള കാലാവസ്ഥ വ്യതിയാനത്തിനും കാരണമായേക്കാമെന്ന ആശങ്കയും പങ്കുവയ്ക്കുന്നുണ്ട്. ലോകത്തിലെ പ്ലാസ്റ്റിക് ഉല്‍പ്പാദനം ഇപ്പോഴത്തെ പ്രതിവര്‍ഷം 440 മില്യണ്‍ ടണ്ണില്‍ നിന്നും 1200 മില്യണ്‍ ടണ്‍ ആയി ഉയരുമെന്ന മുന്നറിയിപ്പ് യുണൈറ്റഡ് നേഷന്‍സ് നല്‍കുന്നു. അത് ഭൂമിയെ ഇനിയും കൂടുതല്‍ ശ്വാസംമുട്ടിച്ചേക്കാം.


#Environment
Leave a comment