TMJ
searchnav-menu
post-thumbnail

Environment

കാട്ടാമ്പള്ളി പദ്ധതിയെ വീണ്ടെടുക്കുന്നത് ആർക്കുവേണ്ടി

22 Jul 2024   |   7 min Read
പ്രസൂണ്‍ കിരണ്‍

ആയിരക്കണക്കിന് കർഷകരുടെ ജീവിതമാർഗ്ഗത്തെയും, അയ്യായിരം എക്കറിലധികം ഭൂമിയിലെ കൃഷിയെയും ഇല്ലാതാക്കിയ കാട്ടാമ്പള്ളി ഷട്ടർ തുറന്നത് നാലര പതിറ്റാണ്ട് നീണ്ട സമരങ്ങളുടെ ഫലമായാണ്. ഒരു പതിറ്റാണ്ടിന് ശേഷം, അതേ പദ്ധതി വീണ്ടും തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

5
000 ഏക്കറിലധികം കൃഷിയിടങ്ങൾ, 9000 ടണ്ണോളം നെല്ലുത്പാദനം, ആറായിരത്തിലധികം കർഷക/കർഷകത്തൊഴിലാളികൾ, ആയിരത്തിലധികം വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ, നെല്ല് ശേഖരിക്കുവാനും സംസ്കരിക്കുവാനുമായി സ്ഥാപനങ്ങൾ, അനുബന്ധമായുള്ള ഒട്ടനേകം കാർഷിക വിളകൾ, എല്ലാത്തിനെയും സജീവമായി ഏകോപിപ്പിച്ചിരുന്ന നിരവധി നാട്ടുചന്തകൾ. കണ്ണൂർ ജില്ലയിലെ കാട്ടാമ്പള്ളി മൾട്ടി പർപ്പസ് റെഗുലേറ്റർ കം ബ്രിഡ്ജ് എന്ന പദ്ധതി വരുന്നതിന് മുൻപുള്ള കാട്ടാമ്പള്ളിയുടെ ചിത്രം അതായിരുന്നു. എന്നാൽ 1966 ൽ പ്രാവർത്തികമാക്കിയതോടെ തനതായ ഒരു കാർഷിക സംസ്കാരത്തെ അപ്പാടെ തുടച്ചുനീക്കിയ ഒന്നായി കാട്ടാമ്പള്ളി പ്രൊജക്റ്റ് മാറി. ഒരു വിളയെന്ന സ്വാഭാവിക ഉത്പാദന രീതിയെ മൂന്ന് വിളയെന്ന അത്യുൽപാദന രീതിയിലേക്ക് മാറ്റാം എന്നായിരുന്നു പദ്ധതിയിലൂടെയുള്ള കർഷകർക്ക് നല്കിയിരുന്ന വാഗ്ദാനം. സാധാരണക്കാരായ കർഷകരും, വിവിധ തൊഴിൽ സമൂഹങ്ങളും വ്യാപകമായി അതിലൂടെ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കാലയളവുകളിൽ നടന്നിട്ടുള്ള അത്യനേകം കൃഷിനശീകരണ പദ്ധതികളിൽ ഏറ്റവും പ്രകടമായ ഉദാഹരണമാണ് കാട്ടാമ്പള്ളി.

കണ്ണൂർ കാട്ടാമ്പള്ളി റഗുലേറ്റർ കം ബ്രിഡ്ജ്.
പശ്ചാത്തല പഠനമോ, പ്രായോഗിക നിരീക്ഷണങ്ങളോ ഇല്ലാതെ, ഒന്നിൽ നിന്നും മൂന്നിലേക്കെന്ന അസാധാരണ ശ്രമത്തിന്റെ ഫലമായി സർവ്വനാശം സംഭവിച്ച കാർഷിക ഭൂമിയാണ് കാട്ടാമ്പള്ളിയിലെ തണ്ണീർത്തടങ്ങൾ. എന്നാൽ, അത്തരമൊരു നശീകരണ പദ്ധതി, വീണ്ടും പൊതുപണം ധൂർത്തടിക്കുവാൻ മാത്രമായി സർക്കാർ ചിലവിൽ പുനരുജ്ജീവിപ്പിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ഒരു കോടി ചിലവിൽ മാറ്റി സ്ഥാപിക്കുവാനായി പുതിയ കൂറ്റൻ ഷട്ടറുകൾ സ്ഥലത്ത് എത്തിച്ചുകഴിഞ്ഞു. അപ്പോഴും, ഇത്തരമൊരു കർഷക നശീകരണ പദ്ധതി ആരുടെ ആവശ്യമാണെന്ന ചോദ്യത്തിന് ഇറിഗേഷൻ ഉദ്യോഗസ്ഥർ തന്നെ കൈമലർത്തുകയാണ്. വീണ്ടും രണ്ടര കോടി ചിലവിൽ കാട്ടാമ്പള്ളി റെഗുലേറ്റർ കം ബ്രിഡ്ജ് പരിസരം ബണ്ട് കെട്ടി വെള്ളം വറ്റിച്ചുള്ള അനുബന്ധ സിവിൽ വർക്കുകൾ ചെയ്യിക്കുവാൻ തയ്യാറെടുക്കുകയാണ്  ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്. സമാനതകളില്ലാത്ത നാശം വിതച്ച പദ്ധതിയുടെ പുനപ്രവർത്തികൾ മറ്റൊരു നാശത്തിന്റെ തുടക്കം കൂടിയാകുമെന്നതിൽ സംശയമില്ല. പരമ്പരാഗത കാർഷിക കുലത്തിന്റെ ജനിതകത്തുടർച്ചയെ നിർലജ്ജം തുടച്ചുമാറ്റിയ പദ്ധതി, 6.70 കോടി രൂപ മുതൽമുടക്കിലാണ് വീണ്ടും പുനരുദ്ധരിക്കുന്നത്.

കാട്ടാമ്പള്ളിയുടെ കൈപ്പാട് മേഖലയെ അപ്പാടെ മരുപ്പറമ്പാക്കിയ, തണ്ണീരിടങ്ങൾ നിറയെ ഇടനാടൻ കുന്നുകളുടെ ചുടുശവങ്ങൾ നിറച്ച, അരനൂറ്റാണ്ട് കാലം കൊണ്ട് കാർഷികതയുടെ തലമുറബന്ധത്തെ അശ്ശേഷം ഭേദിച്ച, സാമാന്യനീതിയും പ്രായോഗികതയും തൊട്ടുതീണ്ടാത്ത ഒരു പാരിസ്ഥിതിക-കാർഷിക ദുരന്തത്തെ വീണ്ടും പുത്തൻ കുപ്പായമിടീക്കുന്നത് ആർക്ക് വേണ്ടിയാണ്.

പാശ്ചാത്യരാജ്യങ്ങളിൽ ഒരു തണ്ണീർത്തടം നികത്താനോ, ഒരു തോടിന് ബണ്ട് തീർക്കാനോ പോലും  അഞ്ചോ ആറോ വകുപ്പുകളുടെ ഏകോപനവും, പെർമിഷനും ആവശ്യമാണ്. നീണ്ട നാളത്തെ പഠനവും, ഇംപാക്ട് അസസ്മെന്റും കൃത്യമായി നടക്കാതെ അത്തരമൊരു പ്രവർത്തനം അവിടങ്ങളിൽ സാധ്യവുമാകില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഒരു പഞ്ചായത്ത് മെമ്പർ വിചാരിച്ചാൽ പോലും ഒരു പുഴയുടെ ഒഴുക്കിനെ നിശ്ചയിക്കാമെന്നതാണ് അവസ്ഥ. റീ ബിൽഡ് കേരള ഇനീഷേറ്റീവ് ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു  നശീകരണ പദ്ധതി നടപ്പിലാക്കുന്നതെന്നതാണ് കൗതുകം. പ്രളയാനന്തരം പ്രഖ്യാപിക്കപ്പെട്ട റീ ബിൽഡ് കേരള പദ്ധതിയുടെ ഉദ്ദേശലക്ഷ്യം തന്നെ സുസ്ഥിരമായ പുനസ്ഥാപനം എന്നുള്ളതായിരുന്നു. എന്നാൽ അനുദിനം മാറിവരുന്ന സംസ്ഥാനത്തിന്റെ പ്രത്യേക കാലാവസ്ഥയെ ഒട്ടും പരിഗണിക്കാതെ, അത്തരം സാഹചര്യങ്ങളെ വീണ്ടും ഉത്തേജിപ്പിക്കുന്ന വിധത്തിലാണ് RKI പദ്ധതികളും ഫണ്ട് വിനിയോഗങ്ങളും നടന്നുകൊണ്ടിരിക്കുന്നത്. 2019 ലെ പ്രളയത്തിൽ കാട്ടാമ്പള്ളി മേഖലയിൽ കെട്ടിക്കിടന്ന വെള്ളം ആഴ്ചകൾ എടുത്താണ് വളപട്ടണം പുഴയിലേക്ക് ഒഴുകിത്തീർന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കാട്ടാമ്പള്ളി പദ്ധതിയുടെ പുനരുദ്ധാരണം.

പഴശ്ശി ഡാമിൽ നിന്നും കൃഷിക്കായി വെള്ളം എത്തിക്കുവാനെന്ന പേരിൽ വയലുകളിൽ ഉടനീളം പൂർണ്ണമായും കോൺക്രീറ്റ് ഉപയോഗിച്ച്  സ്ഥാപിച്ച കനാലുകളുടെ ഭാഗം. 

ആറ് പതിറ്റാണ്ടിന്റെ ചരിത്രം
 
1957 ലെ ആദ്യ ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് കാട്ടാമ്പള്ളിയിൽ, 367 മീറ്റർ പാലവും 2.6 കി.മീ അനുബന്ധ റോഡും നിർദ്ദേശിക്കപ്പെട്ടത്. എന്നാൽ സാമ്പത്തികമായി അന്നത്തെ സർക്കാരിന് അത്തരമൊരു പദ്ധതി അപ്രാപ്യമായിരുന്നു. കൃഷി ആവശ്യമാക്കി അതിനെ പരിവർത്തനം ചെയ്താൽ വിവിധ ഫണ്ടുകളുടെ ഏകോപനം സാധ്യമാണെന്ന സാഹചര്യത്തിൽ എത്തുന്നത് അങ്ങനെയാണ്. ഭക്ഷ്യോത്പാദനം പരമാവധി ഉയർത്തുകയെന്ന അക്കാലത്തെ ദേശീയനയം പ്രചോദനമായും, സാധ്യതയായും കണക്കിലെടുക്കപ്പെട്ടു. മാതൃകാപരമായി കൈപ്പാട് കൃഷി നടന്നുപോരുന്ന, വടക്കൻ കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെട്ട ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമിയായിരുന്നു അന്നത്തെ കാട്ടാമ്പള്ളി. അവിടെയാണ്  ഓരുജലം നിയന്ത്രിച്ച് മൂന്ന് വിള സാധ്യമാക്കാമെന്നും, ഇതിലൂടെ കർഷകർക്ക് അതിവേഗ സാമ്പത്തിക അഭിവൃദ്ധി സാധ്യമാകുമെന്നുമുള്ള കള്ളം സർക്കാർ ചിലവിൽ തന്നെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. കർഷക പ്രസ്ഥാനങ്ങൾ തുടക്കത്തിൽ സംശയം പ്രകടിപ്പിച്ചുവെങ്കിലും, കർഷകരുടെ ഉന്നമനം സാധ്യമാകുമെന്ന തെറ്റിദ്ധാരണയിൽ നിർമ്മാണത്തിന്റെ ഭാഗമായി അക്ഷീണം പ്രവർത്തിച്ചു. എന്നാൽ കമ്മീഷൻ ചെയ്ത് രണ്ട് വർഷങ്ങൾ കൊണ്ട് തന്നെ ദുരന്തം പൂർണ്ണമായും വെളിപ്പെട്ടു. അറുപതുകളുടെ അവസാനമെന്നത് കാട്ടാമ്പള്ളിയിൽ സമാനതകളില്ലാത്ത കാർഷിക ദുരന്തമായി തന്നെ മാറി. ഉപ്പ് വെള്ളത്തിനാൽ മാത്രം പരുവപ്പെട്ട മണ്ണ് ജലസ്പർശമില്ലാതെ പൂർണ്ണമായും ഉറച്ചു. ചെളിപ്പാടമായിരുന്ന കൈപ്പാട് നിലം പാറ പോലെയായി മാറി. വിത്തിടാൻ മാർഗ്ഗമില്ലാതായ കർഷകർ പലമാർഗ്ഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടു. പഴശ്ശിയിൽ നിന്നും കൃഷിക്കായി ജലം എത്തിക്കുമെന്ന് പറഞ്ഞെങ്കിലും ഒരു തുള്ളിപോലും കനാലുകൾ വഴി എത്തിയതുമില്ല. അതിന്റെ പേരിൽ കോടികൾ വേറെയും പാഴാക്കപ്പെട്ടു. തുടർന്ന് നെൽകർഷകർ കൂട്ടത്തോടെ നാണ്യവിളകളിലേക്ക് മാറി. അതിന്റെ തുടർച്ചയായാണ് കാട്ടാമ്പള്ളിയിലെ വയലുകളിൽ ആദ്യമായി മണ്ണ് വീഴുന്നത്. പിന്നീടത്, തെങ്ങിൻ തോപ്പായും, കവുങ്ങിൻ തോപ്പായും, വാഴത്തോട്ടമായും പരിണമിച്ചു. പരീക്ഷണങ്ങൾ മാത്രമായിരുന്ന അത്തരം കൃഷികളും പരാജയപ്പെട്ടു. ഉപേക്ഷിക്കപ്പെട്ടതും, താരതമ്യേന വിള കുറഞ്ഞതുമായ നാണ്യവിള തോട്ടങ്ങളാണ് ഇന്ന് നമ്മൾ കാണുന്ന ആയിരക്കണക്കായ വീടുകളായും, അനവധി സ്കൂളുകളായും, എണ്ണമറ്റ ഫാക്ടറികളായും, ഗോഡൗണുകളായും രൂപാന്തരപ്പെട്ടത്. കക്കാട് പുഴയുടെ ഭാഗങ്ങളാണ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങളായി നിലനിൽക്കുന്നത്. കൃഷി നടക്കുന്ന/നടന്നിരുന്ന ജലസംഭരണികളായ വയലുകളിലും, പുഴയിലും മണ്ണിട്ട് നികത്തി സ്ഥാപിച്ച സ്കൂളുകളിൽ ഏത് തരം സയൻസാണ് പഠിപ്പിക്കപ്പെടുന്നതെന്നത് മറ്റൊരു വിഷയം.

ചതുപ്പിൽ മണ്ണിട്ട് നികത്തി സ്ഥാപിച്ച ഗോഡൌണുകളിൽ ഒന്ന്.

ഏറ്റവും കൗതുകകരമായ കാര്യം, കാർഷിക ആവശ്യത്തിനെന്ന പേരിൽ നിർമ്മിക്കപ്പെട്ട കാട്ടാമ്പള്ളി ഷട്ടറിന്റെ കോടികൾ ചിലവഴിച്ചുള്ള പുനർനിർമ്മാണം സംസ്ഥാന കൃഷിവകുപ്പ് അറിഞ്ഞിട്ടുപോലുമില്ല എന്നതാണ്. അയ്യായിരം ഏക്കർ ഭൂമിയിലെ കൃഷി മുച്ചൂടും നശിപ്പിച്ച ഒരു പദ്ധതിയുടെ പുനർനിർമ്മാണം ആണെന്ന് ഓർക്കണം. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലെ രണ്ടോ മൂന്നോ ഉദ്യോഗസ്ഥർ മാത്രമാണ് ഈ പുനർപദ്ധതിയുടെ പിന്നിലെന്ന് സൂചിപ്പിക്കപ്പെടുന്നു. വ്യക്തിപരമായ ഒരു നിർദ്ദേശത്തിന്റെയും താല്പര്യത്തിന്റെയും ചുവടുപിടിച്ച്, അതൊരു ഉത്തരവായി മാറ്റപ്പെടുകയും, മറ്റ് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുകയും, ടെണ്ടർ വിളിച്ച് ജോലികൾ ആരംഭിക്കുകയുമാണ് ചെയ്തിരിക്കുന്നത്. അരനൂറ്റാണ്ട് കാലത്തെ സമരത്തിന് ശേഷം 2009 ൽ കൃഷി മന്ത്രിയായിരുന്ന മുല്ലക്കര രത്നാകരന്റെ കാലത്താണ് ഷട്ടർ തുറപ്പിക്കപ്പെട്ടത്. ആ ഷട്ടർ പുനർനിർമ്മിക്കുവാനാണ് ഒരു വിധ പഠനമോ, കർഷകരുടെ ആവശ്യമോ പോലുമില്ലാതെ 2023-24 കാലത്ത് പൊതുപണം മുടിച്ച് വീണ്ടും കൊണ്ടുവരുന്നത്. ഒരു കോടി ചിലവഴിച്ച് കൊച്ചിയിൽ നിന്നും എത്തിച്ച ഷട്ടർ അനുബന്ധ സാമഗ്രികൾ കാട്ടാമ്പള്ളിയിലെ മഴയത്ത് നിരത്തി വച്ചിട്ടും നമ്മുടെ അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ് വിവരം അറിഞ്ഞത് പോലുമില്ല. കൈപ്പാട് കൃഷി പേപ്പറുകളിൽ മാത്രം നടക്കുന്ന പദ്ധതി പ്രദേശത്ത് നെല്ലും മീനും പദ്ധതിയുടെ പേരിൽ ധൂർത്തടിച്ച് നശിപ്പിച്ച കോടികളുടെ കണക്ക് വേറെയുമുണ്ട്. കർഷകർക്കോ, പൊതുജനങ്ങൾക്കോ ഉപകരിക്കാത്ത ഈ പദ്ധതി ആർക്കൊക്കെയാണ് ഗുണപരമായതെന്നത് വിശദമായ അന്വേഷണം വേണ്ട വിഷയമാണ്. വിസ്തൃതമായ തണ്ണീർത്തടങ്ങളെ ജെസിബി ഉപയോഗിച്ച് നൂറുകണക്കിന് ചെറു കുളങ്ങളാക്കി തുണ്ടുവത്കരിച്ചുവെന്നല്ലാതെ, പദ്ധതി കൊണ്ടുണ്ടായ നേട്ടങ്ങൾ എന്താണെന്നത് സംസ്ഥാന സർക്കാരിന് പോലും അറിയില്ല. ഇത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത പൊതുപണധൂർത്തിന്റെ നിരന്തര പരീക്ഷണ കേന്ദ്രമായ കാട്ടാമ്പള്ളിയിലാണ് ഇത്തരമൊരു പ്രവർത്തി കൂടി നടക്കുന്നത്.

 പഴയ ഷട്ടറുകൾക്ക് പകരമായി ഒരു കോടി രൂപ ചിലവിൽ നിർമ്മിച്ച പുതിയ ഷട്ടറുകൾ പാലത്തിന് സമീപം അടുക്കിവച്ചിരിക്കുന്നു.

ജൈവസമ്പത്തിന്റെ സർവ്വനാശം

കർഷകന്റെ നഷ്ടങ്ങൾക്കും, സർക്കാർ പണത്തിന്റെ ദുരുപയോഗത്തിനുമൊപ്പം തന്നെ ചർച്ചയാവെണ്ട ഒന്നാണ് കാട്ടാമ്പള്ളിയിൽ സംഭവിച്ചിട്ടുള്ള ജൈവനാശം. കൈപ്പാട് കൃഷി അനുബന്ധമായി നിലനിന്നിരുന്ന പാരിസ്ഥിതിക സന്തുലനം പൂർണ്ണമായും നഷ്ടമായി. തണ്ണീർത്തട വിസ്താരങ്ങളിലെ ശുദ്ധജലചതുപ്പുകൾ തേടിയുള്ള കോടാനുകോടി മത്സ്യങ്ങളുടെ പ്രജനനയാത്രകളെ 13 ഷട്ടറിന്റെ ഔദാര്യത്തിലേക്ക് ചുരുക്കുകയായിരുന്നു കാട്ടാമ്പള്ളിയിൽ. ശുദ്ധജലവയൽ പ്രദേശങ്ങൾ തേടി വർഷംതോറും മത്സ്യങ്ങൾ മുട്ടയിടാനെത്തുന്ന നൂറുകണക്കിന് പ്രദേശങ്ങൾ കാട്ടാമ്പള്ളിയിലുണ്ട്. കുന്നുംകൈ, കാഞ്ഞിരത്തറ, ആലോട്ട് വയൽ, കീരിയാട്, കണ്ണാടിപ്പറമ്പ്, ആലിൻകീഴിൽ പോലുള്ള പ്രദേശങ്ങൾ ഷട്ടറുമായി അടുത്ത് നിൽക്കുന്ന ഇടങ്ങളാണ്. എന്നാൽ അത്തരത്തിലുള്ള മത്സ്യസഞ്ചാരങ്ങൾ ഷട്ടർ തുറന്ന കാലയളവിലും വലിയ തോതിൽ നിലച്ചുകഴിഞ്ഞു. മഴയാരംഭത്തിൽ വയലിലേക്കുള്ള മീൻ കയറ്റങ്ങൾ ഓർമ്മയിൽ മാത്രമായിക്കഴിഞ്ഞു. മൂന്നര കിലോമീറ്ററോളം നീളത്തിൽ കാട്ടാമ്പള്ളി മുതൽ നാറാത്ത് വരെ പരന്നുകിടന്ന തണ്ണീർത്തട വിസ്തൃതിയെയാണ് മണ്ണിട്ട് ബണ്ടുണ്ടാക്കി 13 ഷട്ടർ ദ്വാരങ്ങൾ മാത്രമാക്കി മാറ്റിയത്. ഇത് നൂറ്റാണ്ടുകളായി തുടരുന്ന ശുദ്ധജല സഞ്ചാരത്തെ 95% വും ഇല്ലാതാക്കി. നേരിട്ട് പ്രതിപ്രവർത്തിക്കുന്ന പുഴയും വെറ്റ്ലാൻഡ് ഇക്കോ സിസ്റ്റവും രണ്ടായി മാറി. കാട്ടാമ്പള്ളി പോലൊരു സമ്പൂർണ്ണ വെറ്റ്ലാൻഡ് ഇക്കോ സിസ്റ്റം കാട് മുതൽ കടൽ വരെയുള്ള വളപട്ടണം പുഴയുടെ 110 കിലോമീറ്റർ നീളുന്ന സഞ്ചാരത്തിൽ മറ്റൊന്നില്ല. ഇതാണ് സാമാന്യ പാരിസ്ഥിതിക സാക്ഷരത പോലുമില്ലാത്ത ഏതാനും ഉദ്യോഗസ്ഥരാൽ നശിപ്പിക്കപ്പെട്ടത്. അത്തരത്തിലുള്ള ഏതാനും ആളുകളുടെ തീരുമാനത്താൽ നശിപ്പിക്കപ്പെടുന്നത് പതിനായിരക്കണക്കിന് വർഷങ്ങൾ കൊണ്ട് രൂപപ്പെട്ടുവന്നിട്ടുള്ള സ്വാഭാവിക പരിസ്ഥിതിയാണ്. 

മത്സ്യലഭ്യത അനുദിനം കുറഞ്ഞുവരുന്ന കാട്ടാമ്പള്ളി പുഴയോരം.

അനേകായിരം സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രമാണ് കാട്ടാമ്പള്ളി.

പ്രദേശത്തെ സകലകൈത്തോടുകളും, ജല ആഗമന നിർഗ്ഗമന പാതകളും തോന്നുംപടി മണ്ണിട്ടടച്ച ദൃശ്യങ്ങൾ ഉടനീളം കാണാം. യാതൊരു നിയന്ത്രണമോ പഠനമോ ഇല്ലാതെ നിർമ്മിക്കുന്ന എണ്ണമറ്റ സമാന്തര റോഡുകൾ സ്വാഭാവിക ജലസഞ്ചാരത്തെ വലിയതോതിൽ ഇല്ലാതാക്കി. ഒന്നും രണ്ടും കിലോമീറ്റർ അകലമുണ്ടായിരുന്ന വെറ്റ്ലാൻഡുകൾ നികത്തി റോഡുണ്ടാക്കുമ്പോൾ നാലോ അഞ്ചോ മീറ്ററുള്ള ചെറുദ്വാരങ്ങളാണ് ജലബന്ധത്തിനായി ബാക്കി നിർത്തുന്നത്. ഒരു ഭാഗത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഓരോ വേനലിലും ലക്ഷക്കണക്കിന് മത്സ്യങ്ങളും ഇതര ജലജീവികളും ശ്വാസം നിലച്ചും, വരണ്ടും ചത്തൊടുങ്ങും. കാരണം, അവയ്ക്ക് മറുവഴിക്കെത്താനുള്ള തോടുകളും, ചെറുപാലങ്ങളും മഴക്കാലത്തും വേനലിലും മണ്ണിട്ട് മൂടിയ നിലയിലാണ്.  

നൂറുകണക്കിന് സമാന്തര റോഡുകളാണ് കാട്ടാമ്പള്ളി വെറ്റ്ലാൻഡിൽ ഉടനീളമുള്ളത്. അനിയന്ത്രിതമായി നിർമ്മിക്കപ്പെടുന്ന ഇത്തരം റോഡുകൾക്ക് വേണ്ടി ലക്ഷക്കണക്കിന് ലോഡ് മണ്ണാണ്  നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്.

കൈപ്പാട് കൃഷി നടന്നിരുന്ന കാലങ്ങളിൽ എണ്ണിയാലൊടുങ്ങാത്ത ദേശാടന പക്ഷികൾ ഉണ്ടായിരുന്ന കാട്ടാമ്പള്ളിയിൽ സമീപകാലത്ത് മാത്രമാണ് പക്ഷികളുടെ എണ്ണം ഗൗരവമായി ഡോക്യുമെൻറ് ചെയ്യപ്പെട്ടു തുടങ്ങിയത്. അതിനാൽ തന്നെ പദ്ധതിക്ക് മുൻപുള്ള പക്ഷി സമ്പത്ത് അക്കാലത്തെ അപൂർവ്വം കർഷകരുടെ സമ്പന്നമായ ഓർമ്മകൾ മാത്രമായി മാറി. ഷട്ടർ കാലത്തിന് ശേഷം ദേശാടന പക്ഷികളുടെ വരവ് പകുതിയിൽ താഴെയായി ചുരുങ്ങിയിരിക്കുമെന്ന് മുതിർന്ന പക്ഷിഗവേഷകർ സൂചിപ്പിക്കുന്നു. ബേർഡ് ലൈഫ് ഇന്റർനാഷണലും, BNHS ഉം ചേർന്ന് തിരഞ്ഞെടുത്ത കേരളത്തിലെ 24 Important Bird Area (IBA) കളിൽ ഉൾപ്പെട്ട 3 തണ്ണീർത്തടങ്ങളിൽ ഒന്നാണ് കാട്ടാമ്പള്ളി. Greater Spotted Eagle, Indian Spotted Eagle, Imperial Eagle, Steppe Eagle തുടങ്ങി നാലിനം നീർപ്പരുന്തുകളെയും (Aquila Eagles) ഒന്നിച്ചുകാണാവുന്ന ഏക ഇടം കൂടിയാണ് ഇത്. സ്റ്റേറ്റ് വെറ്റ്ലാൻഡ് അതോറിറ്റിയുടെ നേതൃത്വത്തിൽ റാംസർ സൈറ്റായി പ്രഖ്യാപിക്കപ്പെടാൻ വേണ്ടി നിരന്തര പ്രയത്നം നടക്കുന്ന അതിവിശാലമായ നീർത്തടമേഖലയാണിത്. അത്തരമൊരിടത്തെ വീണ്ടും മരുപ്പറമ്പാക്കുന്നതിൽ ഇപ്പോഴും സർക്കാർ വകുപ്പുകൾക്ക് യാതൊരുവിധ അറിവോ പരസ്പരധാരണയോ ഇല്ലയെന്നതാണ് ഏറെ ഖേദകരം. കണ്ടൽക്കാടുകളുടെ നാശവും സമാന്തരമായി നടക്കുന്നുണ്ട്. ഷട്ടറുകളുടെ വശങ്ങളിലുള്ള കണ്ടൽക്കാടുകൾ എല്ലാ വർഷങ്ങളിലും തുടർച്ചയായി വെട്ടിനീക്കപ്പെടുകയും, അവിടങ്ങളിൽ മണ്ണിട്ട് നികത്തി ഫാക്ടറികളും, ഷോപ്പിങ് കോംപ്ലക്സുകളും നിർമ്മിക്കപ്പെട്ടു. വനംവകുപ്പ്  സംരക്ഷിതമെന്ന് ബോർഡ് വച്ച (MRA- Mangrove Reserve Forest) ഇടങ്ങൾ പോലും വ്യാപകമായി നശിപ്പിക്കപ്പെട്ടു.    

കേരളത്തിലെ സുപ്രധാന പക്ഷി സങ്കേതമാണ് കാട്ടാമ്പള്ളി.

കാട്ടാമ്പള്ളി പദ്ധതിയുടെ പുനരുജ്ജീവനം ആർക്കുവേണ്ടി?

കാട്ടാമ്പള്ളിയുടെ കൈപ്പാട് മേഖലയെ അപ്പാടെ മരുപ്പറമ്പാക്കിയ, തണ്ണീരിടങ്ങൾ നിറയെ ഇടനാടൻ കുന്നുകളുടെ ചുടുശവങ്ങൾ നിറച്ച, അരനൂറ്റാണ്ട് കാലം കൊണ്ട് കാർഷികതയുടെ തലമുറബന്ധത്തെ അശ്ശേഷം ഭേദിച്ച, സാമാന്യനീതിയും പ്രായോഗികതയും തൊട്ടുതീണ്ടാത്ത ഒരു പാരിസ്ഥിതിക-കാർഷിക ദുരന്തത്തെ വീണ്ടും പുത്തൻ കുപ്പായമിടീക്കുന്നത് ആർക്ക് വേണ്ടിയാണ്. മറ്റൊരു പൊതുപണനശീകരണ പരീക്ഷണത്തിന്റെ ഭാഗം മാത്രമല്ലയത്. നികത്തിയതും, നികത്താനിരിക്കുന്ന നൂറുകണക്കിന് ഹെക്ടർ വയലുകൾ നിയന്ത്രിക്കുന്ന ഭൂമാഫിയയ്ക്ക് വേണ്ടിയാണ് വീണ്ടും കാട്ടാമ്പള്ളി പദ്ധതി പുനരുദ്ധീകരിക്കുന്നതെന്ന് സാമാന്യ നിരീക്ഷണത്തിൽ തെളിയും. കാരണം, പദ്ധതിയുടെ എക്കാലത്തെയും ഗുണഭോക്താക്കൾ പ്രദേശത്ത് കേന്ദ്രീകരിച്ചിരിക്കുന്ന ഭൂമി കച്ചവടക്കാർ മാത്രമാണ്. മുംബൈ കേന്ദ്രീകരിച്ചുള്ള റിയൽ എസ്റ്റേറ്റ് കമ്പനി കാട്ടാമ്പള്ളി പുല്ലൂപ്പി മേഖലയിൽ  55 ഏക്കർ തണ്ണീർത്തട പ്രദേശം വിവിധ രേഖകളിലായി വാങ്ങിയതായി വാർത്ത പരന്നിരുന്നു. ബോർഡ് പോലുമില്ലാത്ത നിരവധി ദുരൂഹ ഫാക്ടറികൾ കാട്ടാമ്പള്ളിയുടെയും, വളപട്ടണം പുഴയുടെയും കാച്ച്മെന്റ് സോണിൽ നിരവധിയുണ്ട്. പൂർണ്ണമായും വെറ്റ്ലാൻഡ് മണ്ണിട്ട് നികത്തി സർക്കാർ ചിലവിൽ നിർമ്മിച്ച സ്വിമ്മിംഗ് പൂളും, ഹയർസെക്കന്ററി സ്കൂളുകളും, പുല്ലൂപ്പിക്കടവിൽ വെള്ളത്തിൽ മണ്ണിട്ട് നിർമ്മിച്ച ക്ഷേത്രസമുച്ചയങ്ങൾ പോലും കാണാം. തണ്ണീർത്തട സംരക്ഷണ നിയമം നിലനിൽക്കുന്ന കാലയളവിൽ എങ്ങനെയാണ് അത്തരമൊരു നിർമ്മിതി സാധ്യമായതെന്നത് അന്വേഷിക്കപ്പെടുകയുമുണ്ടായില്ല. ഗൂഗിൾ എർത്തിലെ ഉപഗ്രഹ ചിത്രങ്ങളിൽ ഓരോന്നിന്റെയും ചരിത്രം കൃത്യമായും തെളിഞ്ഞുകിടപ്പുണ്ട്. വെറ്റ്ലാൻഡുകളിൽ നടക്കുന്ന അനധികൃത നിർമ്മിതികളോട് പ്രത്യേക മമതയുള്ള അധികൃതരാൽ ഇക്കാര്യങ്ങൾ പരിശോധിക്കപ്പെടുകയില്ലെന്ന കാര്യം വ്യക്തവുമാണ്.

 കാട്ടാമ്പള്ളി മേഖലയിൽ നടക്കുന്ന നൂറുകണക്കിന്  തണ്ണീർത്തടം നികത്തലുകളിൽ ഒന്നാണിത്. ആദ്യത്തെ ചിത്രം 2012ൽ കെഎസ്കെടിയു കൊടിവച്ച് സമരം ചെയ്യുന്നതാണ്. ഏതാനും വർഷങ്ങൾക്ക് ശേഷമുള്ള രണ്ടാമത്തെ ചിത്രത്തിൽ ആ സ്ഥലം പിന്നീട് പൂർണ്ണമായും നികത്തിയതായും കാണാം.

'പ്രളയപുനരധിവാസ ഫണ്ട്' ഉപയോഗിച്ച്  ഷട്ടർ പഴയകാലത്തെന്ന പോലെ വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള ദുരൂഹശ്രമമാണ് ഇപ്പോൾ നടക്കുന്നത്. നികത്തി വിൽപ്പനയ്ക്ക് വച്ച കോടികളുടെ ഭൂവ്യവഹാരങ്ങൾക്കും, ചതുപ്പിൽ മണ്ണിട്ടുയർത്തിയ നൂറുകണക്കിന് കെട്ടിടങ്ങൾക്കും വേണ്ടി വീണ്ടും തണ്ണീരിടം വറ്റിക്കൽ പദ്ധതി തുടരുമ്പോൾ യാതൊരുവിധ പാരിസ്ഥിതികാഘാത പഠനവും ഇവിടെ ആലോചനാ വിഷയമാകുന്നതേയില്ല. സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ ഭാഗമായി തുറക്കപ്പെട്ട, അഥവാ, ഫലത്തിൽ ഉപേക്ഷിക്കപ്പെട്ട ഷട്ടർ വീണ്ടും എങ്ങനെയാണ് പുനർ നിർമ്മാണത്തിലേക്ക് എത്തിച്ചേർന്നതെന്നത് പ്രത്യേക അന്വേഷണം വേണ്ട വിഷയമാണ്. കാട്ടാമ്പള്ളിയിൽ വേണ്ടത് പൂർണ്ണ ഗതാഗത സ്വാതന്ത്ര്യമുള്ള വീതിയേറിയ പുതിയ പാലമാണ്. നിലനിൽക്കുന്ന ഷട്ടറുകൾ പൂർണ്ണമായും പൊളിച്ചുമാറ്റിക്കൊണ്ട്, പുഴയുടെ ഒഴുക്ക് പരമാവധി പുനസ്ഥാപിച്ചുകൊണ്ടാണത് സാധ്യമാക്കേണ്ടത്. കാലാഹരണപ്പെട്ടതും അവതരിപ്പിക്കപ്പെട്ട ഇടങ്ങളിലെല്ലാം കടുംപാരിസ്ഥിതിക നാശം വിതച്ചതുമായ ഷട്ടർ സംവിധാനമെന്ന ഭീമാബദ്ധത്തെ വേരോടെ പറിച്ചുകളഞ്ഞ് സ്വാഭാവിക ജീവജലസഞ്ചാരത്തെ സ്വതന്ത്രമാക്കി നിലനിർത്തുന്നതിന് പകരം, പതിറ്റാണ്ടുകളുടെ കർഷകശാപത്തിന്റെ കണ്ണുനീരേറ്റ് ദ്രവിച്ച ഇരുമ്പ് പാളികൾ പുനഃസ്ഥാപിച്ചുകൊണ്ട് ഒരു ദേശത്തെ വരണ്ട ഭൂമിയാക്കുവാൻ ഇനിയും തിടുക്കമാർക്കാണ്.


ചിത്രങ്ങൾ : പ്രസൂൺ കിരൺ 



#Environment
Leave a comment