TMJ
searchnav-menu
post-thumbnail

Environment

സമുദ്രത്തെ വിഴുങ്ങി പ്ലാസ്റ്റിക്; ഓരോ മിനിറ്റിലും ഒരു ട്രക്ക് മാലിന്യം 

04 May 2024   |   3 min Read
രാജേശ്വരി പി ആർ

രോ മിനിറ്റിലും ഒരു ട്രക്കിന് തുല്യമായ പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തിലേക്ക് വലിച്ചെറിയപ്പെടുന്നതായി പഠന റിപ്പോര്‍ട്ട്. ഓസ്ട്രേലിയയുടെ ദേശീയ ശാസ്ത്ര ഏജന്‍സിയായ സിഎസ്ഐആര്‍ഒ, കാനഡയിലെ ടൊറന്റോ സര്‍വകലാശാല എന്നിവിടങ്ങളിലെ 11 ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. നിലവില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ 11 ദശലക്ഷം ടണ്‍ വരെ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകിടക്കുന്നതായി ഗവേഷകര്‍ പറയുന്നു. എന്‍ഡിങ് പ്ലാസ്റ്റിക് വേസ്റ്റ് മിഷന്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് പഠനം നടത്തിയത്. 

2040 ഓടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇരട്ടിയാകാന്‍ സാധ്യതയുള്ളതായാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം സമുദ്രജീവികള്‍ക്കും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാകുകയാണ്. സമുദ്രത്തിന്റെ അടിത്തട്ടില്‍ എത്രമാത്രം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്തുന്നു എന്നതാണ് പഠനത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നതെന്ന് സിഎസ്ഐആര്‍ഒ യിലെ സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റായ ഡോ. ഡെനിസ് ഹാര്‍ഡെസ്റ്റി പറയുന്നു. സമുദ്രോപരിതലത്തില്‍ എത്തുന്ന മാലിന്യങ്ങളാണ് പിന്നീട് അടിത്തട്ടിലേക്കും എത്തുന്നത്. മാലിന്യങ്ങള്‍ സമുദ്രത്തിലെത്തുന്നത് തടയാന്‍ കഴിഞ്ഞാല്‍ മാലിന്യത്തോത് കുറയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഗവേഷകര്‍ പറയുന്നു. 

സമുദ്രത്തിന്റെ അടിത്തട്ടിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് സമുദ്രോപരിതലത്തില്‍ ഉള്ളവയേക്കാള്‍ 100 മടങ്ങ് കൂടുതലായിരിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ടൊറന്റോ സര്‍വകലാശായിലെ പിഎച്ച്ഡി കാന്‍ഡിഡേറ്റായ ആലീസ് ഷു ചൂണ്ടിക്കാട്ടി. സമുദ്രോപരിതലത്തില്‍ കാണുന്ന പ്ലാസ്റ്റിക്കിനു പുറമെ സമുദ്രത്തിന്റെ അടിത്തട്ട് പ്ലാസ്റ്റിക് മാലിന്യത്തിന്റെ സംഭരണകേന്ദ്രമായി മാറിയതായും ഗവേഷകര്‍ പറയുന്നു. റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിളുകള്‍ ഉള്‍പ്പെടെയുള്ളവയാണ് സമുദ്രത്തിന്റെ അടിത്തട്ടിലെ പ്ലാസ്റ്റിക്കിന്റെ അളവ് കണക്കാക്കാന്‍ ഉപയോഗിച്ചത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള ആഗോള നടപടിയുടെ അടിയന്തരമായ ആവശ്യകതയിലേക്കാണ് പഠനം വിരല്‍ചൂണ്ടുന്നത്. പ്ലാസ്റ്റിക്കിന്റെ അമിതമായ അളവ് കാലാവസ്ഥാ പ്രതിസന്ധിയെ ത്വരിതപ്പെടുത്തുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനും വേര്‍തിരിച്ചെടുക്കാനുമുള്ള സമുദ്രത്തിന്റെ ശേഷിയെ ഇത് തടസ്സപ്പെടുത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

*
REPRESENTATIVE IMAGE | WIKI COMMONS
ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന പ്ലാസ്റ്റിക് 

2005 മുതല്‍ പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റികിന്റെ തോതില്‍ അഭൂതപൂര്‍വമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2040 ആകുമ്പോഴേക്കും ഇത് മൂന്നിരട്ടിയാകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സമുദ്രങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഓര്‍ഗനൈസേഷനായ 5 ഗയേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് 2040 ഓടെ 2.6 മടങ്ങ് വര്‍ധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സമുദ്രത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന മാലിന്യമാണ് മൈക്രോ പ്ലാസ്റ്റിക്. സമുദ്രത്തിന്റെ ഗതിയെ മാത്രമല്ല സമുദ്രജീവികളുടെ ജീവനുതന്നെ ഭീഷണിയാകുന്നവയാണ് മൈക്രോ പ്ലാസ്റ്റിക്കുകള്‍. 

സമുദ്രത്തിന്റെ ഓരോ ചതുരശ്ര കിലോമീറ്ററിലും ആയിരക്കണക്കിന് മാലിന്യങ്ങള്‍ ഒഴുകി നടക്കുന്നതായി കണക്കാക്കപ്പെടുന്നു. ഓരോ വര്‍ഷവും ഏകദേശം എട്ട് ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രത്തില്‍ എത്തിച്ചേരുന്നതായി കണക്കാക്കപ്പെടുന്നു. 2050 ആകുമ്പോഴേക്കും പ്ലാസ്റ്റിക്കുകള്‍ സമുദ്രത്തിലെ മത്സ്യങ്ങളെക്കാള്‍ കൂടുതലായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്ലാസ്റ്റിക്കിന്റെ അമിതഭാരം സമുദ്രോപരിതലത്തിലെ ഉയര്‍ന്ന താപനിലയ്ക്കും മേഘവിസ്ഫോടനം, അതിതീവ്രമഴ, വെള്ളപ്പൊക്കം എന്നിവയ്ക്ക് കാരണമാകുന്നതായും പഠനങ്ങള്‍ പറയുന്നു. 

വെള്ളത്തില്‍ ഒഴുകി നടക്കുന്നതും അടിത്തട്ടില്‍ അടിയുന്നതുമായ പ്ലാസ്റ്റിക്കുകള്‍ ജലജീവികളുടെ നിലനില്‍പ്പിനെ ബാധിക്കുന്നതോടൊപ്പം തന്നെ ഇവയുടെ പ്രത്യുല്പാദനത്തെയും തടസ്സപ്പെടുത്തും. മീനുകള്‍ മുട്ടയിടുന്ന അടിത്തട്ടിനെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നശിപ്പിക്കുന്നതോടെ മത്സ്യസമ്പത്തിനും നാശംവരും. കൂടാതെ വെള്ളത്തിലെ ഓക്സിജന്റെ അളവ് ഇല്ലാതായി ജലജീവികളുടെ വംശനാശത്തിനും കാരണമാകുന്നു. കടലിലെ പവിഴപ്പുറ്റുകള്‍ക്ക് പുറമെ കടല്‍ജീവിയായ സീവീഡ് 70 ശതമാനം ഓക്സിജനും ഫൈറ്റോപ്ലാന്‍ഗ്ടന്‍ 50 ശതമാനം ഓക്സിജനും ഉല്പാദിപ്പിക്കുന്നു. എന്നാല്‍ കടലില്‍ വന്നടിയുന്ന പ്ലാസ്റ്റിക്കുകള്‍ ഓക്സിജന്റെ ഉല്പാദനപ്രക്രിയയെയും ബാധിക്കുന്നു.

REPRESENTATIVE IMAGE | WIKI COMMONS
ഭൂമിയെ വിഴുങ്ങുന്ന മൈക്രോ പ്ലാസ്റ്റിക് 

സമുദ്രത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന മാലിന്യമാണ് മൈക്രോ പ്ലാസ്റ്റിക്. അഞ്ച് മില്ലീമീറ്ററില്‍ താഴെ വലുപ്പമുള്ള പ്ലാസ്റ്റിക് കണികകളെയാണ് മൈക്രോ പ്ലാസ്റ്റിക് എന്ന് വിളിക്കുന്നത്. മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഏറ്റവും അധികം കാണപ്പെടുന്നത് വെള്ളത്തിലും സമുദ്രത്തിലുമാണ്. കുടിവെള്ള ശീതള പാനീയ കുപ്പികള്‍, മീന്‍വലകള്‍, പ്ലാസ്റ്റിക് കവറുകള്‍, വാഹനങ്ങളുടെ ടയറുകള്‍ റോഡില്‍ ഉരയുമ്പോള്‍ വരെ പ്ലാസ്റ്റിക് കണികകള്‍ ഉണ്ടാകുന്നു. അടുത്തിടെ മനുഷ്യരക്തത്തിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ മൃതകോശങ്ങളെ ഉരച്ചുനീങ്ങുന്നതിനായി ഫേസ് വാഷുകളിലും സ്‌ക്രബുകളിലും മൈക്രോപ്ലാസ്റ്റിക് കണികകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ജപ്പാനിലെ ഫുജി പര്‍വതത്തിനും ചുറ്റുമുള്ള മേഘങ്ങളിലും മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രകൃതിയില്‍ വിവിധ തരത്തില്‍ എത്തുന്ന മൈക്രോ പ്ലാസ്റ്റിക്കുകള്‍ വിഘടിക്കാതെ ദീര്‍ഘകാലം നിലനില്‍ക്കുന്നു. ഇത് സമുദ്രത്തിന്റെ ഗതിയെ മാറ്റുന്നതോടൊപ്പം ജലജീവികളുടെ ആന്തരികാവയവങ്ങളെ കൂടി പ്രതികൂലമായി ബാധിക്കുന്നു. 

ഭക്ഷണത്തിലൂടെയും ശ്വസനത്തിലൂടെയും മനുഷ്യരുടെയും മൃഗങ്ങളുടെയും ആന്തരികാവയവങ്ങളില്‍ മൈക്രോ പ്ലാസ്റ്റിക്കുകള്‍ എത്തിച്ചേരുന്നു. ലോകവ്യാപകമായി സമുദ്രത്തിലുടനീളമുള്ള മൈക്രോ പ്ലാസ്റ്റിക്കുകളുടെ ക്രമാതീതമായ വര്‍ധന പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം എന്നതിനുള്ള സൂചന കൂടിയാണ്. വേണ്ടത്ര ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ അടുത്ത 10 മുതല്‍ 15 വര്‍ഷംകൊണ്ട് സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് മൂന്ന് മടങ്ങ് വര്‍ധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.


#Environment
Leave a comment