ഹിമ ധ്രുവത്തിലെ മഞ്ഞുരുകലും ആഗോളതാപനവും
കൊടും തണുപ്പിന്റെ കൂടാരമെന്ന വിശേഷണം ഹിമധ്രുവമായ അന്റാർട്ടികിന് സ്വന്തമായിരുന്നു. മഞ്ഞുപാളികളാൽ ചുറ്റപ്പെട്ട ഭൂഖണ്ഡം. പരീക്ഷണങ്ങളും പഠനങ്ങളും സജീവമായ പ്രദേശം. എന്നാൽ വർഷങ്ങളായുള്ള അന്റാർട്ടികിലെ മഞ്ഞുരുകൽ ആണ് ആഗോളതലത്തിൽ ഇപ്പോൾ ഏറ്റവും ചൂടുള്ള ഒരു ചർച്ചാവിഷയം. അന്റാർട്ടിക്കിൽ കടലിലെ മഞ്ഞുരുകൽ വേഗത്തിലാകുന്നുവെന്നാണ് ശാസ്ത്രലോകത്തിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ഹിമസാന്നിദ്ധ്യം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിലെ ചൂട് വർധിക്കുന്നതിന്റെ ബാക്കിപത്രമാകുന്ന ഇത്തരം പ്രകിയകൾ മനുഷ്യരാശിക്ക് നൽകുന്ന മുന്നറിയിപ്പുകളാണ്. മഞ്ഞുപാളിയുടെ കൃത്യമായ അളവുകൾ രേഖപ്പെടുത്താൻ തുടങ്ങിയതിൽ വെച്ച് ഏറ്റവും കുറഞ്ഞ അളവാണ് ഇപ്പോൾ ലഭ്യമാകുന്നത്. ഫെബ്രുവരി 13ന് 1.91 മില്യൺ ചതുരശ്ര കിലോമീറ്റർ മഞ്ഞ് ഉരുകിത്തീർന്നിരിക്കുകയാണ്. ഈ പ്രദേശത്തെ ഏറ്റവും വേഗത്തിലുള്ള മഞ്ഞുരുകൽ എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 2022ൽ ഇത്രയും മഞ്ഞുരുകിത്തീർന്നത് ഫെബ്രുവരി 25ഓടെയായിയിരുന്നു. കാലങ്ങളായി ഹിമപാളികൾ ഉരുകുന്നതുപോലെ തന്നെ കടലിലെ മഞ്ഞുരുകലും ആശങ്കയുയർത്തുകയാണ്.
എന്താണ് അന്റാർട്ടികിലെ ഹിമ സമുദ്രങ്ങൾ? ഭൂമിയുടെ നിലനിൽപ്പിനെ ഈ സമുദ്രങ്ങൾ സഹായിക്കുന്നതെങ്ങനെയാകാം. എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. നാല് സമുദ്രങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. ഈ സമുദ്രങ്ങളിലെ മഞ്ഞിന്റെ സാന്നിധ്യം കൂടിയും കുറഞ്ഞുമിരിക്കും. എല്ലാ വർഷവും ശൈത്യകാലത്ത് കടൽ വെള്ളം ഹിമമായി രൂപപ്പെടുന്നു. സെപ്തംബർ മാസത്തോടെയായിരിക്കും ഇത്തരത്തിൽ മഞ്ഞിന്റെ സാന്നിധ്യം കൂടുതലായി കാണപ്പെടുക. വേനൽക്കാലമാകുന്നതോടെ ഡിസംബർ ഫെബ്രുവരി മാസങ്ങളിൽ ഈ മഞ്ഞ് ഉരുകുകയും ചെയ്യും. ഇത്തരത്തിൽ ഫെബ്രുവരിയോടെ മാത്രമുരുകിത്തീരേണ്ട മഞ്ഞ്കട്ടകൾ ഈ വർഷം അതിവേഗം ഉരുകിത്തീരുന്നുവെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. ആഗോളതാപനത്തിന്റെ ഫലമായി സമുദ്രജലത്തിന്റെ താപനില വർധിച്ചതിനാലാകാം മഞ്ഞുരുകൽ വേഗത്തിലായതെന്നാണ് വിദഗ്ദർ നൽകുന്ന കാരണം.
കടലിലെ ഹിമസാന്നിധ്യം അളക്കുന്നത് എങ്ങനെ?
മഞ്ഞ് കൂടിക്കിടക്കുന്ന പ്രദേശത്തിന്റെ വിസ്തീർണമനുസരിച്ചാണ് അവയുടെ അളവ് കണ്ടെത്തുക. ഇത്തരത്തിൽ കട്ടിയിൽ ഉറച്ചുകിടക്കുന്ന മഞ്ഞ്പാളിയുടെ കനമളക്കാൻ റിമോർട്ട് സെൻസറുകളുപയോഗിച്ച് മഞ്ഞ് തുരക്കാറുണ്ട്. വൈദ്യുതി തരംഗം മഞ്ഞിലൂടെ കടത്തിവിട്ടും കട്ടി അളക്കാറുണ്ട്. സാറ്റലൈറ്റ് ചിത്രങ്ങളുടെ വിവരാടിസ്ഥാനത്തിലാണ് ഇപ്പോൾ ഇത് കണ്ടെത്തുന്നത്. ഇത്തരത്തിൽ മഞ്ഞ് ഉറച്ചുകിടക്കുന്ന പ്രദേശത്തിന്റെ വിസ്തീർണം അളന്നെടുക്കുന്നു. 1979ലാണ് ആദ്യമായി സാറ്റലൈറ്റ് റെക്കോർഡിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കാൻ തുടക്കമിട്ടത്.
1979 മുതൽ 2014 വരെ അന്റാർട്ടിക് സമുദ്രത്തിലെ ഹിമസാന്നിധ്യം ഒരു ദശകത്തിൽ ഏകദേശം ഒരു ശതമാനം വരെ വർധിച്ചിരുന്നു. 2012 മുതൽ 2014 വരെ മഞ്ഞിന്റെ അളവിൽ റെക്കോർഡ് ഉയർച്ചയുമുണ്ടായി. വർഷാ വർഷങ്ങളിൽ അളവുകളിൽ വ്യത്യാസം വന്നിരുന്നതിനാൽ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും അന്റാർട്ടിക് കടലിനെ ബാധിക്കുന്നുവെന്നുള്ള നിഗമനത്തിലെത്താൻ സാധിച്ചിരുന്നില്ല. കടലിലെ മഞ്ഞുപാളികൾ കൂടുന്നതിലും കുറയുന്നതിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിനാൽ സ്വാഭാവികമായൊരു പ്രക്രിയ മാത്രമാണന്നെതാണ് ഒരു വിഭാഗം വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
എന്നാൽ, 2015 മുതൽ ഹിമപാളികളുടെ അളവിൽ കുറവ് കണ്ടെത്തി തുടങ്ങി. സമീപവർഷങ്ങളിൽ ചെറിയ രീതിയിലുള്ള ഉയർച്ച ഉണ്ടായിരുന്നെങ്കിലും 2014ലെ അളവ് മറികടന്നില്ല. തുടർച്ചയായി ആറ് വർഷങ്ങളിൽ മഞ്ഞ് രൂപപ്പെടുന്നതിലെ കുറവ് ആഗോളതാപനം മൂലമാകാമെന്നാണ് വിദഗ്ദ്ധാഭിപ്രായം. അന്തരീക്ഷത്തിലെ ഉയർന്ന താപനില മൂലവും ശക്തമായ പടിഞ്ഞാറൻ കാറ്റു മൂലവുമാകാം മഞ്ഞുരുകൽ വേഗത്തിലാകുന്നതെന്നാണ് പ്രദേശത്ത് പഠനം നടത്തുന്ന ജർമ്മൻ വിദഗ്ധ സംഘം അഭിപ്രായപ്പെടുന്നത്. ഇതുമൂലം അന്റാർട്ടികിലെ വലിയ മഞ്ഞുമല ഉരുകുന്നതിനും കാരണമാകും.
മുന്നറിയിപ്പ് നല്കി നാസ
വളരെ വേഗത്തിലുള്ള മഞ്ഞുരുകൽ ആഗോള സമുദ്രനിരപ്പിന്റെ അളവ് വർധിപ്പിക്കുന്നുവെന്ന് നാസ വെളിപ്പെടുത്തിയിരുന്നു. 40 വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ആറിരട്ടി വേഗത്തിൽ അന്റാർട്ടിക്കയിലെ മഞ്ഞുരുകുന്നുവെന്നും ഇത് സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നതിന് കാരണമാകുന്നുമെന്നുമാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇത്തരത്തിൽ കടലിലെ ജലനിരപ്പ് നാല് മീറ്റർ വരെ ഉയർന്നാൽ പല രാജ്യങ്ങളുടെ തീരപ്രദേശങ്ങളും ദ്വീപുകളും ഇല്ലാതാകുമെന്നും ജനങ്ങൾ കൂട്ടത്തോടെ പാലായനം ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. 1979നും 1990നും ഇടയ്ക്ക് അന്റാർട്ടിക്കയിലെ മഞ്ഞിന്റെ പിണ്ഡത്തിൽ നിന്നും 3600 കോടി ടൺ വീതം ഓരോ വർഷവും നഷ്ടമായിട്ടുണ്ടെന്ന് ഗവേഷകർ നിരീക്ഷിക്കുന്നു. 2009നും 2017നും ഇടയിൽ മഞ്ഞുരുകലിന്റെ വേഗത ആറിരട്ടി വർധിച്ചു. അതായത് ഓരോ വർഷവും 22,800 കോടി ടൺ എന്ന നിലയിലാണ് മഞ്ഞുരുകൽ നടക്കുന്നത്.
വംശനാശ ഭീഷണിയിൽ എംപറർ പെൻഗ്വിൻ
മഞ്ഞുരുകലിന്റെ വേഗത മനുഷ്യരെപ്പോലെ തന്നെ ജീവിവർഗങ്ങളെയും ബാധിക്കുമെന്നതാണ് മറ്റൊരു വെല്ലുവിളി. അന്റാർട്ടിക്കയുടെ തനത് വിഭാഗക്കാരാണ് 'എംപറർ കിംങ്' എന്നറിയപ്പെടുന്ന പെൻഗ്വിനുകൾ. തണുപ്പേറിയ കാലാവസ്ഥയിൽ ജീവിക്കുന്നതിനാൽ കോളനികളായിട്ടാണ് പെൻഗ്വിനുകളെ കാണാൻ കഴിയുക. കടലിലെ മഞ്ഞിന്റെ സാന്നിദ്ധ്യം ഗണ്യമായി കുറയുന്നതിലൂടെ എംപറർ പെൻഗ്വിനുകളുടെ ജീവനും അപകടത്തിലാകാനുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്. ഈ പെൻഗ്വിനുകൾ മുട്ടയിടുന്നത് ശൈത്യകാലത്താണ്. മുട്ട വിരിഞ്ഞുള്ള കുഞ്ഞുങ്ങൾക്കുള്ള കൂടുകൾ നിർമ്മിക്കാൻ കട്ടിയേറിയ ഐസിന്റെ സാന്നിധ്യവും ആവശ്യമാണ്. 64 ദിവസം വരെ നീണ്ടുനിൽക്കുന്ന ഇൻകുബേഷൻ പീരിയഡിൽ ആൺ എംപറർ പെൻഗ്വിനുകളാകും മുട്ടയ്ക്ക് കാവലിരിക്കുക. 13 മുതൽ 16 വരെ മാസമാണ് ഇവയുടെ പ്രജനന കാലയളവ്. മറ്റ് പെൻഗ്വിനുകളെപ്പോലെ കൂടൊരുക്കാതെ കാലിന് ചുവട്ടിലാകും മുട്ട സംരക്ഷിക്കുക. ആ സമയങ്ങളിൽ കടൽ ജലത്തിൽ മഞ്ഞുപാളിയുണ്ടാകാൻ വൈകിയോലോ അവ പെട്ടെന്ന് ഉരുകിയാലോ ഈ ജീവിവർഗത്തിന്റെ നിലനിൽപ്പിനെ ബാധിക്കും. അതുവഴി സമുദ്രത്തിൽ വീണുപോകുന്ന കുഞ്ഞുങ്ങൾ വേഗത്തിൽ മരണപ്പെടാനും കാരണമാകുന്നു. നീന്താനോ തണുപ്പിനെ പ്രതിരോധിക്കാനോ അവയ്ക്ക് കഴിയില്ല എന്നതാണ് കാരണം.
ആഗോളതാപനത്തിലൂടെയുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി വരുന്ന 30,40 വർഷത്തിനുള്ളിൽ എംപറർ പെൻഗ്വിനുകൾക്ക് വംശനാശം നേരിട്ടേക്കാമെന്ന അർജൻൈൻ അന്റാർട്ടിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിലുള്ള സാഹചര്യങ്ങൾ തുടർന്നാൽ ഇവയുടെ 80% കോളനികളും നൂറ്റാണ്ടിന്റെ അവസാനത്തോടെ വംശനാശത്തിലെത്തുമെന്നാണ് കരുതപ്പെടുന്നത്. അതിനാൽ, എൻഡേജേർഡ് സ്പീഷിസ് ആക്ടിൽ ഉൾപ്പെടുത്തി സംരക്ഷിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചുകഴിഞ്ഞു. 2023 ജനുവരിയിൽ ബ്രിട്ടീഷ് അന്റാർട്ടിക് സർവേ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം എംപറർ പെൻഗ്വിനുകളുടെ പുതിയ കോളനി കണ്ടെത്തുകയുണ്ടായി. സാറ്റലൈറ്റ് മാപ്പിംങ് ടെക്നോളജിയുടെ സഹായത്തോടെയാണ് കോളനി കണ്ടെത്തിയത്. പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ വെർലെജർ പോയിന്റിലുള്ള ഗ്വാനോ എന്നയിടത്താണ് പുതിയ കോളനി കണ്ടെത്തിയത്. ഇത്തരത്തിൽ മനുഷ്യന് എത്തിപ്പെടാൻ പ്രയാസമുള്ള, താപനില മൈനസ് 60 ഡിഗ്രി സെൽഷ്യസിനും താഴെയുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. 500-ഓളം പെൻഗ്വിനുകളെയാണ് പ്രദേശത്ത് കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ അന്റാർട്ടിക്കയുടെ തീരപ്രദേശത്തെ അറിയപ്പെടുന്ന ബ്രീഡിംഗ് സൈറ്റുകളുടെ എണ്ണം 66 ആയെന്നു കരുതപ്പെടുന്നു.
2016 മുതൽ 2019 വരെയുള്ള മൂന്ന് വർഷ കാലയളവിൽ പെൻഗ്വിൻ കുഞ്ഞുങ്ങളിൽ പലതും ചത്തൊടുങ്ങിയിരുന്നു. ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അന്റാർട്ടിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ എംപറർ കോളനിയിലുണ്ടായ പ്രജനന പരാജയം കണ്ടെത്തിയത്. 2005-ൽ പുറത്തിറങ്ങിയ മാർച്ച് ഓഫ് ദി പെൻഗ്വിസ് എന്ന ഡോക്യുമെന്ററിയിലൂടെയാണ് എംപറർ പെൻഗ്വിനുകൾ ആഗോള ശ്രദ്ധയാകർഷിക്കുന്നത്. 2006ൽ പുറത്തിറങ്ങിയ അനിമേറ്റഡ് ചിത്രം ഹാപ്പി ഫീറ്റ് ഈ ജീവിവർഗത്തിന്റെ കഥയാണ് പറയുന്നത്.
ആഗോളതാപനവും, കാലാവസ്ഥാ വ്യതിയാനവും ഭൂമിയിൽ ഉണ്ടാക്കാനിടയുള്ള നാശനഷ്ടങ്ങൾ നേരത്തെ തന്നെ പ്രവചിക്കുന്നുണ്ടെങ്കിലും അവയ്ക്കുള്ള പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല. വർഷാവർഷം മഞ്ഞുരുകുന്നതിന്റെ അളവും വേഗതയും കൂടിക്കൂടി വരുന്നുവെന്നത് ആശങ്കാജനകമാണ്. ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ പരിഹാരശ്രമങ്ങൾ സാധ്യമാകൂ. ഇനിയും വൈകിയാൽ പ്രത്യാഖാതം വലുതായിരിക്കുമെന്നുള്ളതിന്റെ സൂചനകളാണ് നമുക്ക് മുന്നിൽ കണ്ടുവരുന്നത്.