TMJ
searchnav-menu
post-thumbnail

Environment

കടലാഴങ്ങളില്‍ നിന്നുയരുന്ന ശബ്ദങ്ങള്‍ 

28 Sep 2023   |   2 min Read
ഹൃദ്യ ഇ

നുഷ്യന്റെ വീക്ഷണകോണുകളെയെല്ലാം ഭേദിച്ച്, കണ്ണെത്താ ദൂരത്തോളം വിശാലമായി കിടക്കുന്ന സമുദ്ര ഉള്ളറയും അതിലെ സങ്കീര്‍ണമായ ജീവിലോകവും എന്നും കൗതുകവും അത്ഭുതവുമാണ്. സമുദ്ര ജീവിവര്‍ഗങ്ങളെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചും ധാരാളം പഠനങ്ങളും കണ്ടെത്തലുകളും നടക്കുന്നുണ്ടെങ്കിലും സമുദ്രജീവിതത്തെക്കുറിച്ചുള്ള അറിവില്‍ ഇപ്പോഴും വലിയ വിടവുകളുണ്ടെന്നാണ് ഗവേഷകര്‍ തന്നെ വിലയിരുത്തുന്നത്. ശാസ്ത്രജ്ഞര്‍ പറയുന്നതനുസരിച്ച് കടലിലെ ഏകദേശം 10 ശതമാനത്തോളം സ്പീഷീസുകളെ മാത്രമെ ഇപ്പോഴും കണ്ടെത്താനായിട്ടുള്ളൂ. ഏകദേശം രണ്ട് ദശലക്ഷത്തോളം സ്പീഷീസുകളെ ഇനിയും കണ്ടെത്താനായിട്ടില്ല. സമുദ്രത്തിലെ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ എത്രത്തോളം വിശാലമാണെന്നത് ഈ കണക്കുകളില്‍ തന്നെ വ്യക്തമാണ്.

കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ അനിയന്ത്രിത ഇടപെടലുകളും സമുദ്ര ജീവികളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന ഘടകങ്ങളാണ്. ഓരോ ജീവിവര്‍ഗങ്ങളുടെയും ആവാസവ്യവസ്ഥയുടെ സംരക്ഷണമാണ് അവയുടെ നിലനില്‍പ്പിന്റെ അഭിവാജ്യഘടകം. അത് തിരിച്ചറിയുന്നതിലൂടെ മാത്രമെ അവയുടെ സംരക്ഷണവും സാധ്യമാകൂ. അത്തരത്തില്‍ സമുദ്രജീവികളുടെ ആവാസവ്യവസ്ഥയെ അവയുടെ ശബ്ദത്തിലൂടെ തിരിച്ചറിയാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഇത്രയും സങ്കീര്‍ണമായ ഈ ലോകത്തെ ജീവിവര്‍ഗങ്ങളുടെ ശബ്ദങ്ങള്‍ കേട്ടറിയുക സാധ്യമായിരിക്കുമോ? കടലിന്റെ ഉള്ളറകളിലെ വൈവിധ്യമാര്‍ന്ന ശബ്ദങ്ങളെ കേട്ടറിയുന്ന കൗതുകം അത്ര വിദൂരമായ ഒന്നല്ലെന്നാണ് ശാസ്ത്രലോകം കാണിച്ചുതരുന്നത്. സമീപ വര്‍ഷങ്ങളിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പുതിയ സാങ്കേതിക വിദ്യയിലൂടെ സമുദ്ര ജീവികളുടെ ശബ്ദങ്ങളെ കേള്‍ക്കാന്‍ ഗവേഷകര്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്.

REPRESENTATIONAL IMAGE: | PHOTO: NOAA
സമുദ്രത്തില്‍ അതിജീവിക്കാന്‍ ശബ്ദം പല സമുദ്ര ജീവികള്‍ക്കും അത്യന്താപേക്ഷിതമാണ്. ചില ജീവിവര്‍ഗങ്ങളുടെ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിലൂടെ, കാലാവസ്ഥാ വ്യതിയാനവും മറ്റ് മനുഷ്യ ഇടപെടലുകളും കാരണം സംഭവിക്കുന്ന സമുദ്ര ആവാസവ്യവസ്ഥയിലെ മാറ്റങ്ങളെ മനസ്സിലാക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടുണ്ട്. സമുദ്രത്തില്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടുള്ള ജീവിവര്‍ഗങ്ങളുടെ ശബ്ദങ്ങളാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത്.

അറിയപ്പെടുന്ന ഏകദേശം 250,000 സമുദ്ര സ്പീഷീസുകളില്‍ ജലജീവികളായ എല്ലാ സമുദ്ര സസ്തനികളും ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ടെന്നാണ് പറയുന്നത്. കടലിലെ 1000 ത്തോളം മത്സ്യ സ്പീഷീസുകളും മറ്റ് കടല്‍ ജീവികളും അടിസ്ഥാന ജീവിത പ്രവര്‍ത്തനങ്ങള്‍ക്കായി ശബ്ദം ഉപയോഗിക്കുന്നുണ്ട്. പരസ്പരം ആശയവിനിമയം നടത്താനും ഇണചേരാനുമായി തിമിംഗലങ്ങളും ഡോള്‍ഫിനുകളും സങ്കീര്‍ണമായ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതായും ഗവേഷകര്‍ പറയുന്നു. 

ഹൈഡ്രോഫോണുകള്‍ എന്നറിയപ്പെടുന്ന അണ്ടര്‍വാട്ടര്‍ സൗണ്ട് റെക്കോര്‍ഡറുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ഇവയുടെ ശബ്ദങ്ങളെ ഗവേഷകര്‍ നിരീക്ഷിക്കുന്നത്. സമുദ്രജീവികളുടെ പെരുമാറ്റം, ചലനങ്ങള്‍, പാരിസ്ഥിതിക മാറ്റങ്ങളോടുള്ള പ്രതികരണം എന്നിവ മനസ്സിലാക്കാന്‍ ദിവസങ്ങളോ ആഴ്ചകളോ ഹൈഡ്രോഫോണുകളെ വിന്യസിപ്പിക്കുന്നു. കടലാഴങ്ങളിലേക്ക് ഡൈവിംഗ് ചെയ്യുമ്പോള്‍ ചുറ്റുമുള്ള ജീവികളുടെ ശബ്ദം കേള്‍ക്കാനാകും എന്നാണ് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ മറൈന്‍ ബയോളജി ആന്‍ഡ് ഗ്ലോബല്‍ ചേഞ്ച് പ്രൊഫസറായ സ്റ്റീവ് സിംപ്‌സണ്‍ പറയുന്നത്.
വേള്‍ഡ് ഓഷ്യന്‍ പാസീവ് അക്വസ്റ്റിക് മോണിറ്ററിംഗ് ഡേ യുടെ ഭാഗമായി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ സമുദ്ര ശബ്ദത്തെക്കുറിച്ചുള്ള പഠനത്തില്‍ പങ്കെടുത്തിരുന്നു.

അണ്ടര്‍വാട്ടര്‍ സൗണ്ട് റെക്കോര്‍ഡർ | PHOTO: NOAA
ഗവേഷകര്‍ പറയുന്നതനുസരിച്ച് ജീവന്‍ തുടിക്കുന്ന പവിഴപ്പുറ്റുകള്‍ സമുദ്രത്തിലെ ഏറ്റവും ശബ്ദമുള്ള മേഖലകളില്‍ ഒന്നാണ്. വിവിധ ജീവികള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളുടെ സാന്നിധ്യവും അഭാവവും ശ്രദ്ധിച്ചാല്‍ അത് ആരോഗ്യകരമാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. ഒരൊറ്റ പവിഴപ്പുറ്റുകളെ നിരീക്ഷിക്കുമ്പോള്‍ തന്നെ നിരവധി സ്പീഷീസുകളുടെ ശബ്ദം കേള്‍ക്കാനാകും. ഒരു സ്പീഷീസിന്റെ വിവിധ ശബ്ദങ്ങള്‍ അവയുടെ സാന്നിധ്യവുമായും അവയുടെ പ്രത്യേക സ്വഭാവവുമായും ബന്ധപ്പെട്ടിരിക്കുന്നു. പരസ്പരം നോക്കാനും തല്ലുകൂടാനും ഇണകളെ ആകര്‍ഷിക്കാനും കുഞ്ഞുങ്ങളെ പരിപാലിക്കാനുമുള്ള ഇവയുടെ അക്കോസ്റ്റിക് ഭാഷ ഗവേഷകര്‍ ഡീകോഡ് ചെയ്തെടുക്കുന്നു.

വര്‍ഷങ്ങളായി കടലിലെ ജീവി ലോകത്തിന്റെ ശബ്ദങ്ങളെ റെക്കോര്‍ഡ് ചെയ്യാനായി ശാസ്ത്രജ്ഞര്‍ ഹൈഡ്രോഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നിര്‍മിതബുദ്ധി നിമിഷങ്ങള്‍ക്കുള്ളില്‍ വലിയ അളവിലുള്ള ഡാറ്റ വിശകലനം ചെയ്യാന്‍ സഹായിച്ചതോടെ ശബ്ദ നിരീക്ഷണം കൂടുതല്‍ എളുപ്പമായി. മാത്രമല്ല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ പ്രോസസ്സിംഗിലെ തടസ്സങ്ങളെ നീക്കം ചെയ്യുകയും കൂടുതല്‍ ഹൈഡ്രോഫോണുകള്‍ ശേഖരിക്കുന്ന വ്യത്യസ്ത സാമ്പിളുകള്‍ വിശകലനം ചെയ്യാനും ഗവേഷകരെ പ്രാപ്തരാക്കി. റെക്കോര്‍ഡിംഗ് വിശകലനം തത്സമയം സ്ട്രീം ചെയ്യാന്‍ എഐ എങ്ങനെ ഉപയോഗിക്കാമെന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നുണ്ട്. ഇത്തരം ഹൈഡ്രോഫോണുകള്‍ ഉപയോഗിച്ചുള്ള ശബ്ദ നിരീക്ഷണം കടല്‍ ജീവികളുടെ സൈ്വര്യജീവിതത്തിന് തടസ്സമാവില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

പുതിയ ജീവിവര്‍ഗങ്ങളെ കണ്ടെത്തുമ്പോഴും, അമിതമായ മത്സ്യബന്ധനം, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം സമുദ്രജീവികളില്‍ പലതും നശിപ്പിക്കപ്പെടുന്നുണ്ട്. പലപ്പോഴും സമുദ്രജീവികളെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് സമുദ്രജൈവവൈധ്യം പുനഃസ്ഥാപിക്കാനുള്ള ഏറ്റവും വലിയ തടസ്സമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍  ഹൈഡ്രോഫോണ്‍ റെക്കോര്‍ഡിംഗ് വഴി കടല്‍ജീവികളുടെ ആവാസവ്യവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിക്കാനും തിരിച്ചറിയാനും സാധിക്കുമെന്നും അതിലൂടെ ഈ ജീവിവര്‍ഗങ്ങളുടെ നാശത്തെ തടയാന്‍ സാധിക്കുമെന്നുമാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.


#Environment
Leave a comment