ഭൂമി ചുട്ടുപൊള്ളും; ആമസോണ്‍ മഴക്കാടുകള്‍ കൊടും വരള്‍ച്ചയിലേക്ക്
ബ്രസീല്‍, കൊളംബിയ, പെറു എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയാണ് ആമസോണ്‍ മഴക്കാടുകള്‍. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ആമസോണ്‍ മഴക്കാടുകളില്‍ റെക്കോഡ് വരള്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആഗോളതാപനം വരള്‍ച്ചയുടെ തോതിത് 30 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്റെ കണ്ടെത്തല്‍.
2023 ല്‍ ആഗോളതാപനത്തെ തുടര്‍ന്ന് നദികള്‍ വറ്റിവരണ്ട് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. ഉയര്‍ന്ന താപനില വര്‍ധിക്കുന്നത് മഴയുടെ ലഭ്യത കുറയുന്നതിന് കാരണമാകുമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. 2023 ജൂണ്‍ മുതല്‍ നവംബര്‍ വരെ നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തല്‍. 2024 മെയ് മാസത്തോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നാണ് റിപ്പോര്‍ട്ട്. ബ്രസീല്‍, കൊളംബിയ, പെറു, വെനസ്വേല തുടങ്ങിയ ഒമ്പത് രാജ്യങ്ങളിലെ ആമസോണ്‍ മഴക്കാടുകളെ വരള്‍ച്ച രൂക്ഷമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണിന്റെ സംരക്ഷണം കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് അത്യന്താപേക്ഷിതമാണ്. വലിയ അളവിലുള്ള ഹരിതഗൃഹവാതകങ്ങളാണ് മരങ്ങള്‍ ആഗിരണം ചെയ്യുന്നത്.
ആമസോണ്‍ കാടിന്റെ സംരക്ഷണം സംബന്ധിച്ച് തങ്ങള്‍ ആശങ്കാകുലരാണെന്ന് പഠനത്തില്‍ പങ്കാളിയായ ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് സാന്താ കാറ്ററീനയിലെ സഹഎഴുത്തുകാരിയും ഗവേഷകയുമായ റെജീന റോഡ്രിഗസ് പറഞ്ഞു. വരള്‍ച്ച കാട്ടുതീയെ കൂടുതല്‍ ശക്തമാക്കുമെന്നും ഗവേഷകര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും വനനശീകരണവും ആമസോണ്‍ കാടുകളെ വളരെ വേഗം നാശത്തിലേക്ക് തള്ളിവിടുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കിഴക്കന്‍ പസഫിക്കിലെ എല്‍ നിനോയും മഴ കുറയുന്നതിന് കാരണമാകുമെന്നും പഠനം കണ്ടെത്തി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ മൂന്ന് തീവ്രമായ വരള്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണത്തെ വരള്‍ച്ച തീവ്രമായിത്തന്നെ ബാധിക്കുമെന്നും റോഡ്രിഗസ് പറഞ്ഞു. ബ്രസീലില്‍ ആമസോണ്‍ നദിയുടെ പ്രധാന പോഷക നദി വരള്‍ച്ചയില്‍ അകപ്പെട്ടതായും ചെറിയ അരുവികള്‍ പലതും അപ്രത്യക്ഷമായതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ജലപാതകള്‍ പലതും മാസങ്ങള്‍ക്കുള്ളില്‍ വറ്റിവരണ്ടു. താഴ്ന്ന ജലനിരപ്പും ഉയര്‍ന്ന താപനിലയും വംശനാശഭീഷണി നേരിടുന്ന 178 ഇനം ഡോള്‍ഫിനുകളുടെ നാശത്തിനും കാരണമായതായി ബ്രസീലിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ആമസോണ്‍ പോഷകനദികളില്‍ ഓക്സിജന്റെ അളവ് കുറഞ്ഞ് ആയിരക്കണക്കിന് മത്സ്യങ്ങളും ചത്തുപൊങ്ങി.
ആമസോണ്‍ മഴക്കാടുകള്‍
തെക്കേ അമേരിക്കയില്‍ പടര്‍ന്നുകിടക്കുന്ന വനമേഖലയാണ് ആമസോണ്‍ മഴക്കാടുകള്‍. ആകെ വ്യാപ്തിയായ 70 ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ 55 ലക്ഷം ചതുരശ്ര കിലോമീറ്ററും വനമേഖല വ്യാപിച്ചു കിടക്കുന്നു. ഒമ്പത് രാജ്യങ്ങളിലായാണ് ആമസോണ്‍ മഴക്കാടുകള്‍ സ്ഥിതിചെയ്യുന്നത്. വനമേഖലയുടെ 60 ശതമാനവും ബ്രസീലിലാണ്. ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയായ ആമസോണ്‍ കാടുകളില്‍ 30 ലക്ഷത്തോളം ജീവജാലങ്ങളാണ് ഉള്ളത്. ഭൂമിയുടെ അന്തരീക്ഷത്തിലെ ആകെ ഓക്‌സിജന്റെ 20 ശതമാനവും പുറത്തുവിടുന്നത് ആമസോണ്‍ മഴക്കാടുകളാണ്. അതുകൊണ്ടുതന്നെ ഭൂമിയുടെ ശ്വാസകോശം എന്നാണ് ഈ കാടുകള്‍ അറിയപ്പെടുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ആമസോണ്‍ കാടുകളുടെ സംരക്ഷണം അത്യന്താപേക്ഷിതമാണ്. ആഗോളതാപനത്തിന്റെ തീവ്രത കുറയ്ക്കുന്നതില്‍ ആമസോണ്‍ കാടുകള്‍ വലിയ പങ്കുവഹിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ മഴക്കാടും ഇതുതന്നെയാണ്.
അഗ്നിവിഴുങ്ങുന്ന ആമസോണ്‍ വനങ്ങള്‍
ആമസോണ്‍ വനങ്ങളില്‍ അടിക്കടി ഉണ്ടാകുന്ന കാട്ടുതീ ലോകത്തിന്റെതന്നെ പരിസ്ഥിതി സന്തുലനത്തിന് ഭീഷണിയാണ്. 2023 ല്‍ ആമസോണ്‍ വനങ്ങളില്‍ ഉണ്ടായ കാട്ടുതീകളുടെ എണ്ണം 2022 നെ അപേക്ഷിച്ച് 10 ശതമാനത്തിലധികമായിരുന്നു. 2007 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തീപിടുത്തമാണ് 2023 ല്‍ ആമസോണ്‍ കാടുകളില്‍ ഉണ്ടായതെന്ന് നേച്ചര്‍ ഇക്കോളജി ആന്റ് എവല്യൂഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. പലപ്പോഴും പുറംലോകം അറിയാതെ ദിവസങ്ങളോളം കാട് കത്തുന്നതും പതിവാണെന്നും ഗവേഷകര്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനവും എല്‍ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട വരള്‍ച്ചയുമാണ് ആമസോണ്‍ കാടുകള്‍ അടക്കമുള്ള വനമേഖലയില്‍ തീപിടുത്തമുണ്ടാകുന്നതിന് പ്രധാന കാരണം. വനനശീകരണം വരള്‍ച്ചയെ നേരിടാനുള്ള ഭൂമിയുടെ ശേഷിയെ ദുര്‍ബലപ്പെടുത്തുന്നു. വ്യാപകമായ വനനശീകരണമാണ് തീപിടുത്തങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു പ്രധാന കാരണമെന്നും ഗവേഷകര്‍ പറയുന്നു. വര്‍ധിച്ചുവരുന്ന കാട്ടുതീ ഭീഷണിയെ നേരിടാന്‍ ശക്തവും ഏകോപനവുമായ ശ്രമങ്ങള്‍ ലോകരാജ്യങ്ങളില്‍ നിന്നും ഉണ്ടാകണമെന്നാണ് ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം.
എന്നാല്‍ ബ്രസീല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022 നെ അപേക്ഷിച്ച് വനനശീകരണം കഴിഞ്ഞവര്‍ഷം 50 ശതമാനത്തോളം കുറവായിരുന്നുവെന്നാണ്. സ്പേസ് റിസര്‍ച്ച് ഏജന്‍സിയായ ഐഎന്‍പിഇ ഉപഗ്രഹ ദൃശ്യങ്ങള്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 5,153 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശം മാത്രമാണ് നശിച്ചത്. 2022 ല്‍ ഇത് 10,278 സ്‌ക്വയര്‍ കിലോമീറ്റര്‍ ആയിരുന്നു.
എല്‍ നിനോ, ലാ നിന പ്രതിഭാസങ്ങള്‍
പസഫിക് സമുദ്രത്തിന്റെ കിഴക്കന്‍ഭാഗം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ എന്നറിയപ്പെടുന്നത്. ഇത് ഭൂമിയില്‍ നിലവിലുള്ള മഴയുടെയും ചൂടിന്റെയും കാറ്റിന്റെയും ഗതിയും ദിശയും കാലവും മാറ്റുന്നു. ഏറ്റവും വലിയ എല്‍ നിനോ പ്രതിഭാസമുണ്ടായത് 2014-2016 കാലഘട്ടത്തിലായിരുന്നു. ലോക കാലാവസ്ഥയെത്തന്നെ താറുമാറാക്കിയ കാലഘട്ടമായിരുന്നു അത്. താപനില വര്‍ധിക്കാനും കാലവര്‍ഷം ദുര്‍ബലമാകാനും എല്‍ നിനോ കാരണമാകും. സ്പാനിഷ് ഭാഷയില്‍ ചെറിയ കുട്ടി എന്ന് അര്‍ത്ഥമാക്കുന്ന പദമാണ് എല്‍ നിനോ. രണ്ട് മുതല്‍ ഏഴുവര്‍ഷം വരെയുള്ള ഇടവേളകളില്‍ പസഫിക് സമുദ്രത്തില്‍ വികസിക്കുന്ന സവിശേഷ കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ. ചൂട് കൂടുന്നതോടെ എല്‍ നിനോയുടെ ഇടവേള കുറഞ്ഞുവരുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു.
ഭൂമിയുടെ പടിഞ്ഞാറുവശത്തേക്ക് സഞ്ചരിക്കുന്ന വായുപ്രവാഹത്തിന്റെ വേഗത കുറയുകയും ചൂടുവെള്ളം കിഴക്കോട്ട് തള്ളിമാറ്റപ്പെടുകയും ചെയ്യുന്നതാണ് എല്‍ നിനോ പ്രതിഭാസത്തിനു കാരണം. ഇതിന്റെ ഭാഗമായി മധ്യരേഖാ പസഫിക്കിലെ സമുദ്രോപരിതലത്തിലെ താപനില ശരാശരിയേക്കാള്‍ കൂടുതലായി കാണപ്പെടും. എല്‍ നിനോ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കടുത്ത ചൂടിനും വരള്‍ച്ചയ്ക്കും കാരണമാകുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ കൊടും പേമാരിയും പ്രളയവും ഉണ്ടാക്കും. മനുഷ്യ നിര്‍മിതമായ കാലാവസ്ഥാ വ്യതിയാനവും എല്‍ നിനോ പ്രതിഭാസവുമാണ് താപനിലയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാഹചര്യമായ ഘടകങ്ങളെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. എല്‍ നിനോ ദക്ഷിണ ആന്ദോളനം അഥവാ എന്‍സോ (ENSO) കാരണമാണ് ഭൂമിയിലെവിടെയും കാലാവസ്ഥ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകുന്നത്. ലോകത്തിന് ഇനിയും കൂടുതല്‍ വേണ്ടത് എണ്ണയും വാതകങ്ങളുമാണെന്ന് വിശ്വസിക്കുന്നവര്‍ക്കുള്ള ഒരു താക്കീത് കൂടിയാണീ കാലാവസ്ഥാ വ്യതിയാനങ്ങളെന്ന് വിദ്ഗധര്‍ പറയുന്നു.
എല്‍ നിനോയുടെ വിപരീത പ്രതിഭാസമാണ് ലാ നിന. ഭൂമധ്യരേഖാ പ്രദേശത്ത് പസഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്നതാണ് ലാ നിന പ്രതിഭാസം. ഇതുമൂലം നീണ്ടുനില്‍ക്കുന്ന മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്നു. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ശൈത്യകാലത്തും ഉഷ്ണകാലത്തെന്നപോലെ ഉയര്‍ന്ന താപവര്‍ധനവിനും ലാ നിന കാരണമാകുന്നു. അലാസ്‌കയുടെയും ഉത്തര അമേരിക്കയുടെയും പടിഞ്ഞാറന്‍ തീരങ്ങളില്‍ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും കാരണമാകുന്നതിനു പുറമെ അറ്റ്ലാന്റിക് സമുദ്രത്തിലെ ചുഴലിക്കാറ്റുകളുടെ തീവ്രതയും വര്‍ധിപ്പിക്കുന്നു.
എല്‍ നിനോ ജൂണില്‍ ഇല്ലാതാകും
ഭൂമധ്യരേഖയിലെ പസഫിക് സമുദ്രത്തെ ചൂടുപിടിപ്പിക്കുന്ന എല്‍ നിനോ പ്രതിഭാസം ജൂണ്‍ മാസത്തോടെ ദുര്‍ബലമാകുമെന്ന് യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. എല്‍ നിനോയുടെ പിന്‍മാറ്റം ഇന്ത്യയില്‍ മെച്ചപ്പെട്ട മണ്‍സൂണിന് കാരണമാകുമെന്നാണ് സൂചന. എല്‍ നിനോ ദുര്‍ബലമാകുകയാണെന്നും ലാ നിന ഓഗസ്റ്റില്‍ ആരംഭിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം. ലാ നിനയുടെ വരവ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ മണ്‍സൂണിനു കാരണമാകും. 2023 ലെ മണ്‍സൂണ്‍ സീസണില്‍ 820 മില്ലീമീറ്റര്‍ മഴയാണ് ഇന്ത്യയില്‍ ലഭിച്ചത്. എന്നാല്‍ എല്‍ നിനോ 2024 ന്റെ ആദ്യ പകുതിയില്‍ തുടരുകയാണെങ്കില്‍, 2023 നേക്കാള്‍ ചൂടുള്ള വര്‍ഷമായിരിക്കും 2024 എന്ന് ലോക കാലാവസ്ഥ സംഘടന അടുത്തിടെ പറഞ്ഞിരുന്നു.
ചുട്ടുപൊള്ളി 2023
ഒരുലക്ഷം വര്‍ഷത്തിനുശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2023 എന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 1850 നും 1900 നും മുമ്പുള്ള വ്യാവസായിക റെക്കോര്‍ഡിനെക്കാള്‍ എല്ലാ ദിവസവും കുറഞ്ഞത് ഒരു ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതല്‍ രേഖപ്പെടുത്തിയ ആദ്യത്തെ വര്‍ഷമാണ് 2023. ഒക്ടോബറിലായിരുന്നു ലോകത്തിലെ ഏറ്റവും ചൂടേറിയ മാസമായി രേഖപ്പെടുത്തിയത്. കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസിന്റെ പഠനം അനുസരിച്ച് ഒക്ടോബര്‍ മാസത്തില്‍ മെര്‍ക്കുറി 1.7 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം 1.48 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടാണ് ഭൂമിയില്‍ രേഖപ്പെടുത്തിയത്. 2023 ലെ മൂന്നിലൊന്ന് ദിവസങ്ങളിലും ശരാശരി ആഗോള താപനില വ്യാവസായിക യുഗത്തിന് മുന്‍പുള്ള നിലയെക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലായിരുന്നുവെന്നാണ് വിശകലനം.