REPRESENTATIVE IMAGE : WIKI COMMONS
ഉഷ്ണതരംഗം കൊന്നൊടുക്കിയത് ഒരു ബില്യണിലധികം കടല്‍ ജീവികളെ
ഉഷ്ണതരംഗത്തെ തുടര്‍ന്ന് സമുദ്രത്തിലെ ചൂട് അനിയന്ത്രിതമായി ഉയര്‍ന്നത് ഒരു ബില്യണിലധികം കടല്‍ജീവികളുടെ നാശത്തിന് ഇടയാക്കിയതായി റിപ്പോര്‍ട്ട്. അസാധാരണമാംവിധം ഉയര്‍ന്ന സമുദ്രോഷ്മാവ് ജലത്തിന്റെ ചൂട് തീവ്രമാക്കിയതാണ് കാരണം. സമുദ്രത്തിലെ താപതരംഗങ്ങള്‍ ഉപരിതലത്തിന് വളരെ താഴെയായി തിളച്ചുകയറി കടല്‍ത്തീരത്ത് എത്തുന്നതായി സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്നുള്ള ദൈനംദിന ഉപരിതല സമുദ്ര താപനിലയുടെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ (28 വര്‍ഷം) കാലയളവില്‍ നടത്തിയ പഠത്തിലാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഹരിതഗൃഹവാതകങ്ങളാല്‍ ഉയരുന്ന താപത്തിന്റെ 90 ശതമാനവും സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നു. ഇത് ലോകത്തിലെ ശരാശരി സമുദ്ര താപനില ഗണ്യമായി ഉയരുന്നതിന് കാരണമാകുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആഗോള സമുദ്ര താപനില ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ആഴത്തിലുള്ള സമുദ്രതാപ തരംഗങ്ങളുടെ ആഘാതം വളരെ വലുതാണെന്നും പഠനം പറയുന്നു. ഇത് മത്സ്യങ്ങള്‍, സ്‌പോഞ്ചുകള്‍, പവിഴപ്പുറ്റുകള്‍, ഷെല്‍ഫിഷ് തുടങ്ങിയവയുടെ നാശത്തിനു കാരണമാകുന്നു. താരതമ്യേന ആഴംകുറഞ്ഞ ജലാശയങ്ങളിലെ ജീവികള്‍ കടുത്ത താപനിലയോട് സംവേദനക്ഷമതയുള്ളവയാണ്. ഉദാഹരണത്തിന് താപനില 12 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നത് ഇത്തരം കടല്‍ജീവികളുടെ ആവാസത്തെ പൂര്‍ണമായും തകര്‍ക്കുന്നു.
REPRESENTATIVE IMAGES | PHOTO: WIKI COMMONS
സമുദ്രത്തിലെ താപനിലയുടെ ക്രമാതീതമായ വര്‍ധനവ് മത്സ്യബന്ധന ടൂറിസമേഖലയില്‍ ഉടനീളം കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം വൈവിധ്യമാര്‍ന്ന സമുദ്ര ആവാസവ്യവസ്ഥയെയും താളംതെറ്റിക്കുന്നു. സമുദ്രത്തിലെ ഉഷ്ണതരംഗങ്ങള്‍ അസാധാരണമാംവിധം ഉയര്‍ന്ന് അഞ്ചു ദിവസമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന സന്ദര്‍ഭങ്ങളിലാണ് ജീവിവര്‍ഗങ്ങള്‍ക്ക് നാശം സംഭവിക്കുന്നത്.
2021 ല്‍ പടിഞ്ഞാറന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ എന്നിവിടങ്ങളില്‍ ഉണ്ടായ ഉഷ്ണതരംഗത്തില്‍ ഒരു ബില്യണ്‍ കടല്‍ജീവികള്‍ ചത്തു. സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളാണ് കടല്‍ ജീവികളുടെ കൂട്ടമരണത്തിന് ഇടയാക്കുന്നത്. മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചലനജീവികള്‍ ഒരുപരിധിവരെ ഉഷ്ണതരംഗത്തെ അതിജീവിക്കാന്‍ തണുത്ത ജലത്തിലേക്ക് ഒഴുകിപ്പോകും. എന്നാല്‍ ചലനമില്ലാത്ത കടല്‍ജീവികള്‍ കൂട്ടത്തോടെ നശിക്കുന്നു. ഇത് ആവാസവ്യവസ്ഥയെയും തകര്‍ക്കുന്നു.
ഉപരിതലത്തിനടിയിലെ താപനിലയെക്കുറിച്ച് ദീര്‍ഘകാല പഠനം നടത്തുന്ന ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് ഓസ്‌ട്രേലിയ. സെന്‍സറുകള്‍ ഘടിപ്പിച്ച് 1993 മുതല്‍ ഉപരിതലം മുതല്‍ കടല്‍ത്തീരം വരെയുള്ള ദൈനംദിന താപനില തിട്ടപ്പെടുത്തുന്നു. ആഴത്തിലുള്ള കടല്‍ താപതരംഗങ്ങള്‍ ഉപരിതലത്തിലുള്ളതിനെക്കാള്‍ കൂടുതല്‍ തീവ്രവും കൂടുതല്‍ കാലം നിലനില്‍ക്കുന്നതുമാണെന്ന് പഠനങ്ങള്‍ പറയുന്നു. ചൂടുള്ള കിഴക്കന്‍ ഓസ്‌ട്രേലിയന്‍ പ്രവാഹത്തെ തുടര്‍ന്ന് ശീതകാല കടല്‍ താപതരംഗങ്ങള്‍ പലപ്പോഴും ഉപരിതലത്തില്‍ നിന്ന് കടല്‍ത്തീരത്തേക്ക് ഒഴുകുന്നു. എന്നാല്‍ വേനല്‍ക്കാലത്ത് ഈ ചൂടുതരംഗങ്ങള്‍ സമുദ്രത്തിന്റെ ഉപരിതലത്തില്‍ തന്നെ നിലകൊള്ളുന്നു.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നത് സമുദ്രത്തിലെ ഉഷ്ണതരംഗങ്ങള്‍ തടയുന്നതിനുള്ള പരിഹാരമാണെങ്കിലും സമുദ്രജീവികളിലും ടൂറിസം, മത്സ്യബന്ധനം തുടങ്ങിയ വ്യവസായങ്ങളിലും അവയുടെ സ്വാധീനം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വികസിപ്പിക്കാനും സഹായിക്കും.