TMJ
searchnav-menu
post-thumbnail

Environment

എന്താണീ വിചിത്ര വൃത്തങ്ങൾ? ഉത്തരം കാണാൻ ശാസ്ത്രലോകം  

21 Apr 2023   |   3 min Read
അനിറ്റ് ജോസഫ്‌

കാലാകാലങ്ങളായി പ്രകൃതിയിലെ ജൈവവൈവിധ്യങ്ങൾക്ക് സംഭവിക്കുന്നത് പല വിധത്തിലുള്ള മാറ്റങ്ങളാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ചില കാരണങ്ങളാണെങ്കിലും അവയിലേയ്ക്ക് നയിക്കുന്ന അടിസ്ഥാന കാരണങ്ങൾ കണ്ടെത്താൻ പലപ്പോഴും മനുഷ്യർക്കോ ശാസ്ത്രലോകത്തിനോ സാധിച്ചിട്ടില്ല. അത്തരത്തിൽ ഉത്തരം ലഭിക്കാത്ത പ്രതിഭാസമായി നിലനിൽക്കുന്നതാണ് കിഴക്കൻ നമീബിയയിലെ മരുഭൂമിയിൽ കാണപ്പെടുന്ന പുല്ലുകൾക്കിടയിലുള്ള വൃത്താകൃതിയുടെ ഉത്ഭവം. പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്ന ഈ പ്രതിഭാസത്തെ ഫെയറി സർക്കിൾസ് അഥവാ വിചിത്ര വൃത്തങ്ങൾ എന്നും പേരിട്ട് വിളിക്കുന്നുണ്ട്.

20 മീറ്റർ വ്യാസത്തിൽ പരന്നു കിടക്കുന്ന നിരവധി വ്യത്തങ്ങൾ ഈ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്നത് സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ കാണാനാകുന്നതാണ്. വൃത്താകൃതിയിലുള്ള ഈ രൂപങ്ങൾ സസ്യങ്ങൾ സൃഷ്ടിക്കുന്നതാണോ അതോ അവിടുത്തെ മണ്ണിന്റെ ഘടനയിലെ മാറ്റങ്ങൾ കൊണ്ടാണോ എന്നുള്ള സംശയങ്ങൾ ശാസ്ത്രജ്ഞരുടെ ഇടയിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നു. അന്യഗ്രഹജീവികളുടെ ഇടപെടൽ മൂലമാണെന്നുള്ള വിചിത്ര വാദങ്ങൾ തന്നെ ഇതിനു പിന്നിൽ രൂപപ്പെട്ടിരുന്നു.

ഈ അത്ഭുത പ്രതിഭാസത്തെപ്പറ്റി അനേകം പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മരുഭൂമിയിലെ ആവാസവ്യവസ്ഥയെക്കുറിച്ചും സസ്യലദാതികളെപ്പറ്റിയും പഠനം നടത്തുന്ന ഗോട്ടിൻഞ്ചൻ ജർമൻ സർവകലാശാലയിലെ സ്റ്റീഫൻ ഗെറ്റ്സിൻ ദീർഘകാലത്തെ പഠനത്തിന്റെ കണ്ടെത്തലുകൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗെറ്റ്സിനും സഹപ്രവർത്തകരും നടത്തിയ പഠനങ്ങളിൽ ആ പ്രദേശത്തെ സസ്യങ്ങളുടെയും പുല്ലുകളുടെയും നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ അനന്തര ഫലമാണ് വൃത്താകൃതിയിലുള്ള രൂപങ്ങൾ എന്നാണ് നല്കുന്ന വിശദീകരണം. മരുഭൂമി പ്രദേശങ്ങളിലെ കടുത്ത ജലക്ഷാമം കൊണ്ടുണ്ടാകുന്നതാണ് ഇത്തരം പ്രതിഭാസങ്ങൾ എന്നാണ് കണ്ടെത്തിയ നിഗമനങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ ചെടികൾ തമ്മിൽ വെള്ളം വലിച്ചെടുക്കുന്നതിനായി നടത്തുന്ന യുദ്ധം. എന്നാൽ ഈ പ്രതിഭാസം വരാനിരിക്കുന്ന ജലദൗർലഭ്യത്തിന്റെയും മാറുന്ന കാലാവസ്ഥയുടെയും സൂചനകൾ നല്കുകയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.ഗെറ്റ്സിൻ ആദ്യമായി ഈ പ്രതിഭാസത്തെ നേരിട്ട് കണ്ടത് 20 വർഷങ്ങൾക്ക് മുൻപായിരുന്നു. വർഷം 70 മുതൽ 120 മില്ലിമീറ്റർ മഴ ലഭിക്കുന്ന പ്രദേശമാണ് നമീബിയൻ മരുഭൂപ്രദേശങ്ങൾ. അതിനാൽത്തന്നെ ജലലഭ്യത കുറയുന്നതിനാലോ കാലാവസ്ഥാ മാറ്റങ്ങൾക്കൊണ്ടോ ഉണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. വളർച്ച നിലനിർത്താൻ ശരിയായ അളവിലുള്ള വെള്ളത്തിന്റെ കുറവ് തന്നെയാണ് ഫെയറി സർക്കിൾസിനു പിന്നിലുള്ള പ്രധാന കാരണമായി ഇപ്പോൾ പറയപ്പെടുന്നത്. അതിനായി ചെടികൾ തങ്ങളുടെ നിലനില്പ്പിനാവശ്യമായ രീതിയിൽ വെള്ളം വലിച്ചെടുക്കുന്നു.

പ്രതിഭാസത്തിനു പിന്നിലെ ഉത്തരങ്ങൾക്കായി കഴിഞ്ഞ മൂന്ന് വർഷക്കാലം നമീബിയയിലെ മരുഭൂമിയിൽ പരീക്ഷണത്തിലായിരുന്നു ഗെറ്റ്സിനും സംഘവും. മണ്ണിലെ ജലലഭ്യത കണ്ടെത്തുന്നതിനായി പ്രത്യേക സംവിധാനങ്ങളോടെയുള്ള സെൻസറുകൾ സ്ഥാപിച്ചു. മഴക്കാലം കഴിഞ്ഞതോടെ വൃത്തത്തിനുള്ളിലും ചുറ്റിലുമായി പുല്ലുകൾ മുളച്ചുപൊങ്ങുകയും ചെയ്തു. എന്നാൽ ഏതാനും ആഴ്ചകൾക്ക് ശേഷം വൃത്തത്തിനകത്തെ പുല്ലുകൾ ഉണങ്ങിപ്പോകുകയും ചുറ്റുമുള്ള സസ്യങ്ങൾ തളിർത്ത് വളരുകയും ചെയ്തു. മാത്രമല്ല, വ്യത്തത്തിനുള്ളിലെ പുല്ലുകൾ കരിഞ്ഞുപോയതിനോടൊപ്പം മണ്ണിന്റെ നനവ് നഷ്ടപ്പെടുന്നതായും കണ്ടെത്തി. വൃത്തത്തിനകത്തെ മണ്ണിൽ നിന്നും ജലം വലിച്ചെടുക്കുന്നതിനാലാണ് ഇത്തരം പ്രതിഭാസം ഉണ്ടാകുന്നത്. മാത്രമല്ല ഇത്തരത്തിൽ വെള്ളം വലിച്ചെടുക്കുന്നതിനായി ചുറ്റിലും നിൽക്കുന്ന ചെടികൾക്ക് നീളമേറിയ വേരുകളുമുണ്ട്. നീളത്തിലുള്ള വേരുകൾ വൃത്തത്തിനകത്തേയ്ക്ക് വ്യാപിപിച്ച് അവിടെ നിന്ന് വെള്ളം ഊറ്റിയെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വൃത്തത്തിനകത്ത് ചെടികൾ വളരുന്നതിന് ആവശ്യമായ വെള്ളം ലഭ്യമല്ലാതാകുന്നു.

എന്തുകൊണ്ട് വൃത്താകൃതി?

രൂപങ്ങളുടെ ഘടനയിൽ വരുന്ന വ്യത്യാസങ്ങൾക്കൊണ്ട് വളരെ രസകരമായ ഒരു ഉത്തരത്തിലേയ്ക്കാണ് ചോദ്യങ്ങൾ ചെന്നെത്തുന്നത്. വൃത്താകൃതിയിൽ വളരുന്നതോടെ പുല്ലിനെ അവയുടെ ജലലഭ്യത വർധിപ്പിക്കാൻ അനുവദിക്കുന്നു. ചുറ്റളവ്-വിസ്തൃതി അനുപാതമുള്ള വൃത്തം, വളരുന്ന സസ്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെടികൾക്ക് ലഭിക്കേണ്ട വെള്ളത്തിന്റെ അളവ് ഉയർത്തുകയും ചെയ്യുന്നു. എന്നാൽ ചതുരാകൃതിയിലോ മറ്റ് രൂപത്തിലോ കൂടുതൽ ചെടികൾക്ക് കുറവ് വെള്ളം പങ്കിടേണ്ടിവരുന്ന അവസ്ഥയുണ്ടാകാം. അതിനാൽ സർവൈവൽ ഓഫ് ദ ഫിററസ്റ്റ് എന്ന ഭൂമിയുടെ നിലനിൽപ്പിന്റെ അടിസ്ഥാനത്തെ ഊട്ടിയുറപ്പിക്കുകയാണ് ഈ പ്രതിഭാസം.പ്രകൃതിയിലെ ട്യൂറിങ് പാറ്റേൺ

സസ്യങ്ങളുടെ നിലനിൽപ്പിന് ആധാരമായ മാറ്റങ്ങൾ എപ്രകാരമുണ്ടായി എന്നുള്ളത് വ്യക്തമല്ലെങ്കിലും പ്രകൃതിയിൽ നിലനില്ക്കുന്ന ഘടനകൾ ഈ പ്രതിഭാസത്തിനു സഹായകരമായെന്നാണ് വിലയിരുത്തൽ. തേനീച്ചക്കൂടുകൾ, സീബ്രയുടെ ശരീരത്തിലെ വരകൾ ഇതിനുദാഹരണങ്ങളാണ്. ഇത്തരത്തിൽ നമീബിയൻ പ്രദേശങ്ങളിൽ രൂപപ്പെട്ടിരിക്കുന്ന വൃത്താകൃതിയെല്ലാം തന്നെ കൃത്യമായ അകലം പാലിച്ചാണ് കാണപ്പെടുന്നത്. ഇതിലൂടെ സസ്യങ്ങൾക്ക് നിലനിൽപ്പിനാവശ്യമായ പരിസ്ഥിതി ഒരുക്കുന്നതിന് സഹായിക്കുന്നു. ഈ ഘടനാ സംവിധാനം ആദ്യമായി ലോകത്തിനുമുന്നിൽ വിശദീകരിച്ചത് അലൻ ട്യൂറിംങ് എന്ന ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞൻ ആയിരുന്നു. ഇത്തരത്തിൽ യൂണിഫോം പാറ്റേൺ സ്വീകരിക്കുന്നതിനെ ട്യൂറിങ് പാറ്റേൺ എന്നാണ് പറയുക.

നമീബിയൻ മരൂഭൂമിയിൽ കണ്ടെത്തിയ ഫെയറി സർക്കിളുകൾ ഓസ്ട്രലിയയിലും കണ്ടെത്തിയതായാണ് ഗവേഷകർ പറയുന്നത്. ഓസ്‌ട്രേലിയയിലെ ഈ പ്രതിഭാസവും ചെടികൾ നിലനിൽപ്പിനായും സ്വയം ക്രമപ്പെടുത്തുന്നതിനുമായി സസ്യങ്ങൾ സ്വീകരിച്ച വഴിയാണെന്നാണ് സംഘം മുന്നോട്ട് വയ്ക്കുന്ന നിഗമനങ്ങൾ. മാത്രമല്ല കാലാവസ്ഥാ വ്യതിയാനം മൂലം ജലദൗർലഭ്യം കൂടുന്നതോടെ നിലനിൽപ്പിനായുള്ള പുതിയ വഴികൾ സസ്യങ്ങൾ കണ്ടെത്തുന്നതായും മറ്റ് ഗവേഷകർ അഭിപ്രായം മുന്നോട്ട് വച്ചിട്ടുണ്ട്. കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ നടക്കുകയാണ്. ആവാസവ്യവസ്ഥ നാശത്തിന്റെ വക്കിലെത്തുമ്പോൾ ഇനിയും ഇത്തരത്തിലുള്ള പ്രതിഭാസങ്ങൾ പ്രകൃതിയിൽ നിന്നും സസ്യവൃക്ഷങ്ങളിൽ നിന്നും പ്രതീക്ഷിക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ ആശങ്കപ്പെടുന്നത്.

മറ്റ് നിഗമനങ്ങൾ

വെള്ളം നന്നായി ലഭിക്കുന്ന സ്ഥലങ്ങളിൽ സസ്യങ്ങളുടെ വളർച്ച ഒരേ രീതിയിലായിരിക്കും. എന്നാൽ മണ്ണിൽ ജലത്തിന്റെ അളവ് കുറയുന്നതോടെ സസ്യങ്ങളുടെ വളർച്ചയിൽ വിടവുകളായോ (ഗ്യാപ്), സ്ട്രാപ്പുകളായോ മാറ്റങ്ങൾ സംഭവിക്കാം. ജലലഭ്യത ഒട്ടും ലഭിക്കാതെ വരുമ്പോഴാണ് വ്യത്താകൃതിയിൽ ചെടികൾ വളരാൻ നിർബന്ധിതരാകുന്നത്.ഈ വിഷയത്തിൽ പഠനം നടത്തുന്ന മറ്റ് ഗവേഷകരും ഗെറ്റ്സിന്റെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നില്ല. ഓസ്ട്രേലിയൻ പരിസ്ഥിതി ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ചിതൽപ്പുറ്റുകളുടെ സാന്നിധ്യം ഇത്തരത്തിലുള്ള പ്രതിഭാസങ്ങൾക്ക് കാരണമാകാമെന്നാണ്. എന്നാൽ ഗെറ്റ്സിന്റെ പഠനങ്ങളിൽ രണ്ട് സ്ഥലങ്ങളിലും ചിതൽ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല.

മറ്റൊരു ഗവേഷകയുടെ പഠനങ്ങളിൽ യൂഫോർബിയ എന്ന ചെടിയുടെ വളർച്ച മറ്റ് സസ്യങ്ങളുടെ വളർച്ചയെ തടഞ്ഞതായാണ് അഭിപ്രായപ്പെടുന്നത്. മണ്ണിൽ ആവശ്യമായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതിലൂടെയാണ് മറ്റ് ചെടികളുടെ വളർച്ച തടസപ്പെടുത്തുന്നത്. മാത്രമല്ല വെള്ളത്തെ ആഗീരണം ചെയ്യാനുള്ള മണ്ണിന്റെ സ്വാഭാവികതയും നഷ്ടപ്പെടുത്തുന്നു. ഇതു മൂലമാകാം വൃത്താകൃതിയിൽ സസ്യങ്ങൾ വളരാത്തതെന്നും അഭിപ്രായപ്പെട്ടു.

അഭിപ്രായങ്ങൾ പല വിധത്തിലുണ്ടെങ്കിലും കൃത്യമായൊരു കാരണം കണ്ടെത്തുന്നതിന് സാധിച്ചിട്ടില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർ ഉത്തരം കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ്. ഭാവിയിൽ ശരിയായൊരു ഉത്തരം ലഭിക്കുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണവർ.


 

#Environment
Leave a comment