TMJ
searchnav-menu
post-thumbnail

Environment

മധുക്കരയിലെ കാട്ടാനകളും മുന്നറിയിപ്പ് പദ്ധതിയും

21 Feb 2024   |   3 min Read
ഉമ കല്ലിങ്കൽ

ന്ത്യയുടെ സമ്പന്നമായ ജൈവവൈവിധ്യം ആനകള്‍ ഉള്‍പ്പെടെയുള്ള വിവിധ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ്. അവരുടെ ആവാസവ്യവസ്ഥയെയും സഞ്ചാരപദങ്ങളെയും റെയില്‍വേ ട്രാക്കുകള്‍ രണ്ടാക്കുമ്പോള്‍ ആനക്കൂട്ടങ്ങള്‍ ഇപ്പോഴും അതേ പാതകളിലൂടെ തന്നെയാണ് ആഹാരം തേടി സഞ്ചരിക്കുന്നത്. ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണവും അടിസ്ഥാന സൗകര്യവികസനവും കാട്ടാനകളുടെ ആവാസവ്യവസ്ഥയെ വിഘടിപ്പിക്കുകയും റെയില്‍വേ ട്രാക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ മൃഗങ്ങളെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ സാമൂഹിക ജീവിതക്രമങ്ങളനുസരിച്ച് ഇത്തരം യാത്രാ സംവിധാനങ്ങള്‍ ഒഴിവാക്കാന്‍ പറ്റുന്നതുമല്ല. വര്‍ഷങ്ങളായി റെയില്‍വേ ട്രാക്കുകളില്‍ ആനകള്‍ മരണപ്പെടുന്ന സംഭവം വര്‍ദ്ധിച്ചുവരുകയാണെന്നാണ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പോലുള്ള വന്യജീവി സംഘടനകള്‍ പറയുന്നത്. 

ഇടതൂര്‍ന്ന വനങ്ങളിലൂടെയും ആനകളുടെ ആവാസ കേന്ദ്രങ്ങളിലൂടെയും റെയില്‍വേ ട്രാക്കുകള്‍ കടന്നുപോകുമ്പോള്‍ പല അപകടങ്ങളും സംഭവിക്കാറുണ്ട്. ഭക്ഷണവും വെള്ളവും തേടിയുള്ള മൃഗങ്ങളുടെ യാത്ര പലപ്പോഴും അവസാനിക്കുന്നത് റെയില്‍വേ ട്രാക്കുകളില്‍ ആണ്.  റെയില്‍വേ ട്രാക്കിന്റെ ഇരുവശങ്ങളിലും വളര്‍ന്നുനില്‍ക്കുന്ന സസ്യങ്ങള്‍ ലോക്കോ പൈലറ്റുമാര്‍ക്ക് ട്രാക്കിലെ മൃഗസാന്നിധ്യം കാണുന്നതിന് തടസ്സമാണ്. ഈ പ്രശ്നം രാത്രികാലങ്ങളില്‍ അപകടസാധ്യതയും ആനകളുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും കാരണമാണ്. ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെടുന്ന കാട്ടാനകളുടെ സങ്കടപ്പെടുന്ന കൂട്ടങ്ങള്‍ തിരിച്ചടിച്ചേക്കാം, ഇത് മനുഷ്യജീവനും കൃഷിഭൂമിക്കും അപകടമുണ്ടാക്കിയേക്കാം. കാട്ടാനകളുടെ ജീവന്‍ നഷ്ടപ്പെടുന്നത് തടയാന്‍ വനംവകുപ്പ്  ഒട്ടേറെ സംവിധാനങ്ങള്‍  പണ്ടുമുതലേ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എഐ യുടെ കടന്നുവരവ് ഫലപ്രദമായി വിനിയോഗിച്ചുകൊണ്ട് എഐ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ തമിഴ്‌നാട് വനംവകുപ്പ് തുടങ്ങിക്കഴിഞ്ഞു.  

മുപ്പതിനായിരത്തോളം കാട്ടാനകള്‍ ഇന്ത്യയിലുണ്ടെന്നാണ് ഏകദേശ കണക്ക്.  ഓരോ വര്‍ഷവും നിരവധി കാട്ടാനകളാണ് ട്രെയിന്‍ തട്ടി മരണമടയുന്നത്.  ചെറുതും വലുതുമായ പതിനായിരക്കണക്കിന് ജീവജാലങ്ങള്‍ വര്‍ഷാവര്‍ഷം ട്രാക്കുകളില്‍ ജീവന്‍വെടിയുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് തമിഴ്നാട് വനംവകുപ്പ് മാതൃകാപരമായ പദ്ധതിയുമായി മുന്നോട്ടുവന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ മധുക്കരൈ റേഞ്ചില്‍ മാത്രം 2008 മുതല്‍ 11 ആനകളാണ് ട്രെയിന്‍ തട്ടി മരണപ്പെട്ടത്. ഇത് തടയാനായി വനംവകുപ്പ് നടത്തിയ ആദ്യ ശ്രമം പരാജയമായിരുന്നെങ്കിലും പിന്നീട് ആ ശ്രമങ്ങളെത്തിയത് ഇന്ത്യയിലെത്തന്നെ ആദ്യത്തെ പദ്ധതിയിലേക്കായിരുന്നു.

PHOTO: WIKI COMMONS
എ ഐ അടിസ്ഥാനമാക്കിയുളള മുന്നറിയിപ്പ് സംവിധാനമാണ് തമിഴ്‌നാട് വനംവകുപ്പ് കാട്ടാനകളുടെ സംരക്ഷണത്തിനായി ഒരുക്കിയിരിക്കുന്നത്. കോയമ്പത്തൂര്‍ ഡിവിഷനിലെ മധുക്കരൈ ഫോറസ്റ്റ് റേഞ്ചിലെ റിസര്‍വ് ഫോറസ്റ്റ് ഏരിയയിലൂടെ കടന്നുപോകുന്നതും തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്നതുമായ റെയില്‍വേ ട്രാക്കുകള്‍ക്കരികിലുള്ള ക്യാമറ ഘടിപ്പിച്ചിരിക്കുന്ന ടവറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്.  ഇതുവഴി അപകടങ്ങള്‍ തടയുക മാത്രമല്ല, ആനയുടെ ചലനം, ആനയുടെ പെരുമാറ്റം, പെരുമാറ്റ പഠനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള  വിവരങ്ങളും  നല്‍കുന്നു.

തമിഴ്നാട്ടിലെ എട്ടിമടക്കും കേരളത്തിലെ വാളയാര്‍ സെക്ഷനുമിടയിലുള്ള മധുക്കര വനമേഖലയില്‍ എ ലൈന്‍, ബി ലൈന്‍ എന്നീ രണ്ട് റെയില്‍വേ ട്രാക്കുകളാണുള്ളത്. ആനകള്‍ പതിവായി സന്ദര്‍ശിക്കാറുള്ള വാളയാര്‍ നദിയുടെ തീരത്തുള്ള കേരള വനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വനമേഖലയിലാണ് എ ലൈന്‍, ബി ലൈന്‍ എന്നീ രണ്ട് റെയില്‍വേ ട്രാക്കുകളുള്ളത്.  ഇതേ ട്രാക്കിലൂടെയാണ് ദിവസവും 130 ട്രെയിനുകള്‍ പോകുന്നതും, വര്‍ഷത്തില്‍ ആയിരത്തിലധികം ആനകള്‍ ക്രോസ്സ് ചെയ്യുന്നതും. കോയമ്പത്തൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ പ്രധാന സംഘര്‍ഷപാതകളിലൊന്നും ഇതാണ്. ട്രാക്കിനും ട്രെയിനും കാട്ടാനകള്‍ക്കുമിടയിലുണ്ടാവുന്ന സംഘര്‍ഷങ്ങളും അപകടങ്ങളും തടയാനായി ഇവിടെയാണ് 24 മണിക്കൂറും ആനകളുടെ ചലനം നിരീക്ഷിക്കുന്ന എഐ സംവിധാനം നടപ്പിലാക്കുന്നത്. 7.24 കോടി രൂപ ചിലവിടുന്ന പദ്ധതി ഏഴ് കിലോമീറ്റര്‍ ദൂരമാണ് കവര്‍ ചെയ്യുന്നത്. ഏകദേശം 13 കിലോമീറ്റര്‍ ചുറ്റളവില്‍ ആനകള്‍ റെയില്‍വേ ട്രാക്ക് ക്രോസ് ചെയ്യാറുള്ള പ്രദേശങ്ങളിലെ ഏറ്റവും കൂടുതല്‍ ആനകള്‍ കടന്നുപോകുന്ന ഭാഗത്താണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 500 മീറ്റര്‍ ഇടവിട്ട് എഐ ജനറേറ്റഡ് 360 ഡിഗ്രി റോട്ടേറ്റബിള്‍ തെര്‍മല്‍ നൈറ്റ് വിഷന്‍ ക്യാമറകള്‍ ഉള്ള 12 ടവറുകളാണിവിടെയുള്ളത്. മൃഗങ്ങളുടെ സഞ്ചാരം മുന്‍കൂട്ടി അറിയുന്നതിനായി ട്രാക്കിന്റ ഇരുവശങ്ങളിലും 150 മീറ്റര്‍ കവറേജ് നല്‍കുന്ന ക്യാമറകളുമുണ്ടായിരിക്കും. മൃഗങ്ങള്‍ ട്രാക്കിലുണ്ടെങ്കില്‍ ലൈവ് ആയി വിവരങ്ങള്‍ കൈമാറുന്നത് ഈ തെര്‍മല്‍ ക്യാമറകള്‍ വഴിയാണ്. ട്രാക്കുകളില്‍ നിന്നുള്ള ആനകളുടെ ദൂരത്തെ അടിസ്ഥാനമാക്കി ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്ന അലര്‍ട്ടുകള്‍ എസ്എംഎസ് വഴിയാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും ലോക്കോ പൈലറ്റുമാര്‍ക്കും ലഭിക്കുന്നത്. തുടര്‍ന്ന് ഫീല്‍ഡ് ഓഫീസര്‍ നടപടിയെടുക്കുകയും ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത കുറയ്ക്കുകയുമാണ് ചെയ്യുന്നത്. ലോക്കോ പൈലറ്റുമാര്‍ക്ക് രണ്ട് ട്രാക്കുകളിലും മൃഗങ്ങളുടെ സാന്നിധ്യം മുന്‍കൂട്ടി കാണാനും പ്രവര്‍ത്തിക്കാനും ട്രാക്കുകളില്‍ ഹൂട്ടറുകളും ഡിജിറ്റല്‍ ഡിസ്‌പ്ലേ അലേര്‍ട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. 

PHOTO: WIKI COMMONS
റെയില്‍വേ ട്രാക്കുകളില്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതും ആനകളെ സുരക്ഷിതമായി കടന്നുപോകാന്‍ അടിപ്പാതകളോ മേല്‍പ്പാലങ്ങളോ നിര്‍മ്മിക്കുന്നതും ആനയും ട്രെയിനും തമ്മിലുള്ള കൂട്ടിയിടികള്‍ കുറയ്ക്കും.  ആനകള്‍ക്ക് സഞ്ചരിക്കുന്നതിനായി ട്രാക്കിനടിയിലൂടെ അണ്ടര്‍പാസുകള്‍ കോയമ്പത്തൂര്‍ ഡിവിഷനില്‍ നിര്‍മ്മിക്കുകയും ഇതിനകം തന്നെ ആനകള്‍ ആ സൗകര്യം ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്. അതിനു പുറമെയാണ് അപകടങ്ങള്‍ തടയുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ എ ഐ ജനറേറ്റഡ് സംവിധാനം തമിഴ്നാട് വനംവകുപ്പ് ഉപയോഗിച്ചിരിക്കുന്നത്. പദ്ധതി രാജ്യം മുഴുവന്‍ പ്രാവര്‍ത്തികമാക്കിയാല്‍ അതുവഴി നൂറുകണക്കിന് കാട്ടാനകളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും.

ഇന്ത്യന്‍ റെയില്‍വേ ട്രാക്കുകളിലെ ആനകളുടെ ദുരവസ്ഥ, മനുഷ്യ-ആന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും  ജീവികളെ സംരക്ഷിക്കുന്നതിനുമുള്ള അടിയന്തര ആവശ്യകതയെ അടിവരയിടുന്നവയാണ്. സംരക്ഷണ പ്രയത്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട്, സാങ്കേതിക മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെയും മറ്റും ആനകള്‍ അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളില്‍ സുരക്ഷിതരായേക്കാം.


#Environment
Leave a comment