TMJ
searchnav-menu
post-thumbnail

Family

വെർച്ച്വൽ വേൾഡിൽ കുട്ടികൾ സുരക്ഷിതരോ?

24 Oct 2023   |   2 min Read
ഹൃദ്യ ഇ

ടെക്നോളജിയെ മാറ്റിവച്ചുകൊണ്ടൊരു ജീവിതം ഈ കാലഘട്ടത്തിൽ ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. വിവരങ്ങൾ അറിയാനും ആശയവിനിമയം നടത്താനും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ വിരളമായിരിക്കും. പ്രിന്റ് മീഡിയ പ്ലാറ്റ്ഫോമുകളും ടെലിവിഷനുമെല്ലാം കടന്ന് സോഷ്യൽമീഡിയയ്ക്കുള്ളിലാണ് ഇന്ന് ലോകം. റിയൽവേൾഡെന്നും വെർച്ച്വൽ വേൾഡെന്നും ലോകത്തെ രണ്ടായി മനസ്സിലാക്കേണ്ടിടത്തേക്കാണ് സോഷ്യൽ മീഡിയ നമ്മെ എത്തിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയുടെ ഗുണങ്ങളും ഓൺലൈൻ ലോകത്തെ സുരക്ഷിതത്വവും ഒരേസമയം ചർച്ചാ മണ്ഡലത്തിലേക്ക് കടന്നുവരുന്ന വിഷയങ്ങളാണ്. പലപ്പോഴും കുട്ടികളുടെ സ്മാർട്ട്ഫോൺ, സോഷ്യൽ മീഡിയ ഉപയോഗത്തെ വളരെ ആശങ്കയോടെ നോക്കികാണാറുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസ മേഖല പൂർണമായും ഓൺലൈൻ ആയപ്പോൾ കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗം സ്വാഭാവികമായും അതിന് അനുസരിച്ച് വർദ്ധിച്ചിരുന്നു.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയ ഒട്ടുമിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 13 ആണ്.  എന്നാൽ ഏഴ് വയസ്സ് പ്രായമുള്ള കുട്ടികൾ പതിവായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു എന്ന് വെയിൽസിൽ നടത്തിയ ഒരു സർവേ റിപ്പോർട്ടിൽ പറയുന്നു. ഏഴ് മുതൽ പതിനൊന്ന് വയസ്സുവരെ പ്രായമുള്ള 32,000 ത്തിലധികം കുട്ടികളുടെ പ്രതികരണങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സർവേ. ഏകദേശം പകുതിയോളം കുട്ടികളും സോഷ്യൽ മീഡിയ സൈറ്റുകളോ ആപ്പുകളോ ആഴ്ചയിൽ കുറച്ച് തവണയോ, എല്ലാ ദിവസമോ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഏഴും എട്ടും വയസ്സുള്ള മൂന്നാം ക്ലാസിൽ പഠിക്കുന്ന 43 ശതമാനം കുട്ടികൾക്കും സ്മാർട്ട് ഫോണുകൾ ഉണ്ട്. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ മൂന്നിൽ രണ്ട് വിദ്യാർത്ഥികളും പതിവായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു. ആറുവയസ്സുള്ള കുട്ടികളിൽ നാലിൽ ഒരു വിഭാഗം സൈബർ ബുള്ളിയിംഗ് അനുഭവിച്ചതായി പറയുന്നു. ഏഴ് മുതൽ 11 വയസ്സ് വരെയുള്ള അഞ്ച് കുട്ടികളിൽ ഒരാൾ 12 മണിക്കോ അതിന് ശേഷമോ ആണ് ഉറങ്ങുന്നത്. പബ്ലിക്ക് ഹെൽത്ത് വെയിൽസും കാർഡിഫ് യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ ഈ സർവേ വെയിൽസിലെ 354 പ്രൈമറി സ്‌കൂളുകളിലെ കുട്ടികളിലാണ് നടത്തിയത്.

REPRESENTATIVE IMAGE:WIKI COMMONS
കോവിഡ് പാൻഡമിക് ആണ് ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥികളിൽ സ്മാർട്ട്ഫോണിന്റെ ഉപയോഗം വർദ്ധിപ്പിച്ചതെന്ന് ഈ പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്.  യുകെ യിൽ മൂന്നും നാലും വയസ്സുള്ള കുട്ടികളിൽ അഞ്ചിൽ ഒരാൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതായി ഈ വർഷം യുകെ യിലെ ഓഫീസ് ഓഫ് കമ്മ്യൂണിക്കേഷൻസിന്റെ ഒരു പഠന റിപ്പോർട്ട് മാധ്യമങ്ങളിൽ വന്നിരുന്നു. വളരെ ചെറിയ കുട്ടികളിലെ ഫോൺ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്ക ഈ റിപ്പോർട്ടിൽ പ്രകടമായിരുന്നു. റിപ്പോർട്ട് അനുസരിച്ച് വീഡിയോകൾ കാണാനാണ് കുട്ടികൾ പൊതുവെ ഫോൺ ഉപയോഗിക്കുന്നത്.
                                                                                  
വെയിൽസിൽ നടത്തിയ സർവേയുമായി ബന്ധപ്പെട്ടുള്ള രക്ഷിതാക്കളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പലപ്പോഴും ഈ വിഷയത്തിൽ ഉയർന്നുവരുന്ന ഒരു സങ്കീർണതയെ സൂചിപ്പിക്കുന്നുണ്ട്. തങ്ങളുടെ കുട്ടികളോട് നല്ല രീതിയിൽ പെരുമാറുന്നതിനോടൊപ്പം തന്നെ അവരെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും സുരക്ഷിതരാക്കാനുള്ള ശ്രമം കൂടി നടത്തുമ്പോൾ ആ ഉത്തരവാദിത്തം സങ്കീർണമായ പ്രക്രിയയായി മാറുമെന്നാണ് ഒരു രക്ഷിതാവ് പ്രതികരിക്കുന്നത്. കുട്ടികളുടെ സർഗാത്മകതയെ പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ് പലപ്പോഴും സോഷ്യൽ മീഡിയ. അങ്ങനെ സ്മാർട്ട് ഫോണിനും സോഷ്യൽ മീഡിയയ്ക്കുമെല്ലാം രണ്ടുവശങ്ങൾ ഉള്ളപ്പോൾ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരം സങ്കീർണമാകുന്നത് സ്വാഭാവികമാണ്. സോഷ്യൽ മീഡിയ കമ്പനികൾ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും അത് കൃത്യമായി നടപ്പിലാകാത്ത അവസ്ഥയെ പഠനം ചൂണ്ടികാണിക്കുന്നുണ്ട്.

REPRESENTATIVE IMAGE:WIKI COMMONS
സോഷ്യൽ മീഡിയയിൽ ഒരു കുട്ടിയുടെ അക്കൗണ്ട് സ്വകാര്യമാക്കാനോ ഫ്രണ്ട് റിക്ക്വസ്റ്റുകൾ തടയാനോ ലൊക്കേഷൻ മറച്ചുവയ്ക്കാനോ കഴിയുന്ന സുരക്ഷാ സ്വകാര്യതാ ക്രമീകരണങ്ങളുണ്ട്. ഇത് തിരിച്ചറിഞ്ഞ് രക്ഷിതാക്കൾ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ ഗുണകരമായ രീതിയിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ അതവരെ സുരക്ഷിതരാക്കുമെന്നാണ് ഗവേഷകർ നിർദ്ദേശിക്കുന്നത്. സോഷ്യൽ മീഡിയയ്ക്ക് ഗുണങ്ങൾ ഉണ്ടെങ്കിലും അതിന്റെ നെഗറ്റീവുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും ജാഗ്രത പുലർത്തേണ്ടതും പ്രധാനമാണെന്നാണ് എൻഎസ്പിസിസി (നാഷണൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി റ്റു ചിൽഡ്രൻ) പറയുന്നത്.

അധ്യാപകരും മാതാപിതാക്കളും കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടതിന്റെയും അതിന്റെ സാധ്യതകളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും കുട്ടികളോട് സംസാരിക്കേണ്ടതിന്റെയും ആവശ്യകതയെയും പറ്റി വെയിൽസിലെ പബ്ലിക് ഹെൽത്ത് വിഭാഗം ചൂണ്ടികാണിക്കുന്നു.



#family
Leave a comment