TMJ
searchnav-menu
post-thumbnail

Family

മാറിവരുന്ന കുടുംബസങ്കല്പങ്ങള്‍

16 May 2023   |   3 min Read
ദേവിക ജയചന്ദ്രൻ

2018 സെപ്തംബര്‍ 6 നാണ് സുപ്രീം കോടതിയുടെ അഞ്ചംഗബെഞ്ച്‌, സ്വവര്‍ഗ ലൈംഗികതയെ ക്രിമിനല്‍ കുറ്റമാക്കി കണക്കാക്കിയിരുന്ന ആര്‍ട്ടിക്കിള്‍ 377ലെ 16ാം അധ്യായം എടുത്തുമാറ്റികൊണ്ടുള്ള ചരിത്രവിധി പുറപ്പെടുവിച്ചത്‌. സ്വവര്‍ഗ ലൈംഗികതയെ പ്രകൃതിവിരുദ്ധമാക്കി കണക്കാക്കിയിരുന്ന നൂറ്റിഅറുപത്‌ വർഷം മുമ്പുള്ള കൊളോണിയല്‍ നിയമങ്ങളാണ്‌ അന്ന്‌ പൊളിച്ചെഴുതപ്പെട്ടത്‌. പക്ഷെ ഇന്ത്യന്‍ സമൂഹം ഇന്നും ഇവരോട്‌ മുഖം തിരിച്ചുവെക്കുന്നു. നിയമത്തിനു മുന്നില്‍ പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പരസ്പരസമ്മതത്തോടെ എന്ത്‌ ചെയ്യുന്നു എന്നത്‌ സംസ്‌കാരത്തെയും സമൂഹത്തെയും മോശമായി ബാധിക്കുന്നതെങ്ങനെ എന്നത്‌ ഒരു ചോദ്യമാണ്‌. ലൈംഗികതയ്ക്‌ സാമൂഹികമായി അപ്രഖ്യാപിത വിലക്ക്‌ ഏര്‍പ്പെടുത്തുന്ന, എന്നും മറ്റുള്ളവര്‍ അവരുടെ സ്വകാര്യതയ്ക്കുള്ളില്‍ എന്ത്‌ ചെയ്യുന്നു എന്ന്‌ നോക്കിയിരിക്കുന്ന ഒരു സമൂഹത്തില്‍ നിന്നും സ്വാഭാവികമായി ഉണ്ടാവുന്ന പ്രതികരണം മാത്രമാണിത്‌. ഇന്ന്‌ സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കാനുള്ള ചര്‍ച്ചകള്‍ ബലപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ വീണ്ടും ഈ വിഷയം ആഘോഷിക്കപ്പെടുന്നു. നമ്മുടെ സംസ്കാരം എങ്ങോട്ടാണ്‌ അധഃപതിക്കുന്നത്‌? കുടുംബബന്ധങ്ങള്‍ക്‌ വലിയ വില കല്‍പ്പിക്കുന്ന ഒരു സമൂഹത്തിന്റെ നൈതികതയെ ചോദ്യം ചെയ്യുന്ന ഇതുപോലൊരു വിഷയത്തെ ഇത്ര ലാഘവത്തോടെ ആണോ കരുതേണ്ടത്‌?

ഒരു സമൂഹത്തിന്റെ അടിസ്ഥാനഘടകമാണ്‌ കുടുംബം. വേട്ടയാടിക്കഴിഞ്ഞിരുന്ന പ്രാചീനയുഗത്തില്‍നിന്നും പതിനായിരക്കണക്കിന്‌ വര്‍ഷങ്ങള്‍കൊണ്ട്‌ പരിണാമം സംഭവിച്ച്‌ ഇന്നീ സമൂഹത്തില്‍ മനുഷ്യരെത്തിനില്‍ക്കുമ്പോള്‍ മറ്റുജീവജാലങ്ങളില്‍ നിന്നും മനുഷ്യരെ വ്യത്യസ്തരാക്കി നിര്‍ത്തുന്നത്‌ ജീവശാസ്ത്രത്തിലുമുപരി സാമൂഹികമായ പരിണാമം ആണ്‌. സാമൂഹികമായും സംസ്കാരികമായും ഏറ്റവും വലിയ മാറ്റം സംഭവിച്ച ജീവഗണമാണ്‌ മനുഷ്യര്‍. നമുക്ക്‌ മുമ്പ് നടന്നവര്‍ എന്ത്‌ ചെയ്തിരുന്നു, എന്ത്‌ ചിന്തിച്ചിരുന്നു എന്നതെല്ലാം നമ്മുടെ ചരിത്രത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാണ്‌. നമ്മുടെ ചിന്തകളെയും കഴിക്കുന്ന ഭക്ഷണത്തേയും എന്തിന് നമ്മള്‍ ഉടുക്കുന്ന വസ്ത്രങ്ങളെയുംവരെ സ്വാധീനിക്കാന്‍ കെല്പുള്ളതാണ്‌ നമ്മളുടെ ചരിത്രം. സംസ്‌കാരം ചരിത്രത്തില്‍ നിന്നും ഉടലെടുക്കുന്നതാണ്‌. ചരിത്രത്തില്‍ നിന്ന്‌ പഠിച്ച പാഠങ്ങള്‍ ആണ്‌ പിന്നീട്‌ സാംസ്കാരികമായ മാറ്റങ്ങള്‍ ആകുന്നത്‌.

പലയിടങ്ങളില്‍ പലരീതിയില്‍ ജിവിച്ച മനുഷ്യര്‍ കുടുംബമായി, ഒരു സമൂഹമായി ജീവിക്കുന്നതാണ്‌ അതിജീവനത്തിന്റെ കാതല്‍ എന്ന്‌ തിരിച്ചറിഞ്ഞതില്‍ നിന്നുമാണ്‌ ഇന്നുകാണുന്ന സമൂഹത്തിലേക്ക്‌ എത്തിച്ചേര്‍ന്നത്‌. മറ്റുമൃഗങ്ങള്‍ക്കില്ലാത്ത കുടുംബസങ്കല്പം എന്തിന്‌ മനുഷ്യനുമാത്രം എന്ന ചിന്തയ്ക്‌ മനുഷ്യനോളം പഴക്കമുണ്ടാകും. പ്രണയം മനുഷ്യര്‍ക്ക്‌ മാത്രമുള്ളതല്ല. പ്രത്യുല്പാദനം മാത്രമാണ്‌ ഇണയോടുള്ള ആകർഷണത്തിന്റെ അടിസ്ഥാനമെങ്കില്‍ മനുഷ്യന്‍ എന്തിനൊരു സാമൂഹ്യജീവി ആയി? മറ്റുമൃഗങ്ങളില്‍ നിന്നും എന്തുകൊണ്ട്‌ വ്യത്യസ്തരായി? സ്നേഹവും ഇണക്കവും പരസ്പരസമ്മതവും എല്ലാം മനുഷ്യന്റെ ജീവശാസ്ത്രത്തിന്റെ ഭാഗങ്ങളായി, ഇവിടെയാണ്‌ കുടുംബത്തിന്‌ ഒരു നിര്‍വചനം ഉണ്ടാകുന്നത്‌. മനുഷ്യന്റെ സാംസ്കാരികമായ നിലനില്‍പ്പിന്റെ ഭാഗമാണത്‌. ജീവശാസ്ത്രത്തിനുപരി സാമൂഹികശാസ്ത്രം ആണ്‌ മനുഷ്യരെ മനുഷ്യരാക്കുന്നത്‌. രണ്ടുപേര്‍ പ്രണയിക്കുമ്പോള്‍ ജീവശാസ്ത്രപരമായ ആകർഷണത്തിനുമപ്പുറം മനുഷ്യന്‌ മാത്രം സാധ്യമാകുന്ന വികാരങ്ങളാണ്‌ അവരെ മുന്നോട്ട്‌ ചിന്തിപ്പിക്കുന്നതും നയിക്കുന്നതും. അനുകമ്പയും പരസ്പര ആശ്രയത്വവും താല്പര്യവും സ്വാര്‍ത്ഥതയും മോഹവുമെല്ലാം ആ വികാരങ്ങളാണ്‌. വിവാഹവും കുംടുംബജിവിതവുമെല്ലാം ഇതിലേക്കുള്ള കൂട്ടിച്ചേര്‍ക്കലുകളാണ്‌. അതിനാല്‍ തന്നെ എല്ലാ മനുഷ്യരിലും ജീവശാസ്ത്രപരമായ ഇണചേരാനുള്ള തൃഷ്ണയോടൊപ്പം ഒരു കുടുംബത്തിന്റെ ഭാഗമാകാനും സാമൂഹിക ജിവിയാകാനുമുള്ള മാനുഷികമായ ഇച്ഛയും സ്വാഭാവികമായി ഉണ്ടാകുന്നു. ഇതുതന്നെയാണ്‌ കുടുംബബന്ധങ്ങളുടെ നിലനില്പിന്റെ അടിസ്ഥാനവും.


REPRESENTATIONAL IMAGE: WIKI COMMONS

സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കുന്ന രാജ്യങ്ങളുടെ എണ്ണം ഇന്ന്‌ 64 ആണ്‌. ഇവയില്‍ കുറ്റത്തിന്‌ വധശിക്ഷ വരെ ലഭിക്കാവുന്ന രാജ്യങ്ങളും ഉണ്ട്‌. സ്വവര്‍ഗ്ഗവിവാഹം നിയപരമായി അംഗീകരിച്ച രാജ്യങ്ങള്‍ 29 ആണ്‌. വിവാഹം നിയപരമായി വ്യക്തികളുടെ കൂടിച്ചേരലാണ്‌. വിവാഹത്തിലൂടെ രണ്ട്‌ വ്യക്തികള്‍ക്കുപുറമേ അവരുടെ കുടുംബത്തിനും നിയമപരമായി സംരക്ഷണം ലഭിക്കുന്നു. ഒരു ജനാധിപത്യ രാജ്യത്ത്‌ നിയമത്തിനു മുന്നില്‍ എല്ലാവര്‍ക്കും തുല്യതയും സംരക്ഷണവും നല്‍കുക എന്നത്‌ രാജ്യത്തെ നീതിന്യായവ്യവസ്ഥയുടെ ഉത്തരവാദിത്വമാണ്‌. പലപ്പോഴും നിയമത്തിനുമുന്നില്‍ ആളുകള്‍ തുല്യരെന്ന്‌ വാദിക്കുമ്പോഴും യാഥാർത്ഥ്യം മറ്റൊന്നാകുന്നു. നിയമസാധുതയുള്ള വിവാഹം ഒരു വിഭാഗത്തിന്‌ മാത്രം നിഷേധിക്കുന്നത്‌ ഭരണഘടനാലംഘനമായി കണക്കാവുന്നതാണ്‌. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ സ്വവര്‍ഗലൈംഗികതയെ കുറ്റകൃത്യമായി കണക്കാക്കുന്നത്‌ മനുഷ്യാവകാശലംഘനമാണ്‌ എന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇന്ന്‌ സ്വവര്‍ഗലൈംഗികതയ്ക്‌ ശാസ്ത്രീയ അടിസ്ഥാനം ഉണ്ട്‌. മനുഷ്യരല്ലാത്ത മറ്റു ജീവവർഗങ്ങളിലും ഈ സ്വഭാവം കണ്ടെത്തിയിട്ടുമുണ്ട്‌. അതുകൊണ്ട്‌ തന്നെ പ്രകൃതിവിരുദ്ധത എന്ന്‌ വിളിക്കപ്പെടുന്നത്‌ ശാസ്ത്രീയമായി തെറ്റാണ്‌. ഇത്‌ ചരിത്രത്തിന്റെയോ സംസ്കാരത്തിന്റെയോ ഭാഗമല്ല എന്ന്‌ വാദിച്ച്‌ മാനുഷികമായ സാമൂഹികജിവിതത്തില്‍ നിന്നും ഒരു വിഭാഗത്തിനെ മാറ്റിനിര്‍ത്തുന്നത്‌ മനുഷ്യാവകാലംഘനം അല്ലാതെ മറ്റെന്താണ്‌. കുടുംബജിവിതവും മോണോഗാമിയും ഒരു കാലത്ത് മനുഷ്യന്‌ പുതിയത്‌ തന്നെ ആയിരുന്നു. സാമൂഹിക - സാംസ്കാരിക പരിവര്‍ത്തനങ്ങള്‍ ഒരിക്കലും ഒരു ദിവസം കൊണ്ട്‌ സംഭവിച്ചവല്ല. ജൈവപരിണാമം പോലെ തന്നെ സമയമെടുത്താണ്‌ അവയും സംഭവിച്ചത്‌. കുടുംബജീവിതം നയിക്കാന്‍ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ അവകാശമുണ്ട്‌, അതുപോലെതന്നെ ആരോടൊപ്പം ജീവിക്കണം എന്ന്‌ തീരുമാനിക്കാനും. അമ്മയും അച്ഛനും കുട്ടികളും അടങ്ങുന്നത്‌ മാത്രം ആണ്‌ കുടുംബം എന്നത്‌ ഒരു വാദമാകുന്നതെങ്ങനെയാണ്‌. അമ്മയില്ലാത്ത കുടുംബങ്ങള്‍ കുടുംബങ്ങളല്ലേ; അച്ഛനില്ലാത്ത കുടുംബങ്ങളില്ലേ; മക്കളില്ലാത്തവരുടേത്‌ കുടുംബമല്ലേ? ചിലരെ അതിര്‍വരയ്ക്‌ പുറത്തുനിര്‍ത്തികൊണ്ട്‌ ഒരു വാക്കിനെ നിര്‍വ്വചിക്കാന്‍ സാധിക്കുന്നതെങ്ങനെയാണ്‌, അതും സമൂഹത്തിന്റെ അടിസ്ഥാനമെന്ന്‌ കണക്കാക്കുന്ന ഒന്നിനെ നിര്‍വ്വചിക്കാന്‍ ശ്രമിക്കുമ്പോള്‍. സ്വയം പരിണമിക്കാന്‍ കഴിയുന്ന ജീവി ആണ്‌ മനുഷ്യന്‍. പുതിയത്‌ പഠിക്കുവാനും മുമ്പ് പഠിച്ചതിനെ പുനര്‍ചിന്തനം നടത്തുവാനും കഴിയുന്നവര്‍. നാലോ അഞ്ചോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിവാഹം നയതന്ത്രപരമായതോ വ്യാപാരസംബന്ധമായതോ ആയ ഇടപാടിനപ്പുറം ഒന്നുമല്ലായിരുന്നു. ഇന്ന്‌ വിവാഹബന്ധങ്ങള്‍ക്ക്‌ പുതിയ മാനവും മൂല്യവും കൈവന്നിട്ടുണ്ടെങ്കില്‍ അത്‌ മനുഷ്യരില്‍ നടന്ന മാറ്റങ്ങള്‍ കൊണ്ട്‌ മാത്രമാണ്‌. മനുഷ്യന്റെ ചിന്തകള്‍ മാറുന്നത്‌ കൊണ്ടാണ്‌ ലോകം മാറുന്നത്‌; മറിച്ചല്ല.

ഒരു സമൂഹത്തിന്റെ അസ്തിത്വത്തെയാണ്‌ സദാചാരസമൂഹം ചോദ്യം ചെയ്യുന്നത്‌. സംസ്കാരത്തിനും സദാചാരത്തിനും അപ്പുറം അരികുവത്കരിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ മാലികമായ അവകാശങ്ങള്‍ക്ക് നമ്മുടെ സമൂഹവും നീതിവ്യവസ്ഥയും പരിഗണന കൊടുക്കേണ്ടിയിരിക്കുന്നു. സങ്കുചിതമായ ചിന്തകളിലും നിര്‍വ്വചനങ്ങളിലും മനുഷ്യരെ തളച്ചിടാതിരുന്നാല്‍ മാത്രമേ സമൂഹത്തിനു വളര്‍ച്ച പ്രാപ്യമാകൂ.



#family
Leave a comment