TMJ
searchnav-menu
post-thumbnail

Family

സ്‌നേഹത്തിന്റെ പലവിധമാനങ്ങള്‍

12 Aug 2023   |   3 min Read
റിഹാൻ റാഷിദ്‌

സ്‌നേഹമെന്നത് അനുഭവിക്കാത്ത മനുഷ്യരാരുമുണ്ടാവില്ല. ഒരു നേര്‍ത്ത ജലസ്മരണയെന്നോണം സ്‌നേഹം എല്ലാവരേയും പലവിധത്തില്‍ തൊട്ടുപോവുന്നുണ്ട്. പക്ഷേ, സ്‌നേഹമെന്നത് ചിലനേരങ്ങളില്‍ അഗാധമായ മുറിവുകള്‍ തീര്‍ക്കാനുതകുന്ന ആയുധവുമാണ്. ഒരുതുള്ളി രക്തം പോലും പൊടിയാതെ, മുറിവടയാളമില്ലാതെ വേദനിപ്പിക്കുന്ന വിദഗ്ദമായ ആയുധം. യഥാര്‍ത്ഥത്തില്‍ എന്താണ് സ്‌നേഹം? അതന്വേഷിക്കുമ്പോള്‍ ചെന്നണയുക വ്യക്തിസ്വാതന്ത്ര്യത്തിലാണ്. കൂടെയുള്ള മനുഷ്യരെ, അതേത് തരം ബന്ധമായാലും പരസ്പരം ബഹുമാനിച്ച്, ഓരോ മനുഷ്യനും തീര്‍ത്തും അവന്റേതായ ഏകതയുണ്ടെന്ന് (Space) മനസ്സിലാക്കേണ്ടതുണ്ട്. ചിലര്‍ പറയും അവനില്‍/അവളില്‍ ഞങ്ങള്‍ പരസ്പരം ഒന്നും മറച്ചുവെക്കുന്നില്ലെന്ന് (Transparent). എന്നാല്‍ അതാണേറ്റവും വലിയ നുണ. കാരണം അവനവനുമാത്രം അറിയാവുന്ന അനേകം രഹസ്യങ്ങളുടെ ഒരു വനസ്ഥലിയാണ് ഓരോ മനുഷ്യമനസും. പൂര്‍ണമായും വെളിപ്പെടാത്ത സമുദ്രാഴങ്ങളെക്കാളും സങ്കീര്‍ണമായതാണത്. അത്തരം ഏകതകളെ ഉള്‍ക്കൊണ്ട്, ഓരോരുത്തര്‍ക്കും അവരവരുടേതായ ചിന്തകളും സ്വപ്നങ്ങളും തീരുമാനങ്ങളും സ്വകാര്യതകളുമുണ്ടെന്നു തിരിച്ചറിഞ്ഞാല്‍ ഏതൊരു ബന്ധവും മനോഹരമായി നിലനില്‍ക്കും.

ഇനി, എന്താണ് ബന്ധങ്ങളിലെ സ്വകാര്യതയെന്നു ചോദിച്ചാല്‍ അത് അതതു വ്യക്തികള്‍ നിര്‍മിക്കുന്ന സ്വകാര്യയിടമാണ്. ആരെ, എവിടെ, എപ്പോഴെല്ലാം ചേര്‍ത്തുവെക്കാം എന്നു തീരുമാനിക്കുന്നത് തീര്‍ത്തും വ്യക്തിപരമാണ്. അതിന്റെ മാനകങ്ങള്‍ നിശ്ചയിക്കുന്നത് അവരവര്‍ തന്നെയാണ്. അതവരുടെ അനുഭവ-മാനസിക-ശാരീരിക-സാമൂഹിക-മത പരിസ്ഥിതികളില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്നതാണ്. നിസ്വാര്‍ത്ഥമായ സ്‌നേഹം എന്നു പറയുന്നത് യഥാര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ ഈയൊരു രീതിയാല്‍ സാധ്യമാണ്. എന്നാല്‍ സ്വാര്‍ത്ഥത (Selfishness) സ്‌നേഹത്തെ ഏറ്റവും വേദനാജനകമാക്കി മാറ്റും. ഇവിടെ, സ്‌നേഹത്തിലാവുന്നവര്‍ തമ്മിലുള്ള വൈകാരികത (Emotions) അതിവിപുലവും സങ്കീര്‍ണതകള്‍ നിറഞ്ഞതുമാണ്. ഇത്തരമാളുകള്‍ എതിരു നില്‍ക്കുന്ന വ്യക്തിയെ തങ്ങളുടേത് മാത്രമാക്കി മാറ്റാന്‍ നിരന്തരം ശ്രമം നടത്തുന്നു. എന്നാല്‍, മറ്റേവ്യക്തി അതിനു തയ്യാറല്ലാതാവുമ്പോള്‍ അതൊരു യുദ്ധത്തിനു കളമൊരുക്കുന്നു. പരസ്പരമുള്ള പഴിചാരലുകളും ആരോപണ-പ്രത്യാരോപണങ്ങളാലും ദൈനംദിനജീവിതത്തെ സംഘര്‍ഷഭരിതമാക്കി തീര്‍ക്കുന്നു. ഇരുവരുടെയും സകല പ്രവര്‍ത്തനങ്ങളേയുമത് ബാധിക്കുന്നു. ജീവിതത്തോടു തന്നെ മടുപ്പുളവാക്കി മാറ്റുന്നു.
 
REPRESENTATIONAL IMAGE
അതിലും അപകടകരമാണ് കൈവശപ്പെടുത്തുക /അധികാരം സ്ഥാപിക്കുക (Possessive) എന്ന നിലയിലേക്ക് എത്തപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍ പലരും സ്‌നേഹം ഇതാണെന്നാണ് ധരിച്ചിരിക്കുന്നത്. തന്റെ അധികാരസ്ഥാനത്തുപ്രതിഷ്ടിക്കുന്ന വ്യക്തിയുടെ സ്വകാര്യതയെ തങ്ങള്‍ ഹനിക്കുന്നെന്നു അവരൊരിക്കലും ചിന്തിക്കുന്നില്ല. അല്ലെങ്കില്‍ തിരിച്ചറിയുന്നില്ല. എന്നാലിതാണ് സ്‌നേഹമെന്നു കരുതിയാണവരുടെ ജീവിതവും! തീര്‍ത്തും സങ്കുചിതമായ ചിന്തകളെ മനഃശാസ്ത്രപരമായി സമീപിക്കാന്‍ മിക്കവരും തയ്യാറാവുന്നുമില്ല. ഇനിയിതെല്ലാം, ഒരു നിമിഷംകൊണ്ടോ ദിവസംകൊണ്ടോ മാറ്റാനാവുന്നതുമല്ല. കാരണം പലകാലങ്ങളായി സമൂഹം സൃഷ്ടിച്ചുവെച്ച പൊതുബോധമാണ് ഇക്കൂട്ടരെ നയിക്കുന്നത്. കണ്ടിട്ടില്ലേ; ചിലര്‍ തന്റെ കൂടെയുള്ളവരുടെ (Patner) അനുമതിക്കായി കേഴുന്നത്, അപേക്ഷിക്കുന്നത്? എത്രമാത്രം വേദനാജനകമാണത്. സ്വത്വത്തെ പണയപ്പെടുത്തി, തന്നെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ മറ്റൊരുവന്റെ തീരുമാനത്തിനു കാത്തുനില്‍ക്കുന്ന അപമാന നിമിഷങ്ങളാണത്. മറ്റൊന്ന്, ആശ്രിതത്വമാണ്. സ്വയവേ, മാനസികാശ്രിതത്വത്തിന് (Emotional dependency)  കീഴ്‌പ്പെടുന്നവര്‍. അതേറ്റവും അപകടകരമായ അവസ്ഥയിലേക്ക് ചെന്നെത്തിക്കും. നിരാശയുടെ ഏറ്റവും ആഴങ്ങളിലേക്ക് കൊണ്ടുചെന്നിടും. പതിയെ തങ്ങള്‍ ആഗ്രഹിക്കുംവിധമുള്ള സ്‌നേഹവും പരിഗണനയും ലഭ്യമാവുന്നില്ല എന്ന തിരിച്ചറിവ് അവരെയൊരു വന്യവ്യാഗ്രമെന്നോണം ഗ്രസിക്കും.  കൂടെയുള്ളവരെ യാതൊരു തരത്തിലും വിശ്വസിക്കാന്‍ (Trust issue) കഴിയാതെ, എല്ലാത്തിലും തന്നെ അയാള്‍ ഒഴിവാക്കുകയാണ് അല്ലെങ്കില്‍ തീരെ പരിഗണിക്കുന്നില്ല പരാതിപ്പെട്ടിയായി മാറും. പതിയെ ആ ബന്ധത്തിന്റെ താളംതെറ്റും. എന്നാലിതവരുടെ കുറ്റമല്ല. മറിച്ച്, മുകളില്‍ സൂചിപ്പിച്ച, പൊതുബോധ നിര്‍മിതിയുടെ കുഴപ്പമാണ്. 

ഇതൊന്നുമല്ലാതെ സ്‌നേഹത്താല്‍ അന്ധരാവുന്ന ചിലരുണ്ട്. കൂടെയുള്ളവരുടെ മാനസികാവസ്ഥ പരിഗണിക്കണമെന്ന ചിന്ത ഒട്ടുമേയില്ലത്തവരാണത്. തങ്ങള്‍ ആശിക്കുവിധം അല്ലെങ്കില്‍ തങ്ങളുടെ മുന്‍ധാരണയ്കനുസൃതമായി കൂടെയുള്ള വ്യക്തി ലഭ്യമാവണമെന്ന (Available) ദുര്‍ഗ്രാഹ്യമുള്ളവര്‍. ഇത്തരക്കാരുമായി സ്‌നേഹത്തിലാവുന്നവര്‍ (love affair) അതിഭീകരമായ മാനസികപീഢനങ്ങള്‍ക്ക് വിധേയരാകപ്പെടുകയാണ്. അതേത് തരം ബന്ധമായാലും.  അപകടകരമായ ഒരു വഴിയിലേക്ക് ചെന്നിറങ്ങിക്കഴിയുമ്പോള്‍ മാത്രമാണത് തിരിച്ചറിയാനാവുക. ഇനിയിതേ കൂട്ടരുടെ സ്‌നേഹമാണ് ഏറ്റവും ഉന്നതമായതെന്നു വിശ്വസിച്ചവശരായ ചിലരുമുണ്ട്. കലിപ്പന്റെ കാന്താരി! പുതുകാലത്ത് ഇത്തരം വിഷലിപ്തമായ (Toxicity)  ബന്ധങ്ങള്‍ക്കായി കണ്ടെടുക്കപ്പെട്ട ഏറ്റവും അനുയോജ്യമായ വാക്കുകളിലൊന്നാണിത്. കാന്താരിയുടെ കലിപ്പന്മാരും കുറവല്ല. 

REPRESENTATIONAL IMAGE
മറ്റൊരുകൂട്ടര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടിമാത്രം സ്ഥാപിക്കുന്ന ബന്ധങ്ങളാണ്. (Short term relations) ഇവരുടെ വലയില്‍ അകപ്പെടുന്നവര്‍ തങ്ങള്‍ താത്കാലികമായൊരു ബന്ധത്തിലാണെന്നു അറിയാതെയാണ് ചെന്നുപെടുന്നത്. പതിയെ, ബന്ധം സ്ഥാപിച്ചവര്‍, തങ്ങളുടെ ആവശ്യം (ശാരീരികം-മാനസികം- സാമ്പത്തികം) നേടിക്കഴിഞ്ഞാല്‍ പതിയെ പിന്മാറാന്‍ ആരംഭിക്കും. എന്നാലത്, കൂടെക്കൂട്ടിയ വ്യക്തിയുടെ ജീവിതമാകെ പറിച്ചെറിയിപ്പെടുന്നത് പരിഗണിക്കാന്‍ തയാറാവില്ല.  സ്‌നേഹാഭിനയത്തില്‍ അകപ്പെട്ടവര്‍ പലപ്പോഴും ഇത്തരം മനുഷ്യര്‍ക്കുവേണ്ടി തങ്ങളുടെ സകലതും ത്യജിക്കും. സ്വന്തം വ്യക്തിത്വത്തെപ്പോലും മറന്നുകൊണ്ട് പിന്നാലെ ചെല്ലും. പക്ഷേ, അതൊന്നു ടിയാനെ ബാധിക്കുകയേയില്ല. ടിയാന്‍ തന്റെ അടുത്ത ആവശ്യം നേടിയെടുക്കാനുള്ള ഇരയെ കുരുക്കാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ടാവും. ഓണ്‍ലൈന്‍ ലോകത്ത് ഇത്തരമാളുകളുടെ സ്വാധീനം വളരെക്കൂടുതലാണ്. അതു തിരിച്ചറിഞ്ഞിട്ടും അകപ്പെട്ട കുരുക്കില്‍ നിന്നും കരകയാറാന്‍ സാധിക്കാതെ, മാനസികവ്യഥകള്‍ (Mental Stress)  അനുഭവിക്കുന്ന എത്രയോ പേരുണ്ട്. അവരാകെ മനസിലാക്കേണ്ടത്, തങ്ങളുടെ സന്തോഷത്തിന്റെ താക്കോലുകള്‍ തങ്ങളുടെ കയ്യിലാണുള്ളതെന്നു മാത്രമാണ്.  സ്‌നേഹത്തെ പ്രതി സ്‌നേഹിക്കുന്ന അനേകം മനുഷ്യരെ മറന്നൊന്നുമല്ല ഇത്രയും പറഞ്ഞത്.  

ജീവിതമെന്നത് ഒരു ശ്വാസത്തിന്റെ കനം മാത്രമുള്ള സംഗതിയാണ്. അതില്‍ മറ്റുള്ളവരുടെ ഇടങ്ങളെക്കൂടെ ബഹുമാനിച്ചും അനുവദിച്ചും മുന്നോട്ടു പോവുമ്പോള്‍ കൂടുതല്‍ പ്രകാശിതമാവുന്നു. ഓരോ മനുഷ്യനും ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണെന്നു ചിന്തിച്ചാല്‍ മാത്രം മതി. ആ റിപ്പബ്ലിലേക്ക് അവരുടെ അനുവാദമില്ലാതെ ഇടിച്ചു കയറാതിരിക്കുമ്പോള്‍ ലോകം കൂടുതല്‍ സുന്ദരമായി അനുഭവിക്കാന്‍ സാധ്യമാവും. ഏതൊരു ബന്ധവും ജീവിതാവസാനം വരേയുള്ളതൊന്നുമല്ല. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതമായി ചിന്തകളിലും കാഴ്ചപ്പാടിലും വരുന്ന മാറ്റങ്ങള്‍ ബന്ധങ്ങളിലും പ്രതിഫലിക്കും. അതു തിരിച്ചറിഞ്ഞ് ഇടങ്ങളെ വിട്ടുകൊടുക്കാനുള്ള മനസുണ്ടായാല്‍ മാത്രം മതി. പരസ്പരം കൈകൊടുത്ത്, പകയില്ലാതെ പിരിഞ്ഞുപോവാന്‍ സാധിക്കുന്ന ബന്ധങ്ങള്‍. സ്‌നേഹം തികച്ചും ഋജുവാണ്. അതിനെ ഏതുരീതിയില്‍ വിനിയോഗിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് അത് അപകടകരമാം വിധം മാറ്റപ്പെടുന്നത്. ആരെയും യാതൊരു തരത്തിലും ഹനിക്കപ്പെടാത്ത സ്‌നേഹം ലോകത്തെ വര്‍ണസമാനമാക്കി മാറ്റും. ആകെ ചെയ്യേണ്ടത്, വ്യക്തികളെ, അവരായി അംഗീകരിക്കാന്‍ മനസൊരുക്കുകയെന്നതു മാത്രമാണ്. ഒരു പൂവിടരുന്നത്രയും നൈര്‍മല്യവും സങ്കീര്‍ണതയും ഓരോ മനുഷ്യനും കൈയാളുന്നുണ്ട്. ഇരുണ്ടതും തെളിഞ്ഞതുമായ ആകാശത്തെപ്പോലെ മനസില്‍ അനേകം കൈവഴികളുണ്ട്. അതെല്ലാം തന്നെ മറ്റൊരാള്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്തതുമാണ്. എല്ലാ വൈചിത്ര്യങ്ങളേയും ഉള്‍ക്കൊണ്ട്, തങ്ങള്‍ക്കനുയോജ്യമായ ബന്ധങ്ങള്‍ തിരഞ്ഞെടുക്കു. ഇനിയൊരുഘട്ടത്തില്‍ ഒത്തുപോവുന്നില്ലെന്നു കണ്ടാല്‍ ഇറങ്ങിപ്പോവാനുള്ള വാതിലുകള്‍ കൂടെയുണ്ടെന്ന് സ്വയം പറഞ്ഞുറപ്പിക്കുക. കൂടെയുള്ള വ്യക്തിയെ അയാളായി തന്നെ ഉള്‍ക്കൊള്ളുക, വിശ്വസിക്കുക.


#family
Leave a comment