PHOTO: TWITTER
ഫാഷന്‍ രംഗത്ത് തരംഗം സൃഷ്ടിച്ച് വീണ്ടും ബാര്‍ബികോര്‍
ബാര്‍ബി പാവകള്‍ കളിപ്പാട്ട വിപണിയില്‍ എത്തിയിട്ട് ആറു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ബാര്‍ബി സൃഷ്ടിച്ച തരംഗം എന്നാല്‍ ഇന്നും അവസാനിക്കുന്നില്ല. കളിപ്പാട്ട വിപണിയിലെ ആധിപത്യം മുതല്‍ ഫാഷന്‍ രംഗത്തെ ട്രെന്‍ഡ് കയ്യാളുന്ന ബാര്‍ബികോര്‍ സൗന്ദര്യസങ്കല്പ്പം വരെ എത്തിനില്‍ക്കുന്നു പാവയുടെ വിശേഷങ്ങള്‍. ബാര്‍ബി പാവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഫാഷന്‍ രംഗത്തുയര്‍ന്നുവന്ന സൗന്ദര്യ സങ്കല്പ്പമാണ് ബാര്‍ബികോര്‍. ബാര്‍ബിയുടെ മുഖമുദ്രയായ കടുത്ത റോസ് നിറത്തിലുള്ള വസ്ത്രധാരണ രീതിയാണ് ബാര്‍ബികോറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. I am a barbie girl, in the barbie girl എന്ന പാട്ടിന്റെ വരികളില്‍ പറയും പോലെ ബാര്‍ബി ലോകവും ബാര്‍ബി ഗേളും 2023 ല്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. ഹോട്ട് പിങ്ക് അഥവാ കടുത്ത തിളങ്ങുന്ന റോസ് നിറം ഫാഷന്‍ രംഗത്ത് വീണ്ടും തരംഗമാകുന്നു. ഈ വര്‍ഷം ജൂലൈ 21 ന് പുറത്തിറങ്ങിയ അമേരിക്കന്‍ സംവിധായിക ഗ്രെറ്റ ഗെര്‍വിഗിന്റെ ബാര്‍ബി എന്ന ചിത്രത്തോടെയാണ് ബാര്‍ബികോര്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ഓസ്‌ട്രേലിയന്‍ നായികയായ മാര്‍ഗോറ്റ് റോബിയാണ് ചിത്രത്തില്‍ ബാര്‍ബിയായി അഭിനയിക്കുന്നത്. ഭാവനകളിലെ ബാര്‍ബി വേള്‍ഡിനെ ആവിഷ്‌കരിക്കുന്ന സിനിമ, ബാര്‍ബികോര്‍ വീണ്ടുമെത്തുന്നതിന് കാരണമാകുന്നു. സിനിമ പുറത്തിറങ്ങാനൊരുങ്ങുമ്പോള്‍ തന്നെ ബാര്‍ബി പിങ്ക് വിപണിയില്‍ ആധിപത്യമുറപ്പിച്ച് തുടങ്ങി. 2023 ല്‍ ആളുകള്‍ ആവേശത്തോടെ കാത്തിരുന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രമായ ഓപ്പണ്‍ഹൈമര്‍ പുറത്തിറങ്ങിയ അതേദിവസം തന്നെയാണ് ബാര്‍ബി വേള്‍ഡ് വിശേഷങ്ങളുമായി സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഓപ്പണ്‍ഹൈമറിനേക്കാള്‍ ഒരുപടി മുന്നില്‍ ബാര്‍ബിയെ പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്ന് തന്നെ പറയാം. ജൂലൈ 21 ന് ബാര്‍ബി കാണാന്‍ പിങ്ക് വസ്ത്രങ്ങള്‍ ധരിച്ച് ആളുകള്‍ തിയേറ്ററുകളില്‍ എത്തിയത് കൗതുകമുള്ള കാഴ്ച്ചയായിരുന്നു. ഏപ്രില്‍ ആദ്യത്തില്‍ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലര്‍ വലിയ ഓളങ്ങളായിരുന്നു സൃഷ്ടിച്ചത്. ട്രെയിലറില്‍ ബാര്‍ബിയായി അഭിനയിക്കുന്ന റോബിയുടെ വസ്ത്രധാരണ രീതി ആളുകളില്‍ ബാര്‍ബികോര്‍ ഫാഷന്‍ പ്രവണതയെ വീണ്ടും ഉണര്‍ത്തുന്നതായിരുന്നു. ട്രെയിലറില്‍ കണ്ട ബാര്‍ബി ഉല്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കൂടി. ട്രെയിലറിന്റെ പ്രാരംഭ രംഗങ്ങളില്‍ റോബി ധരിക്കുന്ന ചെരുപ്പിനായുള്ള ആവശ്യക്കാരുടെ തിരച്ചിലില്‍ 115 ശതമാനത്തോളം വര്‍ധനവും ബാര്‍ബി പ്രിന്റുള്ള വസ്ത്രത്തിനായി 45 ശതമാനവും മറ്റ് പിങ്ക് ഇനങ്ങളില്‍ 78 ശതമാനവും വര്‍ധനവുണ്ടായതായി ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ലിസ്റ്റ് പറയുന്നു. ബാര്‍ബി പാവയെ അവതരിപ്പിച്ച അമേരിക്കന്‍ കളിപ്പാട്ട കമ്പനിയായ മാറ്റെല്‍സിന്റെ സഹായത്തോടെ ബാര്‍ബികോര്‍ വസ്ത്രങ്ങളും ബാര്‍ബി പിങ്ക് ഉല്പന്നങ്ങളും സിനിമയ്ക്ക് വേണ്ടി വിപണിയില്‍ എത്തി. ബാര്‍ബി സ്‌നീക്കേഴ്‌സ്, നീന്തല്‍ വസ്ത്രങ്ങള്‍, ഹുഡീസ്, ബാഗ്‌സ്, വാട്ടര്‍ ബോട്ടിലുകള്‍ തുടങ്ങി ബാര്‍ബിയുടെ ലോകം വിപണിയെ അലങ്കരിക്കുന്നു. പിങ്ക് നിറമാവാത്തതായി ലോകത്തിന്റെ ഒരു കോണു പോലുമില്ല എന്ന് മാറ്റെല്‍സിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ റിച്ചാര്‍ഡ് ഡിക്ക്‌സണ്‍ ഒരു അഭിമുഖത്തില്‍ പറയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചുരുക്കി പറഞ്ഞാല്‍ സിനിമയെത്തിയപ്പോള്‍ ബാര്‍ബികോര്‍ തരംഗം വീണ്ടും ഫാഷന്‍ വിപണിയില്‍ ആധിപത്യമുറപ്പിച്ചു.
ബാര്‍ബി പിങ്കും ഫാഷനും
അമേരിക്കന്‍ കളിപ്പാട്ട കമ്പനിയായ മാറ്റെല്‍ലിന്റെ ഏറ്റവും മികച്ച ബ്രാന്‍ഡുകളിലൊന്നാണ് ബാര്‍ബി. 2022 ലാണ് ബാര്‍ബികോര്‍ എന്ന ട്രേഡ് മാര്‍ക്ക് പദത്തെ കമ്പനി ആവിഷ്‌കരിക്കുന്നത്. അതോടെ ബാര്‍ബികോര്‍ സൗന്ദര്യ സങ്കല്പ്പം ഫാഷന്‍ രംഗത്തെ പ്രധാനിയായി. ഫ്രഞ്ച് ഡിസൈനറായ ബാള്‍മെയിന്‍, ആഭരണ നിര്‍മ്മാണ മേഖലയിലെ ഡിസൈനര്‍ കേന്ദ്ര സ്‌കോട്ട് എന്നിവരുമായും ബെയര്‍ഫൂട്ട് ഡ്രീം എന്ന കമ്പനിയുമായും മാറ്റെല്‍സ് പങ്കാളിത്തം സ്ഥാപിച്ചു. ഇങ്ങനെ 100 ലധികം കമ്പനികളുമായുള്ള പങ്കാളിത്തം കൂടി സിനിമയ്ക്കായി ഒരുമിച്ചെത്തിയപ്പോഴാണ് ബാര്‍ബികോര്‍ വീണ്ടും ട്രെന്‍ഡാകുന്നത്.
ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറും വാലെന്റിനൊ ബ്രാന്റിന്റെ സ്ഥാപകനുമായ വാലെന്റിനൊ ക്ലെമന്റെ 2022 മാര്‍ച്ചിലെ ഒരു ഫാഷന്‍ ഷോയില്‍ പിങ്ക് വസ്ത്രത്തില്‍ മോഡലുകളെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ഇംഗ്ലീഷ് ഗായകന്‍ ഹാരി സ്‌റ്റൈല്‍ മുതല്‍ അമേരിക്കന്‍ മോഡലും നടിയുമായ കിം കര്‍ദാഷിയാന്‍ വരെയുള്ളവര്‍ ബാര്‍ബികോര്‍ വസ്ത്രങ്ങള്‍ ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ ഫാഷന്‍ മാഗസിനുകളില്‍ നിറഞ്ഞുനിന്നു. ഹാരിസ്‌റ്റൈല്‍ എന്ന പാട്ടുകാരന്റെ ശബ്ദത്തിന് മാത്രമല്ല ആരാധകരുള്ളത് വേദിയിലും ഫോട്ടോഷൂട്ടുകളിലും പ്രത്യക്ഷപ്പെടുമ്പോഴുള്ള ഹാരിയുടെ വ്യത്യസ്തത നിറഞ്ഞ വസ്ത്രധാരണ രീതിക്കും ആരാധകര്‍ ഏറെയാണ്. അതുകൊണ്ട് തന്നെ ഫാഷന്‍ സെന്‍സിനെ രൂപീകരിക്കുന്നതില്‍ പിങ്ക് വസ്ത്രം ധരിച്ചെത്തുന്ന ഹാരിസ്റ്റല്‍ വലിയ പങ്കുവഹിക്കുമെന്ന് തീര്‍ച്ചയാണ്. പിന്നീട് കുറച്ച് മാസങ്ങള്‍ക്കുശേഷം ബാര്‍ബി സിനിമയിലെ നായിക മാര്‍ഗോട്ട് റോബി കടുത്ത പിങ്ക് നിറത്തിലുള്ള ജംപ്‌സ്യൂട്ട് വസ്ത്രം ധരിച്ച് സിനിമയുടെ സെറ്റില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍ പുറത്തു വന്നു. ഇത് ഫാഷന്‍ ലോകത്ത് വലിയ ഓളങ്ങള്‍ സൃഷ്ടിക്കുകയും ഹോട്ട് പിങ്ക് ഫാഷന്‍ സംസ്‌കാരത്തിന്റെ പുനഃരുജ്ജീവനത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
ബാര്‍ബി പാവയുടെ ജനനം
ബാര്‍ബികോര്‍ ശൈലിയുടെ വേരുകള്‍ ബാര്‍ബി പാവയുടെ ചരിത്രത്തിലേക്കാണ് ആഴ്ന്നിറങ്ങുന്നത്. 2023 ല്‍ ബാര്‍ബികോര്‍ ഫാഷന്‍ രംഗത്തും സോഷ്യല്‍ മീഡിയയിലും പിങ്ക് തരംഗം തീര്‍ക്കുമ്പോള്‍ അതിന് പിന്നില്‍ ബാര്‍ബി എന്ന പാവയുടെ ജനനമാണ്. കളിപ്പാട്ട വിപണിയില്‍ നിറഞ്ഞുനിന്ന ബാര്‍ബിയുടെ കഥ വീണ്ടും ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. അമേരിക്കന്‍ ബിസിനസുകാരി റൂത്ത് ഹാന്‍ടലറാണ് ബാര്‍ബി പാവയെ നിര്‍മിച്ചത്. 1959 ല്‍ അമേരിക്കന്‍ ടോയ് കമ്പനി മാറ്റെല്‍ ബാര്‍ബിയെ വിപണിയില്‍ അവതരിപ്പിക്കുന്നു. കുട്ടി പാവകളും കടലാസ് പാവകളും കളിപ്പാട്ട വിപണിയില്‍ ആധിപത്യം പുലര്‍ത്തുമ്പോഴാണ് ഹാന്‍ടലറിന്റെ ബാര്‍ബിയുടെ കടന്നുവരവ്. വളരെ പെട്ടെന്ന് തന്നെ പാവ വിപണിയില്‍ ശ്രദ്ധപിടിച്ചുപറ്റുകയും പെണ്‍കുട്ടികളെ ആകര്‍ഷിക്കുകയും ചെയ്തു. ചെറിയ പെണ്‍കുട്ടികളെ അവരുടെ ഭാവി സ്വപ്നങ്ങളെ വാര്‍ത്തെടുക്കാനുള്ള ചിന്തകളിലേക്ക് നയിക്കുന്നതാണ് പാവയുടെ നിര്‍മ്മാണ ലക്ഷ്യമെന്നാണ് ഹാര്‍ടലര്‍ പറഞ്ഞത്. ആ രീതിയില്‍ ഒരു മാതൃകയായി ബാര്‍ബി പെണ്‍ലോകത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ബഹിരാകാശ യാത്രികയായും ഡോക്ടറായും ഫാഷന്‍ മോഡലായും ബാര്‍ബിയെത്തി. ഒരു കുട്ടിപാവയുടെ അമ്മയായി അഭിനയിച്ച് പെണ്‍കുട്ടികള്‍ കളിക്കുമ്പോള്‍ ജീവിതത്തില്‍ അവര്‍ക്കുള്ള പരിമിതികള്‍ അവിടെ ഊട്ടിയുറപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ അതിനെ മറികടന്നുകൊണ്ട് ഒരു സ്ത്രീയുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ബാര്‍ബി പ്രതിനിധീകരിക്കുന്നു. നഴ്‌സ്, ഗായിക തുടങ്ങിയ വ്യത്യസ്ത മേഖലകളിലും ബാര്‍ബിയെ ഹാന്‍ടലര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം തൊഴില്‍ മേഖലകളില്‍ പെണ്‍കുട്ടികള്‍ക്കെത്തിച്ചേരാനുള്ള വെല്ലുവിളികളെയും പരിമിതികളെയും മറികടന്നുകൊണ്ട് എന്തും ചെയ്യാന്‍ കഴിവുള്ള ബാര്‍ബി പാവയെ അവതരിപ്പിക്കുമ്പോള്‍ ആ രീതിയില്‍ പെണ്‍കുട്ടികളുടെ ഭാവനാ ലോകം വളരുമെന്ന് ഹാന്‍ടലര്‍ വിശ്വസിച്ചു. അങ്ങനെ ബാര്‍ബി ലോകം യഥാര്‍ത്ഥ ലോകത്തെ സ്വാധീനിച്ച് തുടങ്ങി. കറുപ്പും വെള്ളയും നിറത്തിലുള്ള സ്വിം സ്യൂട്ടും ഉയര്‍ന്ന പോണിടെയില്‍ രീതിയില്‍ കെട്ടിയ തലമുടിയും മുഖത്ത് ചായം പൂശിയതുമായിരുന്നു ആദ്യകാലത്തെ ബാര്‍ബി പാവയുടെ രൂപം. പ്രായപൂര്‍ത്തിയായൊരു സ്ത്രീയുടെ വസ്ത്രധാരണ രീതിയെ സൂചിപ്പിക്കുന്നതായിരുന്നു ഇത്. ഫാഷന്‍ രംഗത്തേക്ക് ഒരു കുതിച്ചുചാട്ടം ലക്ഷ്യംവയ്ക്കുന്ന വിധത്തില്‍ ഒരു മോഡലിനെ പോലെയാണ് ബാര്‍ബിയുടെ ആദ്യ രൂപത്തെ മാറ്റെല്‍സ് വിപണിയില്‍ എത്തിക്കുന്നത്. സ്ത്രീ രൂപത്തെക്കുറിച്ചുള്ള പ്രത്യേകസങ്കല്‍പ്പം ബാര്‍ബിയിലൂടെ രൂപപ്പെട്ട് വരുന്നതിന്റെ തുടക്കമായിരുന്നു ഇത്. പിന്നീട് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പകരം കുട്ടികളെ ലക്ഷ്യം വച്ചുകൊണ്ട് പാവ വിപണിയിലെത്തി. ബാര്‍ബിയുടെ പ്രധാന നിറമായി റോസിനെയും തിരഞ്ഞെടുത്തു. റോസിന്റെ ആഴവും തിളക്കവുമുള്ള നിറമായ ബാര്‍ബി പിങ്കിന് സ്വീകാര്യത വര്‍ധിക്കുകയും ചെയ്തു.
വിവാദങ്ങള്‍ സൃഷ്ടിച്ച് ബാര്‍ബി
കുട്ടികളുടെ ഭാവനാ ലോകത്തില്‍ ഹാന്‍ട്‌ലര്‍ സങ്കല്‍പ്പിച്ച ബാര്‍ബി ലോകം മാത്രമാണോ രൂപപ്പെട്ടതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പെണ്‍കുട്ടികളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാര്‍ബിയെ രൂപകല്‍പന ചെയ്യുന്നതെന്ന് ഹാന്‍ടലര്‍ പറയുമ്പോഴും ബാര്‍ബിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കാത്ത ശരീര സൗന്ദര്യ സങ്കല്പങ്ങളെ ബാര്‍ബി പാവകള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും അമേരിക്കന്‍ സംസ്‌കാരത്തിന്റെ അഭിരുചികളെ പ്രതിഫലിപ്പിക്കുന്നുവെന്നുമായിരുന്നു പ്രധാനവിമര്‍ശനം. ഏകദേശം 200 ഓളം തൊഴിലുകള്‍ ചെയ്യുന്ന രൂപത്തിലും സ്വന്തമായി പണം സമ്പാദിക്കുന്ന സ്വതന്ത്രയായ സ്ത്രീയായും ബാര്‍ബിയെ അതിന്റെ സൃഷ്ടാവ് കാണുമ്പോള്‍ കുട്ടികളുടെ ഭാവനാലോകം അങ്ങനെ മാത്രമല്ല ബാര്‍ബിയെ മനസ്സിലാക്കിയതെന്ന അഭിപ്രായങ്ങളും നിലനില്‍ക്കുന്നു. ബാര്‍ബി കുട്ടികളുടെ മനസ്സില്‍ മാതൃകയാകുമ്പോള്‍ തന്നെ ബാര്‍ബിയുടെ രൂപവും അവരുടെ മനസ്സില്‍ ആഴത്തില്‍ പതിയുന്നുണ്ട്. 1990 കളിലെ ഫെമിനിസ്റ്റ് മൂവ്‌മെന്റിന്റെ മൂന്നാം തരംഗത്തില്‍ ബാര്‍ബി, യഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നില്ലെന്നും സ്ത്രീരൂപത്തെക്കുറിച്ചുള്ള തെറ്റായ മാതൃകകള്‍ വ്യാപകമായി മുന്നോട്ടുവയ്ക്കുന്നുവെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. 1959 കളില്‍ പുറത്തിറങ്ങിയ ബാര്‍ബി പാവയുടെ നിറം വെളുത്തതായിരുന്നു. 1960 കളുടെ അവസാനത്തിലാണ് മാറ്റെല്‍ ആദ്യത്തെ കറുത്ത നിറത്തിലുള്ള പാവകളെ അവതരിപ്പിക്കുന്നത്. ഷിന്‍ഡായ ടോയ്‌സ് പോലുള്ള കറുത്ത വര്‍ഗക്കാരുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ കറുത്ത നിറത്തിലുള്ള പാവകളെ അവതരിപ്പിച്ചതിന് ശേഷമാണ് ബാര്‍ബിയുടെ കറുത്ത പാവകള്‍ പുറത്തിറങ്ങുന്നത്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ആരംഭിച്ചതോടെ 90 കളിലും വ്യത്യസ്ത ചര്‍മ്മ നിറങ്ങളെ പ്രതിനിധീകരിച്ച് കൊണ്ട് ബാര്‍ബിയെത്തി. പുതുതായി വന്ന ബ്രാറ്റ്‌സ് പാവകളുമായും ബാര്‍ബിക്ക് മത്സരിക്കേണ്ടി വന്നു. ബ്രാറ്റ്‌സ് പാവകള്‍ വംശീയ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലുപരി ബാര്‍ബിയെക്കാള്‍ ആകര്‍ഷണീയവുമായിരുന്നു. ഏറ്റവും ഒടുവില്‍ ബാര്‍ബി കൊണ്ടുവന്ന ഫാഷന്‍ പെണ്‍ ലോകവും കടന്ന് ജെന്റര്‍ ന്യൂട്രല്‍ ട്രെന്റായി മാറുന്ന കാഴ്ചയാണ് സിനിമ പുറത്തിറങ്ങുമ്പോള്‍ തിയേറ്ററുകളിലേക്കെത്തുന്ന ആളുകളിലൂടെ കാണാന്‍ കഴിയുന്നത്. മാത്രമല്ല ബാര്‍ബി സൃഷ്ടിക്കുന്ന വാര്‍പ്പു മാതൃകകളെ പൊളിച്ചെഴുതാനുള്ള ശ്രമം ബാര്‍ബി സിനിമയില്‍ നടക്കുന്നുണ്ട്. യാഥാര്‍ത്ഥ്യത്തോട് ചേര്‍ത്തുനിര്‍ത്തികൊണ്ട് ബാര്‍ബിയുടെ പ്ലാസ്റ്റിക് രൂപത്തെ പുനര്‍നിര്‍വചിക്കാന്‍ സംവിധായിക പ്രത്യേകം ശ്രദ്ധിച്ചു. ആ അര്‍ത്ഥത്തില്‍ സിനിമ പതിറ്റാണ്ടുകളുടെ ബാര്‍ബി മാതൃകകളെ മാറ്റുന്നതായി മനസ്സിലാക്കാം. ഇത്രയൊക്കെ പറയുമ്പോഴും ആളുകളുടെ താല്‍പര്യങ്ങളെയും അതുവഴി ഉയര്‍ന്നുവന്ന വിപണന സാധ്യതകളെയും സിനിമയെ മുന്‍ നിര്‍ത്തി കൃത്യമായി ഉപയോഗിച്ച ബിസിനസ് തന്ത്രങ്ങളെ കൂടി തിരിച്ചറിയേണ്ടതുണ്ട്.