TMJ
searchnav-menu
post-thumbnail

Fashion

ഫാഷനും മാലിന്യങ്ങളും

16 Jan 2024   |   4 min Read
ഹൃദ്യ ഇ

ഫാസ്റ്റ് ഫാഷന്റെ ഈ കാലത്ത് പുതിയ ട്രെന്റുകളും മാറ്റങ്ങളും അതിവേഗം എത്തിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിന്തിക്കാതെ പോകുന്ന കാര്യമാണ് ഫാഷന്‍ രംഗത്തുനിന്നും വ്യാപകമായി പുറംന്തള്ളപ്പെടുന്ന മാലിന്യവും അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും.  ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും ടെക്സ്‌റ്റൈല്‍ വേയ്സ്റ്റ് പരിഹരിക്കാനാവാത്ത പാരിസ്ഥിതിക പ്രശ്നമായി തുടരുകയാണ്.  ഓരോ വര്‍ഷവും ലോകത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വസ്ത്രങ്ങളുടെയും ടെക്സ്‌റ്റൈല്‍ മേഖലയില്‍ നിന്ന് പുറംന്തള്ളുന്ന മാലിന്യങ്ങളുടെയും കണക്കുകള്‍ പരിശോധിച്ചാല്‍ ഈ പ്രതിസന്ധിയുടെ ആഴം കൃത്യമായി മനസ്സിലാക്കാം. 

ആഗോളതലത്തില്‍ പല മേഖലകളില്‍ നിന്നായി പുറംന്തള്ളുന്ന മുഴുവന്‍ മാലിന്യത്തിന്റെ ഏകദേശം ഏഴുശതമാനത്തോളം വസ്ത്രങ്ങളും മറ്റ് തുണിത്തരങ്ങളുമാണ്. പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന 100 ബില്ല്യണ്‍ വസ്ത്രങ്ങളില്‍ 92 മില്ല്യണ്‍ ടണ്‍ മാലിന്യക്കൂമ്പാരങ്ങളായി മാറുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ പ്രവണത തുടര്‍ന്നാല്‍ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ടെക്സ്റ്റൈല്‍ മാലിന്യം പ്രതിവര്‍ഷം 134 മില്ല്യണ്‍ ടണ്‍ വരെ ഉയരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ടെക്സ്‌റ്റൈല്‍ വേയ്സ്റ്റ് ഉണ്ടാകുന്നത് ചൈനയില്‍ നിന്നും യു എസില്‍ നിന്നുമാണ്. ഓരോ വര്‍ഷവും ചൈനയില്‍ നിന്ന് 20 മില്ല്യണ്‍ ടണ്‍ ടെക്സ്‌റ്റൈല്‍ മാലിന്യവും അമേരിക്കയില്‍ നിന്ന് 17 മില്ല്യണ്‍ ടണ്‍ മാലിന്യവും പുറംന്തള്ളപ്പെടുന്നുണ്ട്.

ആഗോളതലത്തില്‍ 80 മുതല്‍ 100 ബില്ല്യണ്‍ വരെ ഉല്‍പ്പാദിപ്പിക്കുന്ന വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 87 ശതമാനം മെറ്റീരിയല്‍സും കത്തിക്കുകയോ മാലിന്യക്കൂമ്പാരമായി മാറുകയോ ആണ് ചെയ്യുന്നത്. ഉപേക്ഷിക്കപ്പെട്ട തുണിത്തരങ്ങളുടെ 20 ശതമാനം മാത്രം പുനരുപയോഗത്തിനായി ശേഖരിക്കപ്പെടുന്നു. എന്നാല്‍  ശേഖരിക്കുന്ന തുണിത്തരങ്ങളുടെ ഒര്‍ുശതമാനം മാത്രമാണ് പുതിയ വസ്ത്രങ്ങളായി മാറുന്നത്. പൊതുവെ നമ്മള്‍ ഉപയോഗിക്കുന്ന മിക്ക വസ്ത്രങ്ങളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മെറ്റീരിയല്‍സിന്റെ ഏകദേശം 60 ശതമാനത്തോളം പ്ലാസ്റ്റിക്കാണ്. നൈലോണ്‍, അക്രിലിറ്റിക്, പോളിസ്റ്റര്‍ തുടങ്ങി വസ്ത്ര ശേഖരത്തിലെ സര്‍വ്വവ്യാപികളായ തുണിത്തരങ്ങള്‍ ഇതിന് ഉദാഹരണമാണ്.

REPRESENTATIONAL IMAGE: WIKI COMMONS
ആ അര്‍ത്ഥത്തില്‍ പരിശോധിക്കുമ്പോള്‍ ടെക്സ്‌റ്റൈല്‍ മേഖലയില്‍ നിന്നും ഓരോ വര്‍ഷവും മണ്ണിലേക്കെത്തുന്നത്  42 മില്ല്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്.  ഓരോ തവണയും സിന്തറ്റിക് വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ അതില്‍ നിന്നും ചെറിയ പ്ലാസ്റ്റിക് മൈക്രോ ഫൈബറുകള്‍ വെള്ളത്തിലേക്ക് കലരുന്നതായാണ് പറയുന്നത്. കണ്ടെത്തലുകള്‍ പ്രകാരം ഓരോ വര്‍ഷവും 500,000 ടണ്‍ മൈക്രോ ഫൈബറുകള്‍ സമുദ്രത്തിലേക്കെത്തുന്നു. മാത്രമല്ല സമുദ്രത്തിലെ വാര്‍ഷിക മൈക്രോ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഒമ്പതുശതമാനം ടെക്സ്‌റ്റൈല്‍ മാലിന്യങ്ങള്‍ വഴിയാണെത്തുന്നത്. ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ക്ക് ആഗോള മലിനീകരണത്തില്‍ വലിയ പങ്കുള്ളപ്പോള്‍ ഈ കണക്ക് തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്നുണ്ട്.

എന്താണ് ഫാസ്റ്റ് ഫാഷന്‍

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ ട്രെന്റുകളെ ആളുകളിലേക്കെത്തിക്കുന്നതിനായി വേഗത്തിലും വിലകുറഞ്ഞതുമായ രീതിയില്‍ വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്ന ബിസിനസ്സ് മോഡലാണ് ഫാസ്റ്റ് ഫാഷന്‍. കുറഞ്ഞ ചിലവില്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും ആഗോള ശൃംഖലയാണിത്. ഫാസ്റ്റ് ഫാഷന്‍ വഴി പുത്തന്‍ ട്രെന്റ് വസ്ത്രങ്ങള്‍ കുറഞ്ഞവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് മുന്നിലേക്കെത്തുന്നു. ഈ ബിസിനസ്സ് തന്ത്രത്തിലൂടെ കൂടുതല്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് ഫാസ്റ്റ് ഫാഷന്റെ ലക്ഷ്യം. ഫാസ്റ്റ് ഫാഷന്‍ പ്രവണത വര്‍ദ്ധിച്ചു വരുമ്പോള്‍ കുറഞ്ഞ കാലയളവില്‍ത്തന്നെ ആ വസ്ത്രങ്ങള്‍ ഔട്ട് ഓഫ് ട്രെന്റായി പരിഗണിക്കപ്പെടുകയും ആളുകളത് കുറച്ചുതവണ മാത്രം ധരിക്കുകയും ചെയ്യുന്നു. ഈ കഴിഞ്ഞ കാലയളവോടെ ഫാസ്റ്റ് ഫാഷന്‍ ലോകത്താകെ പടര്‍ന്നുപിടിച്ചിട്ടുണ്ട്. സാറ, എച്ച് ആന്റ് എം, ഫോര്‍എവര്‍ 21 എന്നീ ഫാസ്റ്റ് ഫാഷന്‍ ബ്രാന്‍ഡുകള്‍ക്ക് ലഭിച്ച സ്വീകാര്യത അത് വ്യക്തമാക്കുന്നു. അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ന് ലോകത്തെ എല്ലാ പ്രധാന നഗരങ്ങളിലും ലഭ്യമാണ്. ദ്രുതഗതിയിലുള്ള ഉല്‍പ്പാദനം, വില്‍പ്പന, കുറഞ്ഞ വില തുടങ്ങിയ പ്രത്യേകതകളാണ് ഫാസ്റ്റ് ഫാഷനിലേക്ക് ലോകത്തെ അടുപ്പിക്കുന്നത്. 

ഏറ്റവും കൂടുതല്‍ മലിനീകരണത്തിന് കാരണമാകുന്ന രണ്ടാമത്തെ വ്യവസായ മേഖലയായി ഫാഷന്‍ മാറുന്നതില്‍ ഫാസ്റ്റ് ഫാഷന്‍ പ്രവണതയ്ക്ക് വലിയ പങ്കുണ്ട്. ചുരുക്കിപറഞ്ഞാല്‍ ഫാസ്റ്റ് ഫാഷന്‍ സൃഷ്ടിക്കുന്ന ആഘാതത്തിന്റെ തോത് അതിന് നമ്മള്‍ നല്‍കുന്ന വിലയേക്കാള്‍ കൂടുതലാണ്. ഫാസ്റ്റ് ഫാഷന്‍ വ്യവസായം പരിസ്ഥിതിയെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. മേല്‍പറഞ്ഞ പ്രത്യേകതകള്‍ക്കൊണ്ട് തന്നെ ഫാസ്റ്റ് ഫാഷന്‍ പ്രവണത ഗണ്യമായ അളവിലുള്ള മലിനീകരത്തിന് കാരണമാകുന്നു. വസ്ത്രങ്ങളുടെ ഉല്‍പ്പാദനത്തിന് വെള്ളം, ഊര്‍ജ്ജം, അസംസ്‌കൃത വസ്തുക്കള്‍ എന്നീ പ്രകൃതി വിഭവങ്ങള്‍ ആവശ്യമാണ്. ടെക്സ്‌റ്റൈല്‍ ഡൈയിംഗ്, ഫിനിഷിംഗ് തുടങ്ങിയ പ്രക്രിയകള്‍ ജലമലിനീകരണം ഉണ്ടാക്കുന്നുണ്ട്. വസ്ത്രനിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതാണ്.

PHOTO: TWITTER
ടെക്സ്‌റ്റൈല്‍ മാലിന്യത്തില്‍ മുന്നില്‍ ചൈനയും അമേരിക്കയും

പ്രതിവര്‍ഷം 20 മില്ല്യണ്‍ ടണ്ണില്‍ കൂടുതല്‍ തുണിത്തരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചൈനയാണ് ഏറ്റവും കൂടുതല്‍ ടെക്സ്‌റ്റൈല്‍ വേയ്സ്റ്റ് പുറംന്തള്ളുന്ന രാജ്യം. വസ്ത്ര നിര്‍മ്മാണത്തിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ തുണി വ്യവസായമാണ് ചൈനയുടേത്. യുണൈറ്റഡ് സ്റ്റേറ്റ്സ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് പ്രതി വര്‍ഷം 17 മില്ല്യണ്‍ ടണ്‍ ടെക്സ്‌റ്റൈല്‍ വേയ്സ്റ്റാണ് അമേരിക്കയില്‍ നിന്നും പുറംന്തള്ളപ്പെടുന്നത്. ഇങ്ങനെ ഉപയോഗശൂന്യമായി പുറംന്തള്ളപ്പെടുന്ന വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും 66 ശതമാനത്തോളം മണ്ണിലേക്കെത്തുകയും 19 ശതമാനത്തോളം കത്തിക്കുകയുമാണ് ചെയ്യുന്നത്. അവശേഷിക്കുന്ന 15 ശതമാനത്തില്‍ താഴെ മാത്രമാണ് റീസൈക്കിള്‍ ചെയ്യപ്പെടുന്നത്.

ടെക്സ്റ്റൈല്‍ വേയ്സ്റ്റ് ഇന്ത്യയില്‍ 

ആഗോള ഫാഷന്‍ വ്യവസായത്തില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വലിയ രീതിയിലുള്ള ഉല്‍പ്പാദനം, തൊഴില്‍, ഉപഭോഗനിരക്ക് എന്നിവകൊണ്ട് തന്നെ ഇന്ത്യന്‍ ഫാഷന്‍ വ്യവസായം ലോകശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. എന്നാല്‍ ചിന്തിക്കേണ്ട മറ്റൊരു കാര്യം പ്ലാസ്റ്റിക്കും പേപ്പറും കഴിഞ്ഞാല്‍ പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലേയും മാലിന്യത്തിന്റെ മൂന്നാം ഉറവിടം തുണിത്തരങ്ങളാണ്. ഇന്ത്യന്‍ ടെക്സ്‌റ്റൈല്‍ ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഓരോ വര്‍ഷവും ഒരുമില്ല്യണ്‍ ടണ്ണിലധികം തുണിത്തരങ്ങള്‍ ഇന്ത്യയില്‍ വലിച്ചെറിയപ്പെടുന്നുണ്ട്. ഗാര്‍ഹിക സ്രോതസ്സുകള്‍ ഇതില്‍ വലിയ പങ്കുവഹിക്കുന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതായത് ഗാര്‍ഹിക മാലിന്യത്തിന്റെ ഏകദേശം മൂന്നുശതമാനം ഉള്‍ക്കൊള്ളുന്നത് തുണിത്തരങ്ങളാണ്. മാത്രമല്ല ഇത്തരം പോസ്റ്റ് കണ്‍സ്യൂമര്‍ വേസ്റ്റ് പുറംന്തള്ളുന്ന രാജ്യങ്ങളില്‍ രണ്ടാമതാണ് ഇന്ത്യ. പേപ്പര്‍, ഗ്ലാസ്, പ്ലാസ്റ്റിക് പോലുള്ള വസ്തുക്കളേക്കാള്‍ വസ്ത്രങ്ങള്‍ക്ക് റീസൈക്കിളിംഗ് നിരക്ക് വളരെ കുറവാണ്. 

ഇത്തരം ടെക്സ്‌റ്റൈല്‍ മാലിന്യങ്ങളുടെ ഭൂരിഭാഗം റീസൈക്കിളിംഗും നടക്കുന്നത് ഹരിയാനയിലെ പാനിപ്പത്തിലാണ്. ഗ്ലോബല്‍ ടെക്സ്റ്റൈല്‍ റീസൈക്കിളിംഗ് ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന പാനിപ്പട്ടിലെ ശോടി 3 ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും കാലപ്പഴക്കമുള്ളതും വിജയകരവുമായ റീസൈക്കിളിംഗ് മേഖലയാണ്. ഓരോ വര്‍ഷവും പല വികസിത രാജ്യങ്ങളും പുറംന്തള്ളുന്ന ഏകദേശം 1,44,000 ടണ്‍ സെക്കന്റ് ഹാന്റ് വസ്ത്രങ്ങള്‍ ഇവിടെ റീസൈക്കിള്‍ ചെയ്യുന്നു. എന്നിരുന്നാല്‍പോലും പുറംന്തള്ളപ്പെടുന്ന തുണിത്തരങ്ങള്‍ ശേഖരിക്കുന്നതിനോ വേര്‍തിരിച്ചെടുക്കുന്നതിനോ കൃത്യമായ സംവിധാനം ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. കൃത്യമായ മാലിന്യ നിര്‍മാര്‍ജ്ജനം ഇല്ലാത്തതുകൊണ്ടുതന്നെ 80 ശതമാനം തുണിമാലിന്യങ്ങളും മാലിന്യക്കൂമ്പാരങ്ങളില്‍ ചെന്നെത്തി പരിസ്ഥിതിയെ മലിനമാക്കുകയും വിഷവാതകങ്ങള്‍ പുറംന്തള്ളുകയും ചെയ്യുന്നു.

REPRESENTATIVE IMAGE: WIKI COMMONS
ആഗോള ടെക്സ്റ്റൈല്‍ മാലിന്യത്തിന്റെ ഏകദേശം 8.5 ശതമാനം ഓരോ വര്‍ഷവും ഇന്ത്യയില്‍ കുമിഞ്ഞുകൂടുന്നുണ്ട്. ഇതില്‍ 59 ശതമാനം റീസൈക്കിളിങിലൂടെ ടെക്സ്റ്റൈല്‍ ഇന്‍ഡസ്ട്രിയിലേക്ക് തിരികെയെത്തുന്നുണ്ടെങ്കിലും ഗുണനിലവാരത്തിലെ പ്രശ്നങ്ങള്‍ കാരണം ഇതിന്റെ ഒരുഭാഗം മാത്രമെ ആഗോള വിതരണ ശൃംഖലയിലേക്ക് തിരികെയെത്തുന്നുള്ളൂ. ബാക്കിവരുന്ന മാലിന്യങ്ങള്‍ കത്തിക്കപ്പെടുകയോ മണ്ണില്‍ത്തന്നെ അവശേഷിക്കുകയോ ചെയ്യുന്നു.

2000 ത്തിനും 2015 നും ഇടയില്‍ ആഗോള വസ്ത്രോല്‍പ്പാദനം വലിയ രീതിയില്‍ വര്‍ദ്ധിച്ചു. കണക്കുകള്‍ അനുസരിച്ച്  ഓരോ വ്യക്തിയും പ്രതിവര്‍ഷം ശരാശരി 11.4 കിലോഗ്രാം വരെ വസ്ത്രങ്ങളാണ്  ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ വീക്ഷിക്കുമ്പോള്‍ 2050 ഓടെ ആഗോള വസ്ത്ര വില്‍പ്പന 160 മില്ല്യണ്‍ ടണ്‍ വരെയെത്തും. ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിക്കുമ്പോള്‍ കൃത്യമായ പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തിടത്തോളം ടെക്സ്റ്റൈല്‍ മാലിന്യം ആഗോള പ്രശ്നമായിത്തന്നെ നിലനില്‍ക്കും. ആളുകള്‍ കൂടുതല്‍ വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ അവ അധികകാലം ധരിക്കാതിരിക്കുന്നതാണ് ടെക്സ്റ്റൈല്‍ മാലിന്യത്തിന്റെ അടിസ്ഥാന കാരണമായി പലപ്പോഴും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഫാസ്റ്റ് ഫാഷന്‍ എന്ന ബിസിനസ്സ് തന്ത്രത്തിന് ഈ പാരിസ്ഥിതിക പ്രശ്നത്തിലുള്ള പങ്ക് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.


#fashion
Leave a comment