PHOTO: WIKI COMMONS
ചട്ടക്കൂടുകള്‍ പൊളിക്കുന്ന ഹൈ ഹീല്‍സ്
ദ്രുതഗതിയിലാണ് ഫാഷന്‍ രംഗത്ത് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. ഓരോ മാറ്റങ്ങളും പുതിയ ട്രെന്റുകളും മനുഷ്യന്റെ അഭിരുചികളെ നിര്‍ണയിക്കുന്നതും അതേ വേഗത്തിലാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ ആയിട്ടുള്ള വസ്ത്രധാരണരീതി മുഖ്യധാരയിലേക്ക് എത്തുന്നത് ഈ കാലഘട്ടത്തില്‍ ഫാഷന്‍ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയൊരു മാറ്റമാണ്. പലപ്പോഴും ജെന്‍ഡര്‍ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ക്കുള്ളില്‍ ആളുകളുടെ തിരഞ്ഞെടുപ്പുകള്‍ ഒതുങ്ങിപ്പോകാറാണ് പതിവ്. ഇന്ന് അതിനെയെല്ലാം പൊളിച്ചെഴുതിക്കൊണ്ടുള്ള മാറ്റങ്ങളാണ് ഫാഷന്‍ രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.
ഹൈ ഹീല്‍സ് ചെരുപ്പുകളെ സ്ത്രീകളുടെ ഫാഷനുമായാണ് പൊതുവെ ബന്ധപ്പെടുത്തുന്നത്. എന്നാല്‍ സ്റ്റീരിയൊ ടൈപ്പുകളെ പൊളിച്ചെഴുതിക്കൊണ്ട് പല ഫാഷന്‍ ഷോകളിലും പുരുഷന്‍മാരും ഹൈ ഹീല്‍സ് ചെരുപ്പുകള്‍ ധരിച്ചെത്തുന്നുണ്ട്. ഇങ്ങനെ സ്ത്രീകള്‍ മാത്രം ഉപയോഗിക്കേണ്ടതാണ് ഹീല്‍സ് എന്ന പൊതുധാരണ എങ്ങനെയാണ് രൂപപ്പെട്ടിട്ടുണ്ടാവുക. ഹൈ ഹീല്‍സ് ഒരുകാലത്ത് പുരുഷന്‍മാരായിരുന്നു ധരിച്ചതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുക ബുദ്ധിമുട്ടായിരിക്കും. അത്രമേല്‍ സ്ത്രീകളുമായി ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്ന ഫാഷന്‍ പ്രവണതയാണ് ഹീല്‍സ്. ഹൈ ഹീല്‍സ് യഥാര്‍ത്ഥത്തില്‍ പുരുഷന്‍മാര്‍ മാത്രമാണ് ഉപയോഗിച്ചതെന്ന് പേര്‍ഷ്യന്‍ ചരിത്രത്തില്‍ പറയുന്നുണ്ട്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
കുതിരപ്പുറത്ത് കയറുമ്പോള്‍ കാലുകള്‍ പാദത്തില്‍ തങ്ങിനില്‍ക്കുന്നതിനായി പത്താം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ പട്ടാളക്കാര്‍ ഹീല്‍ ഷൂസുകളാണ് ഉപയോഗിച്ചിരുന്നത്. പതിനേഴാം നൂറ്റാണ്ടോടെ പേര്‍ഷ്യന്‍ റൈഡര്‍മാര്‍ കുതിരപ്പുറത്തും അല്ലാതെയും ഹീല്‍സ് ഷൂ വ്യാപകമായി ഉപയോഗിച്ച് തുടങ്ങി. അക്കാലത്ത് സ്വന്തമായി കുതിരകള്‍ ഉള്ളത് സമ്പത്തിന്റെയും ശക്തിയുടെയും പ്രതീകമായിരുന്നു. അതുപോലെ തന്നെയാണ് ഹീല്‍സ് ഷൂ ഉപയോഗിക്കുന്നതിനെയും കണക്കാക്കിയിരുന്നത്.
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്പ്യന്‍ ഭരണാധികാരികളുമായി ബന്ധംസ്ഥാപിക്കാന്‍ പേര്‍ഷ്യന്‍ തലവന്‍, സൈനികരുടെ ഒരു പ്രതിനിധി സംഘത്തെ യൂറോപ്പിലേക്ക് അയയ്ക്കുന്നു. തുടര്‍ന്ന് പേര്‍ഷ്യന്‍ സൈന്യം ധരിച്ച ഈ ഹീല്‍ ഷൂ യൂറോപ്പില്‍ ശ്രദ്ധയാകര്‍ഷിച്ചു. യൂറോപ്പ്യന്‍ പുരുഷന്‍മാരുടെ ഫാഷനായും സൈനിക ശക്തിയുടെ പ്രതീകമായും അത് മാറിയെന്നാണ് പേര്‍ഷ്യന്‍ ചരിത്രത്തില്‍ പറയുന്നത്. 1670 ല്‍ ഫ്രഞ്ച് ചക്രവര്‍ത്തി ലൂയി പതിനാലാമന്‍ പ്രഭുക്കന്‍മാര്‍ മാത്രമെ ഹീല്‍സ് ധരിക്കൂ എന്നൊരു പ്രസ്താവന നടത്തി. ഉയര്‍ന്നതും ചുവന്നതുമായ ഹീല്‍സ് ധരിക്കുന്നയാള്‍ കൂടുതല്‍ ശക്തനാണെന്ന് കരുതപ്പെട്ടു. രാജാവിന്റെ പ്രീതിയുള്ളവര്‍ക്ക് മാത്രമെ ചുവന്ന ഹീല്‍സ് ധരിക്കാന്‍ പറ്റുമായിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ മറ്റ് നിറങ്ങളിലുള്ള ഹീല്‍സായിരുന്നു ഉപയോഗിച്ചിരുന്നത്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
തുടക്കത്തില്‍ ഹീല്‍സ് പുരുഷന്‍മാരുടെ മാത്രമായിരുന്നെങ്കില്‍ താമസിയാതെ തന്നെ സ്ത്രീകളും ഇത് ഉപയോഗിച്ച് തുടങ്ങി. എന്നാല്‍ 1789 ലെ ഫ്രഞ്ച് വിപ്ലവം ഹൈ ഹീല്‍സ് ഉള്‍പ്പെടെയുള്ള റോയല്‍റ്റിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും അവസാനിപ്പിച്ചു.ആദ്യകാലത്ത് പുരുഷന്‍മാര്‍ ഏറ്റവും കൂടുതലായി ഉപയോഗിച്ചുവന്ന ഹീല്‍സ് ഇപ്പോള്‍ സ്ത്രീകളുടെ മാത്രം ഫാഷന്‍ ഐഡന്റിറ്റിയായി മാറിയത് എങ്ങനെയായിരിക്കുമെന്നതാണ് ചോദ്യം. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഹീല്‍സ് വീണ്ടും തിരിച്ചുവന്നത് സ്ത്രീകളുടെ ഫാഷന്‍ ലോകത്തേക്കാണ്. ഇടുങ്ങിനില്‍ക്കുന്നതും കൂടുതല്‍ അലങ്കാരങ്ങള്‍ ഉള്ളതുമായ ഹീല്‍സുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. പുരുഷന്‍മാര്‍ക്ക് ചേര്‍ന്നതല്ല ഇത്തരം ഹൈ ഹീല്‍സ് എന്ന കാഴ്ചപ്പാട് ഇതിനോടകം തന്നെ ഉയര്‍ന്നുവരികയായിരുന്നു.
പുരുഷന്‍മാര്‍ ഇത് ഉപയോഗിക്കുന്നത് പൂര്‍ണമായും ഇല്ലാതായെന്നും പറയാന്‍ സാധിക്കില്ല. കൗബോയ് ബൂട്ട് പത്താം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കുതിരപ്പടയുടെ ഹീല്‍സിന്റെ ആധുനിക പതിപ്പായാണ് കണക്കാക്കുന്നത്. റൈഡര്‍ സ്ത്രീ ആയാലും പുരുഷനായാലും റൈഡിംഗ് ബൂട്ടുകളില്‍ ഹീല്‍ ആവശ്യമാണ്. അങ്ങനെ ചിന്തിക്കുമ്പോള്‍ ഹീല്‍സ് ജെന്‍ഡര്‍ ന്യൂട്രല്‍ ട്രെന്റായി മനസ്സിലാക്കാം. എന്നാല്‍ പോലും ഇതൊരു ഫീമെയില്‍ ഡൊമിനന്റ് ട്രെന്റ് ആയി തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.