TMJ
searchnav-menu
post-thumbnail

Fashion

ഫാസ്റ്റ് ഫാഷനില്‍ വേരൂന്നി വളരുന്ന സുഡിയോ

02 Feb 2024   |   4 min Read
ഹൃദ്യ ഇ

നുദിനം മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ ലോകത്ത് ആമുഖമോ വിശദീകരണമോ ആവശ്യമില്ലാത്ത സുപരിചിത ബ്രാന്റാണ് സുഡിയോ. ഷോപ്പ് ചെയ്യാന്‍ സുഡിയോ തിരഞ്ഞെടുക്കാത്തവര്‍ ഇപ്പോള്‍ കുറവായിരിക്കും. ഇന്ത്യയില്‍ സുഡിയോ ഷോറൂം പ്രത്യക്ഷപ്പെടാത്ത നഗരങ്ങളുണ്ടോ എന്നതും സംശയമാണ്. 99 മുതല്‍ 999 വരെ മാത്രം വിലയുള്ള പ്രൊഡക്ടുകള്‍. അതായത് അധികം പണച്ചെലവില്ലാതെ പുതിയ ട്രെന്റ് വസ്ത്രങ്ങള്‍ മുന്നിലേക്കെന്ന മാര്‍ക്കറ്റിങ് രീതിയാണ് ബ്രാന്റിനെ അട്രാക്ടീവാക്കുന്നത്. 

ബ്രാന്റ് എങ്ങനെ ഇത്രത്തോളം ജനപ്രിയമായി എന്ന് പറയുന്നതിന് മുന്‍പായി വിവിധ ബ്ല്രാന്റുകളെ പിന്നിലാക്കി മുന്നേറിയ സുഡിയോയുടെ ഇന്ത്യയിലെ സ്ട്രംഗ്ത്ത് എത്രമാത്രമാണെന്ന് പരിശോധിക്കേണ്ടതുണ്ട്. വിവിധ മേഖലകളിലായി വന്‍ ബിസിനസ്സുകളുടെ ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പിന്റേതാണ് ഈ ഔട്ട്ഫിറ്റ് ബ്രാന്റ്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ട്രെന്റ് ലിമിറ്റഡിന് കീഴിലാണ് സുഡിയോ പ്രവര്‍ത്തിക്കുന്നത്. 

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകംതന്നെ 100 സ്റ്റോറുകളാണ് ബ്രാന്റ് പുതുതായി ഓപ്പണ്‍ ചെയ്തിരിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 200 വരെ സ്റ്റോറുകള്‍ കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതി. ഏകദേശം ട്രെന്റിന് കീഴില്‍ ഏഴുവയസ്സ് പൂര്‍ത്തിയാകുന്ന ബ്രാന്റ് അതായത്, 2016 ല്‍ ഇന്ത്യയില്‍ ആരംഭിച്ച ബ്രാന്റ് ട്രെന്‍ിന്റെ ബിസിനസ്സ് വിജയത്തില്‍ വലിയ പങ്കാണ് വഹിച്ചത്.  2022 -23 ല്‍ 3500 കോടിയില്‍ നിന്ന് 8000 കോടിയായി, അതായത് ഇരട്ടിയിലധികമായി കമ്പനിയുടെ വരുമാനം വര്‍ദ്ധിക്കാന്‍ കാരണം സുഡിയോ ബ്രാന്റാണ്. നിലവില്‍ 460 ഓളം സ്റ്റോറുകളുള്ള ബ്രാന്റിന്റെ വരുമാനം 3540 കോടി. അന്താരാഷ്ട്ര വിപണിയിലേക്കും ചുവടുറപ്പിക്കാനുള്ള പദ്ധതികളിലാണ് കമ്പനി. ഇതാണ് നിലവില്‍ ഈ ഫാസ്റ്റ് ഫാഷന്‍ ബ്രാന്റിന് ഇന്ത്യയിലുള്ള മാര്‍ക്കറ്റിങ് സ്‌ട്രെംഗ്ത്ത്.സുഡിയോ മുന്‍നിര ബ്രാന്റായി എങ്ങനെ വളര്‍ന്നു... അതിന് പിന്നിലെ നാള്‍വഴികള്‍ എന്തൊക്കെയാണ്, മുന്നോട്ടുവയ്ക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രം എന്താണ് തുടങ്ങിയ നിരവധി ചോദ്യങ്ങളുണ്ട്. അത്തരം കാര്യങ്ങളിലേക്ക് കടക്കുമ്പോള്‍ ബ്രാന്റിന്റെ മാതൃകമ്പനിയായ ട്രെന്റ് ലിമിറ്റഡിന്റെ ആരംഭവും അതിന്റെ വളര്‍ച്ചയില്‍ ടാറ്റാ കുടുംബത്തിലെ പ്രധാനിയായ സിമോണ്‍ ടാറ്റ എന്ന സ്ത്രീയും വഹിച്ച പങ്ക് പറയേണ്ടതുണ്ട്. അവരുടെ ബിസിനസ്സ് തലയില്‍ നിന്നാണ് സുഡിയോ ബ്രാന്റിന്റെ വളര്‍ച്ചയുടെ ആരംഭം. 

1955 ല്‍ നേവല്‍ ടാറ്റയെ വിവാഹം കഴിക്കുന്നതോടെയാണ് സിമോണ്‍ ടാറ്റാ കുടുംബത്തിന്റെ അവിഭാജ്യഘടകമായി മാറുന്നത്. 1962 ല്‍ ടാറ്റയുടെ ലാക്‌മെ ബോര്‍ഡില്‍ ചേര്‍ന്നതോടെ ബിസിനസ്സിലേക്ക് സിമോണ്‍ ചുവടുറപ്പിച്ചു. അക്കാലത്ത് ടാറ്റാ ഓയില്‍ മില്‍സിന്റെ ഉപസ്ഥാപനമായിരുന്നു ലാക്‌മെ. സിമോണ്‍ കമ്പനിയുടെ ഉന്നതതലത്തില്‍ എത്തിയശേഷം അവരുടെ നേത്യത്വത്തിലാണ് ലാക്‌മെ ഒരു പ്രമുഖ കോസ്‌മെറ്റിക്‌സ് ബ്രാന്‍ഡായി മാറുന്നത്. റീട്ടെയില്‍ മേഖലയിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ സിമോണ്‍ 1996 ല്‍ തങ്ങളുടെ ലാക്‌മെ ഓഹരി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന് തന്ത്രപരമായി വില്‍ക്കുന്നതോടെയാണ് ഫാഷന്‍ രംഗത്തേക്കുള്ള കുതിച്ചുചാട്ടം ആരംഭിക്കുന്നത്. അന്നത്തെ വില്‍പ്പനയില്‍ ലഭിച്ച 48.46 മില്ല്യണ്‍ ഡോളര്‍ അതായത് ഏകദേശം 200 കോടി ഉപയോഗിച്ച് ട്രെന്റ് ലിമിറ്റഡിനെ വിപണിയിലേക്കെത്തിച്ചു. സ്ഥാപനത്തിന്റെ മേധാവിയായി സിമോണ്‍ ടാറ്റയെ നിയമിച്ചു. സിമോണിന്റെ ബിസിനസ്സ് തീരുമാനങ്ങള്‍ ട്രെന്റ് ലിമിറ്റഡിനെ ഇന്ത്യയുടെ റീട്ടെയില്‍ വിപണിയില്‍ പ്രധാനിയാക്കി.

ട്രെന്റിന് കീഴില്‍ ലാക്‌മെയെ വെല്ലുന്ന കോസ്‌മെറ്റിക് കമ്പനിയായിരുന്നു ടാറ്റയുടെ ആദ്യ ലക്ഷ്യം. എന്നാല്‍ അത് തിരുത്തുകയും വസ്ത്രമേഖലയിലേക്ക് ചുവടുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെ സിമോണ്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ആ തീരുമാനത്തിന്റെ അടുത്തപടിയായിരുന്നു വെസ്റ്റ് സൈഡ്. മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ സൗത്ത് മുംബൈയുടെ ഹ്യൂസ് റോഡില്‍ വെസ്റ്റ് സൈഡിന്റെ ആദ്യ ഷോറൂം ഉയര്‍ന്നു. ഇന്ത്യയിലെ മധ്യ ഉപരി വിഭാഗത്തിനെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഏറ്റവും പുതിയ ഫാഷന്‍ വസ്ത്രങ്ങള്‍ ലഭ്യമാക്കുന്നതിലേക്കാണ് ബ്രാന്റ് ഫോക്കസ് ചെയ്തത്. വെസ്റ്റ്‌സൈഡ് അങ്ങനെ ഹിറ്റ് അറ്റംറ്റ് തന്നെ ആയി എന്ന് പറയാം.ജിയ, വാര്‍ഡ്രോബ്, ബോംബെ പെയ്സ്ലി, സുബ, വെസ് കാഷ്വല്‍സ്, ഫോര്‍മല്‍സ് തുടങ്ങി സ്വന്തം ഇന്‍ഹൗസ് ബ്രാന്റുകള്‍ മാത്രം വിറ്റുകൊണ്ട് വെസ്റ്റ്‌സൈഡ് വിജയംകണ്ടു. എന്നാല്‍ ഉപരിവര്‍ഗത്തെ മാത്രം ലക്ഷ്യംവച്ച ബ്രാന്റിന് അതിന് പുറത്തുള്ള വലിയൊരു വിഭാഗത്തെ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. ഇതൊരു ആഡംബര ബ്രാന്റാണെന്നും തങ്ങള്‍ക്ക് അഫോര്‍ഡബിള്‍ ആയിട്ടുള്ള സ്ഥലമല്ലെന്നുമുള്ള തിരിച്ചറിവില്‍ ഇടത്തരം ഉപഭോക്താക്കള്‍ വെസ്റ്റസൈഡില്‍ നിന്നും മാറിനിന്നു. അത്തരത്തില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയൊരു വലിയ വിപണിയെ തിരിച്ചുപിടിക്കാനുള്ള ബിസിനസ്സ് തന്ത്രത്തിലാണ് സുഡിയോ എന്ന ബ്രാന്റ് രൂപപ്പെടുന്നത്. ഇത്തരത്തില്‍ പല ആശയങ്ങളും തീരുമാനങ്ങളും പരിണാമപ്പെട്ടാണ് സുഡിയോ വൈഡ് സ്‌പ്രെഡഡ് ബ്രാന്റായതെന്നര്‍ത്ഥം.

ഒരു വസ്ത്രം വാങ്ങാന്‍ 1000 രൂപയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ താല്‍പര്യപ്പെടാത്തവരെയും അത് അഫോര്‍ഡബിള്‍ അല്ലാത്തവരെയും ലക്ഷ്യംവച്ചുകൊണ്ട് ചില മാര്‍ക്കറ്റിംഗ് പ്രോട്ടോക്കോളുകളോട് കൂടി സുഡിയോ ലോഞ്ച് ചെയ്തു. മാര്‍ക്കറ്റിങ് സ്‌പേസ് ഫില്ല് ചെയ്യാന്‍ ഉപയോഗിച്ച മാര്‍ഗം ഫാസ്റ്റ് ഫാഷനും.

ഒരു ഡിസ്‌കൗണ്ട് ഷോപ്പിന്റെ മാതൃകയിലോ അല്ലെങ്കില്‍ ഒരു സീസണല്‍ ഷോപ്പിംഗിന് ആളുകള്‍ എത്തുന്ന രീതിയിലോ അല്ലായിരുന്നു അതിന്റെ പ്ലാനിംഗ്. എന്നാല്‍ പോലും വിലക്കുറവിലാണ് ബ്രാന്റ് പ്രധാനമായും ഫോക്കസ് ചെയ്തത്. 99 മുതല്‍ 999 വരെ മാത്രമുള്ള ഇവരുടെ പ്രൈസ് റേഞ്ചാണ് അതില്‍ പ്രധാനം. അതിന് വെസ്റ്റ്‌സൈഡിന് സമാനമായ ഷോറൂം അന്തരീക്ഷവും കൂട്ടുപിടിച്ചു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ചെറുപട്ടണങ്ങളിലും വിവിധ സ്ഥലത്തെ പ്രധാന പോയിന്റിലുമാണ് സുഡിയോ ഷോറൂമുകള്‍ ഉള്ളത്. ആളുകളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള ഷോപ്പിംഗ് എക്‌സ്പീരിയന്‍സും അന്തരീക്ഷവും രൂപപ്പെടുത്തിയെടുത്തതും വളര്‍ച്ചയ്ക്ക് പിന്നിലെ കാര്യമാണ്. ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നുകള്‍ ഒഴിച്ചാല്‍ സീറോ അഡ്വര്‍ടൈസ്‌മെന്റിലാണ് ബ്രാന്റ് മുന്നോട്ടുപോകുന്നതെന്നതും ശ്രദ്ധേയമാണ്. വസ്ത്രങ്ങളില്‍ നിന്നും ആക്‌സസറീസ്, ഫൂട്ട്വെയര്‍, കോസ്മെറ്റിക്സ് തുടങ്ങി പല പ്രൊഡക്ടുകളും സുഡിയോ പുറത്തിറക്കാന്‍ തുടങ്ങിയതോടെ വലിയൊരു ഓഡിയന്‍സിലേക്കാണ് സുഡിയോ എത്തിയത്. ഇതായിരുന്നു സുഡിയോയെ വേഗത്തില്‍ വളര്‍ത്താന്‍ ടാറ്റാ ഉപയോഗിച്ച മാര്‍ക്കറ്റിംഗ് രീതികള്‍.

ഓണ്‍ലൈന്‍ സ്റ്റോര്‍ എന്ന ആശയത്തിലേക്ക് ആദ്യ സമയത്ത് ബ്രാന്റ് വന്നില്ലെങ്കിലും അതിന്റെ സാധ്യതയെക്കൂടി മുന്നില്‍ കണ്ടുള്ള ഡിജിറ്റല്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമും സുഡിയോ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സിമോണ്‍ ടാറ്റയുടെ അഴിച്ചുപണിയില്‍ അവര്‍ക്കുണ്ടായ മാര്‍ക്കറ്റിംഗ് സ്‌പേസ് സുഡിയോ എന്ന ബ്രാന്റിലൂടെ നികത്തി എന്ന് പറയാം.

എന്നാല്‍ സുഡിയോ ഉള്‍പ്പെടെയുള്ള പല ബ്രാന്റുകളും ഫോളോ ചെയ്യുന്നത് ഫാസ്റ്റ് ഫാഷന്‍ എന്ന ബിസിനസ്സ് തന്ത്രമാണെന്നതില്‍ ചില ചര്‍ച്ചകളും തിരിച്ചറിവുകളും ആവശ്യമായിട്ടുണ്ട്. മാറിവരുന്ന ട്രെന്റുകളെ അതിവേഗത്തിലും വിലക്കുറവിലും ആളുകളിലേക്കെത്തിക്കുന്ന മാര്‍ക്കറ്റിംഗ് രീതിയാണിത്. കുറഞ്ഞ ചിലവില്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും ആഗോള ശൃംഖല. കൂടുതല്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ബിസിനസ്സ് മോഡല്‍. ഫാസ്റ്റ് ഫാഷന്‍ പ്രവണത വര്‍ദ്ധിച്ചുവരുമ്പോള്‍ കുറഞ്ഞ കാലയളവില്‍ത്തന്നെ ആ വസ്ത്രങ്ങള്‍ ഔട്ട് ഓഫ് ട്രെന്റായി പരിഗണിക്കപ്പെടുകയും ആളുകളത് കുറച്ചുതവണ മാത്രം ധരിക്കുകയും ചെയ്യുന്നു. ഈ കഴിഞ്ഞ കാലയളവോടെ ഫാസ്റ്റ് ഫാഷന്‍ ലോകത്താകെ പടര്‍ന്നുപിടിച്ചിട്ടുണ്ട്. സാറ, എച്ച് ആന്റ് എം, ഫോര്‍എവര്‍ 21 എന്നീ ഫാസ്റ്റ് ഫാഷന്‍ ബ്രാന്‍ഡുകള്‍ക്ക് ലഭിച്ച സ്വീകാര്യത അത് വ്യക്തമാക്കുന്നു. അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ന് ലോകത്തെ എല്ലാ പ്രധാന നഗരങ്ങളിലും ലഭ്യമാണ്. ടെക്‌സ്‌റ്റൈല്‍ രംഗത്തു നിന്നുണ്ടാകുന്ന മാലിന്യപ്രശ്‌നത്തിന്റെ ഒരു കാരണമായും ഫാസ്റ്റ് ഫാഷന്‍ വിലയിരുത്തപ്പെടുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഫാസ്റ്റ് ഫാഷന്‍ വിപണനതന്ത്രമാക്കി വളരുന്ന ബ്രാന്റാണ് സുഡിയോ. ആഗോളവിപണിയിലേക്കുള്ള വളര്‍ച്ചയും കമ്പനിയുടെ ലക്ഷ്യമാണ്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു വിപത്തുകൂടി മുന്നില്‍ കാണേണ്ടതുണ്ട്.

 

#fashion
Leave a comment