ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഓസ്ട്രേലിയന്‍ വൈന്‍
ക്രിസ്മസ് ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വൈനുകള്‍. ആരുടെയും മനംകവരുന്നതാണ് നല്ല റെഡ് വൈനുകള്‍. ഇത്തവണ ഓസ്ട്രേലിയന്‍ വൈന്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പ്രീമിയം വൈനുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കാനൊരുങ്ങുകയാണ്. ലോകത്ത് ഏറ്റവും അധികം വൈന്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഓസ്ട്രേലിയ. ഓസ്ട്രേലിയ-ഇന്ത്യ സാമ്പത്തിക സഹകരണവും വ്യാപാര ഉടമ്പടിയും (AI-ECTA) ഇന്ത്യന്‍ വിപണിയെ അനുകൂലമാക്കിയതും ഓസ്ട്രേലിയന്‍ വൈനുകള്‍ക്ക് ചൈന ഏര്‍പ്പെടുത്തിയ താരിഫുമാണ് ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഓസ്ട്രേലിയന്‍ വൈന്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത്.
ഓസ്ട്രേലിയ- ഇന്ത്യ സാമ്പത്തിക സഹകരണവും വ്യാപാര കരാറും 2022 ഡിസംബര്‍ 29 മുതലാണ് പ്രാബല്യത്തില്‍ വന്നത്. കരാറിനുശേഷം ഓസ്ട്രേലിയന്‍ വൈന്‍ ബോട്ടിലുകളുടെ താരിഫില്‍ ഒരു ബോട്ടിലിന് അഞ്ച് ഡോളറിലധികം വില കുറച്ചിട്ടുണ്ട്. 15 ശതമാനം വരെയായിരുന്നു താരിഫ്. അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ താരിഫ് ഇനിയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വൈന്‍ ഉപഭോഗം വര്‍ധിക്കുന്നതിനാല്‍ പല വൈന്‍ കയറ്റുമതി രാജ്യങ്ങളും ഇന്ത്യന്‍ വിപണിയെയാണ് ഉറ്റുനോക്കുന്നത്.
ഓസ്ട്രേലിയന്‍ വൈന്‍ | PHOTO: WIKI COMMONS
താരിഫ് കുറയുന്നതിനനുസരിച്ച് ഓരോ വര്‍ഷവും ഓസ്ട്രേലിയന്‍ വൈനുകള്‍ പ്രത്യേകിച്ച് പ്രീമിയം വൈനുകള്‍ ഇന്ത്യയിലേക്ക് എത്തുമെന്ന് ഓസ്ട്രേലിയന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്മീഷനിലെ (ഓസ്ട്രേഡ്) ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്മീഷണര്‍ (അഗ്രിഫുഡ്) ജോണ്‍ സൗത്ത്വെല്‍ പറഞ്ഞു. ഏകദേശം ഒരുമാസത്തിനുള്ളില്‍ പ്രീമിയം ഓസ്ട്രേലിയന്‍ വൈനുകള്‍ താരിഫ് വെട്ടിക്കുറയ്ക്കുമെന്നും പല ഓസ്ട്രേലിയന്‍ വൈന്‍ നിര്‍മാതാക്കളും വിപണിയില്‍ ചുവടുമാറ്റം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ ചുവടുമാറ്റം ഓസ്ട്രേലിയന്‍ വൈന്‍ നിര്‍മാതാക്കളുടെ ഇന്ത്യയിലേക്കുള്ള കുത്തൊഴുക്കിന് കാരണമാകില്ല. ഇന്ത്യയിലേക്കുള്ള വൈന്‍ കയറ്റുമതിയില്‍ പെട്ടെന്നൊരു വര്‍ധനവ് പ്രതീക്ഷിക്കുന്നില്ലെന്നും സൗത്ത്വെല്‍ പറഞ്ഞു.
ട്രേഡ് ഡാറ്റ അനുസരിച്ച്, 2023 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ 5.73 മില്യണ്‍ ഡോളര്‍ ഓസ്ട്രേലിയന്‍ വൈന്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. 2022-23 കാലയളവില്‍ ആകെ 10.37 മില്യണ്‍ ഡോളര്‍ വൈന്‍ ആണ് ഇന്ത്യയിലേക്ക് എത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2023 ഏപ്രില്‍-സെപ്തംബര്‍ മാസങ്ങളില്‍ ഇന്ത്യയുടെ വൈന്‍ ഇറക്കുമതി 200 ശതമാനത്തിലധികം വര്‍ധിച്ചു. അതായത് 34.47 മില്യണ്‍ ഡോളറില്‍ നിന്ന് 74.11 മില്യണ്‍ ഡോളറായി ഉയര്‍ന്നു.
ജോണ്‍ സൗത്ത്വെല്‍ | PHOTO: FACEBOOK
ഓസ്ട്രേലിയന്‍ വൈന്‍ വിപണി
പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന 1.2- 1.3 ബില്യണ്‍ ലിറ്ററില്‍ ഏകദേശം 800 ദശലക്ഷം വൈനും വിദേശ വിപണികളിലേക്കാണ് ഓസ്ട്രേലിയ കയറ്റുമതി ചെയ്യുന്നത്. ഓസ്ട്രേലിയന്‍ വൈനുകള്‍ക്ക് 3.5 ബില്യണ്‍ ഡോളറിന്റെ ആഭ്യന്തര വിപണിയും നിലവിലുണ്ട്. പ്രതിവര്‍ഷം 500 ദശലക്ഷം ലിറ്റര്‍ വൈനാണ് ഓസ്ട്രേലിയ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ വൈന്‍ ഉത്പാദക രാജ്യമായ ഓസ്‌ട്രേലിയയില്‍ നിന്ന് ഏറ്റവും അധികം വൈന്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിലേക്കാണ്. അതായത് ഇറക്കുമതി ചെയ്യുന്ന വൈന്‍ വിപണിയുടെ 44 ശതമാനവും ഓസ്‌ട്രേലിയയില്‍ നിന്നാണ്.
ലോകത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന വൈന്‍ ശ്രേണികളില്‍ ഒന്നാണ് ഓസ്‌ട്രേലിയയുടേത്. ഓസ്‌ട്രേലിയന്‍ കാലാവസ്ഥയും അനുയോജ്യമായ മണ്ണും 65 വ്യത്യസ്ത മേഖലകളില്‍ 100 ലധികം മുന്തിരി ഇനങ്ങള്‍ വളര്‍ത്തി ഓസ്‌ട്രേലിയന്‍ വൈന്‍ മേഖലയെ സമ്പുഷ്ടമാക്കുന്നു. ഇവയില്‍ ഷിറാസും ചാര്‍ഡോണയുമാണ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ രുചിമനസ്സുകളെ കീഴടക്കുന്നത്.
REPRESENTATIVE IMAGE: WIKI COMMONS
ഇന്ത്യന്‍ വൈന്‍ വിപണി
വൈന്‍ വിപണിയിലെ വരുമാനം 5,732 മില്യണ്‍ യുഎസ് ഡോളറാണ്. പ്രതിവര്‍ഷം 15.94 ശതമാനം വളര്‍ച്ചയാണ് വിപണി പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പ്രതിശീര്‍ഷ ഉപഭോഗം ഒമ്പത് മില്ലിലിറ്ററാണ്. ഇന്ത്യയിലെ മുന്‍നിര വൈന്‍ ഉത്പാദകരാണ് സുല വൈന്‍യാഡ്‌സ്. ഇന്ത്യയുടെ വൈന്‍ തലസ്ഥാനമായി അറിയപ്പെടുന്ന നാസിക് ആസ്ഥാനമായി 1999 മുതലാണ് സുല വൈന്‍യാര്‍ഡ്‌സ് പ്രവര്‍ത്തിക്കുന്നത്. RASA, Dindori, The Source, Satori, Madera, Dia തുടങ്ങിയ വൈന്‍ ബ്രാന്‍ഡുകളില്‍ പ്രശസ്തമായ സുല 13 വ്യത്യസ്ത ബ്രാന്‍ഡുകളിലായി 56 വ്യത്യസ്ത വീഞ്ഞുകളാണ് ഉത്പാദിപ്പിക്കുന്നത്. ഈ വര്‍ഷം 95-100 കോടി രൂപയുടെ വരുമാനമാണ് സുല പ്രതീക്ഷിക്കുന്നത്. നവംബര്‍ ഒമ്പതിന് സുല വൈന്‍യാര്‍ഡ്‌സ് ജൂലൈ-സെപ്തംബര്‍ പാദത്തിലെ അറ്റാദായം 19.5 കോടി രൂപയില്‍ നിന്ന് 18 ശതമാനം വര്‍ധിച്ച് 23.1 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തു. എലൈറ്റ്, പ്രീമിയം വൈനുകളുടെ വരുമാനം 11 ശതമാനത്തിലധികം വര്‍ധിച്ച് 142.8 കോടി രൂപയിലെത്തി.
വിലകൂടിയ വീഞ്ഞുകള്‍
ലോകത്തിലെ ഏറ്റവും വില കൂടിയ വൈന്‍ ഫ്രാന്‍സിലെ കോട്ട് ഡി ന്യൂറ്റ്‌സില്‍ നിന്നുള്ള ഡൊമെയ്ന്‍ ലെറോയ് മ്യൂസിഗ്നി ഗ്രാന്‍ഡ് ക്രൂ (Domaine Leroy Musigny Grand Cru) ആണ് ലോകത്തിലെ ഏറ്റവും വിലകൂടിയ വൈന്‍. ലിറ്ററിന് 40 ലക്ഷത്തിനു മുകളിലാണ് വില. ഫ്രാന്‍സിലെ കോട്ട് ഡി ന്യൂറ്റ്‌സില്‍ നിന്ന് തന്നെയുള്ള ഡൊമെയ്ന്‍ ഡി ലാ റൊമാനി- കോണ്ടി റൊമാനി- കോണ്ടി ഗ്രാന്‍ഡ് ക്രൂ (Domaine de la Romanee- Conti Romanee- Conti Grand Cru) ആണ് രണ്ടാമത്തെ വിലകൂടിയ വൈന്‍. ലിറ്ററിന് ഏകദേശം 23 ലക്ഷം രൂപയാണ്. എന്നാല്‍ ആഗോള വിപണിയില്‍ വൈന്‍ പ്രിയങ്കരമാണെങ്കിലും ഉയര്‍ന്ന താരിഫും വിലയും കാരണം വൈന്‍ വില്‍പന കുറയുന്നതായാണ് വ്യാപാരികള്‍ പറയുന്നത്.