TMJ
searchnav-menu
post-thumbnail

Finance

കല്‍ക്കരി ഇറക്കുമതി: വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം ജൂണ്‍ വരെ നീട്ടി

15 Nov 2023   |   2 min Read
TMJ News Desk

റക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിക്കുന്ന വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം 2024 ജൂണ്‍ വരെ നീട്ടി നല്‍കി. ഇറക്കുമതി ചെയ്ത കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം രാജ്യത്തെ ഉയര്‍ന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന് അത്യാവശ്യമാണെന്ന അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഏകദേശം 17 ജിഗാവാട്ട് ശേഷിയുള്ള പ്ലാന്റുകള്‍ വരുന്ന എട്ടുമാസത്തേക്ക് ഉയര്‍ന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍ദേശം.

പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ശേഖരത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടാകുന്നത്. ഇതേത്തുടര്‍ന്നാണ് ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിക്കുന്ന പ്ലാന്റുകളുടെ പ്രവര്‍ത്തനം നീട്ടിയിരിക്കുന്നത്. സംഭരിക്കപ്പെട്ട കല്‍ക്കരിയില്‍ ഒക്ടോബര്‍ ആദ്യ പകുതിയോടെ വന്‍ കുറവ് ഉണ്ടായി. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന അവസ്ഥയിലാണ് കല്‍ക്കരിയുടെ ശേഖരം. ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച ഉത്തരവ് പിന്നീട് നാലുതവണ നീട്ടിയിരുന്നു.

REPRESENTATIVE IMAGE | PHOTO: PTI
ടാറ്റ പവര്‍, അദാനി പവര്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള പ്ലാന്റുകളാണ് ഇറക്കുമതി കല്‍ക്കരികള്‍ ഉപയോഗിക്കുന്നത്. ഇറക്കുമതി ചെയ്ത കല്‍ക്കരി അധിഷ്ഠിത ഉത്പാദന കേന്ദ്രങ്ങള്‍ വഴി രാജ്യത്തെ ഊര്‍ജ ആവശ്യകത നിറവേറ്റാന്‍ സാധിക്കും. വൈദ്യുതിയുടെ ഉയര്‍ന്ന ഉപയോഗം, ആഭ്യന്തര കല്‍ക്കരി വിതരണത്തിലെ അപര്യാപ്തത, പരിമിതമായ ജലവൈദ്യുതി ഇവയാണ് പ്രധാനമായും കല്‍ക്കരി ഇറക്കുമതിയെ ആശ്രയിക്കുന്നതിനു കാരണം.

ഇന്ത്യയിലെ ഇറക്കുമതിയിലും ഇടിവ്

ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതി ഈ വര്‍ഷം ആഗസ്റ്റില്‍ 12.08 ശതമാനം ഇടിവോടെ 18.26 ദശലക്ഷം ടണ്ണായി കുറഞ്ഞു. 2022 ആഗസ്റ്റില്‍ 20.77 ദശലക്ഷം ടണ്ണായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഈ വര്‍ഷം ആഗസ്റ്റില്‍ കോക്കിംഗ് ഇതര കല്‍ക്കരി ഇറക്കുമതി മുന്‍വര്‍ഷത്തെ 13.85 ദശലക്ഷം ടണ്ണില്‍ നിന്നും 10.52 ദശലക്ഷം ടണ്ണായി കുറഞ്ഞിരുന്നു.ആഭ്യന്തര കല്‍ക്കരി ഉത്പാദനത്തിന്റെ 80 ശതമാനവും കോള്‍ ഇന്ത്യയുടെ സംഭാവനയാണ്. 2023-24 ല്‍ 1,012 മെട്രിക് ടണ്‍ കല്‍ക്കരി ഉത്പാദനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യവയ്ക്കുന്നത്. എന്നാല്‍, കോള്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിയില്‍ നിന്ന് 2050 ഓടെ ഏകദേശം 74,000 തൊഴിലാളികളെ വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കണക്കുകള്‍ പ്രകാരം 2017 ല്‍ 3,10,000 തൊഴിലാളികള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 2,40,000 തൊഴിലാളികളായി കുറഞ്ഞു. പ്രതിവര്‍ഷം 13,000 മുതല്‍ 14,000 വരെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് സൂചന.

REPRESENTATIVE IMAGE | PHOTO: PTI
ആഗോളതലത്തിലും വന്‍ പ്രതിസന്ധി

ആഗോള കല്‍ക്കരി ഖനികളില്‍ 15 ശതമാനവും 2035 ഓടെ അടച്ചുപൂട്ടുമെന്ന് ഗ്ലോബല്‍ എനര്‍ജി മോണിറ്റര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഭൂരിഭാഗവും ചൈനയിലും ഇന്ത്യയിലുമാകും. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ലോകം ഫോസില്‍ ഇതര ഇന്ധനങ്ങളിലേക്ക് ചുവടുമാറ്റുമ്പോള്‍ കല്‍ക്കരി ഖനന മേഖല നേരിടേണ്ടി വരിക 4,00,000 ത്തോളം തൊഴില്‍ നഷ്ടങ്ങള്‍ കൂടിയാണ്. കല്‍ക്കരി ക്ഷാമം അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ വരെ ആഗോളതലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ലോകത്തിലെ കല്‍ക്കരിയുടെ പകുതിയിലധികവും ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് ചൈനയിലാണ്. ഏകദേശം 1.5 ദശലക്ഷത്തിലധികം ഖനന ജോലികള്‍ ഇവിടെ നടക്കുന്നതായാണ് നിഗമനം. ഷാങ്സി പ്രവിശ്യയില്‍ മാത്രം 2050 ഓടെ 2,40,000 ഖനന ജോലികള്‍ ഇല്ലാതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


#finance
Leave a comment