TMJ
searchnav-menu
post-thumbnail

Finance

എവര്‍ഗ്രാന്‍ഡെ തകര്‍ച്ചയിലേക്കോ? ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടി

30 Sep 2023   |   2 min Read
TMJ News Desk

ചൈനയിലെ രണ്ടാമത്തെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എവര്‍ഗ്രാന്‍ഡെ കടക്കെണിയില്‍. ഹോങ്കോംഗ് ഓഹരി വിപണിയില്‍ എവര്‍ഗ്രാന്‍ഡെ ഓഹരികളുടെ വ്യാപാരം സസ്പെന്‍ഡ് ചെയ്തു. കമ്പനിയുടെ മറ്റു രണ്ട് യൂണിറ്റുകളായ പ്രോപ്പര്‍ട്ടി സര്‍വീസസ് (ഹെങ്ഡ് റിയല്‍ എസ്റ്റേറ്റ്), ഇലക്ട്രിക് വെഹിക്കിള്‍ എന്നിവയുടെ ഓഹരി വ്യാപാരവും സസ്പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്. എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പിന്റെ ലിക്വിഡേഷനെക്കുറിച്ചുള്ള ആശങ്കകള്‍ വ്യവസായത്തിലുടനീളം സമ്മര്‍ദം സൃഷ്ടിച്ചതാണ് തകര്‍ച്ചയ്ക്ക് കാരണം. 

17 മാസത്തെ ഇടവേളയ്ക്കുശേഷം ആഗസ്റ്റ് 28 നാണ് ഹോങ്കോങ് ഓഹരി വിപണിയില്‍ എവര്‍ഗ്രാന്‍ഡെ വ്യാപാരം പുനഃരാരംഭിച്ചത്. എവര്‍ഗ്രാന്‍ഡെയുടെ പ്രധാന ആഭ്യന്തര ഉപസ്ഥാപനമായ ഹെങ്ഡ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാല്‍ പുതിയ വായ്പ നല്‍കാന്‍ കഴിയില്ലെന്ന് മാതൃസ്ഥാപനം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എവര്‍ഗ്രാന്‍ഡെക്ക് ജൂണ്‍ അവസാനംവരെ 32,800 കോടി ഡോളറിന്റെ കടബാധ്യത ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇത് രാജ്യത്തെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് പ്രതിസന്ധിക്ക് കാരണമായി. ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ നാലിലൊന്ന് ഭാഗവും നിര്‍മാണ മേഖലയുടെയും പ്രോപ്പര്‍ട്ടി മേഖലയുടെയും സംഭാവനയാണ്. 


PHOTO: WIKI COMMONS

ലോകത്തെ ഏറ്റവും ബാധ്യതയുള്ള കമ്പനി
 

ഈ വര്‍ഷം ജൂണ്‍ വരെ 2.39 ലക്ഷം കോടി ചൈനീസ് യുവാന്റെ മൊത്തം ബാധ്യത ഉണ്ടെന്നാണു ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്പനി ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് എവര്‍ഗ്രാന്‍ഡെയുടെ ആകെ ആസ്തി 1.74 ലക്ഷം കോടി യുവാനാണ്. 400 കോടി യുവാന്‍ (ഏകദേശം 4,500 കോടി രൂപ) തിരിച്ചടയ്ക്കുന്നതിലാണ് കമ്പനി വീഴ്ച വരുത്തിയിരിക്കുന്നത്. ലോകത്ത് ഏറ്റവും അധികം കടബാധ്യതയുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് എവര്‍ഗ്രാന്‍ഡെ. 

കടം വാങ്ങി ഫ്ളാറ്റുകള്‍ കെട്ടിപ്പൊക്കുകയായിരുന്നു എവര്‍ഗ്രാന്‍ഡെ എന്നാണ് റിപ്പോര്‍ട്ട്. എവര്‍ഗ്രാന്‍ഡെയുടെ ഉപസ്ഥാപനമായ ഹെങ്ഡ, മുതലും പലിശയും അടക്കം വീട്ടേണ്ട തീയതി ഈ ആഴ്ച ആദ്യമായിരുന്നു. ഇത് പാലിക്കാനും കമ്പനിക്ക് കഴിഞ്ഞില്ല. അതേസമയം എവര്‍ഗ്രാന്‍ഡെയുടെ സ്ഥാപകനും ചെയര്‍മാനുമായ ഹ്യു ക യാന്‍ പോലീസ് കസ്റ്റഡിയിലായ സാഹചര്യത്തിലാണ് ഓഹരി വിപണിയിലെ വ്യാപാരം റദ്ദാക്കിയത്. ഹ്യൂ ക യാന്‍ 1996 ല്‍ ആണ് എവര്‍ഗ്രാന്‍ഡെ കമ്പനി സ്ഥാപിച്ചത്. 


ഹ്യൂ ക യാന്‍ | PHOTO: WIKI COMMONS

തകരുന്നത് ചൈനീസ് സമ്പദ്ഘടനയുടെ നട്ടെല്ല് 

ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയുടെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖല. ചൈനീസ് ജിഡിപിയില്‍ നാലിലൊന്നും റിയല്‍ എസ്റ്റേറ്റ് മേഖലയാണ് സംഭാവന ചെയ്യുന്നത്. 2021 ലാണ് എവര്‍ഗ്രാന്‍ഡെയുടെ പ്രതിസന്ധി ഇതിനുമുമ്പ് രൂക്ഷമായത്. 280 ലേറെ നഗരങ്ങളില്‍ വേരുകളുള്ള കമ്പനിക്ക് 1,300 ലേറെ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുണ്ട്. 

ഏകദേശം ഒരുലക്ഷത്തോളം ജീവനക്കാര്‍ എവര്‍ഗ്രാന്‍ഡെക്കുണ്ട്. സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് പണമടച്ച 15 ലക്ഷത്തിലധികം പേര്‍ക്ക് പാര്‍പ്പിട പദ്ധതികള്‍ കൈമാറാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ചൈനക്കാരുടെ മൊത്തം നിക്ഷേപത്തിന്റെ 70 ശതമാനത്തോളവും റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ്. 

നിരവധി ആഗോള കമ്പനികള്‍ ചൈനയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ചൈനയുടെ സമ്പദ് വ്യവസ്ഥ തകരുന്നതോടൊപ്പം ആഗോള സമ്പദ് വ്യവസ്ഥയെയും എവര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ച സാരമായി ബാധിക്കും.


#Business
#finance
Leave a comment