PHOTO: WIKI COMMONS
ലോകത്തിലെ ഏറ്റവും മികച്ച നൂറ് കമ്പനികളില്‍ ഇന്‍ഫോസിസും
ലോകത്തിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇന്‍ഫോസിസ് മാത്രം. ടൈം മാഗസിനാണ് 2023 ലെ മികച്ച കമ്പനികളുടെ പട്ടിക തയ്യാറാക്കിയത്. ബെംഗലൂരു ആസ്ഥാനമായുള്ള ഇന്‍ഫോസിസ് പട്ടികയില്‍ 64-ാം സ്ഥാനത്താണ്.
ഓണ്‍ലൈന്‍ ഡേറ്റ പ്ലാറ്റ്ഫോം സ്റ്റാറ്റിസ്റ്റയുമായി സഹകരിച്ചാണ് ടൈം മാഗസിന്‍ പട്ടികയ്ക്ക് രൂപംനല്‍കിയത്. 1981 ല്‍ സ്ഥാപിതമായ ഇന്‍ഫോസിസ് 3,36,000 ത്തിലധികം ജീവനക്കാരുള്ള ഐടി കമ്പനിയാണ്. മൈക്രോ സോഫ്റ്റ്, ആപ്പിള്‍, മെറ്റ, ആല്‍ഫാബെറ്റ് എന്നിവയാണ് ആദ്യ സ്ഥാനങ്ങളില്‍ ഇടംനേടിയവ.
'40 വര്‍ഷത്തിലേറെയായി സോഫ്റ്റ്വെയര്‍ സേവന പ്രതിഭകളുടെ ആഗോള ലക്ഷ്യസ്ഥാനമായി ഇന്ത്യ ഉയര്‍ന്നുവരുന്നതിന് കാരണമായ മാറ്റങ്ങള്‍ക്ക് ഉത്തേജകമാകാന്‍ കഴിഞ്ഞു. തങ്ങള്‍ മികച്ച മൂന്ന് ആഗോള പ്രൊഫഷണല്‍ സേവന സ്ഥാപനങ്ങളിലൊന്നാണെന്നും മികച്ച 100 ആഗോള റാങ്കിംഗില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക ബ്രാന്‍ഡും തങ്ങളാണെന്നും' ഇന്‍ഫോസിസ് എക്സില്‍ കുറിച്ചു.
ലോകത്ത് മാറ്റങ്ങള്‍ക്ക് കാരണമായ 750 കമ്പനികളുടെ പട്ടികയാണ് ടൈം മാഗസിന്‍ തയ്യാറാക്കിയത്. വരുമാന വളര്‍ച്ച, ജീവനക്കാരുടെ സംതൃപ്തി, പാരിസ്ഥിതിക വിഷയങ്ങള്‍ അടക്കം വിവിധ വശങ്ങള്‍ പരിശോധിച്ചാണ് പട്ടികയ്ക്ക് രൂപംനല്‍കിയത്. 174-ാം സ്ഥാനത്തോടെ വിപ്രോ, മഹീന്ദ്ര (210), റിലയന്‍സ് (248), എച്ച്സിഎല്‍ (262), എച്ച്ഡിഎഫ്സി ബാങ്ക് (418) എന്നിവയാണ് ഇന്ത്യയില്‍ നിന്നും ഇടംനേടിയ മറ്റു കമ്പനികള്‍.
REPRESENTATIONAL IMAGE: PHOTO: FACEBOOK
വളര്‍ച്ചയുടെ പടവുകളിലേക്ക്
ഇക്കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് ഇന്‍ഫോസിസിന്റെ അംബാസഡറായി ടെന്നീസ് താരം റാഫേല്‍ നദാല്‍ ചുമതലയേറ്റത്. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. നദാലിന്റെ പരിശീലന ടീമിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മാച്ച് വിശകലന സോഫ്റ്റ്വെയറും ഇന്‍ഫോസിസ് വികസിപ്പിച്ചിട്ടുണ്ട്. നദാലിന്റെ കളിക്കളത്തിലെ പ്രകടനവുമായി ബന്ധപ്പെട്ട വിശകലനങ്ങള്‍ തത്സമയം ഇതിലൂടെ പരിശീലന ടീമിന് ലഭ്യമാകും.
2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 14,200 കോടി രൂപ മൂല്യമുള്ള ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 9.7 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 6,309 കോടിയും 2021 ല്‍ 5,112 കോടി രൂപയുമായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം നാല് മുതല്‍ ഏഴ് ശതമാനം വരെ വളരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.