MDH ന്റെ ജനപ്രിയത കുറയുന്നുവോ ?
ജനപ്രിയ ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ബ്രാന്‍ഡായ എംഡിഎച്ചിന് കാലിടറുന്നു. എംഡിഎച്ച് ന്റെ യുഎസ് കയറ്റുമതിയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 മുതല്‍ കയറ്റുമതിയില്‍ 14.5 ശതമാനം കുറവ് ഉണ്ടായതായി യുഎസ് റെഗുലേറ്ററി ഡാറ്റയുടെ കണ്ടെത്തലില്‍ വ്യക്തമാക്കുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗമായ സെന്റര്‍ ഫോര്‍ ഫുഡ് സേഫ്റ്റി നടത്തിയ പരിശോധനയില്‍ പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ മസാല ഉത്പന്നങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവയുടെ വില്‍പന ഹോങ്കോംങും സിങ്കപ്പൂരും അടുത്തിടെ നിര്‍ത്തിവച്ചിരുന്നു.
എംഡിഎച്ച് ഉത്പന്നങ്ങളായ മദ്രാസ് കറി പൗഡര്‍, സാമ്പാര്‍ മസാല, മിക്‌സഡ് മസാല എന്നിവയിലും എവറസ്റ്റിന്റെ മീന്‍ മസാലയിലുമാണ് പരിധിയില്‍ കവിഞ്ഞ എഥിലീന്‍ ഓക്‌സൈഡ് അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയത്. എഥിലീന്‍ ഓക്‌സൈഡിനെ ഗ്രൂപ്പ് 1 കാര്‍സിനോജന്‍ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഇത് മനുഷ്യരില്‍ കാന്‍സറിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ജനപ്രിയ ബ്രാന്‍ഡുകളായ എംഡിഎച്ച്, എവറസ്റ്റ് ഉത്പന്നങ്ങള്‍ ലോകമെമ്പാടും കയറ്റുമതി ചെയ്യുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന നിര്‍മാതാക്കളും കയറ്റുമതിക്കാരുമാണ് ഇന്ത്യ. 2022 ല്‍ ഇന്ത്യയുടെ ആഭ്യന്തര വിപണിമൂല്യം 10.44 ബില്യണ്‍ ഡോളറാണെന്ന് സയോണ്‍ മാര്‍ക്കറ്റ് റിസര്‍ച്ചിന്റെ കണക്കുകള്‍ പറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ നാല് ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തതായും സ്‌പൈസസ് ബോര്‍ഡ് വ്യക്തമാക്കി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2023 ഒക്ടോബറിലും നടപ്പ് സാമ്പത്തിക വര്‍ഷം ആരംഭിച്ച മെയ് മൂന്നിനും ഇടയില്‍ എംഡിഎച്ചിന്റെ 65 ഉത്പന്നങ്ങളില്‍ 13 എണ്ണം സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യത്താല്‍ നിരസിക്കപ്പെട്ടതായി ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ചൂണ്ടിക്കാട്ടി. നിരസിച്ചവയില്‍ മസാലകള്‍ക്ക് പുറമെ ഉലുവയും ഉള്‍പ്പെടുന്നു.
REPRESENTATIVE IMAGE | WIKI COMMONS
2022-23 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി ചെയ്ത ഉത്പന്നങ്ങളില്‍ 15 ശതമാനവും ആരോഗ്യത്തിന് ഹാനികരമായ സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരസിക്കപ്പെട്ടു. അതേസമയം 2021-22 കാലയളവില്‍ ഇത് 8.19 ശതമാനമായിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ എവറസ്റ്റിന്റെ .03 ശതമാനം ഷിപ്‌മെന്റുകളാണ് യുണൈറ്റഡ് സ്റ്റേറ്റില്‍ നിരസിച്ചത്. എവറസ്റ്റിന്റെ 3.7 ശതമാനം കയറ്റുമതിയും നിര്‍ത്തിവച്ചു. ലേബലിങുമായി ബന്ധപ്പെട്ട ലംഘനങ്ങളാണ് ഇതിന് പിന്നിലെ കാരണങ്ങളെന്നാണ് റിപ്പോര്‍ട്ട്.
ശുചിത്വമില്ലായ്മയാണ് സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യത്തിന് കാരണമാകുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിദഗ്ധര്‍ അറിയിച്ചു. വിളവെടുപ്പ് മുതല്‍ പാക്കിങ് വരെയുള്ള കാര്യങ്ങളില്‍ കൃത്യമായ ശുചിത്വം ഉറപ്പുവരുത്തണമെന്നും അധികൃതര്‍ പറഞ്ഞു. 2022 ജനുവരിയില്‍ എംഡിഎച്ചിന്റെ നിര്‍മാണ പ്ലാന്റില്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA) പരിശോധന നടത്തിയിരുന്നു. പ്ലാന്റില്‍ മതിയായ സംവിധാനങ്ങള്‍ ഇല്ലെന്നും ഉപകരണങ്ങള്‍ക്ക് വൃത്തിക്കുറവ് ഉണ്ടെന്നും കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
വിവരങ്ങള്‍ ശേഖരിച്ച് യുഎസ്
പതിറ്റാണ്ടുകളായി എംഡിഎച്ചും എവറസ്റ്റും ഇന്ത്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന നിര്‍മാതാക്കളാണ്. എന്നാല്‍ മാരകമായ കീടനാശിനികള്‍ അടങ്ങിയിട്ടുള്ളതായ വിവരങ്ങളെ തുടര്‍ന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഹോങ്കോങ് മൂന്ന് എംഡിഎച്ച് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളുടെയും എവറസ്റ്റ് മസാലയുടെയും വില്‍പനയാണ് നിര്‍ത്തിവച്ചത്. എവറസ്റ്റിന്റെ മസാല തിരിച്ചുവിളിക്കാന്‍ സിംഗപ്പൂരും ഉത്തരവിട്ടിരുന്നു. യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് എംഡിഎച്ച്, എവറസ്റ്റ് ഉത്പന്നങ്ങള്‍ കൂടുതലായി വിറ്റഴിക്കുന്നത്.
ഹോങ്കോങിന്റെയും സിംഗപ്പൂരിന്റെയും നീക്കങ്ങളെ തുടര്‍ന്ന് ഇന്ത്യയുടെ ഫുഡ് റെഗുലേറ്ററായ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ഇരു കമ്പനികളുടെയും ഗുണനിലവാരം പരിശോധിക്കുന്നുണ്ട്. കീടനാശിനിയുടെ അവശിഷ്ടങ്ങള്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിന് ഹാനികരമല്ലെങ്കില്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
എംഡിഎച്ച് ന്റെ വിജയഗാഥ
സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെട്ട വ്യക്തിയായിരുന്നു എംഡിഎച്ച് സ്ഥാപന ഉടമയായിരുന്ന മഹാശയ് ധരംപാല്‍ ഗുലാത്തി. പാകിസ്ഥാനില്‍ ജനിച്ച ധരംപാല്‍ 1947 ലെ ഇന്ത്യ പാക് വിഭജനത്തിന് ശേഷമാണ് ഇന്ത്യയില്‍ വന്നത്. അഞ്ചാം ക്ലാസ് പഠനം പൂര്‍ത്തിയാക്കാതെയാണ് വ്യവസായ രംഗത്തേക്ക് എത്തിയത്. ചെറുതായി തുടങ്ങിയ ബിസിനസ്സില്‍ നിന്നായിരുന്നു പിന്നീടുള്ള വളര്‍ച്ച. എംഡിഎച്ചിന് ഇന്ന് രാജ്യത്ത് 15 ഫാക്ടറികളുണ്ട്. 60 ലധികം ഉത്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്.
വളരെ ചെറിയ നിലയില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ വിറ്റ് തുടങ്ങിയ സ്ഥാപനം പതിറ്റാണ്ടുകള്‍കൊണ്ട് രാജ്യത്തെ സുഗന്ധവ്യഞ്ജന വ്യാപാരങ്ങളുടെ കേന്ദ്രമായി മാറുകയായിരുന്നു. ഇന്ന് കടല്‍ കടന്ന് എംഡിഎച്ച് മസാല വിവിധ രാജ്യങ്ങളില്‍ എത്തുന്നു. അടുത്തിടെവരെ പ്രതിവര്‍ഷം 1,000 കോടിയായിരുന്നു കമ്പനിയുടെ വിറ്റുവരവ്. ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം റീട്ടെയില്‍ ഡീലര്‍മാരാണ് ഉള്ളത്.