REPRESENTATIONAL IMAGE: WIKI COMMONS
ഹമാസിന്റെ ക്രിപ്റ്റോ കറന്‍സി അക്കൗണ്ടുകള്‍ ഇസ്രയേല്‍ മരവിപ്പിച്ചു
ഹമാസുമായി ബന്ധപ്പെട്ട ക്രിപ്റ്റോ കറന്‍സി അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ഇസ്രയേല്‍. പലസ്തീന്‍ ഭീകരസംഘടനയായ ഹമാസിനു വേണ്ടി സോഷ്യല്‍ മീഡിയയില്‍ സംഭാവനകള്‍ അഭ്യര്‍ത്ഥിക്കാന്‍ ഉപയോഗിച്ചിരുന്ന അക്കൗണ്ടുകളാണ് പോലീസ് ബ്ലോക്ക് ചെയ്തിരിക്കുന്നത്.
ഇസ്രയേല്‍ പോലീസ് യൂണിറ്റായ ലഹാവ് 433 ന്റെ സൈബര്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. യുദ്ധം ആരംഭിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ക്രിസ്റ്റോ കറന്‍സികള്‍ ഹമാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്ന ക്യാമ്പയിനും നടന്നതായി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. പിടിച്ചെടുത്ത ഫണ്ടുകള്‍ ബിനാന്‍സ് ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ സഹായത്തോടെ ഇസ്രയേല്‍ ട്രഷറിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.
ഇസ്രയേല്‍ പോലീസിന്റെ സൈബര്‍ യൂണിറ്റ്, പ്രതിരോധ മന്ത്രാലയം, ഇസ്രയേല്‍ സെക്യൂരിറ്റി ഏജന്‍സി, മറ്റ് ദേശീയ രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയുടെ കൂട്ടായ ശ്രമത്തിലൂടെയാണ് ഹമാസിന്റെ ഫണ്ട് ശേഖരണം തടഞ്ഞിരിക്കുന്നത്. 2019ന്റെ തുടക്കം മുതല്‍ ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അല്‍-ദിന്‍ അല്‍-ഖസ്സാം ബ്രിഗേഡ്സ് അതിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ബദല്‍ ധനസമാഹരണ രീതിയായി ക്രിപ്റ്റോ കറന്‍സി ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇസ്രയേല്‍ പോലീസ് യൂണിറ്റ് ലഹാവ് 433 | PHOTO: WIKI COMMONS
ഹമാസ് ടെലഗ്രാം ചാനലിലൂടെയും ബിറ്റ്കോയിന്‍ സംഭാവനകള്‍ തേടി ക്രിപ്റ്റോ ഫണ്ട് ശേഖരണം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇസ്രയേലിന്റെ നാഷണല്‍ ബ്യൂറോ ഫോര്‍ കൗണ്ടര്‍ ടെറര്‍ ഫിനാന്‍സിംഗ് ഹമാസിന്റെ ക്രിപ്റ്റോ കറന്‍സികളുടെ ഉപയോഗത്തിനെതിരെ തുടര്‍ച്ചയായി നടപടികള്‍ സ്വീകരിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തങ്ങളുടെ ടീം തീവ്രവാദ ധനസഹായത്തെ ചെറുക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി തത്സമയം പ്രവര്‍ത്തിക്കുന്നതായി ബിനാന്‍സ് വക്താവ് പറഞ്ഞു. വര്‍ഷങ്ങളായി ക്രിപ്റ്റോയെ ധനസമാഹരണത്തിനായി ഹമാസ് ഉപയോഗിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തനത്തിലെ അപാകത വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ക്രിപ്റ്റോ കറന്‍സി ബിറ്റ്കോയിന്‍ വഴിയുള്ള ധനസമാഹരണം ഏപ്രിലില്‍ നിര്‍ത്തുമെന്ന് ഹമാസ് പറഞ്ഞിരുന്നു.
യുകെയിലെ ബാര്‍ക്ലേസ് ബാങ്കിലെ ഒരു അക്കൗണ്ടുവഴി ഹമാസ് പരസ്യമായി ധനശേഖരം നടത്തിയിരുന്നു. ലഹാവ് 433 ബ്രിട്ടീഷ് നിയമപാലകരുമായി സഹകരിച്ച് യുകെയിലെ ഈ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള തീവ്രവാദ സംഘടനകളുടെ തന്ത്രപ്രധാനമായ ശ്രമങ്ങളെ ചെറുക്കുകയാണ് ഇസ്രയേലിന്റെ നിലവിലെ ലക്ഷ്യം. ഇവര്‍ക്ക് ധനസഹായം നല്‍കരുതെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.