
സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാവുന്ന കേരളം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ് ലോകവും കേരളവും. കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തിന് മുന്നിൽ മാതൃക സൃഷ്ടിച്ച കേരളം ഇന്നും അരനൂറ്റാണ്ട് മുമ്പ് കിട്ടിയ മാതൃകയുടെ ഗൃഹാതുരത്വത്തിൽ മയങ്ങിക്കിടക്കുകയാണ്. നമ്പർ 1 എന്ന സ്തുതി പാടലിന് അപ്പുറം കേരളം കടന്നുപോകുന്നത് എങ്ങനെയാണ്? കേരളം എങ്ങനെ ജീവിക്കുന്നു? എന്നത് വളരെ ഗൗരവപൂർണ്ണമായ അന്വേഷണം വേണ്ടുന്ന ഒന്നായി മാറിയിട്ടുണ്ട്. പുതിയ നൂറ്റാണ്ടിലെ 25 ആം വർഷത്തെ ബജറ്റിനൊരുങ്ങുകയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. ഈ കാൽനൂറ്റാണ്ടിനുള്ളിൽ സാമ്പത്തിക മേഖലയിലെ തനത് വരുമാന രംഗത്ത് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ മൂന്നാം ഘട്ടത്തിലെത്തി നിൽക്കുകയാണ്. വിവിധ കാരണങ്ങളാൽ സാമ്പത്തിക ഞെരുക്കത്തിൽ പെട്ടുഴുലുകയാണ് കേരളം. കേരളം മാത്രമല്ല, മറ്റ് പല സംസ്ഥാനങ്ങളും പ്രതിസന്ധിയുടെ പല മുഖങ്ങളെ നേരിടുന്നു. പക്ഷേ, കേരളം കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിക്ക് മറ്റ് സംസ്ഥാനങ്ങളിലൊന്നും കാണാത്ത ചില ഘടകങ്ങൾ കൂടെയുണ്ട്. കേരളം നേടിയ വളർച്ചയും ക്ഷേമ പ്രവർത്തനങ്ങളിലെ ഇടപെടലുകളും അതിൽ പ്രധാനമാണ്. ഇവയെ മുന്നോട്ട് കൊണ്ടുപോകാനുള്ള എന്ത് മാർഗ്ഗമാണ് കേരളത്തിന് മുന്നിലുണ്ടാകുക. ഈ ബജറ്റിൽ കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്ന സമീപനം എന്തായിരിക്കും. ധനകാര്യ കമ്മീഷൻ സിറ്റിങ്ങുകൾ നടക്കുന്നു. അവരുടെ കേരളത്തോടുള്ള സമീപനം എന്തായിരിക്കും തുടങ്ങിയ ചോദ്യങ്ങൾ പ്രസക്തമാകുന്ന സാഹചര്യമിതാണ്. അതിനേക്കാളൊക്കെ മറ്റൊന്ന് കേന്ദ്രം കേരളത്തെ വരിഞ്ഞു മുറുക്കി തുടങ്ങിയിരിക്കുന്നു അതെങ്ങനെ പരിഹരിക്കും എന്നതാണ് ഈ 25 ആം വർഷത്തിലെ പ്രധാന ആശങ്കയായി മാറുന്നത്.
കേരളത്തിനെ സാമ്പത്തിക മാന്ദ്യം പിടികൂടിയതിന്റെ ലക്ഷണമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. നഗര മേഖലയിലെ ഉപഭോഗത്തിൽ കേരളം ഒന്നാം സ്ഥാനത്ത് നിന്ന് കുത്തനെ ഇടിഞ്ഞ് അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുന്നു. ഇതിന് പുറമെ പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിലും കേരളം അഞ്ച് സ്ഥാനം താഴോട്ട് പോയി. നാലിൽ നിന്ന കേരളം നിലവിൽ ഒമ്പതാം സ്ഥാനത്താണ് ഇപ്പോൾ. അതായത് കേരളം കഴിഞ്ഞ നാല് ദശകത്തിന് ശേഷം കടുത്ത വരുമാന മാന്ദ്യം നേരിടുന്നു എന്നതിലേക്കാണ് ഈ സൂചന. അത് സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയുടെ ആഴം എത്ര വലുതാണ് എന്നതിന്റെ രേഖാചിത്രം കൂടെയാണ്.
ഗ്രാമീണ മേഖലയിലെ ഉപഭോഗം ഇന്നും ഒന്നാം സ്ഥാനത്ത് തന്നെയാണ് സംസ്ഥാനം എന്ന് മേനിക്ക് പറയാം. എന്നാൽ, അതിന് വ്യത്യസ്തമായ കാരണങ്ങൾ കേരളത്തിനുണ്ട്. കേരളത്തിലെ ഗ്രാമീണമേഖല പൊതുവേ "റൂർബൻ" എന്ന് വിളിക്കാവുന്ന നഗരസ്വഭാവമുള്ള ഗ്രാമീണ മേഖലകളാണ്. അത്തരമൊരു ഗ്രാമീണ മേഖല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കാണാനുള്ള സാധ്യത വിരളമാണ്. അതുകൊണ്ട് തന്നെ ദേശീയ തലത്തിലെ ഗ്രാമീണ ഉപഭോഗത്തിലെ അന്തരം നേരത്തെ തന്നെ വളരെ വ്യത്യസ്ത പുലർത്തി കേരളം മുന്നിലാണ്. അതിനാൽ തന്നെ അതിൽ വലിയ ഇടിവ് വന്നാൽ മാത്രമേ കേരളം പിന്നാക്കം പോവുകയുള്ളൂ.
REPRESENTATIVE IMAGE | WIKI COMMONS
ആഭ്യന്തര വരുമാന വളർച്ച കുറയുന്നുവെന്ന് ആർ ബി ഐ യുടെ അടുത്തിടെ പുറത്തിറങ്ങിയ ഹാൻഡ് ബുക്ക് ഓഫ് സ്റ്റാറ്റിക്സ് ഓൺ ഇന്ത്യൻ സ്റ്റേറ്റ്സ് റിപ്പോർട്ടിൽ കാണാൻ കഴിയും. ഇതിന് പുറമെ ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ പ്രതിശീർഷ വരുമാന റാങ്കിംഗ് കുറഞ്ഞുവരുന്നുവെന്നും കാണാൻ സാധിക്കും. ഇത് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാകുന്നുവെന്നതിലെ അടിസ്ഥാന സൂചനകളാണ്. ഇതിന് പുറമെയാണ് എൻ എസ് എസ് ഒ പുറത്തിറക്കിയ ഉപഭോക്തൃ സൂചിക റിപ്പോർട്ടിൽ കേരളത്തിലെ നഗരമേഖലയിലെ ഉപഭോഗം കുത്തനെ ഇടിഞ്ഞ് ഒന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ വ്യാപാരം കൂടി ഉൾപ്പെടുത്തിയതാണ് എൻ എസ് എസ് ഒയുടെ സൂചിക.
സംസ്ഥാനത്തിന്റെ തനത് നികുതി - ആഭ്യന്തര വരുമാന അനുപാതം 1970-80 കളിലെ -പലവർഷങ്ങളിലും എട്ട് ശതമാനം വരെയായിരുന്നു വെങ്കിൽ കഴിഞ്ഞ കുറച്ച് കാലമായി അത് ഏഴിൽ താഴേക്കായി കുറയുന്നുവെന്നാണ് കാണുന്നത്. ഇത് സംസ്ഥാനത്തിന്റെ പൊതു ധനകാര്യ രംഗത്തെ സംബന്ധിച്ചടത്തോളം അത്ര ശുഭകരമായ കാര്യമല്ല. ആഭ്യന്തരവരുമാനം കൂടിയപ്പോഴും പ്രതിശീർഷ വരുമാനം കൂടിയപ്പോഴും കേരളത്തിലെ നികുതി വരുമാനം കുറഞ്ഞു. ഇത് കേരളത്തിൽ മാത്രമല്ല, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും സംഭവിച്ചതാണ് ചരിത്രം. ഇതിന് കാരണം പലതാകാം. പ്രധാനമായും ആളുകൾ ചെലവ് ചുരുക്കുകയും നിക്ഷേപങ്ങളിലേക്ക് തിരിയുകയും ചെയ്തതാകാമെന്ന് ചില സാമ്പത്തിക വിദഗ്ധർ നിരീക്ഷിച്ചിട്ടുണ്ട്.
കേരളത്തിലെ ജനസംഖ്യ കുറയുന്നതായാണ് ട്രെൻഡ് എങ്കിലും അതുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്റെ പ്രതിശീർഷ വരുമാനത്തിൽ കുറവാണ് ഇപ്പോൾ കാണുന്നത്. അതായത് മുൻകാലങ്ങളിലെ പോലെ വളർച്ച കാണാൻ സാധിക്കുന്നില്ല. ഇതെന്തുകൊണ്ടാണ് എന്നതിനെ കുറിച്ച് സംസ്ഥാനത്തെ സാമ്പത്തിക വിദഗ്ധർ ഇതുവരെ ഗൗരവമായി പരിഗണിച്ചു കാണുന്നില്ല.സംസ്ഥാനത്തെ വികസനത്തിന് വലിയൊരു പങ്ക് വഹിച്ച മണി ഓർഡർ ഇക്കോണമി എന്ന പ്രവാസി പണത്തിലെ നിക്ഷേപത്തിൽ അഥവാ എൻ ആർ ഐ റെമിറ്റൻസിൽ അത്രയധികം കുറവ് കേരളത്തിൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.. കേരളത്തിൽ നിന്നുള്ള പ്രവാസ സ്വഭാവത്തിൽ വന്ന മാറ്റം ഇതിനൊരു കാരണമാകാമെന്ന് അഭിപ്രായമുള്ളവരുണ്ട്. നേരത്തെ ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നു പൊതുവിൽ മലയാളി പ്രവാസം. അവിടെ നിന്നുള്ള പണം കേരളത്തിലേക്ക് വരുകയും വീടുകളിലും ബാങ്കുകളിലും ആയി ഇവ ചെലവാക്കപ്പെടുകയും നിക്ഷേപിക്കുകയും ചെയ്യപ്പെട്ടിരുന്നു. എന്നാൽ, യൂറോപ്പ്, ഓസ്ട്രേലിയ, കാനഡ, അമേരിക്ക എന്നിങ്ങനെ പ്രവാസ രീതികൾ മാറുകയും അവിടെയെത്തുന്നവർ അവിടെ സ്ഥിരതാമസക്കാരാകുകയും ചെയ്യുന്നത് കേരളത്തിലേക്ക് വരുന്ന റെമിറ്റൻസിൽ കുറവ് വന്നതിന് കാരണമാകാം എന്ന നിരീക്ഷണം പ്രധാനപ്പെട്ട ഒന്നാണ്.REPRESENTATIVE IMAGE | WIKI COMMONS
സേവന മേഖലയിൽ ഊന്നിയ വരുമാനമുള്ളവയാണ് കേരളത്തിലെ നഗരങ്ങളിൽ ഏറിയപങ്കും. സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഇതുവരെ ശമ്പളം മുടങ്ങുക, പെൻഷൻ കുടിശ്ശിക വരിക എന്നിവ ഉണ്ടായിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ കെ എസ് ആർ ടി സി, മറ്റ് ചില വ്യവസായ സ്ഥാപനങ്ങളും ഒഴിവാക്കി നിർത്തിയാൽ പൊതുവെ ഭദ്രമാണ് അവിടുത്തെ ജീവനക്കാരുടെ സ്ഥിതി. എന്നാൽ, ഏറെ സർക്കാർ ജീവനക്കാർ ജീവിക്കുന്ന നഗരങ്ങളിൽ പോലും ഉപഭോഗമാന്ദ്യം വ്യക്തമായി രേഖപ്പെടുത്തുന്നതാണ് കഴിഞ്ഞ കുറച്ചു നാളുകളിലായി കേരളം നേരിടുന്ന പൊതുവരുമാന മാന്ദ്യം.
ഇതിന് മറ്റൊരുദാഹരണം കേരളത്തിൽ കുത്തനെ കുറഞ്ഞ ജി എസ് ടി വരുമാന നിരക്കാണ്. കോവിഡ് കാലം നേരിട്ട പ്രതിസന്ധിക്ക് ശേഷം 2022-23 ൽ നികുതി വരുമാനത്തിൽ സംസ്ഥാനം ഒരു കുതിപ്പ് നടത്തി. എന്നാൽ, 2023-24 ൽ അത് ആറ് ശതമാനത്തിൽ താഴെ നിൽക്കുകയാണ്. കോവിഡിന് ശേഷം തൊട്ടടുത്ത വർഷം ജി എസ് ടി വരുമാനത്തിൽ വർദ്ധനവുണ്ടായി കാണുന്നുവെങ്കിലും ജനങ്ങളിൽ ആശങ്ക നിലനിൽക്കുന്നതിനാൽ ചെലവ് ചുരുക്കുകയും അവർ നിക്ഷേപങ്ങളിലേക്ക് പ്രത്യേകിച്ച് സ്ഥിര നിക്ഷേപം, എസ് ഐ പി പോലുള്ളവയിലേക്ക് നീങ്ങുകയും ചെയ്തതാതാകാം ഉപഭോക്തൃ ചെലവ് കുറഞ്ഞതിന് കാരണമെന്ന നിഗമനം മുന്നോട്ട് വെക്കുന്നവരുണ്ട്.
കേരളത്തിൽ സർക്കാർ ചെലവുകൾ വർദ്ധിക്കുന്നതിനൊപ്പം ആഭ്യന്തര തനത് വരുമാനം വർദ്ധിക്കുന്നില്ലെന്നതിനും ഉപഭോഗം കുറയുന്നുവെന്നതിനുമുള്ള മറ്റൊരു ഉദാഹരണമാണ് വസ്തു രജിസ്ട്രേഷൻ രംഗത്ത് സംഭവിച്ചിട്ടുള്ള ഇടിവ്. മുൻവർഷത്തേക്കാൾ ഒരുലക്ഷത്തിലേറെ രജിസ്ട്രേഷൻ കുറവാണ് ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതെന്നാണ് ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ കണക്കുകളെ അടിസ്ഥാനമാക്കി കേരളത്തിലെ നിർമ്മാണ മേഖലയുടെ സ്തംഭനാവസ്ഥയെ വിലയിരുത്താനാകും. നിർമ്മാണ മേഖലയിലെ സ്തംഭനാവസ്ഥയെ ഒരുപരിധി വരെയെങ്കിലും മറികടക്കുന്നത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ്. എന്നാൽ, ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളും കേരളത്തിലെ ആഭ്യന്തര തനത് വരുമാനത്തെ ഉയർത്തുന്നതിൽ പങ്കൊന്നും വഹിക്കുന്നില്ലെന്നതാണ് ഇപ്പോൾ കാണാനാകുന്നത്.
ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുപ്പിന് പണം നൽകുക, അതിൽ നിന്നുള്ള ജി എസ് ടി വരുമാനം പൂർണ്ണമായും വേണ്ടെന്ന് വെക്കുക, മൊത്തം ചെലവിലെ നാലിലൊന്നായ 6,800 കോടി രൂപ കേരളം നൽകുക എന്നീ തീരുമാനങ്ങൾ സ്വീകരിച്ചത് കേരളത്തിന് സാമ്പത്തിക ബാധ്യത ഏൽപ്പിക്കുന്ന കാര്യങ്ങളായി മാറി. ഭാവിയിൽ ദേശീയ പാത കേരളത്തിലെ വികസനത്തിന് വഴിയൊരുക്കാമെങ്കിലും നിലവിൽ ലഭിക്കുമായിരുന്ന ഒരു വരുമാനം സംസ്ഥാന ട്രഷറിക്ക് ലഭിക്കാതിരിക്കുന്നതിന് അതൊരു കാരണമായി മാറി. അതായത് വികസനത്തിനായി കേരളം കൈക്കൊണ്ട വിട്ടുവീഴ്ചകൾ സംസ്ഥാനത്തിന് തിരിച്ചടിയായെന്ന് ചുരുക്കും. അത് കണക്കിലെടുത്ത് കേരളത്തെ സഹായിക്കാൻ കേന്ദ്ര സർക്കാർ ചെറുവിരൽ പോലും അനക്കുന്നില്ലെന്നതും സത്യം.
REPRESENTATIVE IMAGE | WIKI COMMONS
ചെലവ് ചുരുക്കാൻ പറ്റാത്ത സംസ്ഥാന നടപടികൾക്ക് പുറമെ പലവിധത്തിലുള്ള അനാവശ്യ ചെലവുകളും കിഫ്ബിയും കേന്ദ്രവും അവസാന ആണി അടിക്കുമ്പോൾ സംസ്ഥാനം മുമ്പെങ്ങുമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയാണ്. ഇത് ഏതെങ്കിലും സർക്കാരിന്റെ തലയിൽ വച്ച് കെട്ടുകയോ മറ്റുള്ളവരുടെ പിടിപ്പുകേടിനെ പഴി പറയുകയോ ചെയ്യുന്നതിലൂടെ പരിഹരിക്കാവുന്നതല്ല. കേരളത്തെ സംബന്ധിച്ചടത്തോളം ആഭ്യന്തര തനത് വരുമാനത്തിലെ കുറവ് 2013-14 ൽ ചെറിയ ചില സൂചനകൾ കാണിച്ചിരുന്നു. പിന്നീട് അത്, കരകയറി വരുമെന്ന തോന്നൽ വന്നിടത്ത് നിന്നു കുത്തനെ കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണുന്നത്. നോട്ട് നിരോധനം മുതൽ ജി എസ് ടി വരെ വിവിധ കാരണങ്ങൾ സംസ്ഥാനത്തിന്റെ ഇന്നത്തെ വരുമാനക്കുറവിന് കാരണമായി ചൂണ്ടിക്കാണാനാകും. വ്യക്തമായ കാഴ്ചപ്പാടുകളില്ലാതെ നടപ്പാക്കുന്ന ദേശീയ നയം എങ്ങനെയൊക്കെ സംസ്ഥാനങ്ങളെ ഞെരുക്കുന്നുവെന്നതിന് ഉദാഹരണമാണ് ജി എസ് ടി. ഇതിന് പുറമെ ഫെഡറൽ സംവിധാനത്തിൽ ചരിത്രത്തിലിന്നുവരെ ഇല്ലാത്തവിധം കേരളം എന്ന സംസ്ഥാനത്തിനെതിരെ വൈര്യനിര്യാതന ബുദ്ധിയോടു കൂടിയുള്ളവയാണ് കേന്ദ്രസർക്കാർ സമീപനം എന്ന ആരോപണത്തെ ശരിവെക്കുന്നതാണ് ദുരന്ത മുഖത്തെ നിലപാടുകൾ മുതൽ വായ്പയുടെ കാര്യത്തിലുള്ള തീരുമാനം വരെ.
സംസ്ഥാനത്തെ വെട്ടിലാക്കിയ ജി എസ് ടി:
കേരളത്തിലെ ആഭ്യന്തര തനത് വരുമാനം നിലവിൽ അതിന്റെ സാമ്പത്തിക ചരിത്രപരമായ മൂന്നാം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പറയാം. വിൽപ്പനനികുതിയെ അടിസ്ഥാനമാക്കിയ ആദ്യഘട്ടം ഈ നൂറ്റാണ്ടിന്റെ തുടക്കത്തോടെ അവസാനിക്കുകയും മൂല്യവർദ്ധിത നികുതി അഥവാ വാറ്റ് നിലവിൽ വരുകയും ചെയ്തു. 2004-2005 വരെയേ വിൽപ്പന നികുതിയെ അടിസ്ഥാനമാക്കിയ നികുതി വരുമാനം ഉണ്ടായിരുന്നുള്ളൂ. 2005-06 ആയപ്പോഴേക്കും അത് വാറ്റ് ആയി രൂപാന്തരപ്പെട്ടു. വാറ്റിൽ നിന്നും അധികം തട്ടുകേടുകൂടാതെ കേരളം കടന്നുപോകുമ്പോൾ 2003ൽ ചർച്ച ആരംഭിച്ച ജി എസ് ടി വന്നു. 2017 ജൂൺ 30 ഓടുകൂടി വാറ്റ് ഇല്ലാതാകുകയും 2017 ജൂലൈ മുതൽ ചരക്ക് സേവന നികുതി അഥവാ ജി എസ് ടി ഇന്ത്യയൊട്ടാകെ ബാധകമാകുകയും ചെയ്തു. മദ്യവും പെട്രോളിയവും ഒഴികെ എല്ലാം ജി എസ് ടി യിലായി. പെട്രോൾ ഏത് സമയത്തും ജി എസ് ടിയിലേക്ക് ചേർക്കപ്പെടാം എന്ന നിലയിൽ തുടരുകയും ചെയ്യുന്നു. സംസ്ഥാനങ്ങളുടെ നികുതി വരുമാന സ്രോതസ്സുകളുടെ 40 മുതൽ 44 ശതമാനം വരെ ജി എസ് ടിയിലേക്ക് ലയിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. കേരളത്തിലെ 44ശതമാനം തനത് നികുതിവരുമാന സ്രോതസ്സുകളും ജി എസ് ടി പരിധിയിലായി. അതേ സമയം കേന്ദ്രത്തിന് ലഭിക്കുന്ന വരുമാന സ്രോതസ്സുകളിൽ 28 ശതമാനം വരെ മാത്രമാണ് ഇതിലേക്ക് ലയിപ്പിച്ചത്.
സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയും ഫെഡറൽ ഘടനയയെയും ഒരുപോലെ തകർത്തുകൊണ്ടാണ് ജി എസ് ടി മുന്നോട്ട് വന്നത്. ജി എസ് ടിയുടെ ആദ്യ ചർച്ചകളിൽ ഉണ്ടായിരുന്ന തീരുമാനം വരുമാനത്തിൽ നിന്ന് പങ്കുവെക്കുന്ന അനുപാതം 60:40 ശതമാനം ( മൊത്തം നികുതിയുടെ 60 ശതമാനം സംസ്ഥാനങ്ങൾക്കും 40 ശതമാനം കേന്ദ്രത്തിനും) എന്നായിരുന്നുവെങ്കിൽ അഞ്ച് വർഷം കോമ്പൗണ്ടിങ് ശൈലിയിൽ 14 ശതമാനം നഷ്ടപരിഹാരം നൽകാം എന്ന ചൂണ്ടയിൽ കൊരുത്ത് അത് അമ്പത് ശതമാനമാക്കി കേന്ദ്രം കുറച്ചു. അഞ്ച് വർഷത്തെ നഷ്ടപരിഹാരം എന്ന താൽക്കാലിക ലാഭം നോക്കി ധനശാസ്ത്ര പണ്ഡിതനായ ഡോ. തോമസ് ഐസക്ക് ഉൾപ്പടെയുള്ള ധനമന്ത്രിമാർ ഇതിന് കൈയ്യടിച്ചു.
REPRESENTATIVE IMAGE | WIKI COMMONS
കേരളം ഉപഭോഗ സംസ്ഥാനമായതിനാൽ കേരളത്തിന് വൻ നേട്ടമുണ്ടാകുമെന്ന് നിലമറിയാത്ത നേതാക്കന്മാർ പ്രതീക്ഷിച്ചു. മലർപ്പൊടിക്കാരനെ പോലെ സ്വപ്നം കണ്ടു. നഷ്ടപരിഹാരത്തിൽ മയങ്ങി സംസ്ഥാനം അഞ്ച് വർഷം പിന്നിട്ടു. അതുകഴിഞ്ഞപ്പോഴാണ് നികുതി ചോർച്ചയുടെ വഴികൾ തിരിച്ചറിയാൻ സംസ്ഥാനങ്ങൾക്കായത്. കേരളത്തിന് മാത്രമല്ല, മറ്റ് പല സംസ്ഥാനങ്ങൾക്കും നേരിടേണ്ടിവരുന്ന നികുതി ചോർച്ചയുടെ വഴികൾ ചില സംസ്ഥാനങ്ങളുടെ നേട്ടമായി മാറുന്ന കാഴ്ചയും കൂടെയുണ്ട്.
നേരത്തെ ഒരു കുപ്പി വെള്ളം വാങ്ങുമ്പോൾ ഉണ്ടായിരുന്ന വിൽപ്പനനികുതിയായ 14.5 ശതമാനം കേരളത്തിന് അല്ലെങ്കിൽ മറ്റൊരു സംസ്ഥാനത്തിന് സ്വന്തം വരുമാനമായിരുന്നു. എന്നാൽ ഇപ്പോൾ ജി എസ് ടി 18 ശതമാനമായി സംസ്ഥാനങ്ങൾക്ക് കിട്ടുന്നത് ഒമ്പത് ശതമാനവും. കേരളത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഒരു ഉൽപ്പന്നത്തിൽ ഒറ്റയടിക്ക് അഞ്ചര ശതമാനം നികുതിയുടെ കുറവ് ഉണ്ടായി.അതയാത് നേരത്തെ നൂറ് രൂപയുടെ കുപ്പിവെള്ളം വിൽക്കുമ്പോൾ 14.50 പൈസ കിട്ടിയിരുന്നുവെങ്കിൽ ഇപ്പോൾ അത് ഒമ്പത് രൂപ മാത്രമേ സംസ്ഥാനത്തിന് കിട്ടുകയുള്ളൂ. എന്നാൽ കുപ്പിവെള്ളത്തിന് വിലയൊട്ടു കുറഞ്ഞുമില്ല. ജി എസ് ടി വരുമ്പോൾ ഉപഭോക്താവിന് വിലകുറച്ച് കിട്ടുമെന്നായിരുന്നു മോഹനവാഗ്ദ്ധാനം. ആമസോണിലോ ഫ്ലിപ്പ് കാർട്ടിലോ സീസൺ പ്രഖ്യാപനങ്ങളിലോ സാധനങ്ങൾക്ക് ഡിസ്കൗണ്ട് ലഭിക്കുന്നതല്ലാതെ വില കുറഞ്ഞ കടുക് മണി പോലും കിട്ടാനില്ല.
ഇനിയും തീർന്നില്ല ഫെഡറൽ സ്വഭാവത്തെ തട്ടിയൊഴിവാക്കുന്ന ജി എസ് ടി തന്ത്രങ്ങൾ.കേട്ടാൽ അതിഗംഭീരം എന്ന് തോന്നുന്ന ഒരു ചട്ടമുണ്ട് ജി എസ് ടിയിൽ, അത് വോട്ടവകാശത്തിലാണ്. സംസ്ഥാനങ്ങൾക്ക് മൊത്തമായി 66.67 ശതമാനം വോട്ടിങ് അവകാശമാണുള്ളത്. കേന്ദ്രത്തിന് 33. 33 ശതമാനവും ഇത് വായിച്ച് ജനാധിപത്യത്തെ കുറിച്ചോർത്ത് മൂക്കിൽ വിരൽവെക്കാത്തവരുണ്ടാകില്ല. എന്നാൽ. ആർട്ടിക്കിൽ 279 A പ്രകാരം ഏതെങ്കിലും തീരുമാനം മാറ്റംവരുത്തുകയോ കൈക്കൊള്ളുകയോ ചെയ്യണമെങ്കിൽ 75ശതമാനം വേണം ഭൂരിപക്ഷം. ഭരണഘടനയുടെ 101 ആം ഭേഭഗതിയായി കൊണ്ടുവന്നതാണിത്. ചുരുക്കി പറഞ്ഞാൽ 28 സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി നിന്നാൽ പോലും ഒരു ചുക്കും സംഭവിക്കില്ല.
REPRESENTATIVE IMAGE | WIKI COMMONS
ഇനി മറ്റൊരു പൊടിക്കൈ കൂടെ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ കാണിച്ചിട്ടുണ്ട്. സേവന നികുതിയുടെ ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നത് വാസ്തവം. പക്ഷേ,അതിന് പുറമെ പലതിനും സർചാർജ്ജും സെസ്സും കൂട്ടി. സേവന നികുതിയിൽ കിട്ടുന്ന തുക എത്രത്തോളം ലഭിക്കുന്നുണ്ടെന്ന കണക്കുകൾ പ്രത്യേകമായി നോക്കേണ്ടിയും വരും. ലഭ്യമായ കണക്ക് വച്ച് നോക്കിയാൽ വിൽപ്പന നികുതി കാലത്ത് സംസ്ഥാനങ്ങൾക്ക് ലഭിച്ചിരുന്ന നികുതി വരുമാനം പരിഹരിക്കാൻ കഴിയുന്നതല്ല സേവന നികുതിയിലെ പകുതി ലഭിച്ചിട്ടെന്ന് വേണം കണക്കാക്കാൻ.
ചെറുകിട നിർമ്മാണ മേഖലകൾ പ്രത്യേകിച്ച് വ്യക്തികളുടെ ഭവനനിർമ്മാണം, മറ്റ് ചെറുകിട നിർമ്മാണങ്ങൾ എന്നിവയൊഴികെ വൻകിട റിയൽ എസ്റ്റേറ്റുകാർക്ക് വേണ്ടി ജി എസ് ടിയിൽ വീണ്ടുമൊരു ഇളവ് വന്നു. കോമ്പൗണ്ടിങ് സംവിധാനം. അതോടെ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ടുന്ന ജി എസ് ടി വിഹിത വരുമാനത്തിൽ വീണ്ടും ഇടിവ് വന്നു. കേരളത്തിലുൾപ്പടെ വൻകിട റിയൽഎസ്റ്റേറ്റുകാർക്ക് ലഭിക്കുന്ന സൗജന്യം സാധാരണ വീട് നിർമ്മിക്കുന്ന ഒരു വ്യക്തിക്ക് ലഭിക്കുന്നില്ല. അതേസമയം, അങ്ങനെ ഗുണം ലഭിച്ച റിയൽ എസ്റ്റേറ്റിൽ നിന്നും സംസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് ഗുണപരമായ വരുമാനം ലഭിക്കുന്നുമില്ല. ഇലക്ടൽ ബോണ്ട് പോലുള്ള കാര്യങ്ങൾ സംശയത്തിന്റെ നിഴലിലാകുന്നതും ഈ സാഹചര്യത്തിലാണ്.
സ്വർണ്ണത്തെ ജി എസ് ടിയുടെ പരിധിയിലേക്ക് കൊണ്ടുവന്നത് കേരളത്തിന് മറ്റൊരു തിരിച്ചടിയായി. മലയാളി വിവാഹത്തിന് മാത്രമല്ല, നിക്ഷേപമെന്ന നിലയിലും സ്വർണത്തെ കാണാറുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ സ്വർണ വിൽപ്പന അത്ര ചെറുതല്ല. വിൽപ്പനനികുതി, വാറ്റ് കാലത്ത് സ്വർണത്തിന് നാല് ശതമാനായിരുന്നു നികുതി. ഇപ്പോഴത് മൂന്ന് ശതമാനമായി കുറച്ചു. പക്ഷേ, സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം ഒന്നര ശതമാനമായി കുറഞ്ഞു. നേരത്തെ ലഭിച്ചിരുന്ന നാലിൽ നിന്ന് ഒന്നരയിലേക്ക് ഇടിഞ്ഞു സംസ്ഥാന വിഹിതം. ഇതേ സമയം, സ്വർണവില കുറഞ്ഞ് ലാഭമൊന്നും ഉപഭോക്താക്കൾ ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതൊട്ടില്ലതാനും.
REPRESENTATIVE IMAGE | WIKI COMMONS
മദ്യവും പെട്രോളും ലോട്ടറിയും കഥ പറയാത്ത കണക്കുകൾ:
കേരളത്തെ കുറിച്ച് വ്യാപകമായി ആരോപിക്കപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്ര സിദ്ധാന്തമുണ്ട്. കേരളം നിലനിൽക്കുന്നത് ലോട്ടറിയിലും മദ്യത്തിലുമാണെന്നാണ്. എന്നാൽ അത് എത്രത്തോളം ശരിയാണ്. കാരണം കേരളത്തിന് ലഭിക്കുന്ന ആഭ്യന്തര തനത് വരുമാനം 77,000 കോടി രൂപയാണ്. ഇതിൽ മദ്യത്തിൽ നിന്ന് എത്ര രൂപ കിട്ടുമെന്ന് നോക്കിയാൽ അറിയാം ഈ വാദത്തിലെ കാമ്പ്. മദ്യത്തിന് മേൽ കേരളം പ്രധാനമായും രണ്ട് തരം നികുതി ഈടാക്കുന്നുണ്ട്. വിൽപ്പന നികുതിയും എക്സൈസ് നികുതിയും. ഒരുപക്ഷേ, മറ്റേത് സംസ്ഥാനത്തേക്കാളും മദ്യത്തിന് ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന പ്രദേശമാണ് കേരളം. എന്നിട്ടും കേരളത്തിന് മദ്യത്തിൽ നിന്ന് വിൽപ്പന നികുതിയിലും എക്സൈസ് നികുതിയിലുമായി ലഭിക്കുന്നത് 17,000 കോടി രൂപയിൽ താഴെ മാത്രമാണ്. അതായത് മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ഏഴിലൊന്ന് എന്ന് പറയാം. ചുരുക്കി പറഞ്ഞാൽ കേരളം മദ്യപാനികളുടെ സംസ്ഥാനമല്ല. ഇത്രയധികം നികുതി ഈടാക്കിയിട്ടും മദ്യം സർക്കാർ നേരിട്ട് വിറ്റിട്ടും ഇത്രയും തുകമാത്രമേ ലഭിക്കുന്നുള്ളൂ. പ്രചരിപ്പിക്കുന്ന രീതി കണക്കാക്കിയാൽ കേരളം, മദ്യത്തിന് അടിമകളായവരുടെ പ്രദേശമാണെന്ന് വിശ്വസിച്ചു പോകും. അല്ലെങ്കിൽ മദ്യപാനികളെ കൊണ്ടാണ് കേരളം രണ്ട് കാലിൽ നിൽക്കുന്നതെന്ന് ധരിക്കും. ഇത് രണ്ടും പൂർണ്ണമായും ശരിയല്ലെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്.
ലോട്ടറിയുടെ കഥ അതിലും രസകരമാണ്. ലോട്ടറിയിലും ജി എസ് ടി വന്നു. ജി എസ് ടി വന്നാലും വന്നില്ലെങ്കിലും ലോട്ടറി കേരളത്തിന്റെ ട്രഷറിയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നല്ല. ലോട്ടറി വിൽപ്പനയിലൂടെ മൊത്തം ലഭിക്കുന്ന വരുമാനത്തിന്റെ 85 ശതമാനവും സമ്മാനം, കമ്മീഷൻ എന്നിങ്ങനെ പോകുന്നതാണ് ലോട്ടറി. ലോട്ടറിയിലാണ് കേരളം ജീവിക്കുന്നതെന്ന് പറയുന്നവർ ഈ കണക്ക് കാണാതെ വരുമാനം മാത്രം കണ്ട് പറയുന്നവരാണ്. ലോട്ടറി വിൽപ്പനക്കാർ എന്ന നിലയിൽ കുറേയാളുകൾക്ക് തൊഴിൽ നൽകുന്നവെന്നതാണ് ഇതിൽ സംസ്ഥാനത്തിന് ഗുണകരമായി പറയാവുന്ന കാര്യം. അവർക്ക് ലഭിക്കുന്ന വരുമാനം എത്രത്തോളം എന്നത് വേറെ ചോദ്യമാണെങ്കിലും.
ഇനി പെട്രോളിന്റെ കാര്യമെടുത്താൽ അതും കേരളത്തിനെ സംബന്ധിച്ച് നികുതിയിനത്തിൽ ലഭിക്കുന്ന തുക പതിനായിരം കോടിയിൽ താഴെമാത്രമാണ്. ഏതാണ്ട് എണ്ണായിരം കോടി രൂപയാണ് ഇതുവരെ ലഭ്യമായ കണക്ക് പ്രകാരം ലഭിച്ചിട്ടുള്ളത്. കേരളത്തിലാണ് വാഹന സാന്ദ്രത, പ്രത്യേകിച്ച് സ്വകാര്യ വാഹനങ്ങളുടെ സാന്ദ്രത ഏറെയുള്ള പ്രദേശങ്ങളിലൊന്ന്. എന്നാൽ കേരളത്തോട് ചേർന്ന് കിടക്കുന്ന തമിഴ്നാട്, പോണ്ടിച്ചേരി, കർണാടക സംസ്ഥാനങ്ങളുമായി കേരളത്തിലെ പെട്രോൾ, ഡീസൽ വിലയിലുള്ള വ്യത്യാസം അന്തർസംസ്ഥാന ബസുകൾ, ചരക്ക് വാഹനങ്ങൾ, തുടങ്ങിയവയുടെ ഇന്ധനം വാങ്ങൽ അവരെ അവിടേക്ക് നയിക്കുന്നു. കൂടുതൽ ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങൾ ലാഭകണക്കിൽ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോൾ കേരളത്തിൽ നിന്നുള്ള പെട്രോൾ വരുമാനം കുറയുന്നതിന് കാരണമാകാം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
REPRESENTATIVE IMAGE | WIKI COMMONS
മോട്ടോർവാഹന നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, ജി എസ് ടി വരുമാനം, ഇലക്ട്രിസിറ്റി ഡ്യൂട്ടി അങ്ങനെ ചെറുതും വലുതമായ വിവിധ ഇനങ്ങളിലൂടെയാണ് 77,000 കോടി രൂപയിലെ ബാക്കി വരുമാനം മുഴുവൻ കേരളത്തിന് ലഭിക്കുന്നത്.
കേരളത്തിൽ നികുതി കുടിശ്ശിക ആയി 13,000 കോടി രൂപയാണ് നിലവിൽ പറയപ്പെടുന്നത്. ഇത് കേരളത്തിലെ മാത്രം പ്രശ്നമല്ല. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ്. കേന്ദ്ര സർക്കാരിനാണെങ്കിൽ നികുതി കുടിശ്ശിക 43 ലക്ഷം കോടിയാണ് എന്ന് കൂടി ഓർക്കണം. നികുതി കുടിശ്ശിക പിരിക്കാനുള്ള ആംനസ്റ്റി പ്രഖ്യാപനത്തിൽ പോലും ഇതിലെ നാലിലൊന്ന് വരുമാനം കിട്ടുന്നില്ല. ഇതിന് പ്രധാന കാരണമായി പറയുന്നത് പലപ്പോഴും നികുതി ഭീകരത എന്ന് വിളിക്കുന്ന നികുതി നിശ്ചയിക്കൽ പ്രവണതയിൽ ഉണ്ടാകുന്നതാണ്. ആംനെസ്റ്റിയിൽ പറയുന്ന പൈസ പോലും അടയ്ക്കാൻ സാധിക്കാത്തവരുടെ മേലാണ് മിക്കപ്പോവും ഇത് അടിച്ചേൽപ്പിക്കപ്പെടുന്നതെന്നാണ് ആരോപണം. ഇതൊരുപരിധിവരെ സത്യമാകാം എന്നതിന് തെളിവാണ് ആംനെസ്റ്റി പ്രഖ്യാപനത്തിൽ പോലും പണം പിരിഞ്ഞു കിട്ടാതിരിക്കുന്നത്.
കേരളത്തിൽ ധൂർത്ത് എന്ന് പറയുമ്പോൾ ആദ്യമേ മാധ്യമങ്ങളും ചർച്ചാതൊഴിലാളികളും എടുത്ത് വീശുന്ന സ്ഥിരം പാറ്റേൺ ഗവർണർ മുതൽ മന്ത്രിമാർ വരെയുള്ള വാഹനം, പേഴ്സണൽ സ്റ്റാഫ്, വീട് തുടങ്ങിയ ചെലവുകളാണ്. ഈ വാദം കേരളത്തിലെ ഇടതുപക്ഷക്കാർ മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന കട്ടൻചായ,പരിപ്പുവട രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്. എന്നാൽ ഇവർക്കെല്ലാമായി ഒരു വർഷം ചെലവാകുന്നതിനെ കുറിച്ച് ലഭ്യമായ കണക്കുകൾ പരിശോധിക്കുമ്പോൾ ഏതാണ്ട് 12 കോടിയോളം രൂപയാണ്. വാദത്തിന് വേണമെങ്കിൽ ഇത്രയും തുക കൊണ്ട് കുറച്ചുപേർക്ക് ക്ഷേമ പെൻഷൻ കൊടുക്കാമയിരുന്നില്ലേ, 25 പേർക്ക് വീട് വച്ച് കൊടുക്കാമായിരുന്നില്ലേ എന്നൊക്കെ ചോദിക്കാം. പക്ഷേ, ഇതുകൊണ്ട് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഒരു ശതമാനം പോലും പരിഹരിക്കപ്പെടില്ല എന്നതാണ് യാഥാർത്ഥ്യം. രാഷ്ട്രീയലാളിത്യമെന്ന പേരിൽ മന്ത്രിമാരും ഗവർണറുമൊന്നും ഇത്രയും ആഡംബരം കാണിക്കാതിരിക്കണം എന്ന് പറയുന്നത് ശരിയാകാം. പക്ഷേ അത് നിർത്തിയാൽ കേരളത്തിലെ സാമ്പത്തിക പ്രശ്നം പരിഹരിക്കാനാകും എന്ന് അവകാശപ്പെടുന്നത് യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ല.
REPRESENTATIVE IMAGE | WIKI COMMONS
ജിഎസ് ടി വരുമാന ചോർച്ചയിലെ രഹസ്യ വഴികൾ:
കേരളം ഉപഭോഗ സംസ്ഥാനമായതുകൊണ്ട് ജി എസ് ടി വഴി വൻവരുമാനം വരുമെന്ന് പ്രതീക്ഷച്ചവരുടെ സാമ്പത്തികശാസ്ത്ര ബുദ്ധിയെ അട്ടിമറിച്ചതാണ് സംഭവിച്ചത്. ഭാവിയിൽ കേരളത്തിന് ലഭിക്കാൻ സാധ്യതയുള്ളതും എന്നാൽ ജി എസ് ടി തുടങ്ങി നാളിന്നേവരെ ലഭിക്കാത്തതുമായ ഒരു ഉദാഹരണം പറയാം. റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് അത്. ഒരുപക്ഷേ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവർ കേരളത്തിലായിരിക്കും. എന്നാൽ അതിലെ ജി എസ് ടി വരുമാനം കേരളത്തിന് ലഭിക്കുന്നില്ല. ഓൺലൈൻ ബുക്കിങ്ങിൽ ബുക്ക് ചെയ്യുന്നയാളുടെ വിലാസം വേണ്ടതതിനാൽ ഇത് ഏത് ഓൺലൈൻ ഏജൻസി വഴി ബുക്ക് ചെയ്യുന്നോ അവരുടെ ആസ്ഥാനമിരിക്കുന്ന സംസ്ഥാനത്തിനാകും ലഭിക്കുക. ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, മഹാരാഷ്ട്രയ്ക്ക് ലഭിക്കുന്നതു പോലെ ഒന്ന്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി സാധനങ്ങൾ വാങ്ങുമ്പോൾ എത്രത്തോളം വിലാസം കേരളത്തിലേത് അവർ അവരുടെ പട്ടികയിൽ പെടുത്തുന്നുണ്ട് എന്ന് പരിശോധിക്കേണ്ടിവരും. നിലവിൽ ആ ജി എസ് ടി വരുമാനം കേരളത്തിന് എത്രത്തോളം ലഭിക്കുന്നുണ്ട് എന്നറിയേണ്ടതുണ്ട്. കേരളത്തിലെ ഓൺലൈൻ വിൽപ്പനയിലെ അനൗദ്യോഗിക കണക്കുകളും നികുതി വരുമാനവും പൊരുത്തപ്പെടുന്നതല്ല എന്നതാണ് പ്രാഥമിക നിഗമനം. ഇതിന് ഔദ്യോഗിക കണക്കെടുക്കാനുള്ള സംവിധാനങ്ങളോ പരിശോധന മാർഗങ്ങളോ ആരും അവലംബിച്ച് കാണുകയോ അത്തരം കണക്കുകൾ പൊതുമണ്ഡലത്തിൽ വരുകയോ ചെയ്തതായി കണ്ടിട്ടില്ല.
ട്രെയിൻ ടിക്കറ്റിന് വിലാസം നൽകുന്നില്ലെന്ന് ഒഴിവ് കഴിവുണ്ടെന്ന് വെക്കാം പക്ഷേ ഓൺലൈൻ വിപണിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഉപഭോഗത്തിനനുസൃതമായ ജി എസ് ടി അനുപാതം സംസ്ഥാനത്തിന് കിട്ടുന്നുണ്ടോയെന്നത് സംശയമാണ്. കേരളത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളെ ആശ്രയിച്ച് സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നുണ്ടെന്നാണ് അനുഭവത്തിനെ അടിസ്ഥാനമാക്കി മനസ്സിലാക്കാനാകുക. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ജി എസ് ടി കേരളത്തിന് എത്രത്തോളം കിട്ടുന്നുണ്ട് എന്നൊരു പഠനം നടന്നിട്ടുള്ളതായി അറിവില്ല. പക്ഷേ അതുവഴി വലിയൊരു നികുതി ചോർച്ച കേരളം നേരിടുന്നുണ്ടെന്ന ഊഹം സാമ്പത്തിക രംഗത്തുള്ളവർ തള്ളിക്കളയുന്നില്ല. കമ്പനികളുടെ ആസ്ഥാനത്ത് രേഖപ്പെടുത്തുന്ന വിപണിവിൽപ്പന വിലാസം എല്ലാം കൃത്യതോടെയായില്ലെങ്കിൽ അത് കേരളത്തിന് ഗുണകരമാകുമെന്ന് കരുതാനാകില്ല അത് സംഭവിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനോ അതിൽ നടപടിയെടുക്കാനോ നിലവിൽ വഴികളൊന്നും ഉള്ളതായി അറിവില്ല.
ഇതൊന്നുമല്ലാത്ത മറ്റ് ചില വഴികൾ കൂടിയുണ്ട് ജി എസ് ടി ചോർച്ചയ്ക്ക്. അവസാനം ഉപഭോഗം നടത്തുന്ന സംസ്ഥാനത്തിലാണ് നികുതി വരുമാനം കിട്ടേണ്ടത് എന്നാണ് വെയ്പ്. എന്നാൽ, മറ്റ് സംസ്ഥാനങ്ങൾ ചെക്ക് ചെയ്ത് കൃത്യമായ ഇൻവോയിസും ഡീറ്റെയിൽസും ഉള്ളവ അയച്ചാൽ മാത്രമേ ഇവിടെ ജി എസ് ടി വരുമാനം വരുകയുള്ളൂ. ഏത് സംസ്ഥാനത്തിനായാലും അവരുടെ വരുമാനം വർദ്ധിപ്പിക്കാൻ നോക്കുന്നതിനിടയിൽ അവസാന ഉപഭോഗ സംസ്ഥാനത്തിന്റെ കാര്യം നോക്കേണ്ട കാര്യമില്ല. അതുകൊണ്ടു തന്നെ ഇന്ത്യയിലേത് സംസ്ഥാനത്തിൽ ചെന്നാലും നികുതി നൽകാതെ തന്നെ സാധനം കിട്ടുന്ന സംവിധാനങ്ങളുണ്ട്. അതുകൊണ്ടാണ് ഇടയ്ക്കിടെ നടക്കുന്ന ജി എസ് ടി റെയ്ഡുകളും വലിയ തുകകളുടെ വെട്ടിപ്പും ഇപ്പോൾ കണ്ടെത്തുന്നത്.
ജി എസ് ടി വന്നതോടെ ചെക്ക് പോസ്റ്റുകൾ വേണ്ടെന്നും അവിടെയാണ് അഴിമതി എന്നും ഘോരഘോരം വാദിച്ചവരൊക്കെ ഇപ്പോൾ നടക്കുന്ന നികുതി ചോർച്ചയെ കുറിച്ച് സംസാരിക്കുന്നില്ല. ചെക്ക്പോസ്റ്റ് കാലത്ത് കൈക്കൂലിയും അഴിമതിയും ഉണ്ടായിരുന്നുവെന്നതിന് രണ്ടഭിപ്രായമില്ല. പക്ഷേ, സംസ്ഥാനത്തിനുള്ള നികുതിയിൽ ഇതിനേക്കാൾ കൂടുതൽ കിട്ടിയിരുന്നുണ്ടാകും. ഇങ്ങനെ വിവിധ കാരണങ്ങളിലൂടെ കേരളത്തിന് കിട്ടേണ്ടു്ന്ന ഐ ജി എസ് ടി വരുമാനം കുത്തനെ ഇടിയുകയാണ് എന്നതാണ് വാസ്തവം.
റെയിൽവേ, ഓൺലൈൻ പ്ലാറ്റ്ഫോം എന്നിവയുടെ വരുമാനം പൂർണ്ണമായും കേരളത്തിലേക്ക് ലഭ്യമാക്കാനുള്ള നടപടികൾ ഉണ്ടായാൽ മൂന്ന് നാല് വർഷം കഴിയുമ്പോഴെങ്കിലും ഈ ഇനത്തിൽ കുറച്ച് വരുമാനം ലഭിക്കും.
REPRESENTATIVE IMAGE | WIKI COMMONS
കിഫ്ബിയും കേന്ദ്രത്തിന്റെ പിന്നിൽ നിന്നുള്ള കുത്തും:
ഓഖി മുതൽ മുണ്ടക്കൈ, ചൂരൽമല ദുരന്തം വരെയുള്ള സംഭവങ്ങളിൽ കേന്ദ്ര സർക്കാർ കേരളത്തോട് ശത്രുതാമനോഭാവത്തോടെ സ്വീകരിച്ച അവഗണനാപരമായ നിലപാട് സംസ്ഥാനത്തിന് ചെറുതല്ലാത്ത ആഘാതമാണ് ഏൽപ്പിച്ചത്.
നോട്ട് നിരോധനം ഏൽപ്പിച്ച ആഘാതത്തിന് പിന്നാലെയാണ് ജി എസ് ടിയും പ്രകൃതി ദുരന്തങ്ങളും കോവിഡുമൊക്കെ കേരളത്തെ ബാധിച്ചത്. ഇതെല്ലാം കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും ബാധകമാകുമെങ്കിലും പലതിലും കേരളത്തോട് കേന്ദ്രം ചെയ്തത് ന്യായീകരിക്കത്തതകത്തല്ലെന്ന് പുറംലോകം അറിഞ്ഞതാണ്. എന്നാൽ വായ്പാ പരിധിയിൽ കേന്ദ്രം കേരളത്തോട് കാണിച്ചത് അനീതിയുടെ അങ്ങേത്തലയായിരുന്നുവെന്നതാണ് ദുരന്തം. അതിന് കാരണമായതോ കിഫ്ബിയും. കിഫ്ബി കൊണ്ട് കേരളത്തിന് എന്തു ഗുണമാണ് ലഭിക്കുന്നത് എന്നും പരിശോധിക്കപ്പെടണം എന്നത് വേറെ വിഷയമാണ്.
കിഫ്ബിയിൽ പുറം വായ്പയെടുക്കാൻ സർക്കാർ സ്വീകരിച്ച നടപടികളാണ് കേന്ദ്രം കേരളത്തെ അടിക്കാനുള്ള വടിയായി എടുത്തിരിക്കുന്നത്. 2016ൽ കിഫ്ബി നിയമത്തിൽ ഭേദഗതി കൊണ്ടുവന്നു അതിലെ മൂലധനം വർദ്ധിപ്പിക്കാൻ സംസ്ഥാനം ഒരു ശ്രമം നടത്തി. വാഹനനികുതിയുടെ 50 ശതമാനവും പെട്രോളിന് ഏർപ്പെടുത്തിയ സർചാർജ് പൂർണ്ണമായും കിഫ്ബിയിലേക്ക് പോകുമെന്നതായിരുന്നു അത്. ഈ ഭേദഗതി നിയമസഭ ഐകകണ്ഠേന പാസ്സാക്കിയത്. ഇത് വഴി കിഫ്ബിക്ക് പുറത്ത് നിന്നും പണം സ്വീകരിക്കാൻ കൂടുതൽ എളുപ്പമായി. ഇതിന് പുറമെ കിഫ്ബി എടുക്കുന്ന വായ്പയുടെ തിരിച്ചടവിന് സർക്കാർ കിഫ്ബി നിയമത്തിൽ ഉറപ്പുനൽകുന്നുണ്ട്.
കിഫ്ബിയുടെ പ്രവർത്തനങ്ങൾ കേരളത്തിലെ വിവിധ മേഖലകളിലെ നിർമ്മാണ പ്രവർത്തനങ്ങളായി മാറി. പാലവും സ്കൂൾ കെട്ടിടങ്ങളും റോഡുമൊക്കെ കിഫ്ബി നിർമ്മാണമായി. അതേസമയം ഇങ്ങനെ നിക്ഷേപിക്കുന്ന പണത്തിൽ എത്രത്തോളം അടിസ്ഥാന സൗകര്യനിക്ഷേപത്തിൽ നിന്ന് എത്രത്തോളം തിരികെ ലഭിക്കുമെന്നത് കണക്കാക്കിയല്ല പലതും ചെയ്തിരിക്കുന്നത്. ക്ഷേമ പ്രവർത്തനം എന്നാണ് വാദമെങ്കിലും പല നിർമ്മാണ പ്രവർത്തനങ്ങളും മുൻഗണനാക്രമത്തിലല്ല നടപ്പാക്കുന്നതെന്നും വിമർശനമുണ്ട്. ഇതൊക്കെ ഗൗരവമായി തന്നെ ചർച്ച ചെയ്യേണ്ട വിഷയങ്ങളുമാണ്.
മുണ്ടക്കൈ- ചൂരൽമല ദുരന്തം |PHOTO: FACEBOOK
ഇങ്ങനെയൊക്കെ വിമർശനങ്ങളുണ്ടെങ്കിലും കേരളത്തിൽ കിഫ്ബി കുറച്ച് ചലനം സൃഷ്ടിച്ചുവെന്നത് വസ്തുതയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ വഴി വരുന്ന സാമ്പത്തിക ക്രയവിക്രയങ്ങൾ നടക്കുന്നതിൽ കിഫ്ബി ഒരു പങ്ക് വഹിച്ചിരുന്നു. എന്നാൽ, എൽ ഡി എഫിന് തുടർഭരണം കിട്ടിയതിന് പിന്നാലെ കേന്ദ്രം ഒരു കടുംവെട്ട് വെട്ടി. 2022 മാർച്ച് 31 ന് കേന്ദ്രമൊരു കത്ത് നൽകി. സംസ്ഥാനം ഏതെങ്കിലും ഒരു സ്ഥാപനത്തിന് നികുതി വരുമാനത്തിൽ നിന്ന് ഒരംശമെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ അവർ വാങ്ങുന്ന കടം നിങ്ങളുടെ വായ്പാ പരിധിയിൽ പെടും. എന്നായിരുന്നു ആ കത്തിലെ ആദ്യ ഭാഗം. എന്നാൽ അതിലും വലിയ കുത്ത് അതിലുണ്ടായിരുന്നു. 2022 മാർച്ച് 31 ന് അയച്ച കത്തിൽ ഈ നടപടിക്ക് 2020-21 മുതൽ മുൻകാല പ്രാബല്യമുണ്ടെന്ന് കൂടെ വ്യക്തമാക്കി. ഇതോടെ കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 16,000 കോടി രൂപയുടെ കുറവ് വന്നു. ഈ തുക തിരിച്ചടയ്ക്കുകയോ അല്ലെങ്കിൽ അത്രയും തുക വായ്പാ പരിധിയിൽ കുറവ് വരുത്തുകയോ ചെയ്യണമെന്ന നിലയിലായി സംസ്ഥാനം. ഏറെ പണിപ്പെട്ടതിനെ തുടർന്ന് നാലായിരം കോടി കുറച്ച് 12,000 കോടി തുല്യ നാല് ഗഡുക്കളായി നൽകണമെന്ന് കേന്ദ്ര നിർദ്ദേശിച്ചു. എന്നാലും മുൻകാല പ്രാബല്യത്തോടെ കിട്ടിയ അടി നിവർന്ന് നിൽക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമത്തിന് തലയ്ക്കേറ്റ അടിയായി.
നിലവിൽ കേരളത്തിന്റെ തനത് പദ്ധതി ചെലവ് 20,000 കോടി രൂപയോളമാണ്. പദ്ധതിയേതര ചെലവ് ഏകദേശം 1,50,000 കോടി രൂപയും. ഇതിൽ പലിശ, പെൻഷൻ, ശമ്പളം എന്നിങ്ങനെയുള്ള ചെലവ് മാത്രം വരും 90,000 - 1,00,000 കോടി രൂപ വരെ വരും. ഇതിൽ തന്നെ ശമ്പളയിനത്തിൽ സർക്കാരിന് ചെലവാകുന്ന ഏകദേശം 44,000 കോടിയോളം രൂപയിൽ എയിഡഡ് സ്കൂൾ, കോളജ് മേഖലയിലേക്ക് വിദ്യാഭ്യാസ ഗ്രാന്റായി നൽകുന്ന തുക മാത്രം വരും 20,000 കോടിയോളം രൂപ. ഈ തുക നൽകുന്ന സർക്കാരിന് സ്വകാര്യ മാനേജ്മെന്റ് നടത്തുന്ന നിയമനങ്ങളിലൊന്നും ഒരു റോളുമില്ല. പല സ്വകാര്യ മാനേജ്മെന്റ് സ്ഥാപനങ്ങളും ഒരു തരത്തിലുള്ള സംവരണ മാനദണ്ഡവും പാലിക്കാതെ പണം വാങ്ങി തന്നിഷ്ട നിയമനമാണ് നടത്തുന്നതെന്ന് രഹസ്യമൊന്നുമല്ലാത്ത കാര്യവും. എന്നിട്ടും സർക്കാർ നൽകുന്ന ശമ്പളയിനത്തിലെ പകുതി തുക ഈ മേഖലയ്ക്കാണ് നൽകുന്നത്. ബാക്കി തുക വച്ചാണ് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെക്രട്ടേറിയറ്റും തുടങ്ങി പഞ്ചായത്ത് തലം വരെ ശമ്പളം നൽകുന്നത് കൂടെ തിരിച്ചറിയുമ്പോഴാണ് ഇവിടുത്തെ മത, സാമുദായിക സംഘടനകളും വ്യക്തികളും കുടുംബങ്ങളും ഒക്കെ നടത്തുന്ന എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽ മേനി നടിക്കുന്നതിലെ പൊള്ളത്തരം വെളിവാകുന്നത്. ഇതേ ജീവനക്കാർക്ക് പെൻഷൻ നൽകാനുള്ള ബാധ്യതയും സംസ്ഥാന സർക്കാരിനാണ്. അതായത് സംസ്ഥാനം നൽകുന്ന ശമ്പളം, പെൻഷൻ എന്നിവയിൽ നല്ലൊരു പങ്ക് ഏതാണ്ട് പകുതിയോളം പോകുന്നത് സർക്കാർ നിയമിക്കാത്ത എയിഡഡ് ജീവനക്കാർക്കാണ്. ശരിക്കും സംസ്ഥാന സർക്കാർ ഏറ്റെടുത്തിരിക്കുന്ന ഏറ്റവും വലിയ ബാധ്യതകളിലൊന്നാണിത്. പൊതുവിൽ സംവരണം പോലും പാലിക്കാത്ത എയിഡഡ് സ്കൂളുകളിലും കോളജുകളിലും വീണ്ടും ആവശ്യത്തിനും അനാവശ്യത്തിനും അധ്യാപക, അനധ്യാപക നിയമനം നടത്തി അതിന്റെ ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടതുണ്ടോ എന്ന ചോദ്യം കൂടെ ഈ ചെലവ് ഉയർത്തുന്നുണ്ട്. കുട്ടികളുടെ എണ്ണം കുറഞ്ഞാൽ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് പ്രൊട്ടക്ഷൻ കൊടുക്കുന്നത് സർക്കാർ സ്കൂളുകളാണ്. അധ്യാപക നിയമനം പ്രൊട്ടക്ഷൻ തുടങ്ങിയ കാര്യങ്ങളിൽ കാതലായ മാറ്റം വരുത്തിക്കൊണ്ട് നിലവിലെ സംവിധാനത്തെ കുറച്ചുകൂടെ സാമ്പത്തികമായി ബാധ്യത കുറയ്ക്കുന്ന ഒന്നാക്കി മാറ്റാൻ സർക്കാർ ശ്രമിക്കേണ്ടതുണ്ട്. പുതിയ തലമുറയിൽ ജനസംഖ്യയിലെ കുറവും, കുട്ടികൾ മറ്റ് സിലബസുകളിലേക്ക് വ്യാപകമായി മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതേ കുറിച്ച് കൂടുതൽ ഗൗരവമായി ചിന്തിച്ച് നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
നികുതി വരുമാനം കുറയുകയും വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ കേരളം നിലയില്ലാക്കയത്തിലായി. ഫെഡറൽ മൂല്യങ്ങളെ കാറ്റിൽ പറത്തുന്ന കേന്ദ്ര സമീപനവും കേരളത്തിനകത്തും പുറത്തുമുള്ളവരുടെ കേരള വിരോധവും കൂടെ ചേർന്നപ്പോൾ കേരളത്തിൽ മാറി മാറി വന്ന സർക്കാരുകളുടെ തലയിൽ കെട്ടിവെക്കാവുന്ന ഒന്ന് മാത്രമായി സാമ്പത്തിക പരാധീനീത. കേരളത്തിലെ ആസ്ഥാന സാമ്പത്തിക വിദഗദ്ധരും ആസൂത്രണ വിദഗ്ധരും കാടടച്ച് വെടിവെക്കുന്നതല്ലാതെ, ആഭ്യന്തര നികുതി വരുമാനത്തിലെ കുറവിനെ കുറിച്ചോ വരുമാന വർദ്ധനവിലുണ്ടാകുന്ന കുറവിനെ കുറിച്ചോ ഉള്ള യഥാർത്ഥ കാരണങ്ങളിലേക്ക് ഇനിയും പോകുകയോ അതിന് ബദൽ മാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഇതിലെ കാരണവും പരിഹാരവും കണ്ടെത്താതെ ഇനി കേരളത്തിന് മുന്നോട്ട് പോകുക ബുദ്ധിമുട്ടാകാം.
എന്നാൽ, ഇത്തരം പ്രതിസന്ധികളൊന്നും മുൻകൂട്ടികാണാനോ ഇനി അങ്ങനെ കാണാനായില്ലെങ്കിൽ തന്നെ പ്രതിസന്ധി ഉടലെടുത്തുതുടങ്ങുമ്പോൾ അതിനെ അഭിമുഖീകരിക്കുകയും സ്ഥിതിയെ സമഗ്രമായി പരിശോധിച്ച് കാരണങ്ങൾ കണ്ടെത്താനും പരിഹാരങ്ങൾ നിർദ്ദേശിക്കാനും ശേഷിയുള്ള സാമ്പത്തിക വിദഗദ്ധരുടെയും പൊതുധനകാര്യ വിദ്ധധരുടെയും ദാരിദ്ര്യമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.


