TMJ
searchnav-menu
post-thumbnail

Finance

ചെങ്കടല്‍ പ്രതിസന്ധി: ആഗോള വ്യാപാരമേഖലയും ഭീഷണിയിലേക്ക്

29 Jan 2024   |   3 min Read
രാജേശ്വരി പി ആർ

ചെങ്കടലില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ ആഗോളവ്യാപാരത്തെ ബാധിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ ചരക്കുചിലവുകളും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളും വര്‍ധിക്കുകയാണ്. ചെങ്കടലിലെ സമീപകാല ആക്രമണങ്ങളെ തുടര്‍ന്ന് ഗുഡ് ഹോപ് മുനമ്പു വഴിയാണ് ചരക്കുകള്‍ കൊണ്ടുപോകുന്നത്. ഇത് 14 ദിവസത്തെ കാലതാമസത്തിനും ഉയര്‍ന്ന ചരക്ക്, ഇന്‍ഷുറന്‍സ് ചിലവുകള്‍ക്കും കാരണമാകുന്നു. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള ഏറ്റവും ചെറിയ കപ്പല്‍ഗതാഗത റൂട്ടായ സൂയസ് കനാല്‍ വഴിയായിരുന്നു ലോകത്തിലെ 15 ശതമാനം കപ്പലുകളും ചരക്കുഗതാഗതം നടത്തിയിരുന്നത്.

ചെങ്കടലിനെയും മെഡിറ്ററേനിയന്‍ കടലിനെയും ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക കപ്പല്‍പാതയായ ബാബ് എല്‍ മണ്ടേബ് കടലിടുക്കിന് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് യെമന്‍ ആസ്ഥാനമായുള്ള ഹൂതി തീവ്രവാദികള്‍ സമീപകാലത്ത് ആക്രമണം ശക്തമാക്കിയത്. ബാബ് എല്‍ മണ്ടേബ് കടലിടുക്ക്, സൂയസ് കനാല്‍, ചെങ്കടല്‍ എന്നിവയുടെ വ്യാപാരപാത കേപ് ഓഫ് ഗുഡ് ഹോപ്പ് റൂട്ടിനേക്കാള്‍ ചെറുതും വേഗതയുള്ളതുമാണ്. ഇത് മിക്ക ഷിപ്പിംഗ് കമ്പനികള്‍ക്കും യാത്രയ്ക്ക് ഇണങ്ങുന്നതുമായിരുന്നു.

ഓരോ വര്‍ഷവും ഏകദേശം 100 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇന്ത്യന്‍ കയറ്റുമതിയാണ് ചെങ്കടല്‍ വഴി കടന്നുപോകുന്നത്. പ്രതിദിനം 60 ഓളം കപ്പലുകളാണ് സൂയസിലൂടെ യാത്ര ചെയ്യുന്നത്. സൂയസ് കനാല്‍ അടച്ചുപൂട്ടിയതോടെ ആഗോള വിതരണ ശ്യംഖലയെ പ്രതികൂലമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

സൂയസ് കനാല്‍ | PHOTO: WIKI COMMONS
ഇന്‍ഷുറന്‍സും ഉയര്‍ത്തി

യൂറോപ്പ്, യുഎസിന്റെ കിഴക്കന്‍ തീരം, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ആക്രമണഭീഷണി നിലനില്‍ക്കുന്നതിനാല്‍ പല കപ്പലുകളും ചെങ്കടലിലൂടെയുള്ള യാത്ര നിര്‍ത്തിവച്ചിരിക്കുകയാണ്. ആക്രമണ സാധ്യത കണക്കിലെടുത്ത് ഇന്‍ഷുറന്‍സ് ചിലവുകളും വര്‍ധിപ്പിച്ചു. ചരക്കുനിരക്ക് ഉയരുന്നതിനാല്‍ ചിലര്‍ തങ്ങളുടെ ചരക്ക് കയറ്റുമതിയും മാറ്റിവച്ചു. ചരക്കുകൂലിയിലെ വര്‍ധനവ് റൂട്ട് അനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ട്. അടിസ്ഥാന ചരക്കു നിരക്കുകള്‍ക്കു പുറമെ റിസ്‌ക് സര്‍ചാര്‍ജ്, പീക്ക് സീസണ്‍ സര്‍ചാര്‍ജ് എന്നിവയും ഉയര്‍ന്നു.

ഈജിപ്ത്, വടക്കന്‍ യൂറോപ്പ് തുടങ്ങിയ ഏഷ്യയുടെ പല ഭാഗങ്ങളിലേക്കും നെതര്‍ലാന്‍ഡ്‌സ് പോലുള്ള രാജ്യങ്ങളിലേക്കും ചരക്കുകള്‍ ചെങ്കടല്‍ വഴിയാണ് കയറ്റുമതി നടത്തിയിരുന്നത്. പ്രതിസന്ധി തുടര്‍ന്നാല്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെയും യന്ത്രസാമഗ്രികളുടെയും കയറ്റുമതിയെയും ബാധിക്കും. കൂടാതെ ഇന്ത്യയുടെ പ്രീമിയം ഗുണനിലവാരമുള്ള ബസുമതി അരിയുടെ കയറ്റുമതിയെയും ബാധിക്കും. ഇത് അരിവിലയില്‍ 15-20 ശതമാനം വരെ വര്‍ധനവും ഉണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കയറ്റുമതിക്കു പുറമെ ഇറക്കുമതിയിലെ തടസ്സവും മുന്നോട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ചെങ്കടല്‍ | PHOTO: PTI
വര്‍ധിച്ച് ക്രൂഡോയില്‍ വില

ചെങ്കടല്‍ വഴിയുള്ള കപ്പലുകളുടെ റൂട്ട് മാറ്റിയത് മുതലെടുത്ത് രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയും വര്‍ധിച്ചു. പ്രധാന ക്രൂഡോയില്‍ കോണ്‍ട്രാക്ടുകളില്‍ ഒരുശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. പുതുവര്‍ഷം ആരംഭിച്ചതിനുശേഷം ക്രൂഡോയില്‍ വില 80 ഡോളറില്‍ തൊടുന്നത് അടുത്തിടെയാണ്. ചെങ്കടല്‍ വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടത് ചരക്കുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ വൈകുന്നതും അധിക ചിലവ് നേരിടേണ്ടതും കമ്പനികളെയും രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കും. അമേരിക്കയും ബ്രിട്ടനും ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ അടുത്തിടെ ആക്രമണം നടത്തിയതും സംഘര്‍ഷസാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.

കയറ്റുമതിയും പ്രതിസന്ധിയിലേക്ക്

ചെങ്കടലിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഷിപ്പിങ് ചിലവുകള്‍ കുതിച്ചുയരുന്നതിനാല്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ചെങ്കടലിലൂടെയുള്ള യാത്ര ഒഴിവാക്കിയതിലൂടെ 14-20 ദിവസത്തെ കാലതാമസവുമാണ് ഉണ്ടാക്കുന്നത്. ഇന്ത്യയ്ക്കു പുറമെ ഇതൊരു ആഗോള പ്രതിസന്ധിക്കു കൂടിയാണ് കാരണമാകുന്നത്. സൂയസ് കനാലില്‍ നിന്ന് ധാരാളം ചരക്കുകള്‍ കിഴക്ക് ഭാഗത്തുനിന്ന് പടിഞ്ഞാറോട്ട് നീങ്ങുന്നുണ്ട്. ഇതേത്തുടര്‍ന്ന് അവരും ആശങ്കയിലാണെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഡിസംബര്‍-ജനുവരി മാസങ്ങളില്‍ കടല്‍ഗതാഗതം വര്‍ധിച്ചതിനാല്‍ കയറ്റുമതിക്കാര്‍ സാധാരണയായി ഉയര്‍ന്ന സര്‍ചാര്‍ജ് നിരക്കാണ് നേരിടേണ്ടി വരുന്നത്. എന്നാല്‍ ഇത്തവണ വര്‍ധന വളരെ കൂടുതലാണ്. യൂറോപ്പുമായുള്ള ഇന്ത്യയുടെ ചരക്കുവ്യാപാരത്തിന്റെ 80 ശതമാനവും ചെങ്കടലിലൂടെയാണ് കടന്നുപോകുന്നത്. യുഎസുമായുള്ള ഗണ്യമായ വ്യാപാരവും ഇതുവഴി തന്നെയാണ് നടക്കുന്നത്. രാജ്യത്തിന്റെ ആകെ കയറ്റുമതിയുടെ 34 ശതമാനവും യൂറോപ്പും യുഎസും കേന്ദ്രീകരിച്ചാണ്. ആഗോള കണ്ടെയ്‌നര്‍ ഗതാഗതത്തിന്റെ 30 ശതമാനത്തിനും ലോകവ്യാപാരത്തിന്റെ 12 ശതമാനത്തിനും ചെങ്കടലിലൂടെയുള്ള ചരക്കുനീക്കം പ്രധാനമാണ്. ഇന്ത്യയുടെ കയറ്റുമതി വ്യാപാരം കഴിഞ്ഞവര്‍ഷത്തെ 451 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് ഈ വര്‍ഷം ആറു മുതല്‍ ഏഴു ശതമാനം വരെ കുറഞ്ഞേക്കാമെന്നാണ് റിപ്പോര്‍ട്ട്.



ഭക്ഷ്യവ്യാപാരവും ഭീഷണിയില്‍

ചെങ്കടലിലൂടെയുള്ള കപ്പലുകളുടെ യാത്രാമാര്‍ഗം നിലച്ചത് ഭക്ഷ്യവിലക്കയറ്റത്തിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചെങ്കടല്‍പ്പാത ഒഴിവാക്കി ആഫ്രിക്കയിലൂടെ പോകുന്ന കപ്പലുകളില്‍ ഭക്ഷ്യവസ്തുക്കളും കയറ്റുന്നുണ്ട്. ദീര്‍ഘദൂരയാത്ര ഭക്ഷണവസ്തുക്കള്‍ നശിക്കുന്നതിനും കാരണമാകുന്നു. പഴവര്‍ഗങ്ങളാണ് നശിക്കുന്നവയില്‍ കൂടുതലും. ആപ്പിള്‍, കിവി, സിട്രസ് പഴങ്ങള്‍ കേടാകുന്നതുമൂലം വഴിയില്‍ ഉപേക്ഷിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഷിപ്പിങ് കമ്പനികള്‍ വ്യാപാരത്തിന് പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ്.

ചെങ്കടലിലെ അരാജകത്വം പഴങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതിയെ തടസ്സപ്പെടുത്താന്‍ കാരണമായതായി പ്രമുഖ ഇന്ത്യന്‍ മുന്തിരി കയറ്റുമതിക്കാരായ യൂറോ ഫ്രൂട്ട്സിന്റെ മാനേജിങ് ഡയറക്ടര്‍ നിതിന്‍ അഗര്‍വാള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ചെങ്കടലിനെ ഒഴിവാക്കിയുള്ള ചരക്കുവ്യാപാര ചിലവ് നാലിരട്ടി കൂട്ടുന്നതായും അഗര്‍വാള്‍ വ്യക്തമാക്കി.

ഉന്മേഷം കെട്ട് കാപ്പി

ആഫ്രിക്കയെ ചുറ്റിയുള്ള കപ്പലുകളുടെ ചരക്കുകൂലി 50-75 ശതമാനം വര്‍ധിക്കാനിടയായത് ഇന്ത്യയുടെ കാപ്പി മേഖലയ്ക്കും തിരിച്ചടിയാകുന്നു. യൂറോപ്പും ഇറ്റലിയുമാണ് ഇന്ത്യന്‍ കാപ്പിയുടെ മുഖ്യ വിപണികള്‍. എന്നാല്‍ ചരക്കുകൂലിക്ക് ആനുപാതികമായി കാപ്പിയുടെ വില വര്‍ധിച്ചത് വിപണിയെ പ്രതിസന്ധിയിലാക്കുകയാണ്. ഇന്ത്യന്‍ കാപ്പിയുടെ വില വര്‍ധനവ് മുതലെടുത്ത് ആഫ്രിക്കന്‍ കാപ്പിയുടെ യൂറോപ്പിലേക്കുള്ള കടന്നുകയറ്റവും തിരിച്ചടിയാകുന്നുണ്ട്. കോഫീ ബോര്‍ഡിന്റെ കണക്കുകള്‍പ്രകാരം 2024 ജനുവരിയിലെ ആദ്യ രണ്ടാഴ്ചക്കാലത്തെ കയറ്റുമതി 8.5 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
രാഷ്ട്രീയപ്രതിസന്ധികള്‍ പരസ്പര ഏറ്റുമുട്ടലായി മാറുമ്പോള്‍ സാമ്പത്തിക മേഖലയെ അത് എങ്ങനെ ദോഷകരമായി ബാധിക്കും എന്നതിന്റെ ഈ നൂറ്റാണ്ടിലെ ശക്തമായ ഉദാഹരണമായി മാറുകയാണ് ചെങ്കടലിലെ ആക്രമണങ്ങളും പ്രതിസന്ധിയും.

#finance
Leave a comment