TMJ
searchnav-menu
post-thumbnail

Finance

ആഡംബര ജീവിത പട്ടികയിൽ ഒന്നാമതായി സിംഗപ്പൂർ

20 Jun 2023   |   2 min Read
TMJ News Desk

ഡംബര ജീവിതത്തിന് പറ്റിയ ലോകത്തിലെ ഏറ്റവും ചിലവേറിയ സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതായി സിംഗപ്പൂർ. സമ്പത്ത് കൈകാര്യം (വെൽത് മാനേജ്‌മെന്റ്) ചെയ്യുന്ന സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ജൂലിയസ് ബെയർ ഗ്രൂപ്പ് ലിമിറ്റഡ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. 2022 ലെ അഞ്ചാം സ്ഥാനത്ത് നിന്നാണ് ഈ വർഷം ഒന്നാമതായി സിംഗപ്പൂർ സ്ഥാനം പിടിച്ചിരിക്കുന്നത്. ചൈനയിലെ ഷാങ്ഹായ്, ഹോങ് കോങ് എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. റിപ്പോർട്ട് പ്രകാരം സിംഗപ്പൂരിലെ ഓട്ടോമൊബൈൽ, ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ ആഗോള ശരാശരിയേക്കാൾ 133 ശതമാനവും 109 ശതമാനവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്.

നികുതിയിളവും ഉയർന്ന ജീവിത നിലവാരവും

സിംഗപ്പൂരിന്റെ രാഷ്ട്രീയ സുസ്ഥിരതയും നികുതയിളവുമാണ് സമ്പന്നരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. കോവിഡ് വ്യാപന ഘട്ടത്തിൽ ലോക്ഡൗൺ ഇളവ് നല്കിയ ആദ്യ ഏഷ്യൻ രാജ്യങ്ങളിലൊന്നായിരുന്നു സിംഗപ്പൂർ. രാജ്യത്തെ ജീവിതനിലവാരം പൊതുവെ ഉയർന്നതാണ്. വീടുകൾക്കും കാറുകൾക്കും ആഗോളതലത്തിൽ തന്നെ വലിയ നിരക്കാണ്. പ്രത്യേകിച്ച് സ്‌കൂളുകളുടെ അടുത്ത പ്രദേശങ്ങളിലെ താമസസൗകര്യങ്ങൾക്ക് ഉയർന്ന വിലയാണ് ഈടാക്കുന്നതെന്ന് റിപ്പോർട്ടിൽ പരാമർശിച്ചു.

ആളുകളുടെ ജീവിതനിലവാരം, താമസസൗകര്യങ്ങൾ, ഓട്ടോമൊബൈൽ മേഖലയിലെ വാണിജ്യം തുടങ്ങി ആഡംബര സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ജൂലിയസ് ബെയറിന്റെ ലൈഫ്സ്‌റ്റൈൽ ഇൻഡക്സ് ലോകത്തിലെ ചിലവേറിയ 25 നഗരങ്ങളെ റാങ്ക് ചെയ്തിരിക്കുന്നത്. തുടർച്ചയായി നാലാം വർഷവും ആഡംബര ജീവിതത്തിന് ഏറ്റവും ചെലവുള്ള മേഖലയായി ഏഷ്യൻ രാജ്യങ്ങൾ തുടരുകയാണ്. കോവിഡ് വ്യാപനത്തിൽ നിന്നുള്ള തിരിച്ചുവരവും ഡോളർ ആഗോളവിപണിയിൽ ശക്തിപ്പെടുന്നതും കഴിഞ്ഞ വർഷത്തെ 11-ാം സ്ഥാനത്ത് നിന്നും നില മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് എത്താൻ ന്യൂയോർക്കിന് കഴിഞ്ഞു.


സിംഗപ്പൂർ | Photo: Wiki Commons

എന്നാൽ 2022 ലെ രണ്ടാം സ്ഥാനത്ത് നിന്ന് ലണ്ടൻ നഗരം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബ്രിട്ടന്റെ ബ്രക്സിറ്റ് നടപടികളും തുടർന്നുള്ള പ്രശ്നങ്ങളും സാമ്പത്തിക മേഖലയെ കാര്യമായിത്തന്നെ ബാധിക്കുന്നുണ്ടെന്നാണ് ഇതിലൂടെ മനസിലാകുന്നത്. സാമ്പത്തിക കേന്ദ്രങ്ങളായി വളർന്നു വരുന്ന ദുബായ്, സിംഗപ്പൂർ എന്നീ നഗരങ്ങളും ലണ്ടൻ നഗരത്തിന് ശക്തമായ വെല്ലുവിളികളാണെന്ന് റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടു.

യൂറോപ്പ്യൻ രാജ്യങ്ങളും മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളും അവസാന സ്ഥാനങ്ങളിലാണ് ഇടം പിടിച്ചിരിക്കുന്നത്. ദുബായ് ആദ്യമായി ആദ്യ പത്തിൽ ഇടം പിടിച്ചതോടെ സൂറിച്ച് 14-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വ്യവസായ, വിനോദസഞ്ചാര മേഖലകളിൽ കൂടുതൽ ആനുകൂല്യങ്ങൾ നല്കിയതുവഴി സമ്പന്നരുടെ ഇഷ്ട സ്ഥലങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ദുബായ്. വീടുകൾ സ്വന്തമാക്കാനും താമസിക്കുന്നതിനും ആവശ്യങ്ങൾ ഉയർന്നിരിക്കുകയാണ്. കൂടാതെ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതിനു ശേഷം യാത്രയ്ക്കും വിനോദസഞ്ചാരത്തിനുമായി സ്വദേശികളും വിദേശികളുമായ നിരവധി ആളുകളാണ് ദുബായ് തിരഞ്ഞെടുത്തിരിക്കുന്നത്.

ലോകമെമ്പാടുമുള്ള 25 നഗരങ്ങളെ ഉൾപ്പെടുത്തിയ പട്ടികയിൽ ജോഹന്നാസ്ബർഗ് അവസാന സ്ഥാനത്താണ്. 2023 ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഒരു മില്യൺ ഡോളറോ അതിൽ കൂടുതൽ ആസ്തിയുള്ളതോ ആയ വ്യക്തികളെ ഉൾപ്പെടുത്തിയാണ് ജൂലിയസ് ബെയർ സർവേ നടത്തിയത്.


ദുബായ് | Photo: Pixabay 

ഇഷ്ട നഗരങ്ങളായി ദുബായും സിംഗപ്പൂരും

ലോകമെമ്പാടുമുളള സമ്പത്തും നിക്ഷേപ കുടിയേറ്റ പ്രവണതകളും നിരീക്ഷിക്കുന്ന ഹെൻലി ആൻഡ് പാട്ണേഴ്സിന്റെ പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം 2023-2024 വർഷങ്ങളിലായി ആഗോളതലത്തിൽ യഥാക്രമം 1,22,000 മുതൽ 1,28,000 കോടീശ്വരന്മാർ തങ്ങളുടെ രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് പ്രവചിച്ചിരുന്നു. ഇതനുസരിച്ച് ഇന്ത്യയ്ക്ക് ഏകദേശം 6,500 കോടീശ്വരന്മാരെ നഷ്ടമാകുമെന്നും റിപ്പോർട്ടിൽ പരാമർശിച്ചു. ദുബായും സിംഗപ്പൂരുമാണ് കുടിയേറുന്നവരുടെ ഇഷ്ട നഗരങ്ങൾ.

കുറഞ്ഞ നികുതി, ഉയർന്ന ജീവിതനിലവാരം, കൂടുതൽ സ്വീകാര്യതയുള്ള പാസ്‌പോർട്ട് എന്നിവ ലക്ഷ്യം വച്ചാണ് ധനികരായ ഇന്ത്യക്കാർ കൂടുതലായും രാജ്യം വിടുന്നതെന്നും റിപ്പോർട്ട് പറയുന്നുണ്ട്. 2014 - 2018 കാലഘട്ടത്തിൽ 23,000 ഇന്ത്യൻ കോടീശ്വരന്മാർ വിദേശത്തേക്ക് കുടിയേറിയതായി മോർഗൻ സ്റ്റാൻലി നടത്തിയ പഠനവും വ്യക്തമാക്കിയിരുന്നു. പഴയ തലമുറ കോടീശ്വരന്മാർ ഇന്ത്യയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ പുതു തലമുറ വ്യവസായികളും പ്രൊഫഷനലുകളുമാണ് കൂടുതലായും വിദേശ പൗരത്വം നേടിയെടുക്കുന്നത്. നികുതിയിളവും ബിസിനസ് സാഹചര്യവുമാണ് സമ്പന്ന ഇന്ത്യക്കാരെ പൗരത്വം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.

2023 ൽ ഓസ്ട്രേലിയ ലക്ഷ്യം വെച്ചാണ് 5,200 കോടീശ്വരന്മാരുടെ കുടിയേറ്റം. 2022 ൽ റെക്കോർഡ് വർധനവ് നേടിയ യുഎഇ ഈ വർഷം 4,500 പുതിയ കോടീശ്വരന്മാരെ കൂടി രാജ്യത്ത് സ്വീകരിക്കുമെന്നും പഠനങ്ങൾ വെളിപ്പെടുത്തി. ഈ വർഷം സിംഗപ്പൂരിലാകട്ടെ 3,200 പേരായിരിക്കും എത്തുന്നതെന്ന് പ്രതീക്ഷിക്കുന്നു. യുഎസിൽ 2,100 പേരും എത്തിച്ചേരും. സ്വിറ്റ്സർലൻഡ്, കാനഡ, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ, ന്യൂസിലാൻഡ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ.


#finance
Leave a comment