ബിഗ് ബുള്ളിന്റെ തട്ടിപ്പും ഓഹരി കമ്പോളത്തിലെ മാറ്റങ്ങളും
ഇന്ത്യന്‍ ഓഹരി വിപണി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉയരങ്ങളിലാണ്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നിഫ്റ്റി50 സൂചിക 24,839.75 പോയിന്റിലും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബിഎസ്ഇ സെന്‍സെക്സ് 81,133.46 പോയിന്റിലുമെന്ന സര്‍വകാല റെക്കോര്‍ഡിലാണ്. ഓഹരി സൂചികകള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നതിന്റെ ഹരത്തില്‍ ഓഹരി വിപണിയിലെ വന്‍തകര്‍ച്ചകള്‍ പലപ്പോഴും ആരും ഓര്‍ക്കാറില്ല. അത്തരമൊരു തകര്‍ച്ചയായിരുന്നു 1992 ല്‍ ഇന്ത്യന്‍ ഓഹരി വിപണികളെ പിടിച്ചുലച്ചത്. ഓഹരി വിപണികള്‍ മാത്രമല്ല ബാങ്കിങ്-ധനകാര്യ മേഖലയും രാഷ്ട്രീയ നേതൃത്വവും ഹര്‍ഷദ് മേത്ത സ്‌കാം എന്ന് കുപ്രസിദ്ധി നേടിയ ആ തകര്‍ച്ചയില്‍ ആടിയുലഞ്ഞു. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു ഒരു കോടി രൂപ നേരിട്ട് കൈപ്പറ്റിയതായി മേത്ത ആരോപിച്ചത് അക്കാലത്തെ ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു. ഇപ്പോള്‍ ഓഹരി സൂചികകള്‍ സര്‍വകാല ഉയരങ്ങളില്‍ നില്‍ക്കുമ്പോള്‍ 32 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള തകര്‍ച്ച വിപണികളിലെ അത്യുത്സാഹത്തിന്റെ നാള്‍വഴികളിലെ ചതിക്കുഴികളെ ഓര്‍മിപ്പിക്കുന്നതാണ്.
1992 ഏപ്രില്‍ 23 നാണ് ഓഹരി വിപണിയിലെ മറ്റൊരു സൂത്രശാലിയുടെ പതനം തുടങ്ങുന്നത്. 90 കളുടെ തുടക്കകാലത്ത് സ്റ്റോക്ക്മാര്‍ക്കറ്റ് കിങ് എന്നും ഓഹരി കമ്പോളത്തിലെ അമിതാഭ് ബച്ചനെന്നുമെല്ലാം വിളിപ്പേരുണ്ടായിരുന്ന ഹര്‍ഷദ് ശാന്തിലാല്‍ മേത്തയുടെ പതനത്തിന്റെ തുടക്കം അന്നായിരുന്നു. ഇന്ത്യയിലെ ദിനപത്രങ്ങളിലും, വാര്‍ത്ത മാഗസിനുകളിലും നിറഞ്ഞുനിന്നിരുന്ന ഒരാളായിരുന്നു മേത്ത ഐഎംഎഫില്‍ നിന്നും ലോക ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതിന് പകരം ഓഹരി വിപണിയില്‍ നിന്നുള്ള ലാഭം വഴി പണം സമാഹരിക്കാമെന്ന് നോര്‍ത്ത് ബ്ലോക്കിലെ അഥവാ കേന്ദ്ര ധന മന്ത്രാലയത്തിന്റെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പ്രസന്റേഷന്‍ നടത്തിയ വ്യക്തിയായിരുന്നു മേത്ത. എന്നാല്‍ അദ്ദേഹത്തിന്റെ സാമ്രാജ്യമാണ് കുമിള പൊട്ടുന്ന ലാഘവത്തോടെ പൊട്ടിയത്. 1992 ഏപ്രില്‍ 23 ന് ടൈംസ് ഓഫ് ഇന്ത്യയില്‍ ഒരു റിപ്പോര്‍ട്ട് വരുന്നു. ബിസിനസ്സ് ജേര്‍ണലിസ്റ്റായ സുജേത ദലാല്‍ ഒരുക്കിയ റിപ്പോര്‍ട്ട് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ തന്നെ അടിമുടി പിടിച്ചുകുലുക്കുന്നതായിരുന്നു. ഹര്‍ഷദ് മെഹ്ത എന്ന ഓഹരിവിപണിയിലെ ബിഗ്ബുള്‍ നടത്തിയ 4000 കോടിയുടെ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
ഹർഷദ് മേത്ത | PHOTO : WIKI COMMONS
മേത്ത ചെയ്തതും ലോകത്തിലെ ഓഹരി കമ്പോളങ്ങളില്‍ എല്ലാക്കാലത്തും നടന്നിരുന്ന തട്ടിപ്പുകളും തമ്മില്‍ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. വില കുറഞ്ഞ ഓഹരികള്‍ വാങ്ങിച്ചു കൂട്ടുക. സ്വാഭാവികമായും അതിന്റെ മൂല്യം ഉയരും. അപ്പോള്‍ അവ വിറ്റഴിച്ചു ലാഭമെടുക്കുക. ഒറ്റ നോട്ടത്തില്‍ വളരെ ലെജിറ്റിമേറ്റ് ആയ ഇടപാട്. ആര്‍ക്കും കുറ്റം പറയാന്‍ ആവില്ല. പക്ഷെ കമ്പോളത്തില്‍ അത്ര സുതാര്യവും ലളിതവുമായല്ല കാര്യങ്ങള്‍ നടക്കുക. ഒന്നാമതായി ഓഹരികള്‍ വാങ്ങി കൂട്ടാനുള്ള പണം. അതും കോടികള്‍. അവിടെയാണ് മേത്തയുടെ കഴിവ്. ബാങ്കുകളില്‍ നിന്നും ആവശ്യമായ പണം സമാഹരിക്കുക. ഓഹരികളുടെ മൂല്യം ഉയരുമ്പോള്‍ കിട്ടുന്ന ലാഭത്തിന്റെ പങ്കുകൊണ്ട് ബാങ്കിന്റെ പണം മടക്കി നല്‍കുക. ഒറ്റ നോട്ടത്തില്‍ അതും ലെജിറ്റിമേറ്റ് ബിസിനെസ്സ് എന്ന് ആരും പറയും. പക്ഷെ ബാങ്കുകള്‍ പണം നല്‍കുന്നതിന് ചില മാനദണ്ഡങ്ങള്‍ ഉണ്ട്. അത് മുഴുവന്‍ തെറ്റിച്ചുകൊണ്ടുള്ളതായിരുന്നു മേത്തയുടെ ഏര്‍പ്പാടുകള്‍. അവിടെയാണ് മേത്ത സ്‌കാമിന്റെ തുടക്കം. ബാങ്കുകളെ കബളിപ്പിച്ച് ഹര്‍ഷദ് എങ്ങനെയാണ് കോടികള്‍ തട്ടിയത് എന്നറിയുന്നതിന് മുന്‍പ് ഹര്‍ഷദ് മേത്തയെ അറിയേണ്ടതുണ്ട്.
മുംബൈ നഗരത്തിലെ വോര്‍ളി കടല്‍ത്തീരത്ത് അംബാനിമാരുടെ വീടിനോട് ചേര്‍ന്ന് 1990 കളില്‍ ഒരു കൊട്ടാരമുണ്ടായിരുന്നു. മുപ്പതോളം ആഡംഭര വാഹനങ്ങളും അവിടെ ഉണ്ടായിരുന്നു. അന്ന് ഇന്ത്യയിലെ ഏക ലക്‌സസ് കാറും ഉണ്ടായിരുന്നത് അവിടെയായിരുന്നു. ഹര്‍ഷദ് മേത്തയെന്ന 38 കാരനായിരുന്നു അതിന്റെയെല്ലാം ഉടമ. ഗുജറാത്തിലെ പനേലിമോട്ടിയിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച ഹര്‍ഷദ് മുംബൈയിലെ ലാലാ ലജ്പത് റായ് കോളേജില്‍ നിന്നും ബി കോം പൂര്‍ത്തിയാക്കിയ ശേഷം ചെറിയ ചില ജോലികള്‍ ചെയ്തു. പിന്നീട് ന്യൂ ഇന്ത്യ അഷ്യുറന്‍സ് ലിമിറ്റഡ് എന്ന ഇന്‍ഷുറന്‍സ് കമ്പനിയിലെ മുംബൈ ഓഫീസില്‍ സെയില്‍സ് മാനായി. സ്റ്റോക്ക് മാര്‍ക്കറ്റിലേക്കുള്ള മേത്തയുടെ പ്രയാണം അവിടെ നിന്നാണ് തുടങ്ങുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ-സാമ്പത്തിക മേഖലയില്‍ സംഭവിച്ച മാറ്റങ്ങളും അതിന് വേണ്ടുന്ന പശ്ചാത്തലമൊരുക്കി. സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങള്‍ ആരംഭിക്കുന്നത് 1991-ലായിരുന്നു. വിപണികളെ നിയന്ത്രിച്ചിരുന്ന കെട്ടുപാടുകള്‍ ഓരോന്നായി ഇല്ലാതാവുന്ന കാലം. ഹര്‍ഷദ് സ്വപ്നം കണ്ടതും പണം കുമിഞ്ഞുകൂടുന്നതായിരുന്നു. അയാള്‍ സ്റ്റോക്ക് മാര്‍ക്കറ്റിനെ പഠിച്ചു. ഇന്‍ഷുറന്‍സ് കമ്പനിയിലെ ജോലി മതിയാക്കി ഒരു ഓഹരി ബ്രോക്കര്‍ സ്ഥാപനത്തില്‍ ജോലി തേടി. ബിസിനസുകാരും സ്റ്റോക്ക്മാര്‍ക്കറ്റ് നിക്ഷേപകരുമായി തന്നെ പരിചിതനാക്കി മാറ്റുന്നതിന് ഈ ജോലി ഹര്‍ഷദിനെ സഹായിച്ചു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
താമസിയാതെ അദ്ദേഹം സ്വന്തം ബ്രോക്കറേജ് സ്ഥാപനം തുടങ്ങി. ഹര്‍ഷദിന്റെ കമ്പനിയില്‍ നിരവധിപേര്‍ നിക്ഷേപിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ ഓഹരി ഇടപാടില്‍ നിന്നും സാധാരണഗതിയില്‍ ലഭിക്കുന്ന വരുമാനത്തില്‍ മാത്രം അദ്ദേഹം തൃപ്തനായില്ല. മാര്‍ക്കറ്റിനെ മാനിപുലേറ്റ് ചെയ്യാമെന്ന ചിന്തയില്‍ അദ്ദേഹം വ്യാപൃതനായി. ഒരു സ്റ്റോക്കില്‍ മാത്രം നിക്ഷേപം നടത്തി അതിന്റെ മൂല്യം ഉയര്‍ത്തി മൂല്യം ഉയരുമ്പോള്‍ കൂടുതല്‍ വിലയ്ക്ക് വിറ്റ് ലാഭം നേടുന്ന ബുള്‍ സ്ട്രാറ്റജി അദ്ദേഹം സ്വീകരിച്ചു. ഓഹരി വിപണിയില്‍ എപ്പോഴും രണ്ട് ശക്തികള്‍ ഉണ്ടാവും. ബുള്ളുകളും ബെയറുകളും. ഓഹരികള്‍ എപ്പോഴും ഉയരുമെന്ന കണക്കില്‍ തങ്ങളുടെ നിക്ഷേപത്തെ സമീപിക്കുന്നവര്‍ ബുള്ളുകളും ഓഹരികളുടെ മൂല്യം താഴേക്കുപോവുമെന്ന കണക്കില്‍ നിക്ഷേപത്തെ സമീപിക്കുന്നവര്‍ ബെയറുകളും. വിളിപ്പേര് തന്നെ ബിഗ് ബുള്‍ എന്നായ ഹര്‍ഷദ് ബുള്ളുകളുടെ ലോകത്തെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു.
എസിസി സിമന്‍സിന്റെ ഓഹരികള്‍ ഹര്‍ഷദ് വാങ്ങിയത് ഇപ്പോഴും വിപണിയിലെ ഇതിഹാസ കഥകളില്‍ ഒന്നാണ്. ഹര്‍ഷദ് ഓഹരി വാങ്ങുമ്പോള്‍ ഷെയര്‍ വില 200 ആയിരുന്നു. വന്‍തോതില്‍ ഹര്‍ഷദ് ഓഹരികള്‍ വാങ്ങിയതോടെ എസിസിയുടെ മൂല്യം 200-രൂപയില്‍ നിന്നും 9000 രൂപയായി. ഇത്തരത്തിലുള്ള വന്‍ ഇടപാടുകള്‍ക്ക് കോടികള്‍ വേണ്ടി വന്നിരുന്നു. അവിടെയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും എത്തുന്നത്. ഹര്‍ഷദിനൊപ്പം അയാള്‍ക്ക് പിന്‍ബലമായി സഹോദരനായ അശ്വിന്‍ മെഹ്തയുമുണ്ടായിരുന്നു. ഇക്കാലത്ത് ഹര്‍ഷദ് മേത്ത മിക്ക മാഗസിന്‍ കവര്‍ പേജുകളിലും നിറ സാന്നിധ്യമായിരുന്നു. ഹര്‍ഷദ് വരുന്നിടത്തൊക്കെ ആളുകള്‍ ഓടിക്കൂടി. ഒരു സിനിമാ താരത്തെപോലെയായിരുന്നു ഹര്‍ഷദിനെ ആളുകള്‍ കണ്ടിരുന്നത്. എന്നാല്‍ ഹര്‍ഷദിന്റെ പെട്ടന്നുള്ള വളര്‍ച്ച സ്റ്റോക്ക്മാര്‍ക്കറ്റ് എക്സ്പേര്‍ട്സിനിടയില്‍ സംശയമുളവാക്കിയിരുന്നു. ഈ സംശയമാണ് സുജേത ദലാലിന്റെ റിപ്പോര്‍ട്ടില്‍ തെളിയുന്നത്.
സുജേത ദലാൽ | PHOTO : WIKI COMMONS
ഓഹരികള്‍ വാങ്ങിക്കൂട്ടാനുള്ള മൂലധനം ഹര്‍ഷദ് കണ്ടെത്തിയിരുന്നത് ബാങ്കില്‍ വ്യാജമായി നല്‍കിയിരുന്ന രേഖകളിലൂടെയായിരുന്നുവെന്ന് സുജേത മനസിലാക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 770 കോടി രൂപയുടെ ഗവണ്‍മെന്റ് സെക്യൂരിറ്റി ഹര്‍ഷദ് മേത്തയുടെ അക്കൗണ്ടിലേക്ക് നല്‍കിയതില്‍ 580 കോടി മാത്രമാണ് തിരികെയെത്തിയത് എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ അവര്‍ വെളിപ്പെടുത്തുന്നു. റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ഹര്‍ഷദിന് നിക്ഷേപമുള്ള ഓഹരികളുടെ മൂല്യം പൊടുന്നനെ താഴാന്‍ തുടങ്ങി. ബോംബെ ഓഹരി സൂചിക 40 ശതമാനം ഇടിഞ്ഞതോടെ ഇന്ത്യന്‍ ധനകാര്യ മേഖല അതുവരെ കണ്ട ഏറ്റവും വലിയ തട്ടിപ്പിന്റെ ചരിത്രം പിറന്നു. തട്ടിപ്പിന്റെ പ്രധാന വില്ലനായി ഹര്‍ഷദ് മേത്തയെന്ന മുപ്പത്തിയെട്ടുക്കാരന്‍ നിറഞ്ഞുനിന്നുവെങ്കിലും അയാളില്‍ മാത്രമായി ഒതുങ്ങന്നത് ആയിരുന്നില്ല അത്. ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യവസായികള്‍, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പ്രത്യക്ഷമായും പരോക്ഷമായും അതില്‍ പങ്കാളികളായിരുന്നു.
ഇന്ത്യയിലെ സ്റ്റോക്ക്മാര്‍ക്കറ്റ് നിയമങ്ങളില്‍ വലിയ പൊളിച്ചെഴുത്തിന് ഈ സംഭവം ഇടയാക്കി. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടെ (എന്‍എസ്ഇ) രൂപീകരണം അതിന്റെ ഫലമായിരുന്നു. സാമ്പത്തിക പരിഷ്‌കരണത്തിന്റെയും നിയമനിര്‍മ്മാണ മാറ്റങ്ങളെയും അടിസ്ഥാനമാക്കി പാര്‍ലമെന്റിന്റെ പത്ത് നിയമങ്ങളും ഒരു ഭരണഘടനാ ഭേദഗതിയും സര്‍ക്കാര്‍ അവതരിപ്പിച്ചു. എന്‍എസ്ഇ ഓണ്‍ലൈന്‍ വ്യാപാരം ആരംഭിച്ചത് ഓഹരി വാങ്ങലിന്റെയും വില്‍പനയുടെയും ചലനാത്മകതയെ മാറ്റിമറിച്ചു. സാമ്പത്തിക വിപണി പ്രാദേശിക സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഒതുങ്ങിനില്‍ക്കുന്നതിനുപകരം ദേശീയതലത്തില്‍ തുറക്കുകയായിരുന്നു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
27 ക്രിമിനല്‍ കേസുകള്‍ ഹര്‍ഷദ് മേത്തയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 9 വര്‍ഷം വിചാരണ തടവുകാരനായി കഴിഞ്ഞ ഹര്‍ഷദ് 2001 ഡിസംബര്‍ 31 ന് തടവുകാരനായിത്തന്നെ മരണപ്പെടുകയായിരുന്നു. ഹര്‍ഷദിനൊപ്പം തടവുകാരനായി സഹോദരനും ഉണ്ടായിരുന്നു. പിന്നീട് ഹര്‍ഷദിന്റെ മരണത്തോടെ കേസുകള്‍ അവസാനിച്ചു.
പത്മശ്രീ നല്‍കി ആദരിക്കപ്പെട്ട സുജേത, ദേബാഷിസ് ബസുവുമായി ചേര്‍ന്നെഴുതിയ ദി സ്‌കാം എന്ന പുസ്തകം 2003 ലെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നായിരുന്നു. 2020 ല്‍ സോണി ലൈവില്‍ സ്‌കാം 1992 എന്ന വെബ്‌സീരീസും 2021 ല്‍ അഭിഷേക് ബച്ചന്‍ നായകനായ ദ ബിഗ് ബുള്‍ എന്ന ബോളിവുഡ് ചിത്രവും ഹര്‍ഷദ് മേത്ത സ്‌കാമിനെ അടിസ്ഥാനമാക്കിയവ ആയിരുന്നു. പുസ്തകങ്ങളും, ലേഖനങ്ങളും, സിനിമകളും സീരീസുകളുമെല്ലാമായി ഹര്‍ഷദ് നടത്തിയ തട്ടിപ്പിന്റെ വിവരണങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. എന്നാല്‍ ഓഹരി കമ്പോളത്തിലെ തട്ടിപ്പുകള്‍ ഹര്‍ഷദില്‍ മാത്രമായി ഒതുങ്ങുന്നില്ല. ഹര്‍ഷദിന്റെ സ്‌കാം വിപണികളെ പിടിച്ചുലച്ചതിന്റ തൊട്ടുപിന്നാലെ 2000-2001 ല്‍ മറ്റൊരു വലിയ സ്‌കാം ഇന്ത്യന്‍ ധനകാര്യ മേഖലയെ മുട്ടുകുത്തിച്ചു. ഓഹരി ഇടപാടുകാരനും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ കേതന്‍ പരേഖ് ആയിരുന്നു അതിന്റെ ആസൂത്രകന്‍.